കൊച്ചി: സമകാലിക വിഷയങ്ങളും വ്യത്യസ്ത നിറക്കൂട്ടുകളും കാൻവാസിലാക്കി പ്രശസ്ത ചിത്രകാരൻ ബി ഡി ദത്തൻ. വിവിധ ശൈലികളിൽ തീർത്ത ദത്തന്റെ ചിത്രങ്ങളുടെ പ്രദർശനം എറണാകുളം ഡർബാർ ഹാളിലാണ് ഒരുക്കിയിരിക്കുന്നത്.

'b.d.dathen and his distinct style' അഥവാ ഒരൊറ്റ കലാകാരൻ, വിവിധങ്ങളായ കലാശൈലി എന്ന പ്രമേയം അടിസ്ഥാനപ്പെടുത്തിയാണ് ചിത്രപ്രദർശനം. അവസ്ഥ, കലി, ബൊട്ടാണിക്കൽ ഫാന്റസീസ്, മുഖങ്ങൾ, പരിണാമം, കവിത എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

കറുപ്പും വെളുപ്പും നിറങ്ങളുപയോഗിച്ച് കലിയുഗത്തിലെ മനുഷ്യന്റെ അവസ്ഥ വിവരിക്കുന്നവയാണ് കലിയിലെ ചിത്രങ്ങൾ. സമകാലിക ലോകത്തിന്റെ സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും ആഘാതമേല്‍പിച്ച നിരവധി മുഖങ്ങൾ കരി ഉപയോഗിച്ച് വരച്ചിരിക്കുന്നു. ഉണങ്ങിയ വിറക് തടിയുടെ ഭാവത്തിന്റെ പ്രതികരണമാണ് കാൻവാസിലുള്ള മുഖങ്ങൾ. വ്യാകലുതയോ ആകുലതയോ പ്രതിഷേധമോ ആണ് മുഖങ്ങൾ പ്രകടിപ്പിക്കുന്നതെന്നും ബി ഡി ദത്തൻ പറഞ്ഞു.

നിറങ്ങളെ മറന്നുപോയോ എന്ന ആശങ്കയിൽ വരച്ചു തീർത്ത ബൊട്ടാണിക്കൽ ഫാന്റസി സീരിസിലെ ചിത്രങ്ങളും ശ്രദ്ധനേടി.  ടാഗോറിന്റെ കവിതയിലെ വിവിധ ഭാഗങ്ങളും ബി ഡി ദത്തൻ കാൻവാസിലാക്കിയിട്ടുണ്ട്. 240 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഈ മാസം ഇരുപത്തിയെട്ടുവരെയാണ് പ്രദർശനം ഉണ്ടാകും.