Asianet News MalayalamAsianet News Malayalam

Opinion: 20 വര്‍ഷം മുമ്പ് 38 പേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ച അമ്പൂരിയില്‍ ഇന്ന് നടക്കുന്നത് എന്താണ്?

ഇങ്ങനെയൊരു മഴ കണ്ടിട്ടില്ല. ഞങ്ങള്‍ അമ്പൂരിക്ക് കുതിക്കുമ്പോള്‍ നെയ്യാര്‍ ഡാമില്‍ നിന്ന്  കനാലിലൂടെ തുറന്നു വിട്ട വെള്ളം കണ്ടിട്ട് റോഡും ഒലിച്ചു പോകുമോയെന്ന് പേടി തോന്നി. അന്ന് രാത്രിയും അടുത്ത പകലുമായി നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് ചെളി വകഞ്ഞുമാറ്റി മൃതദേഹങ്ങള്‍ കണ്ടെടുക്കുകയെന്നത് മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു. 

opinion on eco sensitive zone draft notification and hartal against it
Author
Thiruvananthapuram, First Published Apr 15, 2022, 4:20 PM IST

ആരും ഇവിടന്ന് മാറേണ്ടി വരില്ലെന്ന് വനപരിപാലകര്‍ പറയുമ്പോഴും നാട്ടുകാര്‍ ആശങ്കയിലാണ്. തലമുറകളായി ഇവിടെ ജീവിച്ചു വന്നവര്‍ക്ക് ആത് ആദിവാസികളായാലും കുടിയേറ്റക്കാരായാലും പെട്ടെന്ന് ഒഴിഞ്ഞു മാറുക സാധ്യമല്ല. അവരൊക്കെ എവിടേക്ക്  പോകാനാണ്? അതേ സമയം യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ പെട്ട അത്യപൂര്‍വ്വമായ ഈ ജൈവവൈവിദ്ധ്യഹോട്ട് സ്‌പോട്ട് സംരക്ഷിക്കപ്പെട്ടേ മതിയാകൂ. നമ്മുടെയല്ലാം നിലനില്‍പ്പിന്റെ പ്രശ്‌നമാണ് അത്. 

 

opinion on eco sensitive zone draft notification and hartal against it

 

ചെന്നെയില്‍ നിന്നുള്ള വിമാനം ഉഷ്ണ ദേശങ്ങള്‍ക്ക്  മുകളിലൂടെ പറന്നു തുടങ്ങി. ചില്ലു ജനാലയിലൂടെ അരിച്ചിറങ്ങുന്ന വെയിലിന് കനം വച്ചതോടെ യാത്രക്കാര്‍ അത് താഴ്ത്തി. ഓരോരുത്തരായി മയക്കത്തിലേക്ക് തെന്നി വീണു, ഞാനും. 

വലിയ ദൂരമൊന്നുമില്ല, വിമാനത്തിന് തിരുവനന്തപുരത്ത് എത്താന്‍. മയക്കത്തിന് ഭംഗം വരുത്തി കോക്ക്പിറ്റില്‍ നിന്നറിയിപ്പ് വന്നു. വിമാനം കുറച്ചു സമയത്തിനുള്ളില്‍ തിരുവനന്തപുരം അന്താരാഷ്ട്ര  വിമാനത്താവളത്തിലിറങ്ങും. 

മിഡില്‍ സീറ്റിലായിരുന്നു ഞാന്‍. വിന്‍ഡോ സീറ്റീലിരുന്ന പെണ്‍കുട്ടി വിന്‍ഡോ ഫ്‌ളാപ്പുയര്‍ത്തി. കൗതുകത്തോടെ പുറത്തേക്ക്  നോക്കിയപ്പോഴാണ് അത് കണ്ടത്. തിരുനെല്‍വേലിയിലെ ഊഷരമായ ചുവന്ന മണ്ണ് പിന്നിട്ടിതാ, പച്ചപ്പ് പൊട്ടിത്തെറിച്ച ഒരു കുന്നിന്‍ മുകളിലേക്ക് കയറുന്നു. 

താഴുന്ന വിമാനം ചെവിയെ സമ്മര്‍ദ്ദത്തിലാക്കി. നോവിന്റെ സൂചി മുനയില്‍ കയറ്റി അഗസ്ത്യനെ കാണിച്ചു തന്നു. വളരെ ചെറിയ ഒരു പ്രദേശത്തെ ഗിരിശൃംഗത്തിന്റെ ആകാശ കാഴ്ച എല്ലാ വെളിപ്പെടുത്തുന്നതായിരുന്നു. 

മൂന്ന് സമുദ്രങ്ങളെ സ്പര്‍ശിച്ച് ഇന്ത്യയുടെ തെക്കേ മുനമ്പില്‍ നിന്ന് പൊടുന്നനേ കുതിച്ചുയരുന്ന പശ്ചിമഘട്ടം. സഹ്യാദ്രിയുടെ  സസ്യ-ജന്തു വൈവിദ്ധ്യം വിസ്മയകരമാണ്. 132 കുടുംബങ്ങളില്‍പ്പെട്ട ആയിരത്തോളം സസ്യങ്ങള്‍, 43 തരം സസ്തനികള്‍, 233 പക്ഷി വര്‍ഗ്ഗങ്ങള്‍, 46 ഇനം ഉരഗങ്ങള്‍, 13 തരം ജലജീവികള്‍, 27 സമുദ്ര ഇനങ്ങള്‍, പിന്നെ പരശ്ശതം ചിത്രശലഭങ്ങളും തുമ്പികളും അങ്ങനെ നീളുന്നു.

സവിശേഷമായ കാറ്റാടി വേരുകളുള്ള മയരിസ്റ്റിക്ക ചതുപ്പുകള്‍ നിത്യഹരിത വനത്തിലെ പതിയെ ചലിക്കുന്ന ജലകുംഭങ്ങളാണ്.  അതില്‍ നിന്നൊക്കെ ഉറവയെടുക്കുന്ന കൊച്ചരുവികളാണ് തെക്കന്‍ കേരളത്തിന്റെ ദാഹമകറ്റുന്നത്. തലസ്ഥാന നഗരമായ തിരുവന്തപുരത്തിന്റെ ജലസ്രോതസ്സായ കരമനയാര്‍ ഉത്ഭവിക്കുന്നത് ചെമുഞ്ചി മൊട്ടയിലാണ്. ഈ പ്രദേശമടക്കമുള്ള പേപ്പാറ, നെയ്യാര്‍ വന്യജീവി സങ്കേതങ്ങള്‍ അതിനാല്‍ തന്നെ നിര്‍ണ്ണായകമാണ്. ഇവിടത്തെ 70, 906 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി സംരക്ഷണ ഗണത്തില്‍പ്പെടുത്തി കഴിഞ്ഞ മാര്‍ച്ച് 25നാണ് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ ഇതില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പഞ്ചായത്തുകളിലെ രണ്ടേമുക്കാല്‍ കിലോമീറ്റര്‍ പ്രദേശം കൂടി ഉള്‍കൊള്ളുന്നത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ് 

 

 

അമ്പൂരിയിലെ ദുരന്തം

 20 വര്‍ഷം പിറകിലോട്ട് ഒരു തുലാവര്‍ഷക്കാലത്തേക്ക്.  

മറ്റ് വാര്‍ത്തകളും  ഒപ്പം  മഴക്കെടുതികളുമൊക്കെ റിപ്പോട്ട് ചെയ്ത് വൈകിയാണ് ബ്യൂറോയില്‍ നിന്ന് വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ  പുറത്ത് ഇടി വെട്ടി മഴ തുടങ്ങി. മിന്നലടിക്കുന്നതിനാല്‍ അല്‍പ്പം ആശങ്കയോടെയാണ് ഫോണെടുത്തത്.  

കാട്ടാക്കടയില്‍ നിന്ന്   സുഹൃത്തിന്റെ വിളി. അമ്പൂരിയില്‍ ഉരുള്‍ പൊട്ടി. കാര്യമായ നാശനഷ്ടം ഉണ്ടായതായി  തോന്നുന്നു. പെട്ടെന്ന് തന്നെ ഞങ്ങളുടെ സംഘത്തെ അങ്ങോട്ടയച്ചു. കനത്ത മഴയിലും പെട്ടെന്ന് അവിടെയത്തിയവര്‍ ഞെട്ടിപ്പോയി. കുരിശുമലയില്‍ തോമസിന്റെ വീട്ടില്‍ മകന്‍ വിനുവിന്റെ മനസമ്മതത്തിന്റെ തലേന്നത്തെ സല്‍ക്കാരം ആഘോഷത്തോടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് കാതടപ്പിക്കുന്ന ശബ്ദത്തോടെ അത് സംഭവിച്ചത്. മലഞ്ചരിവിലുള്ള ആ വീട്ടിലേക്ക് ഉരുള്‍പൊട്ടിയെത്തിയ മല വന്ന് മൂടുകയായിരുന്നു. 

ഒന്ന് നിലവിളിക്കാന്‍ പോലും നേരം കിട്ടുന്നതിനു മുന്‍പ്,  നിമിഷ നേരം കൊണ്ടാണത് സംഭവിച്ചത്. കല്യാണ വീട് മരണ വീടായി. 

അന്ന് അവിടുന്ന് തല്‍സമയ സംപ്രേഷണത്തിന് സൗകര്യമില്ലാത്ത കാലം. അവിടുണ്ടായിരുന്ന റിപ്പോര്‍ട്ടറോട് കാസറ്റുമായി ഇങ്ങോട്ട് വരാന്‍ പറഞ്ഞിട്ട് ഞാനും മറ്റൊരു ക്യാമറാമാനും അങ്ങോട്ട് കുതിച്ചു. 

ഇങ്ങനെയൊരു മഴ കണ്ടിട്ടില്ല. ഞങ്ങള്‍ അമ്പൂരിക്ക് കുതിക്കുമ്പോള്‍ നെയ്യാര്‍ ഡാമില്‍ നിന്ന്  കനാലിലൂടെ തുറന്നു വിട്ട വെള്ളം കണ്ടിട്ട് റോഡും ഒലിച്ചു പോകുമോയെന്ന് പേടി തോന്നി. അന്ന് രാത്രിയും അടുത്ത പകലുമായി നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് ചെളി വകഞ്ഞുമാറ്റി മൃതദേഹങ്ങള്‍ കണ്ടെടുക്കുകയെന്നത് മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു. നാലു മണിക്കൂറോളം ചെളിയില്‍ പൊതിഞ്ഞിരുന്ന വീട്ടുടമ സി.ഡി തോമസിന്റെ രക്ഷപ്പെടല്‍ അത്ഭുതകരമായിരുന്നു. എന്നാല്‍ ഭാര്യും മകനും മകളും കൊച്ചു മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 39 പേരാണ്  തോമസിന് നഷ്ടപ്പെട്ടത്. 

അശാസ്ത്രീയമായ കൃഷി രീതി കാരണം ദുര്‍ബലമായ കുന്നിന്‍ ചെരുവില്‍ വെള്ളമൊഴുക്കിനെ വീണ്ടും  തടസ്സപ്പെടുത്തി റോഡ് വെട്ടിയതാണ് അമ്പൂരി ദുരന്തത്തിന് കാരണമായതെന്ന് ജിയോളജിക്കല്‍ സര്‍വ്വയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍  വ്യക്തമായി പറയുന്നു. രണ്ട് മണിക്കൂറില്‍ പെയ്ത. 82.4 മില്ലിമീറ്റര്‍ കനത്തമഴ ദൂര്‍ബലമായിരിക്കുന്ന കുന്നിനെ ഇടിച്ചിറക്കാന്‍ നിമിത്തമായെന്നും ആര്‍ പിച്ചമുത്തുവിന്റെയും സി മുരളീധരന്റെയും റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. ഈ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് മാത്രമേ ഭാവിയില്‍ അമ്പൂരിയില്‍ വീടും കൃഷിയുമടക്കം ഭുവിനിയോഗം നടത്താവൂ എന്നും ജിയോളിജിക്കല്‍ സര്‍വ്വേ മുന്നറിയിപ്പു നല്‍കി.

 

 

അമ്പൂരിയുടെ പ്രതിഷേധം

അതൊക്കെ കഴിഞ്ഞിട്ട് 15 വര്‍ഷം കഴിഞ്ഞു. ഇതടക്കമുള്ള പല വിധ പഠന റിപ്പോര്‍ട്ടുകളുംപരിഗണിച്ചാണ്  നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ച് പരിസ്ഥിതി സംരക്ഷിത പ്രദേശം അഥവാ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനം വന്നത്. കഴിഞ്ഞ മാര്‍ച്ച് 25നാണ് കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വനത്തിനോട് അതിരിടുന്ന   അമ്പൂരി, കള്ളിക്കാട്, ആര്യനാട്, കുറ്റിച്ചല്‍, വിതുര ഗ്രാമ പഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളും  പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഗണത്തില്‍പ്പെടുന്നു. കരിങ്കല്‍ ക്വാറികള്‍ ഇനി പറ്റില്ല., വന്‍ കിട കെട്ടിടങ്ങള്‍, വ്യവസായങ്ങള്‍, റിസോര്‍ട്ടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍  തുടങ്ങിയവയുടെ നിമ്മാണത്തിന് നിയന്ത്രണങ്ങളും നിരോധനങ്ങളും വരുന്നു. മാത്രമല്ല വിള മാറ്റത്തിനും മരം മുറിക്കലിനുമൊക്കെ അനുമതി തേടേണ്ടി വരുമെന്നും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ഇത് വഴി കടന്നു പോകുന്ന നിര്‍ദ്ദിഷ്ട മലയോര ഹൈവേയടക്കമുള്ളവയുടെ നിര്‍മ്മാണത്തിനും കടിഞ്ഞാണ്‍ വീഴാം. ഇതെല്ലാം കാരണം തങ്ങളുടെ വികസനം തടസ്സമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. 

കഴിഞ്ഞ ദിവസങ്ങളില്‍ അമ്പൂരി, കള്ളിക്കാട് പഞ്ചായത്തുകളില്‍ ഹര്‍ത്താലും നടന്നു. ജനങ്ങളുടെ ആശങ്കക്ക് ഒപ്പമുള്ള വികാരമാണ് പ്രതിഷേധങ്ങളില്‍ അമ്പൂരി പഞ്ചായത്ത്, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്‍ുമാര്‍ പ്രകടിപ്പിച്ചത്. ഇവിടെ കുടിയേറിയവര്‍ക്ക് പട്ടയം കിട്ടാന്‍  പുതിയ പരിസ്ഥിതി സംരക്ഷണ മേഖല തടസ്സമാകുമെന്നാണ് അവരുടെ വാദം.  


ഒരു ദേശത്തിന്റെ മാറ്റങ്ങള്‍

വനത്തോട് ഇഴുകി ചേര്‍ന്ന് അതിലൊരംശമായി ജീവിച്ചരാണ് ഇവിടെ അധിവസിച്ചിരുന്ന ആദിമ നിവാസികള്‍. വനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന അവര്‍ തന്നെയായിരുന്നു കാടിന്റെ കാവലാളുകള്‍. ആദിവാസികളായ കാണിക്കാരായിരുന്നു ഈ കാടുകളുടെ അവകാശികള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എട്ടു വീട്ടില്‍ പിള്ളമാരുമായി കലഹത്തിലേര്‍പ്പെട്ട തിരുവിതാകൂര്‍ ഭരണാധികാരി മാര്‍ത്താണ്ഡ വര്‍മ്മക്ക് പലപ്പോഴും അഭയമായത് ഈ വനവും കാണിത്തലവന്‍മാരുമായിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മയുടെയും ചടച്ചി മാര്‍ത്താണ്ഡന്റെയും പടയോട്ടങ്ങളുടെ കഥകള്‍ ഇവിടങ്ങളില്‍ സുലഭം. ഈ രാജബന്ധമാണ് കാണിക്കാര്‍ക്ക് ചെമ്പു പട്ടയം നേടി കൊടുത്തതെന്ന് പഴങ്കഥ. ഇന്നും എല്ലാ ഓണത്തിനും കാഴ്ചകളുമായി കവടിയാര്‍ കൊട്ടാരത്തിലെത്തുന്ന കാണിക്കാര്‍ക്ക് പുടവ നല്‍കിയാണ് രാജകുടുംബം വരവേല്‍ക്കുന്നത്.  ഭൂമിയുടെ  അവകാശം കിട്ടിയെങ്കിലും കാണിക്കാര്‍ ഒരിക്കലും വനത്തിന്റെ സ്വാഭാവിക അവാസ വ്യവസ്ഥക്ക് മാറ്റം വരുത്തിയിരുന്നില്ല.

കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യദശകങ്ങളിലാണ് ഇങ്ങോട്ട് വ്യാപക കുടിയേറ്റം നടക്കുന്നത്. കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടിരുന്ന അക്കാലത്ത് മണ്ണിനോടുള്ള പടവെട്ടലിന് പ്രോത്സാഹനം ഭരണാധികാരികളില്‍ നിന്ന് തന്നെ ലഭിച്ചിരുന്നു.

വാണിജ്യ കൃഷി വ്യാപിക്കുകയും ആവാസ വ്യവസ്ഥക്കും ഭൂവിനിയോഗത്തിനും മാറ്റം വരാനും തുടങ്ങി. അന്യ ദേശങ്ങളില്‍ നിന്ന് വന്നെത്തിയവര്‍ക്ക് ഇവിടത്തെ പ്രകൃതിയും വെല്ലുവിളിയുയര്‍ത്തി. അവരില്‍ പലരും മലമ്പനിക്കും രോഗങ്ങള്‍ക്കും കീഴടങ്ങി. അതിനെ അതിജീവിച്ചവര്‍ റബറും മറ്റ് വാണിജ്യ വിളകളും കൃഷി ചെയ്തു. കൃഷി രീതീകളില്‍ പൊടുന്നനെയുണ്ടായ മാറ്റം ഇവിടത്തെ പരമ്പരാഗത രീതികള്‍ക്ക് വെല്ലുവിളിയായി. 1958-ല്‍ പണിത നെയ്യാര്‍ അണക്കെട്ട് ഈ പ്രദേശത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കി. 

 

 


പ്രകൃതി അടിമുടി മാറിയത് എങ്ങനെ? 

പ്രത്യക്ഷത്തില്‍ പുതിയൊരു ജലാശയം, പരോക്ഷമായി വലിയൊരു മനുഷ്യ ഇടപെടലിനും ഇത് വഴി തുറന്നു. 25 വര്‍ഷത്തിനു ശേഷം, 1983-ല്‍ പേപ്പാറയിലും അണകെട്ടി. വര്‍ദ്ധിച്ച മനുഷ്യസാനിധ്യവും റബറുപോലുള്ള ദുര്‍ബല വേരുകളുള്ള  ഏകവിളകളും മണ്ണിന്റെ ഘടന മാറ്റി. മണ്ണൊലിപ്പ് കൂടി. സമ്പന്നമായിരുന്ന ജൈവ വൈവിദ്ധ്യത്തിന് വലിയ വെല്ലുവിളികളുയര്‍ന്നു. മനുഷ്യ സാന്നിധ്യം കൂടിയതോടെ തങ്ങളുടെ ഭക്ഷ്യവസ്തുക്കള്‍ കാട്ടില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങിയത് മൃഗങ്ങള്‍ക്ക് വലിയ വെല്ലുവിളിയായി. ആനത്താരകളെ മനുഷ്യരുടെ പാതകള്‍ മുറിച്ചുമാറ്റി. അവര്‍ സ്വാഭാവികമായും മനുഷ്യരുടെ വിളകളിലേക്കും വഴികളിലേക്കും കടന്നുകയറുന്ന അവസ്ഥയായി. ഇത് വലിയ സംഘര്‍ഷങ്ങള്‍ക്കിടയാക്കി. കാടിന്റെ തണലിലും കുളിരിലും തഴച്ചു വളര്‍ന്ന  വിളകള്‍,  ആ അവസ്ഥക്ക് മാറ്റം വന്നതോടെ നല്ല വിള നല്‍കാതെയായി. വന വിഭവങ്ങള്‍ ശേഖരിച്ചു കഴിഞ്ഞിരുന്ന ആദിവാസികള്‍ക്ക് അത് കിട്ടാതെയായി. പുതുതായി അവരെ പഠിപ്പിച്ച റബര്‍ പോലുള്ള വിളകള്‍ അവര്‍ക്ക് അന്യമായിരുന്നു. കാട്ടറിവുകളുടെ അഗാധമായ അക്ഷയഖനികള്‍ വറ്റിത്തുടങ്ങി.


 ജീവനി എന്ന ദിവ്യൗഷധം

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍വനങ്ങളിലേക്ക് പോയപ്പോള്‍ അവരുടെ ക്ഷീണവും ദാഹവും അകറ്റാന്‍ അവര്‍ ആശ്രിച്ചത് വനപച്ചയെ തന്നെയായിരുന്നു. അഗസ്ത്യ താഴ്വ്‌വരങ്ങളില്‍ മാത്രം കണ്ടിരുന്ന ആരോഗ്യപച്ചയും ധാതു സമ്പന്നമായ കാട്ടുചോലയിലെ നീരൂമായിരുന്നു അവര്‍ക്കുണര്‍വേകിയിരുന്നത്. ഇത് മനസ്സിലാക്കിയാണ് അവരോട് അടുത്ത് ഇടപഴകിയ ഡോ. പുഷ്പാംഗദന്റെ നേതൃത്തിലുള്ള  ശാസ്ത്രകാരന്‍മാര്‍ ജീവനി എന്ന ദിവ്യൗഷധം വികസിപ്പിച്ചത്. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും കാണിക്കാര്‍ക്കും തുല്യ ബൗദ്ധിക അവകാശങ്ങളോടെ വികസിപ്പിച്ച ജീവനിയുടെ ഉത്പാദന വിപണനം 1995ല്‍ കോയമ്പത്തൂര്‍ ആര്യ വൈദ്യശാലക്ക് കൈമാറി. ലാഭം കാണിക്കാര്‍ക്ക് കൂടി പങ്കിടുന്ന ആ ശ്രേഷ്ഠ മാതൃക 2002-ലെ ഐക്യരാഷ്ട്രസഭയുടെ ഇക്വേറ്റര്‍ അവാര്‍ഡ് നേടി.

എന്നാലിന്ന് ആ പദ്ധതി തന്നെ തകിടം മറഞ്ഞിരിക്കുന്നു. ഈ പ്രദേശത്തിന് എല്ലാ തരത്തിലും അനുയോജ്യമായ ഒരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലെത്തിയെന്ന്, ജീവനി വികസിപ്പിക്കുന്ന സംഘത്തിലുണ്ടായിരുന്ന പാലോട് ജൈവ ഉദ്യാനത്തിലെ ഗവേഷകനും വൈദ്യനുമായ ഡോ. വിനോദിനോട് ഞങ്ങള്‍ ചോദിച്ചു. കാണിക്കാര്‍ക്ക് റബറു പോലുള്ള വിളകളേക്കാള്‍ അഞ്ചിരട്ടി വരെ വരുമാനം കിട്ടുന്നതായിരുന്നു ആരോഗ്യ പച്ച നല്‍കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പല കാരണങ്ങളാല്‍ അത്  മുടങ്ങി പോയി. വനത്തില്‍ നിന്ന് ആദിവാസികള്‍ക്ക് ശേഖരിക്കാവുന്ന വനവിഭവങ്ങളില്‍ ഇത് പെടാതെ പോയതും വെല്ലുവിളിയായി. ഫലത്തില്‍ ആ വലിയ മാതൃക പാതിവഴിയില്‍ നിലച്ചു. അടുത്ത കാലത്ത് കോട്ടൂര്‍ ഭാഗങ്ങളില്‍ പോയപ്പോള്‍, വനസസ്യങ്ങള്‍ റബര്‍ പോലുള്ള വിളകള്‍ക്ക് വഴിമാറിയതിനാല്‍ ഇവിടെ മണ്ണൊലിപ്പ് കൂടിയതിനെ കുറിച്ച് അറിഞ്ഞതോര്‍ക്കുന്നു. ഇത് ഇവിടത്തെ നീരുറവകളെയും വറ്റിച്ചു.  

 


പ്രശ്‌നപരിഹാരമെന്ത്?

പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന കൃഷി രീതികളും ജീവല്‍ സമ്പ്രദായങ്ങളുമാണ് ഇവിടത്തെ സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാന്‍ അനുയോജ്യം. പക്ഷേ അത് അത്ര എളുപ്പവുമല്ല. സ്ഥായിയായ വികസനത്തിനുള്ള ശരിയായ വഴികള്‍ പറഞ്ഞു കൊടുക്കാന്‍ ആളില്ലാതായതും പ്രശ്‌നമാണ്. ആദിവാസികളും കര്‍ഷകരും വനസസ്യങ്ങളും വന്യജീവികളുമെല്ലാം പരസ്പരപൂരകമായി വര്‍ത്തിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഇന്നാരുമില്ല. 

ഇത് കേവലം അഗസ്ത്യമലയുടെ പ്രശ്‌നമല്ല. കേരളത്തിന്റെ ഇതര ഭാഗങ്ങളിലും സമാന അവസ്ഥയാണുള്ളത്. ജന സമ്മര്‍ദ്ദം മൂലം ഇവിടങ്ങളെയൊക്കെ പരിസ്ഥിതി സംരക്ഷിത പ്രദേശത്ത് നിന്ന് ഒഴിവാക്കാനാകും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുക. തട്ടേക്കാടിലും മറ്റും നാം കണ്ടതും അതാണ്. 

കഴിഞ്ഞ ദിവസം വനം മന്ത്രി എ.കെ ശശീന്ദ്രന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത യോഗവും ആ വഴിക്കാണ് ചിന്തിച്ചത്. എന്തായാലും കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്നും, നാട്ടിലെ പ്രദേശങ്ങളെ പരിസ്ഥിതി സംരക്ഷണ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും വനം മന്ത്രി അന്നാ യോഗത്തില്‍ പറഞ്ഞത്. ആരും ഇവിടന്ന് മാറേണ്ടി വരില്ലെന്ന് വനപരിപാലകര്‍ പറയുമ്പോഴും നാട്ടുകാര്‍ ആശങ്കയിലാണ്. തലമുറകളായി ഇവിടെ ജീവിച്ചു വന്നവര്‍ക്ക് ആത് ആദിവാസികളായാലും കുടിയേറ്റക്കാരായാലും പെട്ടെന്ന് ഒഴിഞ്ഞു മാറുക സാധ്യമല്ല. അവരൊക്കെ എവിടേക്ക്  പോകാനാണ്? അതേ സമയം യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ പെട്ട അത്യപൂര്‍വ്വമായ ഈ ജൈവവൈവിദ്ധ്യഹോട്ട് സ്‌പോട്ട് സംരക്ഷിക്കപ്പെട്ടേ മതിയാകൂ. നമ്മുടെയല്ലാം നിലനില്‍പ്പിന്റെ പ്രശ്‌നമാണ് അത്. 

Follow Us:
Download App:
  • android
  • ios