മലപ്പുറം: ഈ വർഷത്തെ ദേശീയ അധ്യാപക അവാർഡിനായുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ച വിവിധ സംസ്ഥാനങ്ങളിലെ അധ്യാപകർക്കായി കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ അപ്രതീക്ഷിത സമ്മാനം ലഭിച്ച സന്തോഷത്തിലാണ് ഇഖ്ബാൽ മങ്കട എന്ന അധ്യാപകൻ. പതിനായിരം രൂപയിലധികം വിലവരുന്ന നാഷനൽ ബുക്ക് ട്രസ്റ്റിന്റെ വിവിധ ഭാഷയിലുള്ള പുസ്തകങ്ങളാണ് സമ്മാനമായി ലഭിച്ചതെന്നതും സന്തോഷം ഇരട്ടിപ്പിക്കുന്നു. 

കേരളത്തിൽ നിന്ന് ദേശീയ അധ്യാപക അവാർഡിനായി ഈ വർഷം അയച്ച അന്തിമ പട്ടികയിൽ ആറ് അധ്യാപകരാണുണ്ടായിരുന്നത്. ഈ പട്ടികയിൽപ്പെട്ട അധ്യാപകർക്ക് പൊതുവെ ഡൽഹിയിലാണ് അഭിമുഖം നടത്താറുള്ളത്. എന്നാൽ കൊവിഡ് മഹാമാരിയുടെ പ്രത്യേക അന്തരീക്ഷത്തിൽ യാത്ര തടസ്സങ്ങൾ അനുഭവപ്പട്ടതിനാൽ തൃശൂരിൽ വച്ച് എൻ ഐ സിയുടെ സഹായത്തോടെ വീഡിയോ കോൺഫറൻസ് വഴിയാണ് അഭിമുഖം നടത്തിയത്. 

ഡൽഹി യാത്ര ഒഴിവായതിന്റെ അടിസ്ഥാനത്തിൽ അന്തിമ പട്ടികയിൽ ഇടം പിടിച്ച അധ്യാപകരെ തേടിയാണ് പുസ്തക സമ്മാനം എത്തിയത്. മാനവ വിഭവശേഷി മന്ത്രാലയം ആദ്യമായാണ് ദേശീയ അധ്യാപക അവാർഡിനായുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ച അധ്യാപകർക്ക് ഇത്തരത്തിൽ പുസ്തകങ്ങൾ സമ്മാനമായി നൽകുന്നത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ് ഇഖ്ബാൽ മങ്കട. 

പാലക്കാട് ജില്ലയിലെ കൊപ്പം ഗവ. ഹൈസ്‌കൂളിൽ സാമൂഹിക ശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഇഖ്ബാൽ അധ്യാപകർക്കായുള്ള ടീച്ചീംഗ് എയ്ഡ് മത്സരത്തിൽ നിരവധി തവണ സംസ്ഥാനതലത്തിലും  ദക്ഷിണേന്ത്യൻ തലത്തിലുമുള്ള മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. തനിക്ക് ലഭിച്ച പുസ്തകങ്ങളും സ്വന്തം ലൈബ്രറിയിലെ പുസ്തകങ്ങളും ഉപയോഗപ്പെടുത്തി ഒരു പ്രാദേശിക വായനശാല തുടങ്ങാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.