ഗ്യാസ് ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. തീച്ചൂളയുടെ ഭിത്തികള്‍ തകര്‍ന്നതോടെ ഗ്യാസിന്‍റെ പാഴ് ചിലവ് വര്‍ധിച്ചു. സ്റ്റീല്‍ പുക കുഴലില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി രക്ഷാജാലകം ദ്രവിച്ചുപോയി
കോഴിക്കോട്: കോഴിക്കോട് കാപ്പാട് പ്രവര്‍ത്തിക്കുന്ന ഹൈടെക് ശ്മശാനം അടച്ചുപൂട്ടലിന്‍റെ വക്കില്‍. ഒരു കോടിയിലധികം രൂപ മുതല്‍ മുടക്കി നിര്‍മിച്ച ശ്മശാനത്തില്‍ കൃത്യസമയത്ത് അറ്റകുറ്റപണികള്‍ നടത്താത്തതും വൈദ്യുതി രക്ഷാചാലകം തകര്‍ന്നതുമാണ് പ്രതിസന്ധിക്ക് കാരണം. ശ്മശാനം പ്രവര്‍ത്തിപ്പിക്കാന്‍ ചേമഞ്ചേരി പഞ്ചായത്തിന് വലിയ താത്പര്യമില്ലെന്നും ആരോപണമുണ്ട്. ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന വാതക ശ്മശാനത്തിന്‍റെ നടത്തിപ്പ് കുറേ മാസങ്ങളായി പ്രതിസന്ധിയിലാണ്. വിശ്രാന്തി എന്ന് പേരിട്ടിരിക്കുന്ന ശ്മശാനത്തില്‍ ഇപ്പോള്‍ ഏപ്പോഴെങ്കിലും ഒരു മൃതദേഹം ദഹിപ്പിച്ചാലായി.
ഗ്യാസ് ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. തീച്ചൂളയുടെ ഭിത്തികള്‍ തകര്‍ന്നതോടെ ഗ്യാസിന്‍റെ പാഴ് ചിലവ് വര്‍ധിച്ചു. സ്റ്റീല്‍ പുക കുഴലില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി രക്ഷാജാലകം ദ്രവിച്ചുപോയി. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താന്‍ പഞ്ചായത്ത് ഭരണസമിതി വലിയ താത്പര്യം കാണിക്കാതെ ആയതോടെ ശ്മശാനം നടത്തിപ്പുകാര്‍ക്കും മടുത്തു.
ഗ്രാമ പഞ്ചായത്തിന്‍റ ഒരേക്കര്‍ സ്ഥലത്ത് ശ്മശാനത്തിന് പുറമെ ശുചിമുറി, പൂന്തോട്ടം കുട്ടികളുടെ പാര്‍ക്ക് എന്നിവയും സ്ഥാപിച്ചിരുന്നു. ശ്മശാനം ഉള്ളതുകൊണ്ട് തന്നെ പാര്‍ക്കിലോ പൂന്തോട്ടത്തിലോ ആരും വരാത്ത അവസ്ഥയാണ്. അതേസമയം അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍ പ്രശ്നം പരിഹരിക്കുമെന്നുമാണ് പഞ്ചായത്തിന്‍റെ വിശദീകരണം.
