കോട്ടയം: പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ നേരിടാനുള്ള 'നെവര്‍ മീ' പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയം ബേക്കര്‍ സ്കൂളില്‍ തോമസ് ചാഴികാടൻ എംപി നിര്‍വഹിച്ചു. സന്നദ്ധ പ്രവർത്തക മോനമ്മ കോക്കാടിന്‍റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പാണ് സ്കൂളുകളിലും കോളേജുകളിലും പദ്ധതി സംഘടിപ്പിക്കുന്നത്.

"ഞാനാണ് എന്റെ കാവൽക്കാരി" എന്ന സന്ദേശം പെൺകുട്ടികൾക്കിടയിൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രൊഫസർ മോനമ്മ കോക്കാട് നെവർ മീ എന്ന പദ്ധതി നടപ്പിലാക്കുന്നത്. ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകാതിരിക്കാൻ പെൺകുട്ടികളെ പരിശീലിപ്പിക്കുന്ന വിവിധ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുക.

സ്കൂ‌ളുകളിലും കോളേജുകളിലും നെവർ മീ ആർമി എന്ന പദ്ധതി നടപ്പിലാക്കുന്നതിന് അധ്യാപകരുടേയും മാതാപിതാക്കളുടെയും കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. നെവർ മീയുടെ തുടക്കം കേരളത്തിലാണെങ്കിലും ലോകമെമ്പാടും ഉള്ള സ്ത്രീകളിലേക്ക് ഈ ആശയം പ്രചരിപ്പിക്കുമെന്നും മോനമ്മ കോക്കാട് പറഞ്ഞു. പൊതുസ്ഥലത്ത് പുകവലി നിരോധനത്തിനിടയാക്കിയ നിയമ യുദ്ധം നയിച്ച് സന്നദ്ധ പ്രവർത്തന മേഖലയിൽ ശ്രദ്ധേയയാണ് മോനമ്മ കോക്കാട്.