Asianet News MalayalamAsianet News Malayalam

ട്രംപും റഷ്യയും തമ്മിലെന്ത്; അന്വേഷണ റിപ്പോര്‍ട്ടില്‍  മറഞ്ഞുകിടക്കുന്ന വിവരങ്ങള്‍ എന്തൊക്കെയാണ്?

റഷ്യന്‍ ബന്ധം അന്വേഷിച്ച മ്യുളര്‍ കമ്മീഷന്‍ 30 പേരെ കുറ്റക്കാരായി കണ്ടെത്തി .  ട്രംപിന്റെ പ്രചാരണവിഭാഗം മുന്‍ തലവന്‍ പോള്‍ മാനഫോര്‍ട്ട് ഉള്‍പ്പടെ. 26 റഷ്യന്‍ പൗരന്‍മാരും മൂന്ന് റഷ്യന്‍ കമ്പനികളും പട്ടികയിലുള്‍പ്പെട്ടു.

Alakananda on Robert Mueller report on Donald Trumps connection with Russia
Author
Thiruvananthapuram, First Published Mar 30, 2019, 11:55 AM IST

ഇപ്പോള്‍ അന്വേഷണ ഫലം പുറത്തുവന്നിരിക്കുന്നു. റഷ്യന്‍ ബന്ധത്തിന് തെളിവില്ലെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇതില്‍, ആഹ്ലാദിക്കുകയാണ് പ്രസിഡന്റ്. പ്രസിഡന്റിനെ സംബന്ധിച്ച്, തന്നെ വേട്ടയാടിയവര്‍ക്കുള്ള ചുട്ട മറുപടിയാണിത്. 

Alakananda on Robert Mueller report on Donald Trumps connection with Russia

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ  റഷ്യന്‍ ബന്ധം എതിരാളികളും അമേരിക്കന്‍ മാധ്യമങ്ങളും ഒരുപാട് ആഘോഷിച്ചതാണ്. ഇക്കാര്യം അന്വേഷിച്ച മ്യുളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ട്രംപ് ഇംപീച്ച് ചെയ്യപ്പെടും എന്നായിരുന്നു നിഗമനം. 'ഫേക് ന്യൂസ്' എന്ന് ട്രംപ് വിളിക്കുന്ന മാധ്യമങ്ങളുടെ ചര്‍ച്ചാവിഷയം പലപ്പോഴും അതായിരുന്നു. അന്വേഷണത്തിന് റോബര്‍ട്ട് മ്യുളര്‍ എന്ന എഫ്ബിഐ മുന്‍ ഉദ്യോഗസ്ഥന്‍ എടുത്തത്  രണ്ട് വര്‍ഷം. അത്രയും കാലം മുന്‍ പേജ് വാര്‍ത്തയായ റഷ്യന്‍ ബന്ധം ട്രംപ് സൃഷ്ടിച്ച വിവാദങ്ങളെയെല്ലാം കടത്തിവെട്ടി മുന്നേറി. പക്ഷേ ഇപ്പോള്‍ അന്വേഷണ ഫലം പുറത്തുവന്നിരിക്കുന്നു. റഷ്യന്‍ ബന്ധത്തിന് തെളിവില്ലെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇതില്‍, ആഹ്ലാദിക്കുകയാണ് പ്രസിഡന്റ്. പ്രസിഡന്റിനെ സംബന്ധിച്ച്, തന്നെ വേട്ടയാടിയവര്‍ക്കുള്ള ചുട്ട മറുപടിയാണിത്. 

എന്താണ് ഈ റഷ്യന്‍ ബന്ധവിവാദം? 

ഉത്തരം കുറച്ച് കുഴഞ്ഞുമറിഞ്ഞതാണ്. അതിന് പല തലങ്ങളുണ്ട്. ലോകം മുഴുവന്‍ പ്രതിഫലിച്ച ആരോപണം. പലതും സംശയിക്കപ്പെട്ടു. ബ്രെക്‌സിറ്റ് വോട്ടെടുപ്പ് വരെ. മ്യുളര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ അതിനൊന്നും മറുപടിയാവുന്നില്ല.

2016ലെ ട്രംപിന്റെ വിജയം അമേരിക്കയെ മാത്രമല്ല , ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. എങ്ങനെ അത് സംഭവിച്ചു എന്ന് അമേരിക്കക്കാര്‍ വരെ പരസ്പരം ചോദിച്ചു. പ്രതിഷേധങ്ങളും അരങ്ങേറി, അസാധാരണമായ സംഭവം. ഫലമറിഞ്ഞ ട്രംപ് തന്നെ ഞെട്ടി എന്നാണ് കഥ. കുറച്ചുദിവസങ്ങള്‍ ട്രംപ് തന്റെ ടവറില്‍നിന്ന് പുറത്തിറങ്ങിയേയില്ല. ഊഹാപോഹങ്ങള്‍ക്ക് അതും ആക്കം കൂട്ടി. കുറേ പരിഹാസത്തിനും.

പിന്നീടാണ് ഈ വിജയത്തിന്റെ അണിയറക്കഥകള്‍ ചിലത് പുറത്തുവന്നുതുടങ്ങിയത്. പുറത്തുവിട്ടത് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും. ഹിലരി ക്ലിന്റനെതിരായും ട്രംപിന് അനുകൂലമായും കാറ്റ് തിരിച്ചുവിട്ടത് റഷ്യയാണെന്ന് അവര്‍ കണ്ടെത്തി. സൈബര്‍ ആക്രമണങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണങ്ങള്‍ക്കും പിന്നില്‍ റഷ്യയായിരുന്നുവെന്നാണ്  കണ്ടെത്തിയത്. അതെല്ലാം ട്രംപ് സംഘത്തിന്റെ അറിവോടെയായിരുന്നുവെന്നത് ആ കണ്ടെത്തലിന്റെ കാതല്‍.

രാഷ്ട്രീയ വേട്ടയാടല്‍ എന്ന് ട്രംപ് വിശേഷിപ്പിച്ച സംഭവവികാസങ്ങളുടെ തുടക്കം അതാണ്. ട്രംപിന്റെ പ്രചാരണസംഘത്തിലെ 17 ഓളം പേര്‍ക്ക് റഷ്യന്‍ പൗരന്‍മാരുമായി ബന്ധമുണ്ടായിരുന്നു എന്നത് സത്യമാണ്.  ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നെര്‍, മകന്‍ ഡോണള്‍ഡ് ജൂനിയര്‍, മുന്‍  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്‍, മുന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ്, മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍  എന്നിവരെല്ലാം ഈ പട്ടികയില്‍പെട്ടവരാണ്. വിദേശ പൗരന്‍മാരുമായുള്ള സംഭാഷണങ്ങളും കൂടിക്കാഴ്ചകളും സാധാരണമെന്ന് ആദ്യം വാദിച്ച മൂന്ന് പേര്‍ പലതും മറച്ചുവച്ചുവെന്ന് പിന്നീട് ഏറ്റുപറഞ്ഞതാണ് അതിന്റെ ക്ലൈമാക്‌സ്.

റഷ്യന്‍ ബന്ധം അന്വേഷിച്ച മ്യുളര്‍ കമ്മീഷന്‍ 30 പേരെ കുറ്റക്കാരായി കണ്ടെത്തി .  ട്രംപിന്റെ പ്രചാരണവിഭാഗം മുന്‍ തലവന്‍ പോള്‍ മാനഫോര്‍ട്ട് ഉള്‍പ്പടെ. 26 റഷ്യന്‍ പൗരന്‍മാരും മൂന്ന് റഷ്യന്‍ കമ്പനികളും പട്ടികയിലുള്‍പ്പെട്ടു. ഈ അന്വേഷണത്തില്‍ ട്രംപിന്റെ റഷ്യന്‍ അവിശുദ്ധബന്ധത്തിനും തെരഞ്ഞെടുപ്പ് അട്ടിമറിശ്രമത്തിനും തെളിവില്ലെന്നാണ് കണ്ടെത്തലെങ്കിലും  ട്രംപിനെ കുറ്റവിമുക്തനാക്കിയിട്ടില്ല. അത് അത്ര നിസ്സാരമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു വിദഗ്ധര്‍. 

റിപ്പോര്‍ട്ടിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അറ്റോര്‍ണി ജനറല്‍ വില്യം ബാറാണ് റിപ്പോര്‍ട്ട് പഠിച്ച് എന്തൊക്കെ പുറത്തുവിടണമെന്ന് തീരുമാനിച്ചത്.  ഡപ്യൂട്ടി അറ്റോര്‍ണി ജനറലുമായി ചര്‍ച്ചചെയ്തിട്ടായിരുന്നു തീരുമാനം. കുറ്റം ചെയ്തു എന്ന് തെളിയിക്കാനാവശ്യമായ തെളിവില്ല എന്നുമാത്രമാണ് പുറത്തുവിട്ട വിവരം.

റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ പുറത്തുവിടണമെന്നാണ് ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നത്.  അത് വിരല്‍ചൂണ്ടുന്നത് മറ്റ് ചില സാധ്യതകളിലേക്കാണ്.
കോണ്‍ഗ്രസ് സമിതി അന്വേഷണങ്ങള്‍ അവസാനിച്ചിട്ടില്ല, നീതിന്യായവകുപ്പിന്റെ അന്വേഷണങ്ങളും തുടരുകയാണ്. 

അന്വേഷണപരിധിയിലുള്ള ഒന്ന് എഫ്ബിഐ മുന്‍ മേധാവി ജെയിംസ് കോമിയുടെ ഒരു കുറിപ്പും മൊഴിയുമാണ്. മൈക്കല്‍ ഫ്‌ലിന്നിന്റെ റഷ്യന്‍ ബന്ധങ്ങളെക്കുറിച്ച അന്വേഷണം അവസാനിപ്പിക്കണമെന്ന് അന്ന് എഫ്ബിഐ മേധാവിയായിരുന്ന കോമിയോട് ട്രംപ് ആവശ്യപ്പെട്ടതാണ് വിഷയം. കോമി അതനുസരിച്ചില്ല. ഒരു മാസത്തിനുശേഷം കോമിയെ ട്രംപ് പുറത്താക്കി. പിന്നെയൊന്ന് ട്രംപിന്റെ മകനും മരുമകനും പ്രചാരണവിഭാഗം തലവനായിരുന്ന പോള്‍ മാനഫോര്‍ട്ടും റഷ്യന്‍ അഭിഭാഷകയായ നതാലിയ വെസല്‍നിറ്റ്‌സ്‌കായയുമായി നടത്തിയ കൂടിക്കാഴ്ചയാണ്.

ഹിലരിയെ കുടുക്കാന്‍ പറ്റിയ ചിലത് നല്‍കാമെന്ന് ഒരു റഷ്യന്‍ ഇടനിലക്കാരന്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് ഈ കൂടിക്കാഴ്ച നടന്നത്. ട്രംപിനുള്ള റഷ്യന്‍ പിന്തുണയുടെ ഭാഗമെന്നാണ് ഇടനിലക്കാരന്‍ പറഞ്ഞത്. കൂടിക്കാഴ്ച നിഷേധിച്ചില്ല ട്രംപിന്റെ മകന്‍, പക്ഷേ ആദ്യം ഉദ്ദേശ്യം തെറ്റിച്ചുപറഞ്ഞു, പിന്നെ സത്യം പറഞ്ഞു. എങ്കിലും കൂടിക്കാഴ്ച കൊണ്ട് ഗുണമുണ്ടായില്ലെന്ന് പ്രതിരോധിക്കാനും ശ്രമിച്ചു.

പിന്നെയുമുണ്ട് തുടരുന്ന കണ്ണികള്‍.

റോജര്‍ സ്‌റ്റോണ്‍ എന്ന ഉപദേഷ്ടാവ്  അറസ്റ്റിലായത് ഡമോക്രാറ്റിക് നേതാക്കളുടെ ഇ മെയില്‍ റഷ്യന്‍ നേതൃത്വത്തില്‍ ഹാക്ക് ചെയ്തുവെന്ന ആരോപണത്തിലാണ്.
ജോര്‍ജ് പാപഡോപുലോസിന്റെ വെളിപ്പെടുത്തലുകളും റഷ്യന്‍ കൂടിക്കാഴ്ചകളും ക്രിസ്റ്റഫര്‍ സ്റ്റീല്‍ എന്ന ബ്രിട്ടിഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ ഫയലിലെ ട്രംപിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിന്റെ ബാക്കിയാണ്.

ബരാക് ഒബാമയ്ക്കുകിട്ടിയ ഒരു സിഐഎ റിപ്പോര്‍ട്ടാണ് മറ്റൊരു പ്രധാന കണ്ണി. ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന ആരോപണമായിരുന്നു റിപ്പോര്‍ട്ടില്‍ പക്ഷേ രാഷ്ട്രീയ ഇടപെടല്‍ എന്ന കുറ്റപ്പെടുത്തല്‍ ഭയന്ന് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഒബാമ ഭരണകൂടം മടിച്ചു എന്നാണ് മാധ്യമറിപ്പോര്‍ട്ട്. 
വളരെക്കഴിഞ്ഞാണ് പരസ്യപ്രസ്താവനയ്ക്ക് ഒബാമ അനുമതി നല്‍കിയത്. 

ഇതെല്ലാം നിലനില്‍ക്കുകയാണ്. ഡമോക്രാറ്റുകളുടെ സംശയങ്ങളും. എല്ലാം പ്രസിഡന്റിന് നിയമ, രാഷ്ട്രീയ കുരുക്കുകളാണ്. ട്രംപിന് ആഘോഷത്തിന് സമയമായിട്ടില്ലെന്ന് ചുരുക്കം.

Follow Us:
Download App:
  • android
  • ios