തിരുവനന്തപുരം: തൊടുപുഴ സ്വദേശിനിയ്ക്ക് ജീവന്‍ രക്ഷാമരുന്ന് നെയ്യാറ്റിന്‍കരയില്‍ നിന്നും മിന്നല്‍ വേഗത്തില്‍ എത്തിച്ച് കേരള യൂത്ത് വെല്‍ഫെയര്‍  ബോര്‍ഡിന്റെ യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍. ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നാണ് തൊടുപുഴ മുന്‍സിപ്പാലിറ്റിയിലെ ക്‌ളാര്‍ക്കിന്റെ അമ്മ വിമലയ്ക്ക് വേണ്ടി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍  കൊണ്ടുപോയയത്.  മരുന്ന് അതിവേഗം തൊടുപുഴയില്‍ എത്തിക്കേണ്ട ഉദ്യമം കേരള യൂത്ത് ആക്ഷന്‍ ഫോഴ്‌സിലെ അംഗങ്ങള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.  

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ശ്രീചിത്രയില്‍ ചികിത്സയിലായിരുന്നു അവര്‍. തൊടുപുഴയിലും മറ്റും മരുന്ന് കിട്ടാനില്ലാത്തതിനാല്‍ മാരായിമുട്ടത്ത് താമസിക്കുന്ന വിമലയുടെ സഹോദരന്‍ ജോണ്‍ കേരള വോളന്റിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ സേവനത്തെക്കുറിച്ച് അറിഞ്ഞ്  അംഗങ്ങളുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. 

മാരായിമുട്ടം,നെയ്യാറ്റിന്‍കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ആവശ്യമായ  ഏഴ് തരത്തിലുള്ള മരുന്ന് വാങ്ങി. നെയ്യാറ്റിന്‍കര എം.എല്‍. എ.കെ ആന്‍സലന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള  കേരള വോളന്റിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്‌സ് ടീമിന് മരുന്ന് കൈമാറി. ഇന്നലെ രാവിലെ അംഗങ്ങള്‍  മരുന്ന് തിരുവനന്തപുരം കോഡിനേറ്ററുടെ പക്കല്‍ എത്തിച്ച് നിലമേല്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കി. 

പിന്നീട് കൊട്ടാരക്കരയിലെ കേരള വോളന്റിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ മരുന്ന് കൈപ്പറ്റി അടൂരും അവിടുന്ന് യഥാക്രമം ചങ്ങനാശ്ശേരി ,കോട്ടയം, പാലാ വഴി തൊടുപുഴയില്‍ ഇന്നലെ രാത്രിയില്‍ തന്നെ മരുന്ന് എത്തിച്ചു. നെയ്യാറ്റിന്‍കരയില്‍ മരുന്ന് കൈമാറുന്ന ചടങ്ങില്‍ നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്‌ള്യു. ആര്‍ ഹീബ, വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു, മുന്‍സിപ്പല്‍ കോഡിനേറ്റര്‍ നവീന്‍ എന്നിവര്‍ പങ്കെടുത്തു.