തൃശൂര്‍: കടല്‍ക്ഷോഭവും ചുഴലിക്കാറ്റും ഉണ്ടാക്കുന്ന നാശനഷ്ടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ തീരദേശവാസികള്‍ക്ക് അത്യാധുനിക അഭയകേന്ദ്രം ഒരുങ്ങുന്നു. മൂന്നരക്കോടി രൂപ ചെലവഴിച്ച് എറിയാട് പഞ്ചായത്തില്‍ അഴീക്കോട് വില്ലേജ് ഓഫീസിന്‍റെ 20 സെന്‍റ് സ്ഥലത്താണ് മള്‍ട്ടിപ്പര്‍പ്പസ് സൈക്ലോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം നിര്‍മ്മിക്കുന്നത്. വിവിധോദ്ദേശ്യങ്ങള്‍ക്ക് ഉപകരിക്കും വിധമാണ് കേന്ദ്രത്തിന്‍റെ നിര്‍മ്മാണം. സംസ്ഥാനത്തെ മൂന്നാമത്തെ അഭയകേന്ദ്രമാണിത്. ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതി പ്രകാരം സംസ്ഥാന ചുഴലിക്കാറ്റ് പ്രതിരോധ നടത്തിപ്പ് കേന്ദ്രത്തിന്‍റെ കീഴിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. പദ്ധതി നിര്‍വഹണത്തിന്‍റെ ഭാഗമായി എറിയാട് പഞ്ചായത്തില്‍ അഭയകേന്ദ്ര പരിപാലന കമ്മറ്റി രൂപീകരിച്ചു. 

എന്‍സിആര്‍എംപി സംസ്ഥാന കമ്മ്യൂണിറ്റി മോബിലൈസര്‍ സിറിയക് പദ്ധതി വിശദീകരിച്ചു. 7500 ചതുരശ്ര അടിയിലായി മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുക. എല്ലാ നിലകളിലുമായി ഏകദേശം 20 ബാത്ത്‌റൂം അടുക്കള, ജനറേറ്റര്‍ റൂം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകും. ഭിന്നശേഷിക്കാര്‍ക്ക് കൂടി ഉപകാരപ്രദമായ രീതിയില്‍ റാമ്പുകളും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന ഹെലികോപ്റ്റര്‍ എയര്‍ ഡ്രോപ്പ് സംവിധാനവും ഇതോടനുബന്ധിച്ച് ഉണ്ടാകും. 2022 ഓടെ പണി പൂര്‍ത്തീകരിച്ച് തീരദേശത്തെ ദുരന്തനിവാരണ കാര്യശേഷി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി പതിനാല് ഇടങ്ങളിലാണ് അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഒരേ മാതൃകയിലാണ് ഇവയുടെ നിര്‍മ്മാണം. തൃശൂരിലെ ആദ്യത്തെതാണ് അഴീക്കോട് സ്ഥാപിക്കുന്ന സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഹോം. 

ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് (ചെയര്‍മാന്‍), പഞ്ചായത്ത് സെക്രട്ടറി(ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍), വില്ലേജ് ഓഫീസര്‍(കണ്‍വീനര്‍), പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്‍റ്, കുടുംബശ്രീ, ഭിന്നശേഷിക്കാര്‍ എന്നിവരുടെ പ്രതിനിധികളുള്‍പ്പെടുന്നതാണ് അഭയകേന്ദ്ര പരിപാലനകമ്മറ്റി.ത്രിതല പഞ്ചായത്ത് അംഗങ്ങളേയും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരേയും മെഡിക്കല്‍ ഓഫീസര്‍മാരെയും ഇതില്‍ പിന്നീട് ഉള്‍പ്പെടുത്തും. ദുരന്തനിവാരണകാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിന്‍റ് ഭാഗമായി ഫസ്റ്റ് എയ്ഡ് കമ്മിറ്റികളും രൂപീകരിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവരെ തെരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കും. 25 ശതമാനം സ്ത്രീപങ്കാളിത്തത്തോടെ 30 പേരടങ്ങുന്ന വളണ്ടിയര്‍ കമ്മറ്റിയാണ് രൂപീകരിക്കുക. ഫയര്‍ഫോഴ്‌സിന്‍റെ സഹായത്തോടെ പഞ്ചായത്തുകളില്‍ മോക്ഡ്രില്ലുകളും പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ബോധവത്കരണക്ലാസുകളും സംഘടിപ്പിക്കും.