കോട്ടയം: ഒന്നരപതിറ്റാണ്ടിന് ശേഷം കുട്ടനാട്ടിലെ ആർ ബ്ലോക്കിൽ കൃഷി പുനരാരംഭിക്കുന്നു. ആ‍ർ ബ്ലോക്കിന് വേണ്ടി സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചതോടെയാണ് സ്ഥലത്ത് വീണ്ടും കൃഷി തുടങ്ങുന്നത്. 1500 ഏക്കർ അടങ്ങുന്ന കൃഷിഭൂമിയാണ് ആ‍ർ ബ്ലോക്ക്.

വേമ്പനാട്ടുകായിലിലെ 'അത്‍ഭുത ഭൂമി'യെന്ന വിശേഷണമുള്ള കൃഷിഭൂമി കൂടിയാണ് ആർ ബ്ലോക്ക്. ഏത് കൃഷിക്കും അനുകൂലമായ ഭൂമിയായതിനാലാണ് ആർ ബ്ലോക്ക് അത്‍ഭുത ഭൂമിയെന്ന വിശേഷണത്തിന് അർഹമായത്.  1930 വരെ നെൽകൃഷിയും പിന്നീട് കരകൃഷിയും ഇവിടെ ചെയ്തിരുന്നു. വർഷം മുഴുവൻ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് ഇവിടെ കൃഷി ഇറക്കിയിരുന്നത്. പലപ്പോഴായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ മോട്ടറുകൾ തകരാറിലായി.

തുടർന്ന് 2010 മുതൽ കൃഷി പൂർണ്ണമായി മുടങ്ങി. ആർ ബ്ലോക്കിന്‍റെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥലത്ത് മോട്ടോറുകൾ സ്ഥാപിച്ചു. കൃഷി പുനരാരംഭിക്കുന്നതിലൂടെ കാർഷിക ഉത്പന്നങ്ങൾ പ്രത്യേക ബ്രാൻഡിൽ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു.

വെള്ളപ്പൊക്കമുണ്ടായാലും നശിക്കാത്ത രീതിയിലാണ് ഇപ്പോൾ മോട്ടോറുകൾ സ്ഥാപിച്ചിരിക്കുന്നത്. വെള്ളം പൂർണ്ണമായി വറ്റിച്ചു കഴിഞ്ഞാൽ ആറ് മാസത്തിനകം കൃഷി തുടങ്ങും. ജൈവ കൃഷിയാണ് ആർ ബ്ലോക്കിൽ നടപ്പാക്കുക. എട്ടു ബ്ലോക്കുകളായി തിരിച്ച് ക്ലസ്റ്റർ രീതിയിലാണ് കൃഷി. അതേസമയം, കർഷക സംഘങ്ങളുടെ പേരിലുണ്ടായിരുന്ന 78 ലക്ഷ രൂപയുടെ വൈദ്യുതി കുടിശ്ശിക സർക്കാർ എഴുതിത്തള്ളി. ആർ ബ്ലോക്കിൽ പ്രത്യേകം സബ് സ്റ്റേഷൻ ഉടൻ സ്ഥാപിക്കും. 83 ശതമാനം സബ്സിഡിയോടെ യന്ത്രസാമഗ്രികൾ കർഷകർക്ക് വിതരണം ചെയ്യാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.