Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കിലെ 'ലേലം' വിളി

  • ഒരു രൂപ വിലവെച്ച ചിത്രം 12500 രൂപയ്ക്ക് വിറ്റിട്ടുണ്ട്
  • റാസി റൊസാരിയോ ചിത്രലേലം തുടങ്ങി വെച്ചു
  • പലരും തങ്ങളുടെ ചിത്രങ്ങള്‍ ലേലത്തിലൂടെ വില്‍ക്കുന്നു
chithralelam in Facebook
Author
First Published Jul 4, 2018, 6:35 PM IST

ഫേസ്ബുക്കിലെ പുതിയ മാറ്റമാണ് ചിത്രലേലം. പല സമരങ്ങളും പൊട്ടിപ്പുറപ്പെടുന്ന ഫേസ്ബുക്കില്‍ കലയെ ജനകീയമാക്കാനുള്ള സമരം കൂടി തുടങ്ങിയെന്നുവേണം കരുതാന്‍. കലാകാരന്മാര്‍ക്ക് അവരുടെ അധ്വാനത്തിന്‍റെ കൂലികിട്ടാനുള്ള ചുവടുവയ്പ്പ് കൂടിയാണിത്. 

ചിത്രംവരയടക്കമുള്ള കലകളുടെ പിന്നിലെ ശാരീരികവും മാനസികവുമായ അധ്വാനങ്ങള്‍ പലപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെടാറില്ല. അതുകൊണ്ടാണ് ചിത്രകാരന്മാരോട് ഒരു രൂപ പോലും കൊടുക്കാതെ 'വരച്ചുതരുമോ' എന്ന് ചോദിച്ചു പോകുന്നത്.  അധ്വാനത്തിനുള്ള പ്രതിഫലം നല്‍കാതെ കലാകാരന്മാരെങ്ങനെയാണ് ജീവിക്കുക. സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി അവയെ എങ്ങനെ ജനകീയമാക്കാമെന്നും വില്‍ക്കാമെന്നും പഠിച്ചിട്ടുണ്ട് ഇപ്പോഴത്തെ കലാകാരന്മാര്‍. അതിന്‍റെ തുടര്‍ച്ചയാണ് ഫേസ് ബുക്കിലെ ചിത്രലേലം. 

റാസി റൊസാരിയോ എന്ന കലാകാരനാണ് ചിത്രലേലത്തിന്‍റെ സാധ്യതകളെ മറ്റ് കലാകാരന്മാര്‍ക്ക് കൂടി പരിചയപ്പെടുത്തിയത്. റാസിയുടെ ഫേസ ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്:  'സിനിമാക്കാർക്കും എഴുത്തുകാർക്കും ഉപരി ചിത്രകാരന്മാർക്കായിരുന്നു ഫേസ്ബുക്ക് കൂടുതൽ പ്രയോജനം ആകേണ്ടിയിരുന്നത്. എന്നാൽ, ചിത്രകാരന്മാർ വേണ്ടത്ര അതു പ്രയോജനപ്പെടുത്തുന്നില്ല എന്നാണ് എന്‍റെയൊരു തോന്നൽ. കലാകാരനായ ഒരു ജർമൻ സായിപ്പാണ് ആദ്യം പറഞ്ഞത് 'കല ഒരു കച്ചവടച്ചരക്കല്ല; ചിത്രങ്ങൾ വിൽക്കുകയെന്നാൽ മക്കളെ വിൽക്കുമ്പോലെയാണെന്ന്'. ചിത്രകാരന്മാർ അതൊരു ആപ്തവാക്യമായി സ്വീകരിച്ചു. നല്ല ബാങ്ക് ബാലൻസും കുടുംബസ്വത്തും ഒക്കെയുള്ള സായിപ്പിന് ചിത്രങ്ങൾ കൊച്ചാണെന്നും കൊച്ചമ്മയാണെന്നും ഒക്കെ പറയാം. എന്നെ സംബന്ധിച്ചിടത്തോളം കല ആത്മ സാക്ഷാത്കാരത്തോടൊപ്പം ജീവനോപാധി കൂടിയാണ്. വരയ്ക്കുന്നത് പോലെ അതിന്‍റെ മാർക്കറ്റിങ്ങും ഇഷ്ടമാണ്. മാർക്കറ്റിങ്ങിലൂടെയാണ് കല ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നത്' എന്നാണ്. ഒരു രൂപ വിലയിട്ട് തുടങ്ങിയ ലേലത്തില്‍ റാസിയുടെ ചിത്രം വിറ്റുപോയത് 12,500 രൂപയ്ക്കാണ്. 

ഫേസ്ബുക്കിന്‍റെ മാര്‍ക്കറ്റിങ് സാധ്യതകള്‍ വലുതാണ്. അറിയാതെ പോകുന്ന പല സൃഷ്ടികളും കണ്ടെടുക്കപ്പെടുന്നത് ഫേസ് ബുക്കിലാണ്. അക്കൌണ്ടുള്ള ഓരോരുത്തര്‍ക്കും അവരവരുടെ സൃഷ്ടികളെ മറ്റുള്ളവര്‍ക്ക് മുന്നിലെത്തിക്കാം. അതേ സാധ്യത തന്നെയാണ് ചിത്രകാരന്മാരും പരീക്ഷിക്കുന്നത്. 

റാസിയുടെ പോസ്റ്റ് പിന്തുടര്‍ന്ന് ചിത്രങ്ങള്‍ ലേലത്തില്‍ വിറ്റയാളാണ് ഗോപികൃഷ്ണന്‍. '' ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കലാപ്രേമികളുമായി സംവദിക്കാനും ചിത്രങ്ങൾ വിൽക്കുവാനും കഴിയും. വലിയ വില കൊടുത്ത് ചിത്രങ്ങൾ വാങ്ങുന്ന രീതിയിലേക്കൊന്നും മലയാളികൾ എത്തിയിട്ടില്ല. അതിന് സാമ്പത്തികമായി കഴിയാത്തവരും ഉണ്ട്. ഇവരെയൊക്കെയാണ് ലക്ഷ്യം വെക്കുന്നത്. മറ്റ് ഇടനിലക്കാർ ഇല്ലാത്തത് കൊണ്ട് ചിത്രകാരന് ലാഭമെന്ന് തോന്നുന്ന,  എന്നാല്‍ വാങ്ങുന്നവരെ സംബന്ധിച്ച് ചെറുതെന്ന് തോന്നുന്ന വിലയ്ക്ക് ചിത്രം വിൽക്കാൻ കഴിയുന്നു. ലേലമായത് കൊണ്ട് മിനിമം പ്രൈസ് ഇട്ടാൽ  ചിലപ്പോൾ ഉയർന്ന തുകക്ക് ചിത്രം വിറ്റുപോകാനും സാധ്യതയുണ്ട്. ഇടനിലക്കാരില്ല, നേരിട്ട് ചിത്രകാരന് പ്രതിഫലം ലഭിക്കുന്നു,  സോഷ്യൽ മീഡിയ, 'എക്സിബിഷൻ പ്ലാറ്റ് ഫോം' ആയി ഉപയോഗിക്കുന്നത് കൊണ്ട് ആർട്ട് ഗാലറി പോലെയുള്ള സംവിധാനങ്ങൾക്കാവശ്യമായ പണച്ചെലവുമില്ല.'' രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ചിത്രങ്ങള്‍ വിറ്റുപോകുന്നുണ്ടെന്നും ഗോപികൃഷ്ണന്‍ പറയുന്നു. 

'സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള മാർക്കറ്റിംഗ് പലതും കണ്ടിട്ടുണ്ട്. പക്ഷെ മികച്ച  ഒരു കലാകാരൻ താൻ വരച്ച ചിത്രം സോഷ്യൽ മീഡിയയിൽ ലേലത്തിന് വെക്കുകയും അതിൽ പങ്കെടുത്തു ആ ചിത്രം വാങ്ങാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നത് ഒരു പുതിയ അനുഭവം ആണ്. ഒരു നല്ല സൃഷ്ടിക്ക് എന്ത് വില ഇടും എന്നത് ഒരു സമസ്യ ആണ്. തന്നാൽ കഴിയുന്ന ഒരു വില ഇടുക മാത്രമേ സാധ്യമാകൂ. അത് ലേലത്തിൽ ഇട്ടു. പറഞ്ഞതിലും വലിയ തുകയ്ക്ക് ആ ചിത്രം സ്വന്തമാക്കാനായതിൽ അഭിമാനവും സന്തോഷവും ഉണ്ട്. എല്ലാ കലാകാരന്മാരുടെയും ചിത്രലേലം വീണ്ടും ഉണ്ടാവട്ടെ. കൂടുതൽ മികവാർന്ന ചിത്രങ്ങളും' എന്നാണ് ഗോപികൃഷ്ണന്‍റെ ചിത്രം ലേലത്തിലൂടെ സ്വന്തമാക്കിയ ജയചന്ദ്രന്‍ പറയുന്നത്.

അനു അശ്വിന്‍ എന്ന കലാകാരി, 'ഏഴ് മണിക്കൂര്‍ എടുത്താണ് താനിത് വരച്ചത്' എന്ന കുറിപ്പോടെയാണ് തന്‍റെ ചിത്രം ഫേസ്ബുക്കില്‍ ലേലത്തിനു വച്ചത്. അതിലെ കമന്‍റില്‍ തന്നെ പലരും ഈ ചിത്രത്തിന് ഇതില്‍ കൂടുതല്‍ തുക പറയാമെന്ന് കമന്‍റ് ചെയ്തിട്ടുണ്ട്. ചിലരാകട്ടെ കൂടിപ്പോയെന്നും. ചിത്രം വരയ്ക്കുന്നതിന്‍റെ അധ്വാനത്തെ കുറിച്ചൊക്കെയുള്ള ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ കൂടി ചിത്രലേലം മുന്നോട്ട് വയ്ക്കുന്നുണ്ട്. ചിത്രലേലത്തിന്‍റെ അനുഭവത്തെ കുറിച്ച് അനു അശ്വിന്‍ പറയുന്നതിങ്ങനെ- '' ഞാൻ ആദ്യമായത് കൊണ്ട് എന്നെ പറ്റിക്കാനെളുപ്പമായിരുന്നു. പക്ഷെ ഫ്രണ്ട്സ് ലിസ്റ്റില്‍ വരയ്ക്കുന്നവരും, വരയെ സ്നേഹിക്കുന്നവരും ഉള്ളത് കൊണ്ട് മാത്രം അതിനു നല്ല വില കിട്ടി. ഏറ്റവും കുറവ് വിലയാണ് ഞാൻ പറഞ്ഞത്. പക്ഷെ അത് പോലും പലരും കൂടുതൽ ആണെന്ന് പറഞ്ഞു. പക്ഷെ അങ്ങനെ വരയ്ക്കാനുള്ള ബുദ്ധിമുട്ട് അറിയാവുന്ന ആളുകൾ ഞാൻ പറഞ്ഞ വിലയുടെ ഇരട്ടി നൽകി അത് വാങ്ങി. നമ്മൾ മുടക്കുന്ന പെയ്ന്‍റ്, പേപ്പര്‍ എല്ലാം നല്ല വില കൂടിയതാണ്. ഒരുപാട് കാലം നന്നായി നിലനിൽക്കും. ഒരുപാട് മണിക്കൂർ ഇരുന്നാണ് വരയ്ക്കുന്നത്. പക്ഷെ ഈ മുടക്കുന്നതിന്‍റെ പകുതി പോലും കയ്യിൽ കിട്ടാത്തത് കൊണ്ട് ഒരുപാട് പെയിന്‍റിങ്ങ്  വീട്ടിൽ തന്നെ ഇരിക്കുന്നുണ്ട്. അങ്ങനെ ഉള്ള ഒരുപാട് പേരെ അറിയാം. അത് കൊണ്ട് തന്നെ വിജയിക്കുമോ എന്ന് നല്ല സംശയം ഉണ്ടായിരുന്നു. പക്ഷെ, രണ്ടുപേര്‍ വാങ്ങി. ''

റാസിയുടെ വഴി

ചിത്രകലയെ ജനങ്ങളിൽ എത്തിക്കുക (art among masses) എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നയാളാണ് റാസി റൊസാരിയോ. അതിനായി കോളേജ് ക്യാമ്പസുകൾ, ഗ്രാമങ്ങൾ, ഷോപ്പിംഗ് ഫെസ്റിവലുകൾ എന്നിവിടങ്ങളിലായി പ്രദർശനങ്ങൾ നടത്തുകയും ചിത്രകലയെക്കുറിച്ചു പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. പുസ്തകങ്ങളും മ്യൂസിക് സിഡി കളും വാങ്ങുന്ന പോലെ ചിത്രങ്ങളും വാങ്ങാൻ 100 രൂപ വിലയിൽ ഗിഫ്റ്റ് പെയിന്‍റിങ്ങ്സ് (ചിത്രങ്ങളുടെ ഫ്രെയിം ചെയ്ത് പ്രിന്റുകൾ) വില്പനയ്ക്ക് ഇറക്കിയിരുന്നു. ഗാലറിയിലേയ്ക്ക് ആസ്വാദകരെ വിളിക്കാതെ അവർ ഉള്ളിടത്ത് ചിത്രങ്ങളുമായി ചെല്ലുകയും അവരുടെ പോക്കറ്റിലുള്ള പൈസക്ക് ചിത്രങ്ങൾ വാങ്ങാനുള്ള അവസരം ഒരുക്കുകയുമാണ് റാസി ചെയ്തിരുന്നത് അതിന്‍റെ തുടർച്ചയാണ് ഈ ഫേസ്ബുക്ക് ലേലവും എന്നാണ് ചിത്രലേലത്തെ കുറിച്ച് റാസിക്ക് പറയാനുള്ളത്. 

മൂന്ന് അടി വലിപ്പമുള്ള തന്‍റെ  'ഗ്രീന്‍ ഫോറസ്റ്റ്' (green forest) എന്ന ചിത്രം വിറ്റതിലൂടെ നേരത്തെ ഒരു ഗാലറി ഓണര്‍ തന്നെ പറ്റിച്ച കാര്യവും റാസി പറയുന്നുണ്ട്.  5000 രൂപ കിട്ടിയാൽ മതി എന്നു പറഞ്ഞാണ് ചിത്രം ഗാലറിയില്‍ കൊടുത്തത്. ഒരു മാസമൊക്കെ കഴിഞ്ഞ് അയ്യായിരത്തിന് വിറ്റുവെന്ന് പറഞ്ഞ് ഓണര്‍ വരുന്നു, കമ്മീഷനൊക്കെ കഴിഞ്ഞ് 2500 രൂപയാണ് റാസിക്ക് നല്‍കിയത്. പക്ഷെ, ക്ലൈമാക്സ് അതൊന്നും ആയിരുന്നില്ല. രണ്ടുമാസം കഴിഞ്ഞ് ഗ്രീന്‍ ഫോറസ്റ്റ് വാങ്ങിയ ആളെ അപ്രതീക്ഷിതമായി റാസി കണ്ടു. 20,000 രൂപയ്ക്കായിരുന്നു അദ്ദേഹം ആ ചിത്രം വാങ്ങിയത്. 

ഇടനിലക്കാരില്‍ നിന്നുള്ള അത്തരം പറ്റിക്കപ്പെടലുകളില്‍ നിന്നുള്ള രക്ഷ കൂടിയാണ് പുതിയ മാര്‍ഗം. അത് കുറേപ്പേര്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് റാസി.  ''പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇപ്പോള്‍ രണ്ടു ദിവസം കൊണ്ട് വിറ്റു പോകുന്നുണ്ട്. മറ്റു കലാകാരന്മാർക്കും പ്രേരണ ആകണം എന്ന ഉദ്ദേശവും ചിത്രലേലം തുടങ്ങിയതിന് പിന്നിൽ ഉണ്ടായിരുന്നു. കൂടുതൽ പേർ രംഗത്തു വരുന്നത് കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ഇനിയും ഏറെ പേര്‍ വരുമെന്ന് എനിക്കുറപ്പുണ്ടെന്നും റാസി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

കല കൂടുതല്‍ ജനകീയമാകട്ടെ, കലാകാരന്മാര്‍ക്ക് അവരുടെ അധ്വാനത്തിനുള്ള പ്രതിഫലവും കിട്ടട്ടേ. അപ്പോഴല്ലേ കലയോട് കൂടുതല്‍ കൂടുതല്‍ സ്നേഹം തോന്നുന്നത്. അതിനൊരു സാധ്യതയാകും ഈ ചിത്രലേലങ്ങള്‍. 

Follow Us:
Download App:
  • android
  • ios