മലപ്പുറം: പട്ടിക വർഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വനിതാ ശിശു വികസന വകുപ്പിന്‍റെ 'അങ്കണവാടി ഓൺ ഡിമാൻഡ്' പദ്ധതിയിൽ ജില്ലയിൽ ഏഴ് സ്മാർട്ട് അങ്കണവാടികൾ ആരംഭിക്കുന്നു. നിലമ്പൂരിലെ കരുളായി, പാട്ടക്കരിമ്പ്, മമ്പാട്, കല്ലുവരി, കുരീരി എസ് ടി കോളനി, എടവണ്ണ, അലയ്ക്കൽ തുടങ്ങിയ പട്ടികവർഗ മേഖലകളിലാണ് സ്മാർട്ട് അങ്കണവാടികൾ നിർമിക്കുന്നത്.

ഏഴു അങ്കണവാടികളിലും ജീവനക്കാരായി അതത് പ്രദേശത്തെ പട്ടിക വർഗ വിഭാഗക്കാരെ തന്നെ നിയമിച്ച് കോളനി നിവാസികൾക്ക്  തൊഴിൽ ലഭ്യത ഉറപ്പ് വരുത്തും. ഇത് സംബന്ധിച്ച പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചു. കുഞ്ഞുങ്ങളുടെ മാനസിക, ശാരീരിക, സാമൂഹിക വികസനത്തിന് അടിത്തറ പാകുന്ന അങ്കണവാടികളിലൂടെ ഐ സി ഡി എസ് സേവനങ്ങൾ പട്ടിക വർഗ മേഖലകളിലേക്കും കൂടുതൽ ഫലപ്രദമായി എത്തിക്കാനാണ് വനിതാ ശിശുവികസനവകുപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കുട്ടികളിലെ പോഷകാഹാരകുറവ് പരിഹരിക്കാനും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താനും  ഇതിലൂടെ സാധിക്കും. അങ്കണവാടി ഓൺ ഡിമാൻഡ് പദ്ധതി പ്രകാരം സംസ്ഥാനത്തെ പട്ടിക വർഗ മേഖലകളിൽ 112 അങ്കണവാടികളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.