ചെങ്ങന്നൂർ: ചെങ്ങന്നൂരില്‍ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വ്യാപാര സാധനങ്ങൾ നശിപ്പിച്ചു. നഗരത്തിലെ വെറൈറ്റി സ്റ്റോഴ്സിന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വ്യാപാര സാധനങ്ങളാണ്  നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിലാണ് ഗോഡൗണിന്റെ പൂട്ടുകൾ പൊളിച്ച്  അകത്തു കയറി സാധനങ്ങള്‍ നശിപ്പിച്ചത്. കടയുടെ പിന്നിലായി രണ്ട് ഗോഡൗണുകളിലായി സൂക്ഷിച്ചിരുന്ന ആറു ലക്ഷത്തിലധികം രൂപ വിലവരുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്.

ക്ളോക്കുകൾ, പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ, ക്രോക്കറി സാധനങ്ങൾ, സ്യൂട്ട് കെയ്സുകൾ തുടങ്ങിയവ നശിപ്പിക്കപ്പെട്ടു. 1969 മുതൽ ചെങ്ങന്നൂരിൽ പ്രവർത്തിച്ചു വരുന്നസ്ഥാപനമാണിത്. ഈ വ്യാപാര സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടം  ഉടമ ആറു മാസം മുമ്പ്  മറ്റൊരാൾക്ക് വിറ്റിരുന്നു. ഉടമസ്ഥാവകാശം മാറിയതിനെ തുടർന്ന് പുതിയ ഉടമയും വാടക്കാരനും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് ഇന്നലെയുണ്ടായ സംഭവങ്ങൾക്കു പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു,