കൊച്ചി: ഓണത്തിരക്കുകൾക്കിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുകയാണ് ഒരുകൂട്ടം കാലാകാരന്മാർ. തത്സമയം കാരിക്കേച്ചർ വരച്ച് നൽകിയാണ് ഈ കൂട്ടായ്മ ധനസമാഹരണം നടത്തുന്നത്.

കാർട്ടൂൺ ക്ലബ് ഓഫ് കേരളയുടെ നേതൃത്വത്തിൽ 'ഡ്രോ ഫോർ കേരള' എന്ന പേരിലാണ് ക്യാമ്പ് തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മുൻപിലെത്തുന്ന ആരുടേയും ചിത്രങ്ങൾ കലാകാരന്മാർ വരച്ചുനൽകും. പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തെങ്കിലും സംഭാവന നൽകണമെന്ന് മാത്രം. 

വിവിധ ജില്ലകളിൽ നിന്നുള്ള കാരിക്കേച്ചറിസ്റ്റുകളും കാർട്ടൂണിസ്റ്റുകളും ചേർന്നിട്ടാണ് ഈ യജ്ഞം ചെയ്യുന്നത്. ക്യാമ്പിന് ശേഷം സമാഹരിച്ച പണം കളക്ടർക്ക് കൈമാറുമെന്ന് പ്രവർത്തകർ പറയുന്നു.