ഇടുക്കി: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഇടുക്കി നെടുങ്കണ്ടം പഞ്ചായത്തിന്റെ ഗ്യാസ് ശ്മശാനം കാടുകയറി നശിക്കുന്നു. ഉപകരണങ്ങൾ ഗുണനിലവാരമില്ലാത്തതിനാൽ ശ്മശാനം പ്രവർത്തിച്ചത് ഒരുമാസം മാത്രമാണ്. നിർമ്മാണത്തിൽ വൻ അഴിമതി ഉണ്ടെന്നാണ് ഉയരുന്ന ആരോപണം.

2009 ജനുവരിയിലാണ് ആറ് ലക്ഷം രൂപ മുടക്കി നെടുങ്കണ്ടം പഞ്ചായത്ത് ഗ്യാസ് ശ്മശാനം നിർമ്മിച്ചത്. എന്നാൽ ആദ്യ മൃതദേഹം സംസ്കരിച്ചപ്പോൾ തന്നെ പണി കിട്ടി. ഉപകരണങ്ങൾ പാതിയിൽ പണി മുടങ്ങിയതോടെ വെന്ത മൃതശരീരം പുറത്തെടുത്ത് മറവ് ചെയ്യേണ്ട അവസ്ഥ വന്നു. രണ്ട് മൂന്ന് തവണ കൂടി പരീക്ഷണം നടത്തി പരാജയപ്പെട്ടപ്പോൾ ഗ്യാസ് ശ്മശാനം പൂട്ടിയിട്ടു.

ശ്മശാനം നവീകരിക്കാൻ ശുചിത്വമിഷനോട് ഫണ്ട് അനുവദിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ നടപടികൾ പൂർത്തിയായി വരുകയാണെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.