സ്‌കൂള്‍ പഠനകാലത്ത് ഭാവിയില്‍ ആരാകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഡോക്ടര്‍ ആകണമെന്ന് ഒരിക്കലെങ്കിലും പറഞ്ഞിട്ടുള്ളവര്‍ ആണ് മിക്കവരും. എന്ത് കൊണ്ടായിരിക്കും അതെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? 

പേരിനു മുന്നിലേക്ക് വന്നു വീഴുന്ന ആ രണ്ടക്ഷരങ്ങള്‍ക്ക്  (Dr.) ലഭിക്കുന്ന ശ്രദ്ധയും പദവിയും. അല്ലെങ്കില്‍ സേവനവും ധനലാഭവും നല്‍കുന്ന സന്തോഷം. അതുമല്ലെങ്കില്‍ കുഞ്ഞുമനസ്സില്‍ 'താനും മിടുക്കനാണ്' എന്ന ചിന്ത ടീച്ചറില്‍ വരുത്താനുള്ള ഒരു ശ്രമം...

എന്തായിരുന്നാലും, ഡോക്ടര്‍ ആകുകയെന്നത് വലിയ ഒരു സംഗതി തന്നെയായിരുന്നു അന്ന്. ഇന്നലെ വരെ ഈ കോഴ്‌സിലേക്ക് ഞാനുള്‍പ്പടെ ഒരുപാട് പേരെ വലിച്ചടുപ്പിച്ചതും അങ്ങനെ ചില കാരണങ്ങള്‍ തന്നെയാവണം. നാലര വര്‍ഷം, ഉറക്കവും സ്വസ്ഥതയും കളഞ്ഞ് പതിനാലു വലിയ വിഷയങ്ങള്‍ പഠിച്ചെടുത്താണ് ഞങ്ങളില്‍ ഓരോരുത്തരും അവസാനവര്‍ഷ എംബിബിഎസ് പാസ് ആയത്.ഇതില്‍ ആദ്യവര്‍ഷമോ അവസാന വര്‍ഷമോ പരീക്ഷക്ക് തോറ്റാല്‍ ആറു മാസത്തിനു ശേഷം വീണ്ടും എഴുതി പാസ് ആകണം. അങ്ങനെ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു പോകുന്നവരുണ്ട്. എഴുതി ജയിച്ചു മുന്നേറുക എന്നതല്ലാതെ യാതൊരു മാര്‍ഗവും മുന്നില്‍ ഇല്ല.

അത് കഴിഞ്ഞ് 'ഹൗസ് സര്‍ജന്‍സി' എന്ന മുന്നൂറ്റി അറുപത്തഞ്ച് ദിവസം തുടര്‍ച്ചയായി ജോലി ചെയ്തു സര്‍ട്ടിഫിക്കറ്റ് നേടാനുള്ള ശ്രമം. സീനിയര്‍ ഡോക്ടറുടെ അപ്രീതിക്ക് പാത്രമായാല്‍ കിട്ടുന്ന 'എക്‌സ്റ്റന്‍ഷന്‍ എന്ന ശിക്ഷ. മുന്നൂറ്റി അറുപത്തഞ്ച് ദിവസത്തിനു പരിധികളില്ല. ഏത് ചെറിയ അബദ്ധവും എത്ര ദിവസത്തെ എക്‌സ്റ്റന്‍ഷന്‍ നേടിത്തരും എന്നറിയില്ല. അത്രയും ദിവസം വീണ്ടും ജോലി (അതിനു ശമ്പളം ഉണ്ടാകില്ല). ഒടുക്കം അഞ്ചര വര്‍ഷത്തെ കോഴ്‌സ് മുഴുവന്‍ ആകുന്നു. ഓടിപ്പാഞ്ഞ് സംസ്ഥാനത്തെ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നു. 

ഭാഗ്യം, തല്‍ക്കാലം ഒരിടത്ത് ഇരുന്നു ചികിത്സിക്കാന്‍ അത് മതി. 

അല്ല, മതിയായിരുന്നു, എന്നു വേണം പറയാന്‍.  ഇനി അങ്ങനെയാവണമെന്നില്ല. സര്‍ക്കാര്‍ പുതുതായി കൊണ്ടുവരാന്‍ പോവുന്ന എന്‍.എം.സി ബില്‍ (നാഷനല്‍ മെഡിക്കല്‍ ബില്‍) എല്ലാം മാറ്റിമറിക്കാന്‍ പോവുകയാണ്. ആസൂത്രണ കമീഷന് പകരം നിലവില്‍ വന്ന നീതി ആയോഗാണ് പുതിയ നയം മാറ്റത്തിനു പിന്നില്‍. കേന്ദ്ര സര്‍ക്കാര്‍, പുതിയ ബില്ലിലെ വ്യവസ്ഥകളോടുള്ള പൊതുജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു കഴിഞ്ഞു. 

ഇന്ത്യന്‍ ഇന്ത്യന്‍ ആതുരശുശ്രൂഷാരംഗത്തെ ദോഷകരമായി ബാധിക്കുന്ന അപകടകരമായ അനേകം വ്യവസ്ഥകളാണ് എന്‍.എം.സി ബില്ലില്‍ (നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ 2016) ഉള്ളത്. 

മെഡിക്കല്‍ കൗണ്‍സിലിന് കൊലക്കത്തി
ഇന്ത്യന്‍ ഇന്ത്യന്‍ ആതുരശുശ്രൂഷാരംഗത്തെ ദോഷകരമായി ബാധിക്കുന്ന അപകടകരമായ അനേകം വ്യവസ്ഥകളാണ് എന്‍.എം.സി ബില്ലില്‍ (നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ 2016) ഉള്ളത്. 

ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തിന്റെ നെടുംതൂണാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ). രാജ്യത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച റെഗുലേറ്ററി സംവിധാനമാണിത്. ഭൂരിഭാഗവും ഡോക്ടര്‍മാരെ ഉള്‍ക്കൊള്ളുന്ന ഭരണസംവിധാനം. ഈ വ്യവസ്ഥ മാറ്റി മറിക്കുകയാണ് ബില്ലിലെ പ്രധാന നിര്‍ദേശം. 

അതായത്, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ പിരിച്ചു വിടുക. പകരം നാഷനല്‍ മെഡിക്കല്‍ കമീഷന്‍ (എന്‍.എം.സി) എന്ന പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ നയരൂപീകരണ ബോഡി ആയിരിക്കും എന്‍എംസി. എന്നാല്‍, മെഡിക്കല്‍ രംഗവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളായിരിക്കും ഈ പുതിയ കമീഷനില്‍ ഉണ്ടായിരിക്കുകയെന്നാണ് ബില്‍ വ്യവസ്ഥകള്‍ വായിക്കുമ്പോള്‍ മനസ്സിലാവുന്നത്. ഇവരായിരിക്കും ഇനി ഇന്ത്യന്‍ ആതുര ശുശ്രൂഷാ രംഗത്തെ സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുക. 

അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നടത്തിപ്പ്, മൂല്യനിര്‍ണയം, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റേറ്റിംഗ്, മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ രജിസ്‌ട്രേഷന്‍ എന്നിയവടക്കമുള്ള കാര്യങ്ങള്‍ ഇനിമേല്‍ എന്‍.എം.സി ആയിരിക്കും നടത്തുകയെന്ന് ബില്‍ പറയുന്നു. നീറ്റ് പരീക്ഷയുടെയും പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് വേണ്ടിയുള്ള നാഷനല്‍ ലൈസന്‍ഷ്യേറ്റ് പരീക്ഷയുടെയും നടത്തിപ്പു ചുമതലയും എന്‍.എം.സിക്ക് ആയിരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സര്‍വ തലങ്ങളിലും മേല്‍നോട്ടം വഹിക്കുക, വിദ്യാഭ്യാസ നിലവാരം തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നീ കാര്യങ്ങള്‍ക്കായി അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപീകരിക്കുകയും എന്‍.എംസിയുടെ ഉത്തരവാദിത്തമായിരിക്കും. മൂല്യ നിര്‍ണയവും കരിക്കുലം രൂപീകരണവും ഈ ബോര്‍ഡുകളുടെ ചുമതലയായിരിക്കും. 

രോഗികളെ കണ്ടും തൊട്ടും പരിശോധിച്ചും കാര്യങ്ങള്‍ പഠിച്ച ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്.പക്ഷേ, ഇനി ഇവര്‍ക്ക്  ഈ പരീക്ഷ പാസ് ആകാതെ ഇന്ത്യ മഹാരാജ്യത്ത് പ്രാക്റ്റീസ് ചെയ്യാന്‍ പാടില്ല.

മണ്ടത്തരം, ഈ വ്യവസ്ഥകള്‍!
ഈ ബില്‍ നിലവില്‍ വരുന്ന ദിവസം മുതല്‍, മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഹൗസ് സര്‍ജന്‍സി കഴിഞ്ഞു പുറത്തിറങ്ങിയ ഓരോ ഡോക്ടറും വീണ്ടും പരീക്ഷ എഴുതേണ്ടി വരും. ഇന്ത്യയിലെ എല്ലാ ഡോക്ടര്‍മാരുടെയും പഠനനിലവാരം ഉറപ്പാക്കാനെന്ന് അവകാശപ്പെട്ടെത്തുന്ന ഈ ബില്‍, ഫൈനല്‍ എംബിബിഎസ് പരീക്ഷ പിന്നെ എന്തിനായിരുന്നു എന്ന ചിന്തയാണ് ഉണ്ടാക്കുന്നത്. മറ്റ് പ്രൊഫഷനല്‍ കോഴ്‌സുകളെ അപേക്ഷിച്ച് മനുഷ്യനെ പരിശോധിച്ച് രോഗം കണ്ടെത്തി, പുച്ഛവും പരിഹാസവും നിറച്ച വൈവകള്‍ കടന്ന്, ചികിത്സ വിവരിച്ചു തലനാരിഴ കീറി പരീക്ഷ ജയിച്ചു വന്ന, ഡോക്ടര്‍ക്ക്  ഇനിയുമെന്തിനാണ് മറ്റൊരു എക്‌സിറ്റ് എക്‌സാം?

രോഗികളെ കണ്ടും തൊട്ടും പരിശോധിച്ചും കാര്യങ്ങള്‍ പഠിച്ച ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്.പക്ഷേ, ഇനി ഇവര്‍ക്ക്  ഈ പരീക്ഷ പാസ് ആകാതെ ഇന്ത്യ മഹാരാജ്യത്ത് പ്രാക്റ്റീസ് ചെയ്യാന്‍ പാടില്ല. ബില്ലിലെ നിര്‍ദേശങ്ങളിലൂടെ കടന്നു പോവുമ്പോള്‍ മനസ്സിലാവുന്നത് അതാണ്. 

അവിടെ തീരുന്നില്ല കാര്യങ്ങള്‍. ബില്ലിലെ മറ്റ് വ്യവസ്ഥകളില്‍ ചിലതു കൂടി നോക്കാം. 

1) ഇത്രയും കാലം എക്‌സിറ്റ് എക്‌സാം വേണ്ടിയിരുന്നത് ഇവിടെ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് ആയിരുന്നില്ല. അത്, വിദേശകോളേജുകളില്‍ നിന്ന് മോഡേണ്‍ മെഡിസിന്‍ പഠിച്ച ഡോക്ടര്‍മാര്‍ക്കായിരുന്നു. അതുമാറ്റി, ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്ക് എക്‌സിറ്റ് പരീക്ഷ വെക്കാന്‍ പോവുന്ന സര്‍ക്കാര്‍ അതേ സമയം മറ്റൊരു കാര്യം കൂടി ചെയ്യുന്നുണ്ട്. അത് ഇതാണ്, വിദേശത്തുനിന്ന് പഠിച്ചിറങ്ങുന്നവര്‍ക്കുള്ള എക്‌സിറ്റ് പരീക്ഷ എടുത്തു കളയുന്നു!

അപ്പോഴെന്ത് സംഭവിക്കും? അതറിയാന്‍ ഇവര്‍ക്ക് നേരത്തെ എന്തിനായിരുന്നു എക്‌സിറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയത് എന്നു മനസ്സിലാക്കണം. 

കാര്യം ഇതാണ്. ഇവരില്‍ മിക്കവരും മനുഷ്യനെ തൊടാതെ ഡമ്മിയില്‍ പണിത് മെഡിസിന്‍ പഠിച്ചവരാണ്. ഒരു പ്രസവം പോലും കണ്ടിട്ടില്ലാത്തവരും കൂട്ടത്തില്‍ ഉണ്ടെന്നു പറയപ്പെടുന്നു. ഇതിനാലാണ് ഇവര്‍ക്ക് ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ എന്ന എക്‌സിറ്റ് പരീക്ഷ എഴുതേണ്ടി വന്നിരുന്നത്. 

ആ പരീക്ഷ എഴുതിയവരുടെ കഴിഞ്ഞ വര്‍ഷത്തെ കണക്കു നോക്കിയാല്‍ ഇവരുടെ നിലവാരം മനസ്സിലാവും. 2015-16 വര്‍ഷം പരീക്ഷ എഴുതിയ വെറും 19% പേര്‍ മാത്രമാണ് ഇന്ത്യന്‍ മെഡിക്കല്‍ സിലബസ് നിലവാരത്തിലുള്ള ഈ പരീക്ഷ വിജയിച്ച് ഇവിടെ പ്രാക്ടീസ് ചെയ്യുന്നത്. 

എന്ത് വിശ്വാസ്യതയാണ് ഇവര്‍ക്ക്  അവകാശപ്പെടാന്‍ ഉള്ളത്? തങ്ങളുടെ മക്കളെയോ കുടുംബത്തെയോ ഇവരെക്കൊണ്ട് ചികില്‍സിപ്പിക്കാന്‍, ഈ നിയമം ഉണ്ടാക്കിയവര്‍ തയ്യാറാകുമോ? ഇല്ലെങ്കില്‍,  പിന്നെ എന്തിനാണ് ഇത്തരക്കാരെ സാധാരണ ജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്? ഇന്ത്യന്‍ നിലവാരത്തിലുള്ള ഒരു പരീക്ഷ പാസ് ആകാത്തവര്‍ ചികിത്സിക്കുകയും അതേ നിലവാരത്തിലുള്ള പതിനാലു പരീക്ഷകള്‍ പാസ് ആയവര്‍ നിസ്സഹായര്‍ ആയി നോക്കി നില്ക്കുകയും ചെയ്യുന്നു. സാധാരണ മനുഷ്യരുടെ ജീവന്റെ മേല്‍ കാര്‍ക്കിച്ചു തുപ്പുകയാണ് ഏതോ വിവരദോഷികളുടെ കുബുദ്ധിയില്‍ വിരിഞ്ഞ ഈ തീരുമാനം.

2)മോഡേണ്‍ മെഡിസിന്‍ പഠിക്കാതെ മറ്റു മെഡിക്കല്‍ ശാഖകളില്‍ ഡിഗ്രി ഉള്ളവര്‍ (ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ, നേഴ്‌സിംഗ് തുടങ്ങിയവ) ഇനി മുതല്‍ മോഡേണ്‍ മെഡിസിന്‍ മരുന്ന് എഴുതാന്‍ അവകാശം ഉള്ളവരാകും. 

രോഗിയുടെ ജീവിതം രക്ഷിക്കാന്‍, സ്വയം പഠിച്ച, മെഡിക്കല്‍ ശാഖ കൊണ്ട് കഴിഞ്ഞില്ലെങ്കില്‍ മോഡേണ്‍ മെഡിസിന്‍ ഉപയോഗിച്ചോളുക എന്നാണ് ബില്‍ ഇവരോട് പറയുന്നത്. അവരുടെ മരുന്ന് ഏല്‍ക്കാത്ത സാഹചര്യങ്ങളില്‍ മോഡേണ്‍ മെഡിസിന്‍ ഉപയോഗിക്കാമെങ്കില്‍, അവര്‍ പ്രാക്ടീസ് ചെയ്യുന്ന രീതിയുടെ മേലെ മോഡേണ്‍ മെഡിസിന്‍ വിശ്വാസയോഗ്യം എന്ന് വ്യക്തം. അങ്ങനെയെങ്കില്‍ അവരുടെ ശാസ്ത്രീയശാഖ വിശ്വാസയോഗ്യമായ ഒന്നല്ല എന്നാണോ മനസ്സിലാക്കേണ്ടത്? അല്ലെങ്കില്‍, അവര്‍ പഠിച്ചത് മോഡേണ്‍ മെഡിസിനെക്കാള്‍ വിലകുറഞ്ഞ ഒന്നാണ് എന്നോ? 

ഒരിക്കലും മറ്റൊരു മെഡിക്കല്‍ ശാഖയെ വിലകുറച്ചു കാണുന്നില്ല. എങ്കില്‍ കൂടിയും, ഒരു ബ്രിഡ്ജ് കോഴ്‌സ് വഴി മോഡേണ്‍ മെഡിസിന്‍ എന്ന മഹാസാഗരം ആര്‍ക്കും  സ്വന്തമാക്കാമായിരുന്നുവെങ്കില്‍, അത് അഞ്ചര വര്‍ഷം  കൊണ്ട് പഠിച്ചെടുത്തവര്‍ക്കും  ആ എളുപ്പമാര്‍ഗം സ്വീകരിക്കാമായിരുന്നല്ലോ ഇതിന്റെ മറവില്‍ വളരാന്‍ പോകുന്നത് വ്യാജവൈദ്യന്‍മാരുടെയും മുറിവൈദ്യന്‍മാരുടേയും വലിയൊരു സമൂഹമായിരിക്കും.

മേല്‍പ്പറഞ്ഞ വിദേശത്ത് പഠിച്ച ഡോക്ടര്‍മാരെ പരീക്ഷയില്ലാതെ പ്രാക്ടീസ ചെയ്യാന്‍ വിടുന്നതും മറ്റ് മെഡിക്കല്‍ ശാഖകളിലുള്ളവരെ മോഡേണ്‍ മെഡിസിന്‍ മരുന്ന് എഴുതാന്‍ അവകാശമുള്ളവരാക്കുകയും ചെയ്യുന്നതിന് പറയുന്ന ന്യായം കൂടി കേള്‍ക്കുക. ഗ്രാമീണ പ്രദേശത്തെ ഡോക്ടര്‍മാരുടെ കുറവു നികത്തുക. വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ , ആരെയെങ്കിലും ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിടുക എന്നതാണ് ഇതിന്റെ അര്‍ത്ഥം.

മോഡേണ്‍ മെഡിസിന്‍ പഠിക്കാതെ മറ്റു മെഡിക്കല്‍ ശാഖകളില്‍ ഡിഗ്രി ഉള്ളവര്‍ (ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ, നേഴ്‌സിംഗ് തുടങ്ങിയവ) ഇനി മുതല്‍ മോഡേണ്‍ മെഡിസിന്‍ മരുന്ന് എഴുതാന്‍ അവകാശം ഉള്ളവരാകും. 

ജനങ്ങള്‍ കൊടുക്കേണ്ട വില!
സാധാരണ ജനങ്ങള്‍ക്ക് ഈ തീരുമാനം മൂലം ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ എന്തായിരിക്കുമെന്ന് കൂടി ആേലാചിച്ചു നോക്കുക. 

1. വിദേശത്ത് പഠിച്ചു എന്ന കേള്‍ക്കാന്‍ സുഖമുള്ള പദവിയോടെ മുന്നില്‍ ഇരിക്കുന്ന, ജോലി അറിയാത്ത ആളുടെ പക്കലേക്ക് സ്വന്തം ആരോഗ്യവും ആയുസ്സും ജീവനും വെച്ച് കൊടുക്കാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതരാവുന്നു. 

2. ഡോക്ടര്‍ വിശ്വാസയോഗ്യന്‍ ആണോ എന്നറിയാന്‍ യാതൊരു മാര്‍ഗവും തല്‍ക്കാലം ഇല്ല. ഡോക്ടറോട് സര്‍ട്ടിഫിക്കറ്റ് ചോദിക്കാന്‍ പറ്റുമോ?ഒരു അത്യാഹിതവുമായി പാഞ്ഞു ചെല്ലുമ്പോള്‍ മുന്നില്‍ ഉള്ള ഡോക്ടര്‍ കൊല്ലുമോ വളര്‍ത്തുമോ എന്ന് എങ്ങനെ മനസ്സിലാകും?

3. മറ്റൊരു ശാസ്ത്രശാഖയിലെ ചികിത്സ പഠിച്ച ആള്‍ക്ക് എളുപ്പപ്പണി ആയി പഠിക്കാവുന്ന ഒന്നല്ല മോഡേണ്‍ മെഡിസിന്‍. ഫലവും പാര്‍ശ്വഫലവും അറിയാത്ത ആള്‍ ചെയ്യുന്ന ചികിത്സക്കും ചികിത്സാസമാന പ്രക്രിയകള്‍ക്കും  എന്തെല്ലാം ഭവിഷ്യത്തുകള്‍ വന്നേക്കാം എന്നത് പ്രവചനാതീതമാണ്.

മെഡിക്കല്‍ സയന്‍സ് പഠിച്ച ഒരാള്‍ക്കല്ലാതെ ആധുനികവൈദ്യശാസ്ത്രം പഠിക്കുന്നതിലും പ്രാക്ടീസ് ചെയ്യുന്നതിലുമുള്ള വരുംവരായ്കകള്‍ പറയുക അപ്രാപ്യം. അവിടെയും വിവരദോഷികള്‍ കൈകടത്താന്‍ പോകുന്നു.

ഗ്രാമീണ മേഖലയ്ക്ക് മുറിവൈദ്യന്‍മാര്‍!
കഴിഞ്ഞ വര്‍ഷം 8.2 ലക്ഷം കുട്ടികളാണ് നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എഴുതിയത്. ഇതില്‍, 4.09 ലക്ഷം പേര്‍ ക്വാളിഫൈ ചെയ്യപ്പെട്ടു. രാജ്യത്താകെ 63,353 എംബിബിഎസ് സീറ്റുകളാണുള്ളത്. (ഹിന്ദുസ്ഥാന്‍ ടൈംസ്)

പാസാകുന്ന ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും ഗ്രാമീണസേവനം തിരഞ്ഞെടുക്കാത്തതിന് കാരണം ഗ്രാമീണമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവാണ്. ഇത് പരിഹരിക്കുന്നതിന് വിദേശത്ത് നിന്ന് പഠിച്ച ഡോക്ടര്‍മാരെയും മറ്റ് മെഡിക്കല്‍ ഡിഗ്രിയുള്ളവര്‍ക്ക് മെയ്ക്ക് ഓവര്‍ നടത്തി അവരെയും യാതൊരു അളവുകോലുമില്ലാതെ ഇവിടങ്ങളില്‍ നിയമിക്കുന്നത് പകരം ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന നടപടിയാണ്. ഈ തീരുമാനമെടുക്കുന്നതാകട്ടെ, മെഡിക്കല്‍ രംഗത്തിന് പുറത്ത് നിന്നുള്ളവരുമായിരിക്കും. ബുദ്ധിമുട്ടിന് മീതെ കഷ്ടപ്പാട് എന്ന് പറയുന്നത് പോലെ ഇന്ത്യന്‍ ഡിഗ്രി നേടിയ യോഗ്യരായ ഡോക്ടര്‍മാര്‍ക്ക് എക്‌സിറ്റ് പരീക്ഷയും !

മെഡിക്കല്‍ സയന്‍സ് പഠിച്ച ഒരാള്‍ക്കല്ലാതെ ആധുനികവൈദ്യശാസ്ത്രം പഠിക്കുന്നതിലും പ്രാക്ടീസ് ചെയ്യുന്നതിലുമുള്ള വരുംവരായ്കകള്‍ പറയുക അപ്രാപ്യം. അവിടെയും വിവരദോഷികള്‍ കൈകടത്താന്‍ പോകുന്നു.  മെഡിക്കല്‍ ഫീല്‍ഡിന് പുറത്തുള്ളവര്‍ ഡോക്ടര്‍മാരെ ഭരിക്കാന്‍ വരുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെര അടിത്തറയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഡോക്ടറും രോഗിയും ഒരേപോലെ വിഡ്ഢിയാക്കപ്പെടുന്നു. കഷ്ടപ്പെട്ട് പഠിച്ചു യോഗ്യത നേടിയവര്‍ക്ക് നഷ്ടം നിലനില്‍പ്പിന്‍േറതാണ് എങ്കില്‍, രോഗികള്‍ക്ക് നഷ്ടം ചിലപ്പോള്‍ ജീവന്‍ തന്നെ ആയേക്കാം.