ചേർത്തല: പൂർണ്ണമായും ജൈവരീതിയിൽ കൃഷി ചെയ്ത നാടൻ തണ്ണിമത്തൻ വിളവെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ മായിത്തറ ആനക്കുഴിയ്കൽ പാടത്ത് ജൈവ കർഷകൻ വി പി സുനിലിന്റെ സ്വന്തം പാടത്താണ് തണ്ണിമത്തന്റെ നൂറുമേനി വിളവെടുപ്പ് പ്രദേശവാസികൾ ഉത്സവമാക്കി മാറ്റിയത്. മൂന്ന് ഏക്കറിൽ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങളിലായി വിളവെടുക്കുന്ന രീതിയിലാണ് കൃഷി ചെയ്തിരിക്കുന്നത്. 

മൂന്ന് ഘട്ടങ്ങളിലായി പതിനായിരം കിലോയോളം വിളവെടുക്കാൻ കഴിയുമെന്ന് സുനിൽ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷമായി തണ്ണിമത്തൻ കൃഷി ചെയ്യുന്ന സുനിൽ തികച്ചും ജൈവ രീതിയാണ് ഉപയോഗിക്കുന്നത്. ചാണകം, കോഴി കാഷ്ടം, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിച്ചിരിക്കുന്നത്. വിളവെടുപ്പ് ദിവസമായ ഇന്നലെ ആയിരം കിലോയോളം തണ്ണിമത്തൻ വില്പന നടത്തി.