യുദ്ധത്തിൽ തകർന്ന യെമനിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് അവിടത്തെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണിപ്പോൾ. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന അവർക്ക് ജീവിക്കാൻ മറ്റ് മാർഗ്ഗമില്ലാതെ സ്വന്തം കുട്ടികളെ ബാലവേല ചെയ്യാനും, പെണ്‍മക്കളെ വിവാഹം കഴിക്കാനും നിർബന്ധിക്കേണ്ട അവസ്ഥയാണ്. ഒരു വെർച്വൽ ബ്രീഫിംഗിൽ, ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസിയുടെ വക്താവായ ചാർലി യാക്സ്ലിയാണ് ഇക്കാര്യം പറഞ്ഞത്. രോഗവ്യാപനം മൂലം ഉണ്ടായ സാമ്പത്തികഞെരുക്കം സമൂഹത്തിലെ ദുർബലരായ വിഭാഗങ്ങളെ ഏറ്റവും മോശമായി ബാധിക്കുന്നു എന്നദ്ദേഹം വ്യക്തമാക്കി.

സ്വന്തം മക്കൾ വിശന്നു കരയുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരായി നോക്കിനിൽക്കാനേ ആ മാതാപിതാക്കൾക്ക് കഴിയുന്നുള്ളൂ. മറ്റ് മാർഗ്ഗങ്ങൾ കാണാതെ ഒടുവിൽ കുഞ്ഞുങ്ങളെ ഭിക്ഷയെടുക്കാനും, ബാലവേലക്കും പറഞ്ഞു വിടുകയാണ് അവർ. പെണ്മക്കളെയാണെങ്കിൽ കളിച്ചു നടക്കേണ്ട പ്രായത്തിലെ കെട്ടിച്ച് വിടുകയും. വൈറസ് ബാധിക്കുന്നതിനു മുമ്പുതന്നെ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി നേരിട്ടിരുന്ന യെമനിൽ കൊറോണ വൈറസിന്റെ വർദ്ധിച്ച സമ്മർദ്ദം,  ദാരിദ്ര്യത്താൽ വലയുന്ന കുടുംബങ്ങളെ അങ്ങേയറ്റം ദുരിതത്തിലാഴ്ത്തി എന്ന് മാനുഷിക സംഘടനകൾ പറയുന്നു.  

യുദ്ധം യെമന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർത്തു. ഇപ്പോൾ രാജ്യത്തിന്റെ 80 ശതമാനം ആളുകളും ജീവിക്കാനായി മാനുഷിക സംഘടനകളെ ആശ്രയിക്കുകയാണ്. മക്കളെ നോക്കാനുള്ള പ്രാപ്‍തി കുടുംബങ്ങൾക്ക് ഇല്ലാത്തതു കാരണം പെണ്മക്കളെ  ചെറുപ്പത്തിൽത്തന്നെ വിവാഹം കഴിച്ചു കൊടുക്കുന്നു. ഭർത്താവിന്റെ വീട്ടുകാർ തങ്ങളുടെ മക്കളെ നന്നായി നോക്കുമെന്ന പ്രതീക്ഷയിൽ അവർ സ്വയം ആശ്വസിക്കാൻ ശ്രമിക്കുന്നു. അടുത്ത കാലങ്ങളിൽ ബാലവിവാഹ നിരക്ക് മൂന്നിരട്ടിയായി വർദ്ധിച്ചുവെന്നാണ് കഴിഞ്ഞമാസം നടന്ന ഒരു അന്താരാഷ്ട്ര രക്ഷാ സമിതി റിപ്പോർട്ടിൽ പറയുന്നത്. ഇത് കൂടാതെ, യെമനിൽ രണ്ട് ദശലക്ഷം കുട്ടികൾക്ക് ഇതിനകം തന്നെ പോഷകാഹാരക്കുറവുണ്ടെന്നും, കൊറോണ വൈറസ് കൂടുതൽ പേരെ ഇതിലേക്ക് തള്ളിവിടുന്നുവെന്നും ലോക ഭക്ഷ്യ പദ്ധതി വക്താവ് എലിസബത്ത് ബൈർസ് പറഞ്ഞു.

രാജ്യത്തെ 10 ദശലക്ഷം ജനങ്ങളിൽ മൂന്നിലൊന്ന് പേരും ക്ഷാമം നേരിടുന്നവരാണ്. അതേസമയം 3 ദശലക്ഷത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുള്ള അവിടെ സാമൂഹിക അകലവും ശരിയായ ശുചിത്വവും അസാധ്യമായ കാര്യമാണ്. കഴിഞ്ഞ മാസം രാജ്യം ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിച്ചതു മുതൽ 44 പേർ വൈറസ് ബാധിച്ച് മരിച്ചതായി അധികൃതർ പറയുന്നു. എന്നാൽ, രാജ്യത്ത് പ്രവർത്തിക്കുന്ന മാനുഷിക സംഘടനകൾ പറയുന്നത്, യഥാർത്ഥ മരണസംഖ്യ ഇതിലും വളരെ ഉയർന്നതാണെന്നാണ്. ഒരു ദശലക്ഷം ആളുകൾക്ക് വെറും 31 ടെസ്റ്റുകൾ എന്ന കണക്കിനാണ് അവിടെ പരിശോധനകൾ നടക്കുന്നത്. ഇത് മരണങ്ങളുടെ എണ്ണം കൂടാനും, ശ്‍മശാനങ്ങൾ കവിഞ്ഞൊഴുകാനും കാരണമാകുന്നു എന്നവർ വ്യക്തമാക്കി. ഏദൻ നഗരത്തിൽ മാത്രം ഒരാഴ്ചയ്ക്കുള്ളിൽ കൊറോണ വൈറസ് മൂലം 400 ഓളം പേർ മരിച്ചു എന്നാണ് സേവ് ദി ചിൽഡ്രൻ എന്ന സംഘടന പറയുന്നത്. ഒരുദിവസം ചുരുങ്ങിയത് 80 അല്ലെങ്കിൽ 90 ആളുകളെങ്കിലും മരിക്കുന്നുവെന്ന് ഡോക്ടര്‍മാരുടെ ഒരു സംഘടനയായ ഡോക്ടർസ് വിതൗട്ട് ബോർഡേഴ്‌സ് വ്യക്തമാക്കി. ശരിയായ പിപിഇ ഇല്ലാത്തതിനാൽ നഗരത്തിലെ നിരവധി ആശുപത്രികൾ അടച്ചുപൂട്ടുകയും മെഡിക്കൽ സ്റ്റാഫ് ജോലിക്ക് പോകാൻ വിസമ്മതിക്കുകയും ചെയ്യുന്നു.  

നിരവധി രോഗികൾ ഗുരുതരമായ ശ്വാസതടസ്സം മൂലമാണ് ആശുപത്രിയിൽ എത്തുന്നത്. അതിലും ഒരുപാട് വീടുകളിൽ മരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. “കരയിൽ കിടന്ന് പിടയുന്ന മത്സ്യത്തെപ്പോലെ ആളുകൾ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നു. ഈ രോഗം എത്രത്തോളം മാരകമാണെന്ന് ഞങ്ങൾ ഇപ്പോൾ കണ്മുൻപിൽ കാണുകയാണ് ഇവിടെ. ഏദനിൽ മരിക്കുന്നവരിൽ പലരും 40-60 വയസ്സ് പ്രായമുള്ളവരാണ്, ഇത് യൂറോപ്പിൽ മരിച്ചവരുടെ ശരാശരി പ്രായത്തേക്കാൾ അൽപ്പം കുറവാണ്” സംഘടനയുടെ യെമന്റെ ഓപ്പറേഷൻ മാനേജർ കരോലിൻ സെഗുയിൻ പറഞ്ഞു. ഭാവിയിൽ തങ്ങൾക്ക് എന്ത് സംഭവിക്കുമെന്നറിയാതെ ഒരു ജനത ലോകത്തിന്റെ ദയക്കായി കാത്തുനിൽക്കുകയാണ് അവിടെ.