Asianet News MalayalamAsianet News Malayalam

ആറ്റുകാല്‍ പൊങ്കാല; നഗരത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റെയ്ഡ്, 3 ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

ഗുരുതരമായ ഭക്ഷ്യ സുരക്ഷാ സംഘനങ്ങള്‍ കണ്ടെത്തുകയും ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ മൂന്ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിര്‍ത്തിച്ചത്.

food safety raid in thiruvananthapuram
Author
Thiruvananthapuram, First Published Feb 28, 2020, 6:43 PM IST

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ മുന്നോടിയായി ഭക്ഷ്യസുരക്ഷാ വകുപ്പ് തിരുവന്തപുരം നഗരത്തില്‍ നടത്തിയ പരിശോധനയില്‍  മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ ഹോട്ടലുകള്‍, തട്ടുകടകള്‍, ചപ്പാത്തിക്കടകള്‍, ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ ഭക്ഷ്യ സുരക്ഷാ സംഘനങ്ങള്‍ കണ്ടെത്തുകയും ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ മൂന്ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിര്‍ത്തിച്ചത്.

മണക്കാട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പൊറോട്ട സെന്‍റര്‍, സംസം ബേക്കറി, പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പനയ്ക്കായി സൂക്ഷിക്കുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത വണ്‍ ടേക്ക് എവേ എന്ന സ്ഥാനത്തിന്‍റെയും പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തി വെപ്പിച്ചതെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എ ആര്‍ അജയകുമാര്‍ പറഞ്ഞു.

ജില്ലയിലെ വിവിധ ഭക്ഷ്യ വിതരണ കേന്ദ്രങ്ങളില്‍ വകുപ്പ് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. 54 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ 14 സ്ക്വാഡുകളാണ് ജില്ലയില്‍ റെയിഡ് നടത്തുന്നത്. ഫെഫ്രുവരി 27ന് ആരംഭിച്ച പരിശോധനയില്‍ ഇതുവരെ 97 സ്ഥാപനങ്ങളില്‍ റെയിഡ് നടത്തി. 

ഇതില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം ലംഘിച്ച 47 സ്ഥാപനങ്ങള്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഗുരുതര പിഴവുകള്‍ കണ്ടെത്തിയ 10 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വ്യക്തമാക്കി. മാര്‍ച്ച് 10 വരെ പരിശോധനങ്ങള്‍ തുടരും. മാര്‍ച്ച് ഒന്‍പതിനാണ് ആറ്റുകാല്‍ പൊങ്കാല.

Follow Us:
Download App:
  • android
  • ios