തൃശ്ശൂർ: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഇലക്ടോ മാഗ്നറ്റിക് തിരച്ചറിയൽ കാര്‍ഡ് പരിചയപ്പെടുത്തി വ്യത്യസ്തമാകുകയാണ് തൃശ്ശൂർ ആലത്തൂര്‍ എല്‍പി സ്കൂള്‍. കുട്ടികള്‍ സ്കൂളിൽ എത്തുമ്പോഴും സ്കൂള്‍ വിടുമ്പോഴും രക്ഷിതാക്കൾക്ക് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കുന്നതിനാണ് സ്കൂളിൽ ഇലക്ടോ മാഗ്നറ്റിക് തിരച്ചറിയൽ കാര്‍ഡ് സംവിധാനം ഒരുക്കിയത്. പറപ്പൂക്കര പഞ്ചായത്തിന്റെ സഹായത്തോടെയാണ് വിദ്യാർഥികളുടെ സുരക്ഷയ്ക്കായി സ്കൂൾ അധികൃതർ ഈ നൂതന സംവിധാനം പുറത്തിറക്കിയത്.

ഇലക്ടോ മാഗ്നറ്റിക് തിരച്ചറിയൽ കാര്‍ഡിലെ ചിപ്പ് വഴിയാണ് രക്ഷിതാക്കൾക്ക് ഫോൺ സന്ദേശം ലഭിക്കുന്നത്. രാവിലെ സ്കൂളിലെത്തുന്ന വിദ്യാർഥികൾ കാര്‍ഡ് സ്കൂൾ വരാന്തയിൽ സ്ഥാപിച്ചിട്ടുള്ള മെഷീനില്‍ പഞ്ച് ചെയ്യണം. അതിനു ശേഷം മാത്രമേ ക്ലാസില്‍ പ്രവേശിക്കാൻ പാടുള്ളു. കുട്ടികൾ സ്കൂളിലെത്തി പഞ്ച് ചെയ്യുന്നതിന്റെ തൊട്ടടുത്ത നിമിഷം കുട്ടി സ്കൂളില്‍ എത്തി എന്ന ആദ്യ സന്ദേശം രക്ഷിതാവിന്റെ ഫോണിലെത്തും.

കുട്ടി സ്കൂളിൽ എത്തിയ സമയം ഉൾപ്പടെയാണ് സന്ദേശം ലഭിക്കുക. കുട്ടികള്‍ കൃത്യമായി സ്കൂളിലെത്തുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് ആലത്തൂർ എഎൽപി സ്കൂളില്‍ പുത്തൻ സംവിധാനം നടപ്പിലാക്കിയത്. വരും ദിവസങ്ങളില്‍ സമീപപ്രദേശത്തെ സ്കൂളുകളിലും ഈ സംവിധാനം നടപ്പിലാക്കാനുളള ശ്രമത്തിലാണ് അധികൃതര്‍.