Asianet News MalayalamAsianet News Malayalam

ഭൂമിയുടെ പ്രതികാരം

പച്ച. ഭൂമിയെയും പരിസ്ഥിതിയെയും കുറിച്ച് ചില വിചാരങ്ങള്‍. കവി അക്ബര്‍ എഴുതുന്ന പരിസ്ഥിതി കുറിപ്പുകള്‍
 

pacha ecological notes by Akbar on sea
Author
Thiruvannamalai, First Published Aug 18, 2021, 7:11 PM IST

ആ വിസ്മയ ജല ലോകത്തേക്കാണ് മനുഷ്യന്‍ എന്ന ജീവി തന്റെ അവശിഷ്ടങ്ങള്‍ യാതൊരു ദാക്ഷിണ്യവുമില്ലതെ തള്ളുന്നത്. ഭൂമിയിലെ ഓരോ ജീവിയോടും മനുഷ്യന്‍ ചെയ്യുന്ന ക്രൂരതകള്‍ക്ക് ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ അവസ്ഥകളിലൂടെ പകരം ചോദിച്ചു തുടങ്ങി. ചൂട് കൂടുന്നതോടെ മഞ്ഞ് ഉരുകി കടലിലെ ജലനിരപ്പ് ഉയരുന്നത് മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുകയാണ്. ലോകത്തെ ദ്വീപുകളൊക്കെ വൈകാതെ കടലില്‍ മുങ്ങുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമുദ്രാന്തരീക്ഷത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഭൂമിയെ തന്നെ അപകടത്തിലാക്കുന്നു.

 

pacha ecological notes by Akbar on sea

 

ചുറ്റിലും മലകളുള്ള നാട്ടില്‍ നിന്ന് അങ്ങകലെയുള്ള കാടുകളും മലകളും ചെടികളും കാണാന്‍ പോയാല്‍ എന്തു സംഭവിക്കും? മലകളെ, അതിലെ ചെടികളെ, ജീവികളെ ഒക്കെ ബന്ധുക്കളായി അനുഭവപ്പെടും. എന്തിന് കാടിന്റെ നാട്ടില്‍ നിന്ന് കായലിലും കടലിലും എത്തിയാലും അവിടൊക്കെ പച്ചപ്പിന്റെ മണം തേടി നടക്കും.

കടല്‍ കണ്ടപ്പോള്‍ തോന്നിയത്, പുഴയില്‍ വേനല്‍ക്കാലത്തുണ്ടാവുന്ന മണല്‍പ്പരപ്പുകളിലെ സ്പര്‍ശമാണ്. 

മണല്‍പ്പരപ്പിലൂടെ നടക്കുമ്പോള്‍ കാറ്റില്‍ പുഴ തിരയായി കാലില്‍ തൊടുന്നത് പോലെ കടല്‍ കാലുകളെ നനച്ചു. ഉപ്പുവെള്ളത്തിന്റെ അടിയിലും കാടിന് സമാനമായ ജീവിതമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതമായി. നീണ്ടു പരന്ന് അറ്റമില്ലാത്ത കടല്‍പ്പരപ്പിനടിയിലെ ജീവനുകള്‍ ഉള്ളില്‍ നിറഞ്ഞു. കാടിന്റെ നടുവില്‍പ്പെടുന്നതു പോലെ തന്നെയാണ് കടല്‍ നടുവില്‍ പെട്ടുപോവുന്നതെന്നും അറിഞ്ഞു. അങ്കലാപ്പിന് ചുറ്റും ഭീമന്‍ മരങ്ങള്‍ വഴിയടച്ചു നില്‍ക്കും പോലെ കടല്‍, ജലത്തിന്റെ അന്തമില്ലാത്ത ഓളം വെട്ടലില്‍ കുരുക്കിയിടും. 

പണ്ട് വേനല്‍ക്കാലത്ത് പുഴയില്‍ വെള്ളം കുറയുമ്പോള്‍ അടിയുന്ന കക്ക തോടുകളില്‍ തൊടുമ്പോള്‍ കടലിനെ ഓര്‍ത്തിട്ടുണ്ട്. കടല്‍ക്കരയില്‍ എത്തിയപ്പോള്‍ നേരെ തിരിച്ചും. അലയടിക്കുന്ന കടലില്‍ ഒരു കാട് ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് വിചാരിച്ചു. ആ കാടിന്റെ കണ്ണീരാവും കടലില്‍ ഇത്ര ഉപ്പു നിറച്ചതെന്നും ഓര്‍ത്ത് സങ്കടപ്പെട്ടു. അല്ലെങ്കിലും മനുഷ്യന്‍ ഒഴികെ ജീവ വര്‍ഗ്ഗത്തിന്റെയും അജൈവ വസ്തുക്കളുടെയും പ്രാര്‍ത്ഥനകളാണല്ലോ ലോകത്തെ ഇങ്ങനെ നിലനിര്‍ത്തുന്നത്.

കടലിനടിയിലെ അത്ഭുതങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ഉള്ളിലെ വെളിച്ചത്തില്‍ അവയൊക്കെ ഉണ്ടുതാനും. പറവൂര്‍ അടുത്തുള്ള ചെറായിയില്‍ വച്ചാണ് ആദ്യമായി കടലിന്റെ ഉപ്പ് രുചിച്ചത്. പതിനഞ്ചു വയസ്സില്‍..അന്ന് തോന്നിയ കൗതുകം കലര്‍ന്ന അത്ഭുതത്തിന്റെ തിരയടിക്കല്‍ ഇന്നും ഒഴിഞ്ഞിട്ടില്ല. കടലുള്ള ഏത് നാട്ടില്‍ പോയാലും അവിടുത്തെ സമുദ്ര സ്പര്‍ശത്തിനായി നിന്ന് കൊടുക്കാറുണ്ട്. 

ഇതാ കാടിന്റെ പച്ചപ്പെന്ന് ഉറക്കെ പറഞ്ഞ് കോഴിക്കോട്ടെ കടല്‍ക്കരയില്‍ ഒരു രാത്രി മുഴുവനിരുന്നിട്ടുണ്ട്. കോവളത്തെ നീലക്കടലിന്റെ കാഴ്ചയില്‍ വീണ് പോയിട്ടുണ്ട്. ചെല്ലാനത്തെയും വൈപ്പിനിലെയും ഉഗ്ര രൂപിയായ കടല്‍ കലിപ്പില്‍ തരിച്ചു നിന്നിട്ടുണ്ട്. മീന്‍ പിടുത്തകാരോടൊപ്പം വഞ്ചിയില്‍ കയറിയിരുന്ന് പെരിയാറിനെ ഓര്‍ത്ത് അഹങ്കരിച്ചിട്ടുണ്ട്.

കാടിനെപ്പോലെ തന്നെ അത്ഭുതത്താല്‍ കടലും തല കുമ്പിട്ട് നിര്‍ത്തും. അറ്റമില്ലാതെ കിടക്കുന്ന കടലിനുള്ളില്‍ എന്തൊക്കെയാവും? ഭൂമിയുടെ 70 ശതമാനവും സമുദ്രമാണെന്ന അറിവില്‍ കൂടുതല്‍ ചെറുതാണെന്ന തോന്നല്‍ ഉള്ളിനെ ശാന്തമാക്കും. കരയില്‍ ഉള്ളതിനേക്കാള്‍ വലിയ ജൈവ ലോകം ഈ ഉപ്പുവെള്ളത്തില്‍ ഉണ്ടെന്നത് സമുദ്രം പോലെ വിസ്മയകരം തന്നെ! മത്സ്യങ്ങള്‍, സസ്തനികള്‍, പവിഴപ്പുറ്റുകള്‍, കക്കകള്‍, കുമിളുകള്‍ തുടങ്ങി വൈവിദ്ധ്യങ്ങളുടെ ലോകമാണവിടെ. ഏറ്റവും വലിയ ജീവന്റെ വാസ സ്ഥലത്തെ ബഹുമാനത്തോടെയേ കാണാനാവൂ. കായലോരങ്ങളിലെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കല്ലേന്‍ പൊക്കുടന്റെ ജീവിതമുണ്ട്. ആ സ്നേഹത്തിന്റെ അപാരതയാണ് ഓരോ കണ്ടല്‍ ചെടികളും. 

ആ വിസ്മയ ജല ലോകത്തേക്കാണ് മനുഷ്യന്‍ എന്ന ജീവി തന്റെ അവശിഷ്ടങ്ങള്‍ യാതൊരു ദാക്ഷിണ്യവുമില്ലതെ തള്ളുന്നത്. ഭൂമിയിലെ ഓരോ ജീവിയോടും മനുഷ്യന്‍ ചെയ്യുന്ന ക്രൂരതകള്‍ക്ക് ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ അവസ്ഥകളിലൂടെ പകരം ചോദിച്ചു തുടങ്ങി. ചൂട് കൂടുന്നതോടെ മഞ്ഞ് ഉരുകി കടലിലെ ജലനിരപ്പ് ഉയരുന്നത് മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുകയാണ്. ലോകത്തെ ദ്വീപുകളൊക്കെ വൈകാതെ കടലില്‍ മുങ്ങുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമുദ്രാന്തരീക്ഷത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഭൂമിയെ തന്നെ അപകടത്തിലാക്കുന്നു.

പ്രകൃതിയുടെ കാഴ്ചകള്‍ക്ക് അവസാനമില്ല. അത് കണ്ടുകണ്ടല്ല തീര്‍ക്കേണ്ടത്. അനുഭവിച്ചു തന്നെ തീരണം. അങ്ങനെ അത് തീര്‍ക്കാനുമാവില്ല. മറ്റൊരു ജീവിതത്തെ സ്നേഹത്തോടെ തൊടുമ്പോള്‍ മാത്രമേ പ്രകൃതിയെ അറിയാന്‍ കഴിയു. അതാവും ഏറ്റവും വലിയ അറിവ്. എന്നും കാണുന്ന ഒരു കുറ്റിച്ചെടിയിലെ പൂവിനെ കനിവോടെ നോക്കാം.. ഇലകളെ കുറിച്ച് വിസ്മയിക്കാം. തണ്ടുകളെയും വേരുകളെയും കുറിച്ച് ആലോചിച്ചു നോക്കാം. ചെടിയില്‍ വന്ന് പോവുന്ന പലതരം പ്രാണികളെയും പൂമ്പാറ്റകളെയും ശ്രദ്ധിച്ചു നോക്കാം. ഒഴുകുന്ന വെള്ളത്തിന്റെ തെളിമ കലങ്ങാതെ കാക്കാം. അവിടെയുണ്ട് പച്ചപ്പിന്റെ താളം. അത് തെറ്റാതിരുന്നാല്‍ ഇന്ന് കാണുന്നതെല്ലാം നാളെയും ഉണ്ടാവുമെന്ന് ഓര്‍ക്കാം.. ജീവനുകള്‍ മുളയ്ക്കട്ടെ.. അവ നുള്ളാതെ കാക്കാം.

 

pacha ecological notes by Akbar on sea

 

കാടുടലായി ചിലര്‍

കാട് ചിലപ്പോള്‍ പലര്‍ക്കും ജീവിത മാര്‍ഗ്ഗമാവാറുണ്ട്. അത് വനത്തെ ദ്രോഹിച്ചു കൊണ്ടാവണമെന്നില്ല. കാടുമായി ചേര്‍ന്നുള്ള കൊടുക്കല്‍ വാങ്ങലുകളാണവ. കാടിനെ അറിഞ്ഞ് അതിനൊപ്പം ജീവിച്ച ചിലര്‍ വലിയ വിസ്മയങ്ങള്‍ തന്നെയാണ്. അവര്‍ മണ്‍മറഞ്ഞു പോയെങ്കിലും ഇന്നും പച്ചപ്പായി അവരുടെ ചിരിയാണ് കാടുകള്‍ നിറയെ..

കുട്ടമ്പുഴ പഞ്ചായത്തിലെ കാടിന് നടുവിലുള്ള ഒരു ആദിവാസിക്കുടിയാണ് പിണവൂര്‍കുടി. ഉരുളന്‍തണ്ണിയ്ക്കടുത്താണ് പിണവൂര്‍കുടി. തികച്ചും കാടുമായി ചേര്‍ന്ന് ജീവിക്കുന്ന മുതുവാ സമുദായത്തില്‍പ്പെട്ട ആദിവാസികളാണ് ഇവിടുള്ളത്. കോളേജില്‍ പഠിക്കുമ്പോള്‍ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പിണവൂര്‍കുടിയെ അടുത്തറിഞ്ഞത്. 

1994-ലാണ് ഉരുളന്‍തണ്ണിയിലേക്ക് റോഡ് വെട്ടാനായി നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം അംഗങ്ങള്‍ അവിടെ എത്തുന്നത്. മുതുവാന്‍ സമുദായത്തിലുള്ള് പ്രായമായവര്‍ ഒത്തിരിയുണ്ടായിരുന്നു. വലിയ പ്രകൃതി അറിവുകള്‍ ഉള്ളവരായിരുന്നു അവര്‍. അവരുടെ മൂപ്പനായിരുന്നു മാരിയപ്പന്‍ എന്ന വൃദ്ധന്‍. മാരിയപ്പന്റെ ജീവിതം തന്നെ കാടിനൊപ്പമായിരുന്നു. കാട്ടിലെ ഓരോ ചെടിക്കും വലിയ പ്രത്യേകതകള്‍ ഉണ്ടെന്ന് മാരിയപ്പന്‍ പറയുമായിരുന്നു. പ്രാണികളെ പോലും പരിഗണിച്ചിരുന്ന ബുദ്ധനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വീടിന് ചുറ്റും ഭംഗിയോടെ അപൂര്‍വ്വ ഔഷധ ചെടികള്‍ നട്ടു പിടിപ്പിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു കാട്ടു പുകയില ചെടി. ലഹരിക്കായല്ല കാട്ടു പുകയില ഉപയോഗിക്കുക. എങ്കിലും ലഹരിയുടെ തലകറക്കുന്ന അനുഭവങ്ങള്‍ ആ ഇലകളില്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. ഒരിക്കലും രേഖപ്പെടുത്തിവയ്ക്കാത്ത അപൂര്‍വ്വ ചെടികളെക്കുറിച്ച് മാരിയപ്പന്റെ ഹൃദയത്തില്‍ എഴുതി വച്ചിരുന്നു.

മാരിയപ്പന്‍ ചാവുമൂപ്പനായി മലയിറങ്ങി പോയപ്പോള്‍ ആ അറിവുകളൊക്കെ എവിടെയോ പോയി. സസ്യ- ജന്തു ശാസ്ത്രങ്ങളുടെ സമവാക്യങ്ങള്‍ക്കപ്പുറത്ത് പച്ചപ്പിന്റെ അമൂല്യ ജീവനുള്ള ഗ്രന്ഥങ്ങളായിരുന്നു മാരിയപ്പനെ പോലുള്ളവര്‍. എങ്ങും എഴുതിവയ്ക്കാതെ അറിവുകള്‍ അവരോടൊപ്പം ഇല്ലാതായിട്ടുണ്ടാവും.

നേര്യമംഗലത്തെ കാടുകള്‍ക്കിടയില്‍, വീടു പോലും ഇട്ടെറിഞ്ഞ് നടന്നയാളാണ് ചോതി പാപ്പന്‍. തൊപ്പിപ്പാള വച്ച് പാലം കടന്നെത്തുന്ന ചോതി പാപ്പനെ കണ്ട് കാട്ടിലകള്‍ ചിരിക്കുമായിരുന്നു. അത്രയ്ക്ക് സ്നേഹമായിരുന്നു കാടിന് അയാളോട്. തിരിച്ച് അയാള്‍ക്കും. കാട്ടിലെ ഈറ്റ, ഇല്ലി, ഔഷധ ചെടികള്‍ എന്നിവയായിരുന്നു ചോതി പാപ്പന്റെ ഉപജീവന മാര്‍ഗ്ഗങ്ങള്‍. പറിച്ചെടുക്കുന്ന ചെടികള്‍ക്ക് പകരം കൂടുതല്‍ ചെടികള്‍ വനത്തിനുള്ളില്‍ അദ്ദേഹം നട്ടുവച്ചിരുന്നു. 

വാതക്കൊടി, ആവല്‍, അറുകാഞ്ഞിലി, കല്ലൂര്‍വഞ്ചി, തിപ്പലി,നിലപ്പന കാട്ടു പാവല്‍.. ഇവയുടെ അസുഖങ്ങളെ ഭേദമാക്കാനുള്ള കഴിവില്‍ ചോതിപാപ്പന്‍ ഉറച്ച് വിശ്വസിച്ചു. പനി വന്നാല്‍ കാട്ടിലെ ചോലയില്‍ മുങ്ങി കയറിയാല്‍ മതിയെന്ന് പറയുമായിരുന്നു. കാട്ടു ചെടികള്‍ കാച്ചിയെടുക്കുന്ന കുഴമ്പിന്റെ മണമായിരുന്നു ചോതി പാപ്പന്. കാടിന്റെ ചൂരാണതെന്ന് പിന്നീട് മനസ്സിലായി.പലതരം വിത്തുകള്‍ കാട്ടിലെ മണ്ണില്‍ എറിഞ്ഞിടുന്ന ചോതി പാപ്പന്‍ പോയപ്പോള്‍ കാട് ആര്‍ത്തലച്ച് കരഞ്ഞിട്ടുണ്ടാവും. ആ നിലവിളിയില്‍ പുഴയില്‍ വെള്ളമുയര്‍ന്നിരുന്നു.

കാടിനെ, അതിലെ ജീവനുകളെ സ്നേഹത്തോടെ ഉള്ളില്‍ ചേര്‍ക്കുന്നവര്‍ ഉള്ളതുകൊണ്ടാവും ലോകം ഇപ്പോഴും നശിക്കാത്തത്. അവരുടെ പ്രാര്‍ത്ഥനകളെ ഭൂമി കേള്‍ക്കാതിരിക്കുവതെങ്ങെനെ?

ഓരോ ഇലയിലെയും ഞരമ്പുകളില്‍ ഇവരുടെ പേരുകള്‍ കുറിച്ചു വച്ചിട്ടുണ്ടാവും. കാട് തന്നെയായിരുന്നു അവര്‍.

Follow Us:
Download App:
  • android
  • ios