ബാലുശ്ശേരി: കൊടും ചൂടിൽ ഒരിറ്റ് വെള്ളത്തിന് ആളുകൾ പരക്കം പായുമ്പോൾ കോഴിക്കോട് ബാലുശ്ശേരി ടൗണിൽ കുടിവെള്ള പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാവുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ചയായെങ്കിലും പുനഃസ്ഥാപിക്കാൻ ഇതുവരെ നടപടിയൊന്നുമായിട്ടില്ല.

വാട്ടർ അതോറിറ്റിക്കാണ് പൈപ്പ് നന്നാക്കാനുള്ള ചുമതല. നിരവധി തവണ അറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ബാലുശ്ശേരി പഞ്ചായത്തിന്‍റെ വിവിധയിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. അപ്പോഴാണ് പൈപ്പ് പൊട്ടി ഇത്രയധികം ജലം പാഴായിപ്പോവുന്നത്. 

പൈപ്പ് പൊട്ടിയത് ശ്രദ്ധയിൽ പെട്ടെന്നും വാട്ടർ അതോറിറ്റി അധികൃതർ നടപടി എടുക്കുന്നില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ പരാതി. എന്നാൽ നിരവധിയിടങ്ങളിൽ പൈപ്പ് പൊട്ടുന്നുണ്ടെന്നും എല്ലാം നന്നാക്കിക്കൊണ്ടിരിക്കുകയാണെന്നുമുള്ള പതിവ് മറുപടിയാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നൽകുന്നത്.