Asianet News MalayalamAsianet News Malayalam

വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് 13 മെട്രിക് ടണ്‍ അരിയുമായി രാഹുല്‍ ഗാന്ധി

 ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലായിരുന്ന 109 പേര്‍ വീടുകളിലേക്ക് മടങ്ങി. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 54 പേരും മാനന്തവാടിയില്‍ നിന്ന് 33 പേരും ട്രൈബല്‍ സ്പെഷ്യല്‍ കോവിഡ് കെയര്‍ സെന്ററായ തിരുനെല്ലി ആശ്രമം സ്‌കൂളില്‍ നിന്ന് 22 പേരുമാണ് ചൊവ്വാഴ്ച്ച നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി മടങ്ങിയത്. 

rahul gandhi provides 13 metric tone rice for community kitchen in wayanad during lock down
Author
Kalpetta, First Published Apr 7, 2020, 11:29 PM IST

കല്‍പ്പറ്റ: വയനാട് ജില്ലയിലെ സാമൂഹ്യ അടുക്കളയിലേക്കായി  രാഹുല്‍ഗാന്ധി എം പി 13 മെട്രിക് ടണ്‍ അരി നല്‍കിയതായി ജില്ലാ കലക്ടര്‍. ഒരോ പഞ്ചായത്തുകള്‍ക്കും 500 കിലോ അരി വീതം ലഭിക്കുമെന്നാണ് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കിയത്. ഇതോടൊപ്പം സാമൂഹ്യ അടുക്കളയിലേക്ക് 50 കിലോ വീതം കടലയും വന്‍പയറും നല്‍കുമെന്നാണ് വിവരം. നാളെ രാവിലെ മുതല്‍ ഇവ വിതരണം ചെയ്യുമെന്ന് കളക്ടര്‍ വ്യക്തമാക്കി. 

അതേസമയം ജില്ലയില്‍ 338 പേര്‍ കൂടി കോവിഡ്-19 നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിലുളളവരുടെ ആകെയെണ്ണം 12647 ആയി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ്-19 സ്ഥിരീകരിച്ച മൂന്ന് പേരുള്‍പ്പെടെ 10 പേര്‍ മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.  പരിശോധനയ്ക്കയച്ച 199 സാമ്പിളുകളില്‍ 184 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

അതിനിടെ ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലായിരുന്ന 109 പേര്‍ വീടുകളിലേക്ക് മടങ്ങി. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 54 പേരും മാനന്തവാടിയില്‍ നിന്ന് 33 പേരും ട്രൈബല്‍ സ്പെഷ്യല്‍ കോവിഡ് കെയര്‍ സെന്ററായ തിരുനെല്ലി ആശ്രമം സ്‌കൂളില്‍ നിന്ന് 22 പേരുമാണ് ചൊവ്വാഴ്ച്ച നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി മടങ്ങിയത്. ഇവര്‍ക്ക് ആരോഗ്യവകുപ്പ് കോവിഡ് രോഗലക്ഷണമില്ല എന്ന പരിശോധന റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. എങ്കിലും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ മടങ്ങിയവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ജില്ലയില്‍ 169 പേരാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടച്ചശേഷം ചെക്ക് പോസ്റ്റുകളില്‍ എത്തിയവരായിരുന്നു ഇവര്‍. ബാക്കിയുളളവര്‍ സെന്ററുകളില്‍ അധികൃതരുടെ കര്‍ശന നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയാണ്. നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ക്ക് മടങ്ങാന്‍ അധികൃതര്‍ പ്രത്യേകം വാഹന സൗകര്യം ഒരുക്കിയിരുന്നു. 

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കോഴിക്കോട് വഴി മലപ്പുറത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തി. ആലപ്പുഴ,കോട്ടയം ജില്ലകളില്‍ നിന്നുളള രണ്ട് സ്ത്രീകള്‍ പ്രത്യേകം ടാക്സിയിലാണ് യാത്രയായത്. ട്രൈബല്‍ സ്പെഷ്യല്‍ കോവിഡ് കെയര്‍ സെന്ററായ തിരുനെല്ലി ആശ്രമം സ്‌കൂളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനായി മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ പ്രത്യേകം വാഹനങ്ങളൊരുക്കിയിരുന്നു. കുടകില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നും എത്തിയ 40 പേരെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്. 

Follow Us:
Download App:
  • android
  • ios