അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

ചില യാത്രകള്‍ അങ്ങനെയാണ്. ഏറെ പ്രതീക്ഷിച്ചു യാത്ര തിരിക്കും. അതിമനോഹരമായ നേരങ്ങളെക്കുറിച്ച് സ്വപ്‌നം കാണും. ആ സ്വപ്‌നങ്ങളില്‍ യാത്ര തുടരും. എന്നാല്‍, പെട്ടെന്നുള്ള ചില സംഭവങ്ങള്‍ യാത്രയുടെ ഗതിയാകെ മാറ്റും. കാലാവസ്ഥയോ മറ്റ് സംഭവങ്ങളോ വില്ലനാവും. അതോടെ, യാത്രയുടെ ആനന്ദമാകെ പോവും. എങ്കിലും യാത്ര പോവും. അപ്രതീക്ഷിതമായ തിരിവുകളിലൂടെയുള്ള ആ യാത്ര അസാധാരണമായ അനുഭവങ്ങള്‍ തരും. എങ്കിലും സ്വപ്‌നം കണ്ട യാത്ര അപ്പോഴും അതേ പോലെ ബാക്കി നില്‍ക്കും. പിന്നെയൊരിക്കല്‍ ആ സ്വപ്‌നത്തിലേക്ക് ഒരു വണ്ടിയോടുമെന്ന് പ്രതീക്ഷിച്ച് മടങ്ങും. 

ഭൂമിയിലെ അതിമനോഹരമായ കാഴ്ചകളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട  ആന്റിലോപ് കന്യോന്‍ കാണാന്‍ പുറപ്പെട്ടത് ഇതേ പോലൊരു സ്വപ്‌നത്തിന്റെ അകമ്പടിയോടെയാണ്. ഞാനാദ്യം പറഞ്ഞ അവസ്ഥകളായിരുന്നു ഫലം. കത്തിനില്‍ക്കേണ്ട സൂര്യന്‍ മറഞ്ഞു. മഞ്ഞ് ആ യാത്രയെ വിഷാദാത്മകമാക്കി. എങ്കിലും, മറ്റൊരു യാത്രയുടെ പ്രതീക്ഷകള്‍ ബാക്കിനിര്‍ത്തി ഞങ്ങള്‍ മടങ്ങി. 

ആ വിനോദയാത്രയുടെ രണ്ടാംദിവസമായിരുന്നു  ആന്റിലോപ് കന്യോന്‍ എന്ന ചുവന്ന മലയിടുക്കുകളുടെ അടുക്കലേക്ക് ഞങ്ങള്‍ പുറപ്പെട്ടത്. അതിനുമുന്‍പത്തെ ദിവസം  ലോസ് ഏഞ്ചലസിലെത്തി  യൂണിവേഴ്സല്‍ സ്റ്റുഡിയോസ് സന്ദര്‍ശിച്ച്, അടുത്ത ദിവസം അവിടുന്ന് വാടകക്കെടുത്ത രണ്ടു വണ്ടികളിലായി ഞങ്ങള്‍ നാല് കുടുംബങ്ങള്‍ യാത്ര തിരിച്ചതാണ്. കാലാവസ്ഥാപ്രവചനത്തില്‍ മഞ്ഞുവീഴ്ച കണ്ടുവെങ്കിലും അമിതാത്മവിശ്വാസത്തോടെ ഞങ്ങളങ്ങ് പുറപ്പെട്ടു. വെയിലില്‍ തിളങ്ങുന്ന ചിത്രങ്ങളാണ് ഗൂഗിളില്‍ ആന്റിലോപ് കന്യോനെന്ന് കിട്ടുന്നത്. ഇത്തവണ മഞ്ഞു വീണ ചിത്രങ്ങളെടുക്കാം എന്ന് കളിപറഞ്ഞു ഞങ്ങള്‍ യാത്ര തുടര്‍ന്നു. താമസത്തിനായി ബുക്ക് ചെയ്ത ഹോട്ടലില്‍ വിളിച്ചന്വേഷിച്ചപ്പോള്‍, 'അവിടെ കുഴപ്പമൊന്നുമില്ല, വന്നോളൂ' എന്നാണ് മറുപടി കിട്ടിയതും. 

കാലിഫോര്‍ണിയയില്‍ നിന്നും നെവാഡാ, യൂട്ടാ എന്നീ രണ്ടു സ്റ്റേറ്റുകളിലൂടെയാണ് അരിസോണ എന്ന  സ്റ്റേറ്റില്‍ എത്തുന്നത്. യൂട്ടയിലെ ഒരു നഗരമായ കനാബില്‍ എത്തുമ്പോഴേക്കും മഞ്ഞുവീഴ്ച തുടങ്ങിയിരുന്നു. ഒരു പുരാതന നഗരം പോലെ തോന്നിച്ച കനാബിലെ കെട്ടിടങ്ങള്‍ പഴയ ഇംഗ്ലീഷ്‌സിനിമകളിലെ കാഴ്ചകളായിരുന്നു.

അതുവരെയുള്ള കാലാവസ്ഥ പെട്ടെന്നാണ് മാറിയത്. ചെറിയ മഴച്ചാറ്റല്‍ പോലെയിരുന്ന മഞ്ഞുവീഴ്ച ക്രമാതീതമായി കനപ്പെട്ടു. സൂര്യന്‍ എങ്ങോ ഓടിമറഞ്ഞു. പെട്ടെന്ന് ഇരുട്ടി. ചുറ്റിനും മരവിച്ച വെളുപ്പ് മാത്രം. കാറിന്റെ മുകളിലേക്ക് തുടര്‍ച്ചയായി വീണുകൊണ്ടിരിക്കുന്ന മഞ്ഞിനെ തുടച്ചുനീക്കാന്‍ വൈപ്പര്‍ കിണഞ്ഞു പരിശ്രമിച്ചു. 

അതുവരെ ഉണ്ടായിരുന്ന ആത്മധൈര്യമൊക്കെ മഞ്ഞിനേക്കാള്‍ തണുത്തു. തെരുവുവിളക്കുകള്‍ മഴപോലെ പെയ്യുന്ന മഞ്ഞുപാളികളെ മാത്രം കാണിക്കാന്‍ വിധിക്കപ്പെട്ട് അങ്ങിങ്ങായി നില്‍ക്കുന്നു. രണ്ടു വശങ്ങളിലും ഇരുട്ട് മാത്രമേയുള്ളൂ. സൂക്ഷിച്ചുനോക്കിയാല്‍ വെള്ളയുടുത്ത പ്രേതങ്ങളായി മരങ്ങള്‍ കാണാം. വീടുകളൊക്കെ ഉള്ളിലേക്കാണ്. അല്ലെങ്കിലും നാട്ടിലെ പോലെ ഒരു വീടിന്റെ പടിക്കല്‍ നിര്‍ത്തിയിട്ട് ചെന്ന് ചോദിക്കാന്‍ പറ്റിയ അവസ്ഥ ഇവിടെ ഉണ്ടാവാറില്ല. 

ഞങ്ങളുടെ കൂടെയുള്ള മറ്റേ വണ്ടിക്കാണെങ്കില്‍ സ്‌നോയില്‍ ഓടിക്കാന്‍ പറ്റിയ ചക്രങ്ങളില്ല. ബ്രേക്ക് പിടിച്ചാല്‍ തെന്നിപ്പോകുമെന്നതുകൊണ്ട് രണ്ടുപേരും വളരെ സൂക്ഷിച്ചാണ് ഓടിച്ചുകൊണ്ടിരിക്കുന്നത്. ഇടയ്ക്കിടെ വലിയ ട്രക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഹുങ്കാരത്തോടെ കടന്നുപോയി നമ്മുടേതുപോലുള്ള കാറുകള്‍ വളരെ വിരളം.

നിര്‍ത്തി തിരിച്ചു പോയാലോ എന്ന ചിന്തപോലും ഉണ്ടായി. തിരികെ സുരക്ഷിതമായ ഒരിടമെത്തണമെങ്കിലും പിന്നെയും ഏറെ ദൂരം പിന്നിടേണ്ടതുണ്ട്. അതിനുള്ളില്‍ റോഡ് വീണ്ടും മഞ്ഞുമൂടും. പിന്നെ വരുമ്പോള്‍ കണ്ടയിടങ്ങളൊന്നും  താമസത്തിനുള്ള സൗകര്യം പ്രതീക്ഷിക്കാവുന്നവയായി തോന്നിയതുമില്ല.

കുറച്ചു മുന്നിലായിപോയ ഒരു കാര്‍ ഇടതുവശത്തുള്ള ഇടവഴിയിലേക്ക് തിരിഞ്ഞിട്ട് വീണ്ടും തിരിച്ചെടുക്കുന്നതുകൊണ്ട് കൈ കാട്ടി നിര്‍ത്തിച്ചു. അതില്‍ നിന്നും പതിനാറോ പതിനേഴോ വയസുള്ള കുഞ്ഞുമുഖമുള്ള സുന്ദരന്‍ ഇറങ്ങി ഞങ്ങളുടെ അരികിലേക്കോടി വന്നു. കൂട്ടുകാരിയെ തിരികെ വിടാന്‍ വന്നതാണത്രേ. ധൃതിപിടിച്ചു വീട്ടിലേക്ക് പോവുകയാണ്. അവനും മുന്നിലേക്കുള്ള തടസ്സങ്ങളെ കുറിച്ചോ സൗകര്യങ്ങളെ കുറിച്ചോ അറിവില്ല. 

അതിശൈത്യം മൂലം വൈദ്യുതി, ഫോണ്‍ ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് വീണ്ടും ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക് വിളിച്ചുനോക്കി. 'പ്രശ്‌നമില്ല, വന്നോളൂ' എന്നാണ് അപ്പോഴും കിട്ടിയ സന്ദേശം. 

ആകാശം അപ്പോഴും നിറുത്താതെ പെയ്തുകൊണ്ടിരുന്നു. മുന്നോട്ട് പോവുകയല്ലാതെ മറ്റ് മാര്‍ഗവുമില്ല. പിന്നെയും ഒരുമണിക്കൂറോളം സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുമ്പോള്‍, ഭയപ്പെടുത്തിയെങ്കിലും ചതിക്കാതിരുന്ന പ്രകൃതിയോട് നന്ദി പറഞ്ഞു. അടുത്തുള്ള കടയില്‍ നിന്നും ചൂട് പിസ കൊണ്ടുവന്ന് പങ്കിട്ട് കഴിച്ച് മുറിയില്‍ കരിമ്പടത്തിനടിയിലെ സുരക്ഷിതത്വത്തിലേക്ക് ചുരുണ്ടുകൂടുമ്പോള്‍ തികച്ചും അപരിചിതവും അവ്യക്തവും വഴുക്കുന്നതുമായ വഴിയിലൂടെ ശ്വാസമടക്കിപ്പിടിച്ചുള്ള ആ  യാത്ര മറവിക്കതീതമായി മനസ്സില്‍ കല്ലിച്ച് കിടന്നു.

രാവിലെ കണ്ണാടിജനാലക്കപ്പുറത്ത് നനഞ്ഞ നിലത്തേക്ക് നോക്കി സൂര്യന്‍ അശക്തരായ രശ്മികളെ താഴേക്കയച്ച്  തലകുനിച്ചുനിന്നു. കന്യോനിലേക്ക് പ്രത്യേകം വണ്ടി വരേണ്ടതാണ്. അത് ഹോട്ടലുകാരുടെ ടൂര്‍ ആണ്. പക്ഷെ വെളുപ്പിനെ വരെ പെയ്ത മഞ്ഞ് അത് നഷ്ടപ്പെടുത്തി. അതായത് അതിനടുത്തുചെന്ന് മലയിടുക്കുകള്‍ക്കുള്ളിലൂടെയുള്ള സവാരി നടക്കില്ല. ഒരു ദിവസം കഴിഞ്ഞാല്‍ കാണാം. എന്തായാലും ഒരു പരീക്ഷണത്തിനുകൂടി വയ്യെന്നായി എല്ലാവരും. അടുത്ത യാത്ര വേഗാസിലേക്കാണ് അത് മറ്റൊരുലോകമാണല്ലോ. അതുകൊണ്ട് ആന്റിലോപ് മലയിടുക്കുകളെ പിന്നീട് വിശദമായി കാണാമെന്ന് തീരുമാനിച്ച് ഞങ്ങള്‍ വേഗസിലേക്ക് തിരിച്ചു. 

തലേന്ന് പെയ്ത മഞ്ഞുമുഴുവന്‍ അപ്പോഴേക്കും റോഡില്‍ നിന്നും ഇരുവശങ്ങളിലേക്കും നീക്കം ചെയ്യപ്പെട്ടിരുന്നു. അങ്ങുദൂരെ മലയിടുക്കുകള്‍ക്കിടയിലൂടെ സൂര്യന്‍ പാതിമറഞ്ഞു പിണങ്ങിനില്‍ക്കുന്നത് കാണാമായിരുന്നു. വഴിയരികിലെ കുന്നുകളിലെ മരങ്ങളും കുറ്റിച്ചെടികളും വെളുത്ത തൊപ്പി വെച്ച്,  പിന്നിലേക്കോടുന്ന ചെമ്മരിയാട്ടിന്‍പറ്റങ്ങളായി.    

മനസില്ലാമനസോടെയാണെങ്കിലും ഇതിലും സുന്ദരമായ കാഴ്ചകള്‍ക്കായുള്ള തിരിച്ചുവരവ് സ്വപ്നം കണ്ട് ഞങ്ങള്‍ മടങ്ങി. 

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം