കണ്ണൂർ: അംഗണവാടി പ്രവർത്തിക്കുന്ന മുറി ഒഴിയാൻ കോട്ടക്കുന്ന് യുപി സ്കൂൾ മാനേജ്മെന്റ് നിർബന്ധം പിടിച്ചതോടെ പോകാനിടമില്ലാതെ കണ്ണൂരിൽ ഒരു പറ്റം കുഞ്ഞുങ്ങുങ്ങൾ. വാടകക്കെട്ടിടം കൂടി കിട്ടാഞ്ഞതോടെ കുട്ടികളുടെ പഠനം മുടങ്ങുന്ന നിലയാണ്. 

കോട്ടക്കുന്ന് യുപി സ്കൂൾ കെട്ടിടത്തിൽ നിന്നും അംഗണവാടി ഒഴിയാനുള്ള അവസാന ദിവസമാണിന്ന്. നാളെ ഇങ്ങോട്ടേക്ക് കയറ്റില്ല എന്നതൊന്നും കുഞ്ഞുങ്ങൾക്ക് അറിയില്ല. എങ്ങനെയെങ്കിലും തീയതി നീട്ടിക്കിട്ടാനുള്ള ഓട്ടത്തിലാണ് സുജാത ടീച്ചർ. അത് കൊണ്ട് അംഗണവാടിയിലേക്കെത്തിയിട്ടില്ല. മാനേജ്മെന്റ് ക്ലാസ് മുറി അടച്ചിട്ടാൽ നാളെ പുറത്ത് ഇരിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ആയയായ ജസിക്ക.

നേരത്തെ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചതോടെ കഴിഞ്ഞ അഞ്ചുകൊല്ലമായി താത്കാലികമായി ഈ സ്കൂൾ കെട്ടിടത്തിലാണ് അംഗണവാടി പ്രവ‍ർത്തിക്കുന്നത്. ഇപ്പോൾ സ്ഥലപരിമിതി പറഞ്ഞ് മാനേജ്മെന്‍റ് കുട്ടികളെ കയ്യൊഴിഞ്ഞു. പകരം കെട്ടിടത്തിന് ചിറക്കൽ പ‌ഞ്ചായത്ത് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ശരിയായിട്ടില്ല.