പയ്യോളി: കുടിവെള്ളത്തിനായി പാട്ടുപാടിയും ചിരട്ട മുട്ടിയും നാട്ടുകാരുടെ പ്രതിഷേധം. കോഴിക്കോട് പയ്യോളി നഗരസഭക്ക് മുന്നിലാണ് വ്യത്യസ്തമായ സമരം നടന്നത്.
----------
മാര്‍ച്ചുകളും പ്രകടനവും ധര്‍ണ്ണയും കണ്ട് പരിചയിച്ച അധികൃകര്‍ക്ക് മുന്നിലാണ് വ്യത്യസ്തമായ സമരവുമായി ഒരു കൂട്ടം നാട്ടുകാരെത്തിയത്. കുടിവെള്ളത്തിനായാണ് പുതിയ സമരമുറ. പയ്യോളി തീരവാസികളുടെ കുടിവെള്ള വിതരണം നഗരസഭ ഭരണസമിതി തടസ്സപ്പെടുത്തുന്നുവെന്നാണ് പരാതി. ചിരട്ടമുട്ടി പാട്ടുപാടിയുള്ള പ്രതിഷേധത്തിന് പുല്‍ക്കൊടിക്കൂട്ടം സാംസ്കാരിക വേദിയാണ് നേതൃത്ത്വം നല്‍കിയത്.

ഒട്ടേറ സമരത്തിന് ശേഷം ജില്ലാ ഭരണകൂടം മത്സ്യഗ്രാമം കുടിവെള്ള പദ്ധതി പയ്യോളിയിലെ തീരവാസികള്‍ക്ക് അനുവദിച്ചിരുന്നു. ഈ പദ്ധതി നഗരസഭ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. മഞ്ഞവെള്ള പ്രദേശത്ത് കുടിവെള്ളം മുടങ്ങിയട്ട് മാസങ്ങളായി. പ്രദേശത്തെ മുക്കാല്‍ ഭാഗം വീടുകളിലും കുടിവെള്ളം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് പുല്‍ക്കൊടിക്കൂട്ടം വീണ്ടും സമരത്തിന് ഇറങ്ങിയത്. 

ഇവരുടെ സമരത്തെ തുടര്‍ന്ന് പയ്യോളി പ്രദേശത്ത് 22 ടാപ്പുകൾ സ്ഥാപിച്ചിരുന്നു. 17 ഡിവിഷനിലെ വീടുകളില്‍ വാട്ടര്‍ കണക്ഷൻ നൽകുമെന്ന പ്രഖ്യാപനവുമുണ്ടായിരുന്നു. ഈ വ്യത്യസ്ത സമരം അധികൃരുടെ കണ്ണു തുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പുല്‍ക്കൊടിക്കൂട്ടം.