കായംകുളം: ക്വോറി വേസ്റ്റുമായി പോയ ടിപ്പറിന്റെ പിന്നിലെ ഡോര്‍ ലോക്ക്  തകരാറിലായതിനെ തുടര്‍ന്ന് പാറയും, മണ്ണും റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ വന്ന വാഹനങ്ങൾ വെട്ടിച്ചു മാറ്റിയതുമൂലം ദുരന്തം ഒഴിവായി. ദേശീയപാതയിൽ കെ എസ് ആർ ടി സി. ഡിപ്പോക്ക് സമീപം കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. ക്വോറി വേസ്റ്റ് കയറ്റിവന്ന ടിപ്പറിന്റെ മെക്കാനിക്കൽ തകരാർ മൂലം പിൻഭാഗത്തെ ലോക്ക് വേർപ്പെട്ടു. ഇതോടെ ലോറിയിൽ നിന്നും പാറ കഷണങ്ങളും മണ്ണും റോഡിലേക്കു തെറിച്ചുവീണു.  

ഇതറിയാതെ ലോറി മുന്നോട്ട് പോയി. ഇതോടെ റോഡിലാകെ പാറയും മണ്ണും നിറഞ്ഞു. ഈ സമയം പിന്നാലെ വന്ന ഇരുചക്രവാഹനങ്ങളും മറ്റു വാഹനങ്ങളും വെട്ടിച്ചു മാറ്റിയതു മൂലം വൻ ദുരന്തം ഒഴിവായി. വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നിരക്ഷാ സേനയും ട്രാഫിക് പോലീസും ഇ ആർ ടിഅംഗങ്ങളും ചേർന്ന് പാറകഷണങ്ങളും മണ്ണും റോഡിൽ നിന്നും നീക്കം ചെയ്തു. പിന്നീട് അഗ്നി രക്ഷാസേന വെള്ളം ഒഴിച്ച് റോഡ് സഞ്ചാരയോഗ്യമാക്കി. ഇതുമൂലം ഇരുപതു മിനിട്ടോളം ഗതാഗതതടസം നേരിട്ടു. ട്രാഫിക്ക് പൊലീസ് കേസെടുത്തു.