ഇന്ത്യ- പാക് വിഭജനം ഒരുപക്ഷേ ചരിത്രത്തിലെതന്നെ ഏറ്റവും ഹൃദയം തകര്‍ത്ത സംഭവങ്ങളിലൊന്നാണ്. ഒറ്റരാത്രികൊണ്ട് ആയിരക്കണക്കിന് ആളുകളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. അന്ന് എത്രയോ ആളുകൾക്ക് വീട് നഷ്ടപ്പെടുകയും, അവർ വിഭാഗീയ അക്രമത്തിന് ഇരയാകുകയും ചെയ്തു. അക്കാലത്ത് 14 ദശലക്ഷത്തിലധികം ആളുകളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. പത്ത് ലക്ഷത്തോളം പേർ മരിച്ചു. ഇന്നും ആ വേദനയുടെ അടയാളങ്ങള്‍ നമ്മുടെ സംസ്‍കാരത്തിൽ മായാതെ കിടക്കുന്നുണ്ട്.

1947 -ലെ ആ വിഭജന സമയത്ത് കുട്ടികളായിരുന്ന തങ്ങളുടെ മുത്തച്ഛന്‍മാരെ അതെങ്ങനെ ബാധിച്ചുവെന്ന് സ്‍പാർഷ് അഹൂജ, അമീന മല എന്നിവര്‍ പറയുന്നത് ഇങ്ങനെയാണ്. അഹൂജയുടെ മുത്തച്ഛനായ ഇഷാർ ദാസ് അറോറയ്ക്ക് അപ്പോൾ ഏഴ് വയസ്സായിരുന്നു. മലാക്കിന്‍റെ മുത്തച്ഛൻ അഹമ്മദ് റാഫിയാകട്ടെ വിഭജന സമയത്ത് ഇന്ത്യൻ നഗരമായ ഹോഷിയാർപൂരിൽ നിന്ന് പാകിസ്ഥാനിലെ ലാഹോറിലേക്ക് മാറേണ്ടി വന്നയാളാണ്. ഈ രണ്ട് മുത്തച്ഛൻമാർക്കും നാട്ടിലേക്ക് മടങ്ങാനും അവർ ജനിച്ച സ്ഥലങ്ങൾ കാണാനും എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം കൊച്ചുമക്കൾ സാധിച്ചു കൊടുത്തു. അതിനായി 'പ്രൊജക്റ്റ് ദാസ്‍താൻ' എന്നൊരു പുതിയ ആശയത്തിനുതന്നെ അവർ ജീവൻ നൽകി.

പ്രൊജക്റ്റ് ദാസ്‍താന്‍

ഓക്സ്ഫോർഡ് യൂണിവേഴ്‍സിറ്റിയുടെ പിന്തുണയോടെയുള്ള ഒരു സമാധാന പദ്ധതിയാണ് 'പ്രൊജക്റ്റ് ദാസ്‍താന്‍'. ഇത് 1947 -ലെ വിഭജനസമയത്തെ അഭയാർഥികളെ അവരുടെ ആ പഴയ വീടുകളുമായും തങ്ങളുടെ സമുദായങ്ങളുമായും വീണ്ടും ബന്ധിപ്പിക്കുന്ന പദ്ധതിയാണ്. ഈ പദ്ധതി ഫിലിം, വെർച്വൽ റിയാലിറ്റി എന്നിവയുടെ സഹായത്തോടെ അവരുടെ കഥകൾ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുകയാണ്.

ഡോ. സാദിയ സിദ്ദിഖി 1957 -ൽ ലഖ്‌നൗവിൽ നിന്ന് കറാച്ചിയിലേക്ക് കുടിയേറിയതാണ്. അതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിവരാനായില്ലവര്‍ക്ക്. കറാച്ചിയിലിരുന്ന് അവർ പലപ്പോഴും ലഖ്‌നൗവിലെ തന്‍റെ ജീവിതം ഓർമ്മിക്കാറുണ്ട്. അവരുടെ വീടിന് പുറത്തുണ്ടായിരുന്ന അത്തിവൃക്ഷത്തെക്കുറിച്ചും, അവിടെയിരുന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകിയ പണ്ഡിറ്റിനെക്കുറിച്ചും അവരെന്നും ഓർക്കുമായിരുന്നു. എന്നാൽ, 'പ്രൊജക്റ്റ് ദാസ്‍താൻ' എന്ന  സംരംഭത്തിന്‍റെ സഹായത്തോടെ അവർക്ക് ഇന്ത്യയിലുള്ള അവരുടെ വീട് വീണ്ടും സന്ദർശിക്കാൻ കഴിഞ്ഞു. വിഭജനത്തിന് മുമ്പുള്ള അവരുടെ ബാല്യകാലത്തെ പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞു.

സിദ്ദിഖിക്ക് മാത്രമല്ല, കുടിയൊഴിക്കപ്പെട്ട അനേകം ആളുകൾക്കാണ് ഈ പദ്ധതിയിലൂടെ ഇന്ത്യയിലുള്ള അവരുടെ വീടുകളും, ജനിച്ച സ്ഥലങ്ങളും, ആ ഓര്‍മ്മകളുമെല്ലാം സന്ദർശിക്കാൻ കഴിഞ്ഞത്. 'വെർച്വൽ റിയാലിറ്റി' സാങ്കേതികവിദ്യ ഉപയോഗിച്ച് അവരുടെ ബാല്യകാലത്തിലേക്ക് തിരികെപോകാനും അവർക്ക് സാധിച്ചു. (കമ്പ്യൂട്ടർ സൃഷ്‍ടിക്കുന്നൊരു മായികലോകമാണ് വെര്‍ച്വല്‍ റിയാലിറ്റി എന്നത്. സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിർമ്മിക്കുന്നൊരു അയഥാർത്ഥലോകമാണിത്. ഇവിടെ കമ്പ്യൂട്ടർ സ്ക്രീനിലോ, പ്രൊജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാർത്ഥലോകത്തിന്‍റെ പ്രതീതി ഉളവാക്കുകയാണ് ചെയ്യുക.)

“ഈ പദ്ധതി വഴി ചെയ്യുന്നത് വിഭജനത്തിനു മുമ്പുള്ള ജീവിതാനുഭവം ലോകത്തിന് മുൻപിൽ തുറന്നു കാണിക്കുകയാണ്. വളരെക്കാലം മറന്നുപോയ സിന്ധി ബസാറിന്‍റെ ശബ്ദങ്ങൾ, പഞ്ചാബിലെ ശാന്തത, ഒരു നൂറ്റാണ്ട് പഴക്കമുള്ള ദില്ലി ഹൽവായിലെ ലഡ്ഡൂസിന്‍റെ പ്രത്യേക രുചി, എല്ലാം ഇതിലൂടെ പുനഃസൃഷ്ടിക്കുന്നു” എന്നാണ് പ്രൊജക്റ്റ് ദാസ്‍താന്‍ സ്ഥാപകനും, സിഇഒയുമായ സ്പാർഷ് അഹൂജ പറയുന്നത്.

പാകിസ്‍താന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള സാംസ്‍കാരിക സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും, പൂർവ്വികരെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു. ഇതിനുപുറമെ,  ഏറ്റവും പ്രധാനമായി കൊളോണിയലിസത്തിനു കീഴിൽ ജീവിച്ചിരുന്നവരുടെ അനുഭവങ്ങളെ അനശ്വരമാക്കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. 

പദ്ധതിയെ പ്രധാനമായും മൂന്നായി വിഭജിച്ചിരിക്കുന്നു. വിഭജന സമയത്തെ ആളുകള്‍ അവരുടെ ബാല്യകാലം ചെലവിട്ടിരുന്ന വീടുകളും ഗ്രാമങ്ങളും കണ്ടെത്താനും വീഡിയോയിൽ അത് ചിത്രീകരിക്കാനും സഹായിക്കുന്ന The Social Impact Program ആണ് അതിലൊന്ന്. രണ്ടാമത്തേത് Child of Empire - a flagship VR experience എന്ന പരിപാടിയാണ്. വിഭജന ചരിത്രം പഠിപ്പിക്കുന്നതിനായി അന്ന് കുടിയേറേണ്ടിവന്ന മനുഷ്യരുടെ അനുഭവങ്ങളെ കൊണ്ടുവരുന്ന പദ്ധതിയാണിത്. ഒരു വിദ്യാഭ്യാസ ഉപകരണമായിട്ടാണ് ഈ കുടിയേറ്റ കഥകളെ  ഉപയോഗിക്കുന്നത്. മൂന്നാമത്തേത് The Lost Migration എന്ന സവിശേഷ ഡോക്യുമെന്‍ററിയാണ്. വിഭജനത്തിന്‍റെ അനുഭവങ്ങൾ ആളുകൾ ഇതുവഴി ലോകവുമായി പങ്കുവെക്കുകയാണ്. 

2018 -ൽ പാകിസ്ഥാനിൽ നിന്നും, ഇന്ത്യയിൽ നിന്നുമുള്ള ഒരു കൂട്ടം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ് ഈ പ്രൊജക്റ്റ് സ്ഥാപിച്ചത്. ഇതിന് ഓക്സ്ഫോർഡ് യൂണിവേഴ്‍സിറ്റി സൗത്ത് ഏഷ്യൻ സ്റ്റഡീസ് പ്രോഗ്രാമിന്‍റെ പിന്തുണയും ഉണ്ട്. ചരിത്രകാരന്മാർ, വിദ്യാഭ്യാസ വിദഗ്ധർ, മലാല യൂസഫ്‍സായി (സമാധാനത്തിനുള്ള നോബൽ സമ്മാന സ്വീകർത്താവ്), ഗാബോ അറോറ (യുഎന്നിലെ മുൻ ക്രിയേറ്റീവ് ഡയറക്ടർ), സുരൂഷ് ആൽവി (വൈസ് മീഡിയയുടെ സഹസ്ഥാപകൻ), പ്രശസ്‍ത എഴുത്തുകാരായ വില്യം ഡാൽ‌റിം‌പിൾ‌, ആഞ്ചൽ‌ മൽ‌ഹോത്ര എന്നിവരുടെ ഒരു പാനലാണ് പ്രൊജക്റ്റ് ദാസ്‍താന്‍ ഉപദേഷ്ടാക്കൾ.

വേദനയുടെയും ഗൃഹാതുരതയുടെയും ഇടയിലുള്ള നേർരേഖയാവുകയാണ് ഈ പദ്ധതി. വിഭജനത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഒരാശ്വാസമായി, ഇരുരാജ്യങ്ങളുടെയും സാംസ്‍കാരിക ഒത്തുച്ചേരലിനുള്ള ഒരു വേദിയായി ഇത് മാറുന്നു. അവരുടെ കഥകളിലൂടെ പുനർജ്ജനിക്കുന്നത് ഒരിക്കൽ ഒന്നായിരുന്ന ഇന്ത്യയും, അതിലെ ജനങ്ങളുടെ അടിപതറാത്ത ദേശീയതുമാണ്. അത്രയുംനാൾ സ്വന്തം നാടായി കരുതിയ രാജ്യം ഒരുദിവസം കൊണ്ട് അന്യമായി തീർന്നവർ. ഒരു കുറ്റവും ചെയ്യാതെ സ്വന്തം വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടവർ. പ്രൊജക്റ്റ് ദാസ്‍താനിലൂടെ ഇന്നവർക്ക് തിരികെ ലഭിക്കുന്നത് നഷ്ടമായ കാലത്തിന്‍റെ ആ ഓര്‍മ്മയാണ്.