Asianet News MalayalamAsianet News Malayalam

വയനാട്ടിലെ കര്‍ഷകര്‍ക്ക് ഇനി വൈദ്യുതിയില്‍ നിന്നും വരുമാനം; പദ്ധതിയുമായി അനര്‍ട്ട്

കാര്‍ഷിക പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ വൈദ്യുതി കെഎസ്ഇബിയ്ക്ക് നല്‍കി വരുമാനമുണ്ടാക്കാമെന്നുമാണ് അനര്‍ട്ടിന്റെ അവകാശവാദം. 

anert solar project for farmers in wayanad
Author
Wayanad, First Published May 21, 2020, 11:27 PM IST

കല്‍പ്പറ്റ: ജില്ലയിലെ കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയൊരുക്കി അനര്‍ട്ട്. കാര്‍ഷിക പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ വൈദ്യുതി കെഎസ്ഇബിയ്ക്ക് നല്‍കി വരുമാനമുണ്ടാക്കാമെന്നുമാണ് അനര്‍ട്ടിന്റെ അവകാശവാദം. സംസ്ഥാന ഊര്‍ജ്ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ടിന്റെ പി.എം.കെ.യു.എസ്.യു.എം പദ്ധതി പ്രകാരമാണ് പമ്പുകള്‍ സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്നത്. 

കാര്‍ഷിക കണക്ഷനായി എടുത്തു പ്രവര്‍ത്തിക്കുന്ന പമ്പുസെറ്റുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ ഉപയോഗം കഴിഞ്ഞ് അധികമായി വരുന്ന വൈദ്യൂതി കെ.എസ്.ഇ.ബിയ്ക്ക് നല്‍കാം. പദ്ധതിയുടെ രജിസ്ട്രേഷന്‍ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ തുടങ്ങി. ഒരു എച്ച്.പി മുതല്‍ 10 എച്ച്.പി വരെയുള്ള പമ്പുകളാണ് സോളാര്‍ സംവിധാനത്തിലേയ്ക്ക് മാറ്റാന്‍ സാധിക്കുക. 1 എച്ച്.പി ശേഷിയില്‍ കുറഞ്ഞത് ഒരു കിലോവാട്ട് എന്ന കണക്കിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കണം. 1 എച്ച്.പി പമ്പ് സോളാര്‍ സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിന് ആവശ്യമായ 54,000 രൂപയില്‍ 60% തുക കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയായി നല്‍കും. 

അഞ്ച് വര്‍ഷം വാറണ്ടിയുളള സോളാര്‍ സംവിധാനത്തിന് ബാറ്ററി ഇല്ലാത്തതിനാല്‍ അറ്റകുറ്റപണികള്‍ വേണ്ടതില്ല. ഒരു കിലോവാട്ട് സോളാര്‍ പാനലില്‍ നിന്നും 4-5 യൂണിറ്റ് വൈദ്യുതി ലഭിക്കും. രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ പമ്പുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കാം. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ നിഴല്‍ രഹിത സ്ഥലം ആവശ്യമാണ്. കര്‍ഷകര്‍ക്ക് ഇഷ്ടമുളള ഏജന്‍സികളെ തെരഞ്ഞെടുത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കാം. സബ്സിഡി കുറച്ചുളള 40% തുക മാത്രം അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളില്‍ നല്‍കേണ്ടതുള്ളൂ. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുളള സാധ്യത പഠനം അനര്‍ട്ടിന് കീഴിലെ ഊര്‍ജ്ജമിത്ര സെന്റര്‍ വഴി നടത്തും.
 

Follow Us:
Download App:
  • android
  • ios