ഇടുക്കി: ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് ഇടുക്കി വാത്തിക്കുടിയിലെ ഒരു അങ്കണവാടി. ദിവസങ്ങൾക്ക് മുമ്പ് ഒരു രക്ഷിതാവിന് പാമ്പ് കടിയേൽക്കുകയും ചെയ്തു. അങ്കണവാടിയുടെ ദുരവസ്ഥയെ കുറിച്ച് സർക്കാരിനോട് പരാതിപ്പെട്ട്  മടുത്തെന്ന് ജീവനക്കാരും പറയുന്നു. രണ്ടരയേക്കറോളം വരുന്ന കാടിനുള്ളിലാണ് വാത്തിക്കുടി ട്രൈബൽ അങ്കണവാടി സ്ഥിതി ചെയ്യുന്നത്. പാമ്പും ,പഴുതാരയും അടക്കമുള്ള ഇഴജന്തുക്കളെ കാണാത്ത ഒരു ദിവസം പോലും ഇല്ല. 

അങ്കണവാടിക്കെട്ടിടത്തിന് പുറകിലാകട്ടെ നിറയെ എലിമാളങ്ങളും. ദിവസങ്ങൾക്ക് മുമ്പാണ് കുട്ടിയെ ഇവിടെ വിട്ട് മടങ്ങുകയായിരുന്ന ഒരു രക്ഷിതാവിന് പാമ്പുകടിയേറ്റത്. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചത് കൊണ്ടുമാത്രം ജീവൻ രക്ഷിക്കാനായി. ട്രൈബൽ ഡിപ്പാർട്ട്മെന്‍റിന്‍റെ അധീനതയിലുള്ളതാണ് ഈ ഭൂമി. ഇരുപത് കുഞ്ഞുങ്ങളാണ് ഇവിടെ പഠിക്കുന്നത്. ഇവരുടെ ജീവന് പുല്ലുവില നൽകുന്നതാണ് അധികൃതരുടെ അനാസ്ഥ.