ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതു അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി

മലപ്പുറം: കളിക്കുന്നതിനിടെ നാലു വയസുകാരന്‍റെ നാവില്‍ കുരുങ്ങിയ വിദേശ നിര്‍മിത സ്റ്റീല്‍ നഖംവെട്ടി ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണ അസനന്റ് ഇഎന്‍ടി ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ. അനുരാധ വര്‍മയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് നഖംവെട്ടി പുറത്തെടുത്തത്. 

വെള്ളിയാഴ്ച ഉച്ചയോടെയാണ് നഖംവെട്ടി നാവില്‍ കുരുങ്ങിയ നിലയില്‍, തൂത സ്വദേശിയായ നാലുവയസുകാരനെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഡോ. നിബി ഷാജഹാന്‍റെ പ്രാഥമിക പരിശോധനയില്‍ വൈബ്രേറ്റ് ചെയ്യുന്ന നഖംവെട്ടി നാക്കിനെ പൂര്‍ണമായും കുരുക്കിയ നിലയിലാണെന്ന് കണ്ടെത്തി. തുടർന്ന് തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ സംഘം പരിശോധിച്ചു ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. 

കുട്ടിയുടെ നാവില്‍ നിന്നു സ്റ്റീല്‍ നിര്‍മിത നഖംവെട്ടി അരമണിക്കൂറിനകം പുറത്തെടുത്തു. ഡോക്ടര്‍ അനുരാധ വര്‍മ, ഡോ. നിബി ഷാജഹാന്‍, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഷബീറലി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതു അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും അതിനാല്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം