മുമ്പെങ്ങുമില്ലാത്ത വിധം ആനശല്യം രൂക്ഷമാണെങ്കിലും വനംവകുപ്പ് കാര്യമായി എടുത്തില്ലെന്നാണ് പ്രദേശങ്ങളില്‍ തകര്‍ന്ന് കിടക്കുന്ന വൈദ്യുതി വേലിയും കിടങ്ങുകളും തെളിയിക്കുന്നത്.  

സുല്‍ത്താന്‍ബത്തേരി: കോടികള്‍ ചിലവഴിച്ചിട്ടും വന്യമൃഗപ്രതിരോധം (Wild Animals) കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയാത്ത ജില്ലയാണ് വയനാട്. ലക്ഷങ്ങള്‍ പാഴാക്കി വേലിയും മതിലുമൊക്കെ തീര്‍ത്തിട്ടും മൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഏറ്റവുമൊടുവില്‍ സുല്‍ത്താന്‍ബത്തേരിക്കടുത്ത നായ്‌ക്കെട്ടി മറുകര, അളിപ്പുറം വയലേലകളിലാണ് കാട്ടാനക്കൂട്ടമിറങ്ങി (A herd of elephants) കൃഷി നശിപ്പിച്ചിരിക്കുന്നത്. 

മാസങ്ങളുടെ അധ്വാനം മണിക്കൂറുകള്‍ കൊണ്ട് പാഴായിപോയ സങ്കടത്തിലാണ് അളിപ്പുറത്തെ വിജയന്‍ എന്ന കര്‍ഷകന്‍. ഇദ്ദേഹത്തിന്റെ രണ്ടേക്കര്‍ വയലിലെ നെല്‍കൃഷി ഏതാണ്ട് പൂര്‍ണമായും കാട്ടാനകള്‍ നശിപ്പിച്ചിരിക്കുകയാണ്. ഒരു മാസം കൂടി കഴിഞ്ഞാല്‍ കൊയ്‌തെടുക്കേണ്ട നെന്മണികള്‍ വൈക്കോല്‍ പോലും കിട്ടാത്ത വിധമാണ് ചവിട്ടിമെതിച്ചിരിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ആനശല്യം രൂക്ഷമാണെങ്കിലും വനംവകുപ്പ് കാര്യമായി എടുത്തില്ലെന്നാണ് പ്രദേശങ്ങളില്‍ തകര്‍ന്ന് കിടക്കുന്ന വൈദ്യുതി വേലിയും കിടങ്ങുകളും തെളിയിക്കുന്നത്. 

വര്‍ഷങ്ങളായി വിജയന്റെ വയലിന് സമീപത്തെ കിടങ്ങും വേലിയും നാശമായി കിടക്കുകയാണ്. വനംവകുപ്പ് വാച്ചര്‍മാരുണ്ടായിട്ടും കര്‍ഷകര്‍ തന്നെ ഉറക്കമിളച്ചിരുന്ന് ആനകളെ തുരത്തേണ്ട ഗതികേടും ഉണ്ട്. കഴിഞ്ഞ ദിവസം ശബ്ദം കേട്ട് പുറത്തിറങ്ങിയ വിജയന്‍ തലനാരിഴക്കാണ് ആനക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വിളവെടുക്കാറായ നെല്ല് നശിപ്പിച്ചതോടെ ഏകദേശം നാല്‍പ്പതിനായിരം രൂപയുടെയെങ്കിലും നഷ്ടം തനിക്കുണ്ടായിട്ടുണ്ടെന്ന് വിജയന്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മറുകര പാടശേഖരത്തിലെ കര്‍ഷകരായ സുനില്‍, ഗോപി, ലിംനേഷ് എന്നിവരുടെ നെല്ലും ആനകള്‍ നശിപ്പിച്ച നിലയിലാണ്. 

ഇവിടെയും വേലിയും കിടങ്ങും വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. അതേ സമയം തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ആനകളെത്തിയിട്ടും വനംവകുപ്പിന്റെ നിരീക്ഷണം കാര്യക്ഷമമല്ലെന്ന് കര്‍ഷകര്‍ക്ക് പരാതിയുണ്ട്. വേലിയും കിടങ്ങും പുനര്‍നിര്‍മിക്കുന്നത് വരെ ഈ ഭാഗങ്ങളില്‍ ഒന്നിലധികം വനംവാച്ചര്‍മാരുടെ കാവല്‍ ഏര്‍പ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നിലവില്‍ നിരന്തര പരാതിയെ തുടര്‍ന്ന് ഒരു വാച്ചറെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രാത്രി 12 മണിക്ക് ശേഷമെത്തുന്ന ആനകള്‍ ആറുമണിവരെ വയലുകളില്‍ തുടരുകയാണ്.