Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഭവിക്കുന്നതെന്ത് ?

ഏകാധിപത്യ സ്വഭാവമുള്ള അഥവാ ജനാധിപത്യ ബോധമില്ലാത്ത ഒറ്റ പാര്‍ട്ടി മാത്രമുള്ള കോളേജുകളില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ലയെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ്, പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആദ്യ കലാലയങ്ങളിലെന്നായ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കേളേജില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത വരുന്നത്. 

What happens at University College of Trivandrum
Author
Thiruvananthapuram, First Published May 14, 2019, 7:25 PM IST

കഴിഞ്ഞ പതിറ്റാണ്ടിന്‍റെ തുടക്കത്തിലായിരുന്നു കേരളത്തിലെ കലാലയങ്ങളില്‍ നിന്ന് രാഷ്ട്രീയം തുടച്ചുനീക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ഇതിന്‍റെ ചുവട് പിടിച്ച് ആവശ്യമുന്നയിച്ച ക്രിസ്ത്യന്‍ മാനേജ്മെന്‍റ് കോളേജുകള്‍ രാഷ്ട്രീയത്തെ കലാലയത്തിന്‍റെ പടിക്ക് പുറത്ത് നിറുത്തി. ഇത് ഏറെ ചര്‍ച്ചകള്‍ക്കാണ് കേരളത്തില്‍ തുടക്കമിട്ടത്. ഏകാധിപത്യ സ്വഭാവമുള്ള അഥവാ ജനാധിപത്യ ബോധമില്ലാത്ത ഒറ്റ പാര്‍ട്ടി മാത്രമുള്ള കോളേജുകളില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ലയെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ്, പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആദ്യ കലാലയങ്ങളിലെന്നായ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കേളേജില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത വരുന്നത്. 

വൈകീട്ട് കൈ ഞരമ്പ് മുറിച്ച പെണ്‍കുട്ടിയെ പിന്നേറ്റ് രാവിലെയാണ് അത്യാസന്ന നിലയില്‍ പെണ്‍കുട്ടികളുടെ മുറിയില്‍ കണ്ടെത്തുന്നത്. മുറിവ് ആഴത്തിലല്ലാത്തതിനാല്‍ മാത്രമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ എസ്എഫ്ഐയാണ് പ്രതിസ്ഥാനത്ത്. കഴ്ച്ചക്കുറവിന്‍റെ ബുദ്ധിമുട്ടുണ്ടായിട്ടും മികച്ച മാര്‍ക്ക് നേടിയതുകൊണ്ടാണ് ഇഷ്ടപ്പെട്ട വിഷയം തെര‍ഞ്ഞെടുക്കാന്‍ പറ്റിയതെന്ന് പറഞ്ഞ് തുടങ്ങുന്ന ആത്മഹത്യാ കുറിപ്പ് 

"........ പക്ഷേ ഉണ്ടായ കാര്യങ്ങളെല്ലാം എന്‍റെ സ്വപ്നങ്ങളെ തകര്‍ക്കുന്നതായിരുന്നു. ഇവിടത്തെ എസ്എഫ്ഐക്കാര്‍ മാനസീകമായി ഒരു പാട് ചൂഷണം ചെയ്തു. അവര്‍ക്ക് വെറും അടിമകളായിരുന്നു ഞങ്ങള്‍. " 

എന്ന് തുടരുന്നു.


 " ..... എക്സാം എഴുതാന്‍ പോണതിന് മുമ്പ് അല്‍പം ആഹാരം പോലും കഴിക്കാന്‍ സമ്മതിക്കാതെ കുറച്ച് പേര്‍ വന്ന് ഭീഷണിപ്പെടുത്തി. എന്‍റെ ക്ലാസിലെ ആദിത്യ ചന്ദ്രനും അതുല്യയും ആണ് എന്‍റെ സ്വപ്നങ്ങള്‍ തകരാനുള്ള കാരണം. ജിഷ്ണു ചേട്ടനും പ്രിന്‍സ് ചേട്ടനും കൂടി മാറി മാറി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി അവരെ കാണാന്‍ ചെന്നില്ലെങ്കില്‍ എന്നെ എക്സാം എഴുതാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞു. കരഞ്ഞു കൊണ്ട് രാവിലെ മുതല്‍ ആഹാരം പോലും കഴിക്കാതെയാണ് എക്സാം എഴുതാന്‍ പോയത്." 


തുടര്‍ന്ന് കരഞ്ഞ് പറഞ്ഞിട്ടും ക്ലാസിലിരിക്കാന്‍ അനുവദിക്കാത്തിനെ കുറിച്ചും വീട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ചീത്തപറയുകയും ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചതിനെ കുറിച്ചും കുട്ടി വ്യക്തമായി തന്നെ തന്‍റെ ആത്മഹത്യ കുറിപ്പില്‍ എഴുതുന്നു. എഴുത്ത് തുടരുന്നു. 


" ....... ഇതിനെതിരെ പ്രിന്‍സിപ്പാളിനോട് പോലും കംപ്ലൈന്‍റ് ചെയ്തു. പക്ഷേ അയാള്‍ പോലും എന്‍റെ പരാതി കണ്ടില്ലെന്ന് നടിച്ചു." 


തുടര്‍ന്ന് പരീക്ഷയ്ക്ക് തലേദിവസം എസ്എഫ്ഐക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ധാര്‍ഷ്ട്യം മൂലം പരീക്ഷ നന്നായി എഴുതാന്‍ പറ്റാതിരുന്നതിന്‍റെ മനോവേദനയും കുട്ടി എഴുതുന്നു.


"...... എന്‍റെ ജീവിതം, ആഗ്രഹം എല്ലാം തടഞ്ഞു. അധ്യാപകര്‍ പോലും മനസിലാക്കാത്ത സ്ഥിതിക്ക് എനിക്കിനി ജീവിക്കാന്‍ താല്‍പര്യമില്ല. എന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദികള്‍ ആദിത്യ ചന്ദ്രനും അതുല്യയും, ഇവിടത്തെ യൂണിറ്റ് മെമ്പേഴ്സും എസ്എഫ്ഐക്കാരും കോളേജ് പ്രിന്‍സിപ്പാളും ആയിരിക്കും. ഭ്രാന്ത് പിടിച്ചത് പോലെയാണ് എന്‍റെ അവസ്ഥ അത്രത്തോളം എന്‍റെ സ്വപ്നങ്ങള്‍ തകര്‍ന്നു. എന്‍റെ ഈ ഗതി ഒരു പെണ്‍കുട്ടി ഇനി ഉണ്ടാകരുത്. അമ്മേ.... അവരെയൊന്നും വെറുതേ വിടരുത്. എടാ ദുഷ്ടന്മാരെ എന്‍റെ ജീവിതം തകര്‍ത്തതിനു തീയൊക്കെ അനുഭവിക്കും നരകിച്ചു ചാവും നീയൊക്കെ, നിന്‍റെയൊക്കെ അനിയത്തിമാരും ഇങ്ങനെ ആത്മഹത്യ ചെയ്യുന്ന അവസ്ഥ ഉണ്ടാകും. നിന്നെയൊന്നും എന്‍റെ ആത്മാവ് പോലും വെറുതെ വിടില്ല. അതുല്യ ചന്ദ്രന്‍ നിന്നോട് എന്ത് തെറ്റാ ഞാന്‍ ചെയ്തത് ?  നീ അനുഭവിക്കും ഓര്‍ത്തോ." 


എന്ന് പറഞ്ഞാണ് ആ ആത്മഹത്യാകുറിപ്പ് അവസാനിക്കുന്നത്. 

ആ കുട്ടി കോളേജില്‍ അനുഭവിച്ച വേദനയുടെ ഏകദേശരൂപം ഈ ആത്മഹത്യാ കുറിപ്പിലുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ ആദ്യസംഭവമാണിതെന്ന് കരുതിയാല്‍ തെറ്റി. ഏതാണ്ട് രണ്ട് പതിറ്റാണ്ടോളമായി ഈ കോളേജിലെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷങ്ങളുടെ ഏറ്റവും ഒടുവിലത്തെ സംഭവം മാത്രമാണിത്. 

സുഹൃത്തുക്കള്‍ക്കൊപ്പം കോളേജില്‍ നാടകം കാണാനെത്തിയ മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതും എസ്എഫ്ഐയുടെ അക്രമത്തിനെതിരെ പ്രതികരിച്ച അധ്യാപകനെ തല്ലിയതും ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ ആളും നേരത്തെ മറുപക്ഷത്തായിരുന്ന വിദ്യാര്‍ത്ഥി നേതാവിന്‍റെ മുണ്ട് ഉരിഞ്ഞ് അടിവസ്ത്രത്തില്‍ ഓടിച്ചതും തുടങ്ങി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ നടത്തിയ അക്രമത്തിന്‍റെ നിരവധി കഥകള്‍ ഇന്ന് ഗൂഗിള്‍ ചെയ്താല്‍ ലഭ്യമാണ്. എല്ലാ കേസിലും എസ്എഫ്ഐയാണ് പ്രതിസ്ഥാനത്തെങ്കിലും ഒരു കേസിലും ഒരു പ്രവര്‍ത്തകനും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നിടത്താണ് ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം ഒരു കോളേജില്‍ നടത്തുന്ന തേര്‍വാഴ്ച്ചയുടെ ആഴം മനസിലാവുക. 

വിഷയം രാഷ്ട്രീയമായത് കൊണ്ട് തന്നെ കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍റെ ആദ്യ പ്രതികരണമെത്തി. കോളേജ് പൊളിച്ച് കളയുകയോ ചരിത്ര മ്യൂസിയമാക്കി മാറ്റി സംരക്ഷിക്കുകയോ ചെയ്ത് ക്യാമ്പസ് കാര്യവട്ടത്തേക്ക് മാറ്റുക. ഇനി വരുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. അപക്വമായ ഇത്തരം നിലപാടുകളാണ് കാര്യങ്ങള്‍ വഷളാക്കുന്നതെന്നതിന് പ്രത്യേകിച്ച് ഉദാഹരണങ്ങളൊന്നും വേറെ വേണ്ട. 

എസ്എഫ്ഐയാകട്ടെ പതിവുപോലെ തങ്ങളല്ല കുറ്റക്കാര്‍ എന്ന വാദവുമായി രംഗത്തെത്തി. ക്ലാസുകള്‍ മുടങ്ങിയതിലുള്ള മാനസീക പ്രശ്നമാണ് കുട്ടിക്ക്. പ്രിന്‍സിപ്പാള്‍ ആദ്യം കൈമലര്‍ത്തി. പിന്നെ നീണ്ട അവധിയില്‍ പ്രവേശിച്ചു. ക്ലാസ്സുകൾ മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യാശ്രമമെന്ന് വിദ്യാർത്ഥിനി മൊഴി നൽകിയതായി പൊലീസും എസ്എഫ്ഐയുടെ ഭാഷ്യം ആവര്‍ത്തിച്ചു. പൊലീസ് ഒന്നുകൂടി ആവര്‍ത്തിച്ചു. കുട്ടി അമിത അളവില്‍ വേദനാ സംഹാരി കഴിച്ചിരുന്നെന്ന്. എന്നാല്‍ അത്തരത്തിലൊരു മരുന്നും താന്‍ കഴിച്ചിട്ടില്ലെന്ന് കുട്ടി മൊഴി നല്‍കി. എന്നാല്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന കുട്ടിയുടെ ബാഗ് വീട്ടുകാര്‍ക്ക് കൈമാറിയപ്പോള്‍ അതില്‍ വേദനാസംഹാരി ഗുളികകള്‍ ഇല്ലാതെ ആറ് സ്ട്രിപ്പ് കവര്‍ വീട്ടുകാര്‍ക്ക് ലഭിച്ചു. 

എന്നാല്‍ യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങള്‍ ഏറെ പരിതാപകരമാണെന്നും അത് പരിഹരിക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യമാണെന്ന നിലപാടാണ് മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാന്‍റെ അഭിപ്രായം. " ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടി ഇന്ന് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതോടെ, കുട്ടിക്ക് പരാതിയില്ലെന്ന് എഴുതിവാങ്ങിയ എസ്എഫ്ഐയുടെ പൊള്ളത്തരം തെളിയുകയാണ് ചെയ്തത്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ അതിക്രമങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രണ്ട് പതിറ്റാണ്ടായി യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഇവിടുത്തെ പൊലീസും ഭരണകൂടവും തന്നെയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടിക്കെതിരെ കേസെടുത്ത പൊലീസ് എന്തുകൊണ്ട് ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ച വ്യക്തികള്‍ക്കെതിരെ കേസെടുത്തില്ല. രണ്ട് മന്ത്രിമാര്‍, ഒരാള്‍ തിരുവനന്തപുരത്ത് നിന്നും മറ്റൊരാള്‍ വടക്ക് നിന്നും. ഇവരുടെ ആളുകള്‍ കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരെ നിര്‍ബന്ധിച്ചതിന് ശേഷമാണ് കുടുംബം പരാതിയില്ലെന്ന് പറയുന്നത്. അതായത് കുട്ടിയുടെ വീട്ടുകാരുടെ മേല്‍ പരാതി പിന്‍വലിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായെന്ന് വ്യക്തം. ഈ കേസില്‍ പാര്‍ട്ടിയാണ് യഥാര്‍ത്ഥ പ്രതി. കുട്ടിയുടെ ബാഗില്‍ നിന്ന് ആന്‍റി ഡിപ്രഷന്‍ ഗുളിക കിട്ടിയെന്ന് പറയുന്നു. എന്നാല്‍ കുട്ടി അത്തരത്തിലൊരു ഗുളിക കഴിച്ചിട്ടില്ലെന്നും പറയുന്നു. അതായത് ഇവിടെ കുട്ടിക്ക് മാനസീകപ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്. ആത്മഹത്യയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ കേസെടുക്കേണ്ട സ്റ്റേറ്റ് തന്നെ ഇരയ്ക്കെതിരെയാണ് കേസെടുക്കുന്നത്. ഇത് ഭീകരമായ അവസ്ഥയാണ്. ജനങ്ങള്‍ തന്നെ ഇതിനെതിരെ മുന്നോട്ട് വരണം. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ അതിക്രമങ്ങള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. പൂര്‍വ്വവിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി യൂണിവേഴ്സിറ്റി കോളേജിനെ എസ്എഫ്ഐയുടെ അതിക്രമത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. "

എസ്എഫ്ഐക്കാര്‍ മറ്റൊന്നു കൂടി പറഞ്ഞു. ഏപ്രില്‍ അഞ്ചിനാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ്ങ് ഫ്രെയിംവര്‍ക്കിന്‍റെ ദേശീയ റാങ്കിങ്ങില്‍ ഇക്കൊല്ലം ദേശീയ തലത്തില്‍ 18 -ാം സ്ഥാനത്താണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജെന്ന റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. കേരളത്തില്‍ കോളേജിന് ഒന്നാം സ്ഥാനമാണ്. ഇത്തരം പ്രശ്നങ്ങളുള്ള കോളേജാണെങ്കില്‍ ഇതെങ്ങെനെ സാധിക്കുന്നു ? എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് ഇങ്ങനെ പറയുന്നു. "ഈ കാര്യത്തിലുള്ള എസ്എഫ്ഐയുടെ നിലപാട് നേരത്തെ പറഞ്ഞതാണ്. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയ്ക്ക് പങ്കില്ല. ഇത് യൂണിവേഴ്സിറ്റി കോളേജിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. കുട്ടി എഴുതി എന്ന് പറയപ്പെടുന്ന ആത്മഹത്യാ കുറിപ്പിലുള്ള രണ്ട് വിദ്യാര്‍ത്ഥിനികളും എസ്എഫ്ഐയുടെ പ്രവര്‍ത്തകരോ പ്രഥമികാംഗത്വം പോലും ഉള്ളവരോ അല്ല. പിന്നെങ്ങനെ ഈ കേസില്‍ എസ്എഫ്ഐ പ്രതിയാകും. കുട്ടിക്ക് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ കുട്ടിക്ക് എസ്എഫ്ഐ സംരക്ഷണം തീര്‍ക്കും. കുട്ടിയുടെ മാതാപിതാക്കളുമായി ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത്, എസ്എഫ്ഐ പ്രതിയാണെന്ന് പറയാൻ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന്  നിര്‍ബന്ധമുണ്ടായിരുന്നുന്നെന്നാണ്. അതായത് ഇത് എസ്എഫ്ഐയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് മാനസീകമായ പിരിമുറുക്കം മൂലമാണ്. വര്‍ക്കല എസ്എന്‍ കോളേജില്‍ പഠിക്കണമെന്ന് ആഗ്രഹിച്ച കുട്ടിയാണത്. അവിടെ സീറ്റ് കിട്ടാതെയാണ് യൂണിവേഴിസിറ്റി ക്യാമ്പസിലേക്ക് വന്നത്. വീണ്ടും അങ്ങോട്ട് തന്നെ പോകണമെന്നാണ് കുട്ടിയുടെ ആഗ്രഹം. അതായത് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്‍റെ  കാരണം മാറ്റൊന്നാണെന്ന് കാണാം. ധനുവച്ചപുരം കോളേജിലും എംജി കോളേജിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപിക്കാരാല്‍ അക്രമിക്കപ്പെട്ടപ്പോള്‍ ഈ പറഞ്ഞ മാധ്യമങ്ങളൊക്കെ എവിടെയായിരുന്നു.  മറ്റ് സംഘടനകള്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തന സ്വാതന്ത്രം നിഷേധിക്കുന്നുവെന്നുള്ളത് തെറ്റാണ്. അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തത് എസ്എഫ്ഐയുടെ കുറ്റമല്ല. "

എന്നാല്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, എസ്എഫ്ഐയെ പ്രത്യക്ഷമായി  പിന്തുണയ്ക്കുന്നില്ല. അദ്ദേഹം പറയുന്നതിങ്ങനെ " യൂണിവേഴ്സിറ്റി കോളേജിലെ വിഷയം വിദ്യാര്‍ത്ഥി സംഘടനകളുമായി ബന്ധപ്പെട്ടുള്ളതാണ്. അതിനകത്ത് മറുപടി പറയേണ്ടത് എസ്എഫ്ഐ മാത്രമാണ്. പാര്‍ട്ടിയുടെ ഭാഗത്ത് നിന്നോ ഡിവൈഎഫ്ഐയില്‍ നിന്നോ, പ്രകടനത്തിനോ മറ്റെന്തെങ്കിലും പരിപാടികള്‍ക്കോ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ ഒരിക്കലും കോളേജിലെ യൂണിറ്റ് കമ്മറ്റിയില്‍ സമ്മര്‍ദം ചെലുത്താറില്ല. അത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. " എന്നാണ്. 

എന്നാല്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്ത് കെ എം പറയുന്നത് "നിലവിലെ വിദ്യാഭ്യാസ വകുപ്പിന്‍ അന്വേഷണം പ്രഹസനമാണ്. ഇരയായ കുട്ടിയോട് പരാതിയില്ലെന്ന് എസ്എഫ്ഐ എഴുതിവാങ്ങിയത് കേരളത്തിന് അപമാനമാണ്. എബിവിപിയുടെ അതിക്രമത്തില്‍ ആത്മഹത്യ ചെയ്ത് രോഹിത് വെന്മൂലയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ ഇവിടെ ആര്‍ത്തവ സമയത്തും കുട്ടികളെ പൊരിവെയിലത്ത് പ്രകടനത്തിന് നിര്‍ബന്ധിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ ഇവിടെ ഒരു സാംസ്കാരിക നായകരുമില്ല. പെണ്‍ സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുന്ന അവസരവാദികള്‍ എന്തുകൊണ്ട് ഒരു കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ട് പ്രതികരിച്ചില്ല. ഇവിടെ ഇരയാക്കപ്പെട്ട കുട്ടി വേട്ടയാടപ്പെടുകയാണ്. സര്‍ക്കാരും പൊലീസും ഇതിന് കൂട്ടു നില്‍ക്കുന്നു. ജനാധിപത്യ രീതിയില്‍ ഈ ഫാസിസ്റ്റ് കാട്ടാളത്തിനെതിരെ ശക്തമായ ക്യാമ്പയിന്‍ നടത്താനാണ് കെഎസ്‍യുവിന്‍റെ തീരുമാനം. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍യു നടത്തിയ ക്യാമ്പയിനില്‍ മുന്‍ പ്രിന്‍സിപ്പാള്‍മാര്‍ വരെയെത്തി. അവര്‍ പറഞ്ഞത്. ' നിങ്ങള്‍ വിളിക്കാഞ്ഞിട്ട് പോലും ഞങ്ങളിന്നിവിടെ എത്തിയത് ഈ കലാലയം എങ്ങനെയെങ്കിലും അക്രമികളുടെ കൈയില്‍ നിന്ന് മോചിപ്പിക്കണം എന്ന ആഗ്രഹത്താലാണെന്നാണ്. അതായത് അത്രമാത്രം രൂക്ഷമാണ് അവിടുത്തെ പ്രശ്നങ്ങള്‍.  സര്‍ക്കാരും പൊലീസും എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുകയാണ്. ഐഎസ്ഐഎസിന്‍റെ കീഴില്‍ അകപ്പെട്ടവരെ പോലെയാണ് ഇന്ന് യൂണിവേഴിസിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍. " എന്നാണ്. 

സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പൈന്‍റെ കണ്‍വീനര്‍ ഷാജിര്‍ഖാന്‍റെ അഭിപ്രായവും മറ്റൊന്നല്ല. അദ്ദേഹം പറയുന്നു. "പ്രതികരിക്കുന്ന എതിര്‍ശബ്ദങ്ങളെ മൃഗീയമായി അടിച്ചമര്‍ത്തുന്നതാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ രീതി. ലൈബ്രറി, ക്യാന്‍റീന്‍ എന്തിന് മറ്റൊരു കുട്ടിയോട് സംസാരിക്കാന്‍ പോലും എസ്എഫ്ഐയുടെ അനുമതി വേണമെന്ന് നിലയിലേക്കാണ് യൂണിവേഴ്സിറ്റി കോളേജില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. സ്വതന്ത്രമായി നടക്കാനോ എന്തിന് ചിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. എസ്എഫ്ഐയുടെ ഗുണ്ടകളുടെ കാല്‍ക്കീഴില്‍ ആത്മാഭിമാനം പണയപ്പെടുത്തിയവര്‍ക്ക് മാത്രമേ ഇപ്പോള്‍ അവിടെ പഠനം സാധ്യമാകുന്നൊള്ളൂ. എസ്എഫ്ഐയുടെ പ്രകടനത്തിനിറങ്ങുക, നിര്‍ബന്ധിത പാര്‍ട്ടി മാഗസീന്‍ പിരിവ്. എതിര്‍ത്താല്‍ കോളേജ് യൂണിയന്‍ ഓഫീസ് എന്ന ഇടിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദനം. കുട്ടികള്‍ അധ്യാപകരോട് പരാതി പറയുന്നു. പ്രിന്‍സിപ്പളിനോട് പറയുന്നു. പക്ഷേ എസ്എഫ്ഐയുടെ കിരാതമായി അധികാരത്തിന്‍ കീഴില്‍ ആരും അവരെ രക്ഷിക്കാന്‍ തയ്യാറാകുന്നില്ല. കേസ് കൊടുത്താല്‍ പൊലീസിനെ വച്ച് തന്നെ അത് അട്ടിമറിക്കാന്‍ ശ്രമം. ഇവിടെ പൊലീസും സര്‍ക്കാരും എസ്എഫ്ഐയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നം ഏറ്റവും ഫാസിസ്റ്റ് രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ഇതിനെതിരെ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണമാണ് സേവ് യൂണിവേഴ്സിറ്റി കോളേജ് ആവശ്യപ്പെടുന്നത്. അതില്‍ തന്നെ ഈ കേസുമാത്രമല്ല, മറിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജില്‍ കാണിച്ചിട്ടുള്ള എല്ലാ അതിക്രമങ്ങളെയും അന്വേഷണ പരിതിയില്‍ കൊണ്ടുവരണമെന്നും സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പയിന്‍റെ കണ്‍വീനറെന്ന നിലയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
എസ്എഫ്ഐക്ക് മുന്നില്‍ മുട്ടുകുത്തുന്ന അധ്യാപകരും എസ്എഫ്ഐക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരും പൊലീസും ഇവിടെ ഒരുപോലെ കുറ്റക്കാരാണ്. യൂണിവേഴ്സിറ്റി കോളേജ് പൊളിച്ച് കളയാനല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മറിച്ച് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാനും പഠിക്കാനുമുള്ള സാഹചര്യം അവിടെ ഉണ്ടാകണം. പത്തിരുപത് വര്‍ഷങ്ങളായി ഇതാണ് അവിടുത്തെ അവസ്ഥ. അതിന് മാറ്റം വേണം. അതിനാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പൈന്‍."

യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങള്‍ക്ക് നീണ്ട ചരിത്രമുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങിലും ഗൂഗിളിലും പരിശോധിച്ചാല്‍ തെളിയുന്നതേയുള്ളൂ. 2014-ല്‍ 150-ഓളം വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐയുടെ ഏകാധിപത്യത്തിനെതിരെ പ്രിന്‍സിപ്പളിന്‍റെ മുറിക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. പെണ്‍കുട്ടികളെ അക്രമ സമരമുഖത്തേക്ക് നിര്‍ബന്ധിച്ചിറക്കുന്നു എന്നതായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ അന്നുയര്‍ന്ന പരാതി.

2014-ല്‍ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഫേസ്ബുക്കില്‍ ദി റിയല്‍ കോംറൈഡ് ഓഫ് യൂണിവേഴ്‌സിറ്റി കോളേജ് എന്ന പേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ മുന്‍പില്‍ അധ്യാപകരനുഭവിക്കുന്ന നിസഹായാവസ്ഥകളെ കുറിച്ച് ഇങ്ങനെ എഴുതി: ”ക്ലാസ്സില്‍ നിന്ന് കുട്ടികളെ സമരത്തിനായി ഇറക്കുമ്പോള്‍ ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ നോക്കുകുത്തികളാകുന്നു. അവര്‍ പ്രതികരിക്കാറില്ല. ചിലര്‍ പ്രതികരിച്ചിട്ടുണ്ട്… എന്നാല്‍ അപ്പോഴെല്ലാം മുഴുവന്‍ കുട്ടികളും നോക്കി നില്‍ക്കെ അധ്യാപര്‍ക്കും കുട്ടിനേതാക്കളുടെ വക അസഭ്യം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്… പിന്നെ ആ അധ്യാപകര്‍ക്ക് സ്വസ്ഥമായി ക്ലാസ്സെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരാണ് ഇങ്ങനെ ദുരിതമനുഭവിക്കുന്നത് എന്നോര്‍ക്കുക…” ഇന്നും ഇതിന് പരിഹാരമായിട്ടില്ലെന്നാണ് യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത. 
 

Follow Us:
Download App:
  • android
  • ios