Asianet News MalayalamAsianet News Malayalam

അന്ന് ഭോപ്പാൽ വാതകദുരന്തം, ഇന്ന് കൊവിഡ്; നീതി നിഷേധിക്കപ്പെട്ട ജനത

എന്നാൽ, ഇപ്പോൾ കൊവിഡും അവരെ മോശമായ രീതിയിൽ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതുവരെ അണുബാധ മൂലം 254 പേർ മരണമടഞ്ഞതായി ചില എൻ‌ജി‌ഒകൾ അവകാശപ്പെടുന്നു. 

Bhopal Gas Tragedy unfolds 36 years ago, now the survivors die from covid
Author
Bhopal, First Published Dec 3, 2020, 12:37 PM IST

ലോകത്തെ മുഴുവൻ ഞെട്ടിച്ച ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തങ്ങളിലൊന്നാണ് ഭോപ്പാൽ വാതക ദുരന്തം. 1984 ഡിസംബറിൽ നടന്ന സംഭവത്തിൽ 2,200 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾ മാരകമായ മീഥൈൽ ഐസോസയനേറ്റ് (എം‌ഐ‌സി) വാതകം ശ്വസിച്ച്‌ ആജീവനാന്ത ആരോഗ്യപ്രശ്നങ്ങളിൽപ്പെട്ട് ഉഴലുകയും ചെയ്‌തു. സംഭവം നടന്ന് 36 വർഷങ്ങൾക്ക് ശേഷവും ഇന്നും അതിന്റെ ശാപം പേറി ജീവിക്കേണ്ടി വരുന്ന അനേകായിരങ്ങളുണ്ട് അവിടെ. സർക്കാരുകൾ മാറിമാറി വരുമ്പോഴും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തന്നെ തുടരുന്നു. 

Bhopal Gas Tragedy unfolds 36 years ago, now the survivors die from covid

ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിലെ കീടനാശിനി പ്ലാന്റിലെ വാതക ചോർച്ചയാണ് അപകടത്തിന് കാരണമായത്. പ്ലാന്റിന്റെ സുരക്ഷാ സംവിധാനത്തിലുള്ള പിഴവ് മൂലമാണ് ഇതുണ്ടായതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഡിസംബർ രണ്ടിന് രാത്രിയിൽ ഉണ്ടായ വാതകച്ചോർച്ചയെ തുടർന്ന് ഭോപ്പാലിലെ ലക്ഷക്കണക്കിന് പേർ ചുമയും ശ്വാസതടസ്സവുമായാണ് ഉണർന്നത്. ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരക്കണക്കിന് പേർ മരണപ്പെട്ടു. ലക്ഷക്കണക്കിന് ആളുകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തു. അവരുടെ ശ്വാസകോശം നശിച്ചു, പ്രതിരോധശേഷി നഷ്ടമായി. പലരും ജീവശ്ചവമായി. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടവർ, സ്വാഭാവികമായും, പ്ലാന്റിനോട് ഏറ്റവും അടുത്ത് താമസിച്ചിരുന്ന ആളുകളായിരുന്നു.  

എന്നാൽ, വിചാരണക്കൊടുവിൽ 2010 ജൂണിൽ ഭോപ്പാൽ കോടതി, കേസിലെ എട്ട് പ്രതികൾക്ക് രണ്ട് വർഷം തടവും 1.7 ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചത്. ഇത്ര വലിയ ദുരന്തത്തിന് കാരണക്കാരായവർക്ക് നൽകിയ ചെറിയ ശിക്ഷയായി ഇതിനെ മിക്കവരും കണ്ടു. അതും പോരാതെ, പ്രതികൾക്കു ജാമ്യവും ലഭിച്ചു. കേസിലെ പ്രധാന പ്രതിയായ വാറൻ ആൻഡേഴ്സൺ രാജ്യം കടക്കുകയും, 2014 സപ്തംബറിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ വച്ച്  കോടതി വിചാരണ നേരിടാതെ മരിക്കുകയും ചെയ്തു. എന്നാൽ, ഇന്നും ദുരന്തബാധിതരുടെ വേദന കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ദുരന്തത്തിന് ശേഷം ഭോപ്പാലിൽ ജനിച്ച കുട്ടികളിൽ പലരും ഭിന്നശേഷിക്കാരായി തീർന്നു. പലരും രോഗങ്ങളുമായി ഈ ഭൂമിയിലേയ്ക്ക് പിറന്നു വീണു. അവരിൽ കേൾക്കാൻ കഴിയാത്ത, നടക്കാൻ കഴിയാത്ത ധാരാളം പേരുണ്ട്. ഈ ദുരന്തം ഇന്നും തുടരുകയാണ്. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇരകൾക്ക് വേണ്ടി പ്രവർത്തിച്ച ഭോപ്പാൽ ഗ്യാസ് വിക്ടിം വിമൻസ് ഇൻഡസ്ട്രി ഓർഗനൈസേഷന്റെ കൺവീനർ അബ്ദുൾ ജബ്ബറും ഈ വർഷം അന്തരിച്ചു. മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, സർക്കാരുകൾ അപകടത്തിന്റെ ഫലങ്ങളെ കുറിച്ച് ഒരു വിലയിരുത്തലും നടത്താൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. നഷ്ടപരിഹാരം, പുനരധിവാസം, അതിജീവിച്ചവർക്ക് വൈദ്യചികിത്സ, കുറ്റവാളികൾക്ക് ശിക്ഷ അല്ലെങ്കിൽ പ്ലാന്റ് പരിസരത്ത് നിന്ന് വിഷ രാസവസ്തുക്കൾ മാറ്റുക തുടങ്ങിയ കാര്യങ്ങളിലൊന്നും സർക്കാരുകൾ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഭോപ്പാൽ ​ഗ്രൂപ്പ് ഓഫ് ഇൻഫർമേഷൻ ആൻഡ് ആക്ഷൻ അം​ഗം രചന ദിംഗ്ര പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് എഴുതുന്നു. 

Bhopal Gas Tragedy unfolds 36 years ago, now the survivors die from covid

എന്നാൽ, ഇപ്പോൾ കൊവിഡും അവരെ മോശമായ രീതിയിൽ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതുവരെ അണുബാധ മൂലം 254 പേർ മരണമടഞ്ഞതായി ചില എൻ‌ജി‌ഒകൾ അവകാശപ്പെടുന്നു. കൊവിഡ് -19 അണുബാധ മൂലം മരിച്ച ദുരന്തബാധിതരുടെ മുഴുവൻ രേഖകളും സർക്കാരിന്റെ കൈവശമില്ലെന്ന് രചന ആരോപിച്ചു. കൊറോണ വൈറസ് മൂലം ദുരന്തബാധിതരുടെ മരണനിരക്ക് 6.5 ശതമാനമാണെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് മറ്റ് രോഗബാധിതരെ അപേക്ഷിച്ച് കൂടുതലാണ്. ഇരകളുടെ ആരോഗ്യം പൊതുവെ മോശമായ അവസ്ഥയിൽ കൂടുതൽ എളുപ്പത്തിൽ ഇവർക്ക് വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് എൻ‌ജി‌ഒകൾ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ നിലവിലെ ഉടമയായ ഡൗ കെമിക്കൽസ് ഇരകൾക്ക് അധിക നഷ്ടപരിഹാരം നൽകണമെന്നും എൻ‌ജി‌ഒകൾ ആവശ്യപ്പെട്ടു. ഗ്യാസ് ദുരന്തത്തിൽ ദേഹം ദുർബലമായവർക്ക് രോഗം ബാധിച്ചാൽ മരിക്കാനുള്ള സാധ്യതയ്‌ക്കൊപ്പം മറ്റുള്ളവരെക്കാൾ വേഗത്തിൽ കൊവിഡ് ബാധിക്കാനുള്ള സാധ്യതയും അധികമാണ് എന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.  

Follow Us:
Download App:
  • android
  • ios