Asianet News MalayalamAsianet News Malayalam

ജിയോളജിസ്റ്റ് തസ്തികയിൽ ആളില്ല; മലപ്പുറത്തും കോട്ടയത്തും പ്രതിസന്ധി

ജിയോളജിസ്റ്റ് തസ്തിക ഇല്ലാത്തത് പ്രളയാനന്തര പ്രവർത്തനങ്ങളെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 

district geologist post remains vacant in malappuram and kottayam
Author
Malappuram, First Published Jun 26, 2019, 6:12 AM IST

മലപ്പുറം: പ്രളയത്തിൽ വലിയ നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ജിയോളജിസ്റ്റ് തസ്തികയിൽ ആളില്ല. മലപ്പുറത്ത് അഡീഷണൽ ജിയോളജിസ്റ്റിന് ചുമതല നൽകിയപ്പോൾ ആലപ്പുഴ ജില്ലാ ജിയോളജിസ്റ്റിനാണ് കോട്ടയം ജില്ലയുടെ ചുമതല. ജിയോളജിസ്റ്റ് തസ്തിക ഇല്ലാത്തത് പ്രളയാനന്തര പ്രവർത്തനങ്ങളെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 

മണ്ണിടിച്ചിലിന്‍റെയും ഉരുൾപൊട്ടലിന്‍റെയും കാരണങ്ങൾ പരിശോധിക്കുക, നിലവിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഇനി അപകട സാധ്യതയുണ്ടോയെന്ന് കണ്ടെത്തുക, ഖനന സാധ്യതകളെ കുറിച്ച് പഠിക്കുക എന്നിവയാണ് ജില്ലാ ജിയോളജിസ്റ്റിന്‍റെ പ്രധാന ചുമതല.

പ്രളയകാലത്ത് മലപ്പുറം ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. നിരവധി പേർക്ക് വീടും കൃഷിസ്ഥലവും നഷ്ടമായി. എന്നാൽ ഈ പ്രദേശങ്ങളിൽ പരിശോധന നടത്തേണ്ട ജില്ല ജിയോളജിസ്റ്റിന്‍റെ തസ്തികയിയിൽ നാലു മാസമായി ആളില്ല. രണ്ട് അസിസ്റ്റന്‍റ് ജിയോളജിസ്റ്റുകളും ഒരു റവന്യു ഇൻസ്പെകടറുമടക്കം ആകെ മൂന്ന് ഉദ്യോഗസ്ഥരാണ് ജില്ലയിലുള്ളത്. കോട്ടയം ജില്ലയിലും സമാന സാഹചര്യമാണ്. ആലപ്പുഴ ജില്ലാ ജിയോളജിസ്റ്റാണ് കോട്ടയത്ത് താൽക്കാലിക ചുമതല വഹിക്കുന്നത്. 

പ്രളയം നാശം വിതച്ച ആലപ്പുഴയിൽ തന്നെ നിരവധി ചുമതലകളുള്ളപ്പോഴാണ് ആലപ്പുഴയിലെ ഉദ്യോഗസ്ഥന് കോട്ടയത്തിന് ചുമതല കൂടി നൽകിയിരിക്കുന്നത്. അപകടം നടന്നയിടങ്ങളിൽ കൂടുതൽ പഠനം നടത്താതെ ആളുകൾ തിരിച്ചെത്തി വീണ്ടും താമസം തുടങ്ങുന്നത് വലിയ ദുരന്തത്തിന് കാരണമായേക്കാം.

രണ്ട് ജില്ലകളിലും ജിയോളജിസ്റ്റിനെ നിയമിക്കാനുള്ള നടപടക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് സംസ്ഥാന മൈനിംഗ് ആന്‍റ് ജിയോളജി ഡയറക്ടറുടെ ഓഫീസ് നൽകുന്ന വിശദീകരണം. 

Follow Us:
Download App:
  • android
  • ios