തിരുവനന്തപുരം: അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും ഫലപ്രദമായ പ്രോസിക്യൂഷന്‍ നടപടികളും ഉറപ്പു വരുത്തുന്നതിന് വേണ്ടി തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ 'പോക്‌സോ ആക്ട് നടപ്പിലാക്കുന്നതിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും' എന്ന പേരില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വ

നിതാശിശു വികസന വകുപ്പ്, ജില്ലാ ലീഗല്‍ അതോറിറ്റി, സഖി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്നും 18 വയസിന് താഴെയുള്ള കുട്ടികളാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശിശുക്ഷേമത്തില്‍ സംസ്ഥാനം കാര്യമായ മുന്നേറ്റം നടത്തിയെങ്കിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. 

എന്നാല്‍ പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെടുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ കുട്ടികള്‍ക്ക് പരിപൂര്‍ണ സംരക്ഷണം നല്‍കി കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്‍റെയും നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റെ നിര്‍ദേശാനുസരണമാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഈ യോഗത്തിന്റെ തീരുമാന പ്രകാരം കേരളത്തില്‍ 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

കുട്ടികളുടെ പരിരക്ഷ, അതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം, നിലവിലുള്ള റിപ്പോര്‍ട്ടിംഗ്, കൗണ്‍സിലിംഗ് സംവിധാനങ്ങള്‍, ഫലപ്രദവും സമയബന്ധിതവുമായ അന്വേഷണ പ്രക്രിയ എങ്ങനെ ഉറപ്പാക്കാനാകും, പ്രീട്രയല്‍, ട്രയല്‍ ഘട്ടങ്ങളിലെ കുട്ടികളുടെ പരിപാലനം, സമയബന്ധിതമായി കേസുകള്‍ തീര്‍പ്പാക്കാന്‍ എന്താണ് ചെയ്യേണ്ടത്, ശിക്ഷ ഉറപ്പാക്കല്‍, പുനരധിവാസം മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ വിഷയങ്ങള്‍ അടിസ്ഥാനമാക്കി മാര്‍ഗരേഖയുണ്ടാക്കി പോക്‌സോ ആക്ട് നിരീക്ഷിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടുത്തിടെ രൂപീകരിച്ച ഉന്നതതല സമിതിക്ക് സമര്‍പ്പിക്കും.

അന്വേഷണം നടത്തുമ്പോള്‍ അതിക്രമത്തില്‍ നിന്നും അതിജീവിച്ച കുട്ടികളില്‍ നിന്നും ഒരു പ്രാവശ്യം മാത്രമേ മൊഴിയെടുക്കാവൂവെന്ന് ശില്‍പശാല വിലയിരുത്തി. ഒന്നിലേറെ തവണ മൊഴിയെടുക്കുമ്പോള്‍ കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. കുട്ടികള്‍ക്ക് നല്ല കൗണ്‍സിലിംഗും സൈക്കോതെറാപ്പിയും ലഭ്യമാക്കണം. മാനസിക ശാരിരിക പ്രശ്‌നമുള്ളവര്‍ക്ക് മതിയായ ചികിത്സയും ആവശ്യമാണ്. ഇതുകൂടാതെ നിയമസഹായവും ലഭ്യമാക്കണം. ഡി.എന്‍.എ. ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെടാതിരിക്കാന്‍ സാമ്പികളുകള്‍ പരിശോധനയ്ക്കായി കെമിക്കല്‍ ലാബിലയ്ക്കാതെ ഫോറന്‍സിക് ലാബില്‍ തന്നെയയക്കണം. പോക്‌സോ കേസുകളെ പറ്റി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാനുള്ള ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും.

വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ജയില്‍ ഡി.ജി.പി. ഋഷിരാജ് സിംഗ്, കെല്‍സ മെമ്പര്‍ സെക്രട്ടറി നിസാര്‍ അഹമ്മദ്, ഡെല്‍സ സെക്രട്ടറി ജൂബിയ, കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കര്‍, കേരള ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ മെമ്പര്‍ അഡ്വ. ശ്രീല മേനോന്‍, മെഡിക്കല്‍ കോളേജ് സൈക്യാട്രിസ്റ്റ് ഡോ. ടി.വി. അനില്‍കുമാര്‍, പ്ലാനിംഗ്‌ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, പാലക്കാട് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗുജ്‌റാള്‍, പ്രൊബേഷന്‍ ഓഫീസര്‍ കെ.കെ. സുബൈര്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി, സഖി സെക്രട്ടറി ഏലിയാമ്മ വിജയന്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്ത് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.