Asianet News MalayalamAsianet News Malayalam

ലിംഗനീതി എന്നത് സ്ത്രീകളുടെ അവകാശമാണ്, അത് ആർക്കും തടഞ്ഞുനിർത്താൻ ആകില്ല

നൈഷ്ടികബ്രഹ്മചാരിയാണ് ശബരിമലയിലെ അയ്യപ്പസ്വാമി എന്നാണ് ശബരിമലയിലെ വിശ്വാസം. ആ ബ്രഹ്മചര്യത്തിന് അപ്പുറത്തെ മാളികപ്പുറത്തമ്മയുടെ സ്ഥിരസാന്നിദ്ധ്യം പോലും ഭംഗം വരുത്തിയിട്ടില്ല. പിന്നെയല്ലേ അവിടെയെത്തുന്ന സ്ത്രീകൾ!

cover story on sabarimala issue by sindhu sooryakumar
Author
Thiruvananthapuram, First Published Oct 2, 2018, 4:05 PM IST

ശബരിമലയിൽ തീർത്ഥാടനകാലവും ദർശന സമയവുമൊക്കെ ഇനിയും കൂടിക്കൂടി വരും. അങ്ങനെയാണ് കാലം മാറുന്നത്. ഇന്ന് ഈ ക്ഷേത്രത്തിലുണ്ടായത് നാളെ മറ്റ് ആരാധനാലയങ്ങളിലും വരും, മതഭേദമില്ലാതെ. ലിംഗനീതി എന്നത് സ്ത്രീകളുടെ അവകാശമാണ്. അത് ആർക്കും തടഞ്ഞുനിർത്താൻ ആകില്ല. പക്ഷേ നമ്മുടെ രാഷ്ട്രീയ ഭൂരിപക്ഷത്തിന് ഇതൊന്നും മനസിലാകില്ല. അവർ ഏതോ കാലത്ത് ജീവിക്കുന്ന ജീവികളാണ്.

cover story on sabarimala issue by sindhu sooryakumar

പതിനെട്ടാം പടി ചവിട്ടുന്നതിന് മുമ്പ് എരുമേലി വാവരുപള്ളിയിൽ ദർശനം നടത്തേണ്ടേ എന്ന് ചിലർ. പമ്പാനദിയിൽ കുളിച്ചുതോർത്തി ഇരിക്കുന്ന അർദ്ധനഗ്നകളായ സ്ത്രീകളുടെ ചിത്രങ്ങൾ ഷെയർ ചെയ്ത് വേറെ ചിലരുടെ ട്രോളുകൾ. എന്താ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം മതിയോ പുരോഗമനം, മറ്റിടങ്ങളിലും വേണ്ടേ എന്ന് വേറെ കുറേപ്പേർ. മോസ്കുകളിൽ എന്താ സ്ത്രീകൾക്ക് പുരുഷൻമാർക്കൊപ്പം പ്രാർത്ഥിക്കണ്ടേ, എന്താ നിങ്ങൾ പോരാടുന്നില്ലേ എന്ന് വേറെ ഒരു കൂട്ടർ. ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധിച്ചപ്പോൾ മാധ്യമപ്രവർത്തകർ അടക്കമുള്ളവരോട് ഇത്തരം ചോദ്യങ്ങളാണ് ഒരു വിഭാഗം ആളുകൾ ചോദിച്ചുകൊണ്ടേയിരിക്കുന്നത്.

ഇക്കാര്യങ്ങളിലൊക്കെ താൽപ്പര്യമുള്ള ആളുകൾക്ക് കോടതിയിൽ ചെന്ന് അനുകൂലവിധി സമ്പാദിക്കാവുന്നതാണ്. ഇപ്പോഴിതാ കോടതി ഒരു കീഴ്വഴക്കം ഉണ്ടാക്കിയിട്ടുണ്ട്. ഭരണഘടനാ ചട്ടങ്ങൾക്കകത്ത് മാത്രമേ വ്യക്തിനിയമങ്ങൾക്ക് സ്വാതന്ത്ര്യമുള്ളൂ എന്ന ചട്ടം. സുപ്രീം കോടതിയുടെ തീരുമാനം അന്തിമമായിരിക്കുന്നിടത്തോളം കാലം രാജ്യത്തെ നിയമവും അതുതന്നെയാണ്. ഞാനും നിങ്ങളും അടങ്ങുന്ന എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾക്കും ഈ നിയമം അനുസരിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. അത് നടപ്പാക്കാനും സംരക്ഷിക്കാനുമുള്ള ബാധ്യത സർക്കാരുകൾക്ക് ഉള്ളതാണ്.

സ്ത്രീകൾ പുരുഷൻമാരെക്കാൾ താഴ്ന്നവരല്ല. മതങ്ങൾക്കകത്തെ പുരുഷ കേന്ദ്രീകൃത വ്യവസ്ഥ വിശ്വാസങ്ങളെ ഭരിക്കാൻ അനുവദിക്കരുത്. വിശ്വാസസ്വാതന്ത്ര്യത്തിൽ ശാരീരികമോ ജൈവികമോ ആയ വിവേചനം പാടില്ല എന്നാണ് സുപ്രീം കോടതി വിശദീകരിച്ചത്. അതുകൊണ്ടാണ് 1965ലെ പൊതു ആരാധനാസ്ഥല പ്രവേശന ചട്ടത്തിലെ 3b വകുപ്പ് ഭരണഘടനാവിരുദ്ധമായി കണ്ട് സുപ്രീം കോടതി റദ്ദാക്കിയത്. ആർത്തവകാലത്ത് ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്നാണ് ഈ ചട്ടം ഇതുവരെ പറഞ്ഞിരുന്നത്. പത്തിനും അൻപതിനുമിടക്ക് പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചാൽ പുരുഷന്‍റെ ബ്രഹ്മചര്യവ്രതത്തിന് എതിരാകുമെന്ന് സ്ത്രീപ്രവേശനത്തെ എതിർത്തവർ വാദിച്ചിരുന്നു. പുരുഷന്‍റെ ബ്രഹ്മചര്യം അവരുടെ ഉത്തരവാദിത്തമാണ്. അത് സ്ത്രീകളുടെ ചുമലിൽ കെട്ടിവയ്ക്കരുത് എന്ന് ജസ്റ്റിസ് ചന്ദ്രചൂ‍ഢിന്‍റെ ഉത്തരവിൽ പറയുന്നു.

സ്ത്രീകളുടെ കാര്യത്തിലും ആരൊക്കെ പോകണം ആരൊക്കെ പോകണ്ട എന്ന് അവരവർ തീരുമാനിച്ചുകൊള്ളും

നൈഷ്ടികബ്രഹ്മചാരിയാണ് ശബരിമലയിലെ അയ്യപ്പസ്വാമി എന്നാണ് ശബരിമലയിലെ വിശ്വാസം. ആ ബ്രഹ്മചര്യത്തിന് അപ്പുറത്തെ മാളികപ്പുറത്തമ്മയുടെ സ്ഥിരസാന്നിദ്ധ്യം പോലും ഭംഗം വരുത്തിയിട്ടില്ല. പിന്നെയല്ലേ അവിടെയെത്തുന്ന സ്ത്രീകൾ! നാൽപ്പത്തിയൊന്ന് ദിവസം കഠിനവ്രതമെടുത്ത് എത്തുന്ന ഭക്തർ എത്രശതമാനമുണ്ട് ഇപ്പോൾ ശബരിമലയിൽ എന്നൊരു കണക്കുകൂടി എടുക്കണം. കാലാകാലങ്ങളിൽ അത്തരം ആചാരങ്ങളൊക്കെ സൗകര്യപ്രദമായി വെള്ളം ചേർത്ത് മാറ്റിക്കഴിഞ്ഞു. കണ്ഠരര് മോഹനർക്ക് ശബരിമലയിൽ കയറാന്‍ പ്രത്യേക കമ്പനി മേൽപ്പാലം പണിയണമെന്ന് കണ്ടെത്താനുമൊക്കെ കാലാകാലത്ത് അനുവാദം കണ്ടെത്തിയ ദേവപ്രശ്നങ്ങളൊക്കെ സ്ത്രീ പ്രവേശനം മാത്രം ഇതുവരെ കണ്ടില്ല എന്ന് നടിക്കുകയായിരുന്നു. വിശ്വാസികൾ തന്നെ കാലാകാലങ്ങളിൽ പരിഷ്കരിക്കേണ്ടിയിരുന്ന ഒരാചാരം സുപ്രീം കോടതി ഇടപെട്ട് കുറയ്ക്കുകയാണ് ഇപ്പോഴുണ്ടായത്. സ്ത്രീകളുടെ സ്വാഭാവിക ജീവിതത്തിലെ ഏറ്റവും സാധാരണമായ ആർത്തവം എന്ന ജൈവികസ്ഥിതിയെ സ്വാഭാവികമായിത്തന്നെ കണ്ടാൽമതി എന്ന് കോടതി ഓർമ്മിപ്പിച്ചിരിക്കുന്നു.

സംസ്കാരവും ഭക്തിയുമുള്ള സ്ത്രീകളൊന്നും സുപ്രീം കോടതി പറയുന്നതുപോലെ ശബരിമലയിലേക്ക് പോകില്ല എന്ന് ഭക്തപരവശകളായ പല സ്ത്രീകളും സ്വന്തം വീഡിയോ പുറത്തുവിടുകയും സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഭക്തിയുടേയും വിശ്വാസത്തിന്‍റേയുമൊന്നും ആകെ കുത്തക ഇവരാരും ഏറ്റെടുക്കേണ്ടതില്ല. ഭക്തിയുള്ളവരും ഇല്ലാത്തവരുമൊക്കെ ഇപ്പോഴും ശബരിമലയിൽ പോകുന്നുണ്ട്. സ്ത്രീകളുടെ കാര്യത്തിലും ആരൊക്കെ പോകണം ആരൊക്കെ പോകണ്ട എന്ന് അവരവർ തീരുമാനിച്ചുകൊള്ളും. ചിലർ ഭക്തിയുടെ പേരിലാകും പോവുക. ചിലർ കൗതുകത്തിന്‍റെ പേരിലാകും, ചിലർ കാഴ്ച കാണാനാകും.

ഇപ്പോൾ അവിടെയെത്തുന്ന പുരുഷൻമാരുടെ ഉള്ളിലുള്ള വികാരമെന്താകും എന്ന് അളക്കാനുള്ള മീറ്ററൊന്നും തൽക്കാലം ശബരിമലയിൽ ഇല്ല. അതുതന്നെ സ്ത്രീകളുടെ കാര്യത്തിലും സംഭവിക്കും. ആർത്തവം കണ്ടുപിടിക്കാനുള്ള യന്ത്രം ശബരിമലയിൽ സ്ഥാപിക്കുമെന്ന് പണ്ട് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇതുപോലെയുള്ള വിഡ്ഢിത്തരങ്ങൾ കേട്ടുശീലിച്ച മലയാളികൾക്ക് ഇപ്പോഴുള്ള ഭക്തപരവശകളുടെ വീഡിയോകളും തള്ളിക്കളയാവുന്നതേ ഉള്ളൂ. സാധാരണ സ്ത്രീകളുടെ പ്രതികരണം അന്വേഷിച്ചപ്പോൾ കൂടുതൽ പേരും പറഞ്ഞത് ഇതുവരെ ഇല്ലല്ലോ, ഇനിയും പോകേണ്ട. പത്തുവയസിന് മുമ്പും അമ്പത് വയസിന് ശേഷവും പോയാൽ മതി, ആചാരങ്ങൾ പാലിക്കണം എന്നെല്ലാമാണ്. വളരെ സ്വാഭാവികമായ പ്രതികരണങ്ങളാണിത്. ഓർമ്മവച്ച കാലം മുതൽ ആർത്തവം അശുദ്ധിയാണെന്നും അമ്പലത്തിൽ പോകരുതെന്നും കേട്ടും മനസിലാക്കിയും അനുസരിച്ചും വളരുന്ന കുറേ പെൺകുട്ടികൾ സ്വന്തം ബുദ്ധിയിൽ ചിന്തിച്ച് ആ മുൻധാരണകളെ മാറ്റിയെടുക്കുന്നുണ്ട്. തുല്യത എന്ന അവകാശം നന്നായി മനസിലാക്കുന്നുണ്ട്. ആ മനസിലാക്കൽ വളരെ ബുദ്ധിമുട്ടുള്ള മറികടക്കലാണെന്ന് അതനുഭവിച്ചിട്ടുള്ളവർക്കറിയാം. എന്തുചെയ്യാം, ഒരുപാട് സ്ത്രീകൾക്ക് തുല്യത എന്ന വാക്കിന്‍റെ അർത്ഥം പോലും അറിയില്ല.

ശബരിമലയിൽ തീർത്ഥാടനകാലവും ദർശന സമയവുമൊക്കെ ഇനിയും കൂടിക്കൂടി വരും

വീട്ടിലെ പുരുഷൻമാരുടെ ഇഷ്ടം അനുസരിച്ച് അവരുടെ കാര്യങ്ങൾ നടത്തേണ്ടവരാണ് തങ്ങളെന്ന് ഉദ്ബോധിപ്പിക്കുകയും പെൺമക്കളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളാണ് നമുക്ക് ചുറ്റുമുള്ളവരിൽ അധികം പേരും. അവർക്ക് അമ്പത് വയസിന് മുമ്പേ ശബരിമലയിൽ കയറുക, ദർശനം നടത്തുക എന്നാൽ വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് മുമ്പ് സൂചിപ്പിച്ച തരം പ്രതികരണങ്ങൾ ഉണ്ടായത്. പക്ഷേ, അത് മാറും, അൽപ്പം സമയമെടുക്കും എന്നുമാത്രം. ഭക്തിയുടെ ഒരു വശമാണ് ദൈവഭയം. ദൈവകോപം ജീവിതത്തിൽ ഉണ്ടായാൽ ഭാവി മുടി‌ഞ്ഞുപോകുമോ എന്ന ഭയം. ആ ഭയം മാറണമെങ്കിൽ ചുറ്റും നല്ല അനുഭവങ്ങൾ കാണണം. അപ്പുറത്തെ വീട്ടിലെ ചേച്ചി മല കയറിയല്ലോ, അവരുടെ കുടുംബത്തിന് ഒന്നും പറ്റിയില്ലല്ലോ എന്നതരം ആശ്വാസം. ഇതൊക്കെയാണ് സാധാരണ വിശ്വാസികളുടെ മനസ്ഥിതി. അല്ലാതെ അവിടെ വലിയ സ്വതന്ത്രചിന്തയും കോടതിയുടെ വിപ്ലവ പരിപ്രേക്ഷ്യവും ഒന്നുമുണ്ടാകില്ല. അതിൽ അത്ഭുതപ്പെടാനുമില്ല. എല്ലാ കാലത്തും എല്ലാ സമരങ്ങളും എല്ലാ പ്രതിഷേധങ്ങളും ഇങ്ങനെയൊക്കെത്തന്നെ ഉണ്ടായതാണ്. കുറച്ചുകൂടി കഴിയുമ്പോൾ അത് സ്വാഭാവിക കാര്യങ്ങളാകും, പിന്നീട്, പുതിയ ആചാരങ്ങളാകും.

ശബരിമലയിൽ തീർത്ഥാടനകാലവും ദർശന സമയവുമൊക്കെ ഇനിയും കൂടിക്കൂടി വരും. അങ്ങനെയാണ് കാലം മാറുന്നത്. ഇന്ന് ഈ ക്ഷേത്രത്തിലുണ്ടായത് നാളെ മറ്റ് ആരാധനാലയങ്ങളിലും വരും, മതഭേദമില്ലാതെ. ലിംഗനീതി എന്നത് സ്ത്രീകളുടെ അവകാശമാണ്. അത് ആർക്കും തടഞ്ഞുനിർത്താൻ ആകില്ല. പക്ഷേ നമ്മുടെ രാഷ്ട്രീയ ഭൂരിപക്ഷത്തിന് ഇതൊന്നും മനസിലാകില്ല. അവർ ഏതോ കാലത്ത് ജീവിക്കുന്ന ജീവികളാണ്.

സ്ത്രീകളുടെ പ്രവേശനം വിലക്കിയിട്ടില്ല, ആചാരങ്ങളുടെ പേരിലുള്ള നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. വിധി വന്നതോടുകൂടി സാഹചര്യങ്ങൾ മാറിയെന്നും നമ്മുടെ രാജ്യത്തെ ആചാരങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത് എല്ലാ ക്ഷേത്രങ്ങളും ആചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയും അടിസ്ഥാനത്തിൽ മാത്രമാകണം പ്രവർത്തിക്കേണ്ടത് എന്നും അദ്ദേഹം പറയുന്നു! എന്താണ് ഈ പറഞ്ഞതിന്‍റെ അർത്ഥം? അതുപോട്ടെ, ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും കയറാമെന്ന കോടതി ഉത്തരവ് നന്നായോ മോശമായോ? ഡാം തുറന്നുവിട്ടകാര്യവും ബ്രുവറി അഴിമതിയുമൊക്കെ പറയുന്ന അതേ കൃത്യതയോടെ എന്തെങ്കിലുമൊന്ന് പറയണേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജീ. അതല്ലെങ്കിൽ വലിയ നാണക്കേടാണ്.

തെരഞ്ഞെടുപ്പ് ഭക്തന്‍റേതാണ്, അതവന്‍റെ മനസിലാണെന്ന് ബിജെപി സംസ്ഥാന പ്രസി‍ഡന്‍റ് പിഎസ് ശ്രീധരൻ പിള്ള. വിശ്വാസം അരക്കിട്ടുറപ്പിച്ച അചഞ്ചലമായ ഒന്നാണ്. അതിൽ എന്തെങ്കിലും ഊനം തട്ടിയാൽ വിശ്വാസിയുടെ മനസിന് വിഷമമുണ്ടാകും. ആരെയും വിഷമിപ്പിക്കാതെ ആരാധനാക്രമങ്ങൾ തുടർന്നുപോകണം എന്നും ശ്രീധരൻ പിള്ള. എതിർപ്പ് കടുപ്പിച്ച് പറഞ്ഞില്ലല്ലോ ശ്രീധരൻ പിള്ള, അത്രയും നല്ലത്. ആർഎസ്എസ് സർ കാര്യവാഹക് ഭയ്യാജി ജോഷി സ്ത്രീപ്രവേശനം നേരത്തേ തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. വേദപഠനവും ക്ഷേത്രപൂജയും വരെ ഇപ്പോൾ സ്ത്രീകൾ നടത്തുന്നുണ്ട്. ക്ഷേത്ര പ്രവേശന വിലക്കുകൾ മാറണം. എന്തിനാണ് ഈ വിവാദങ്ങൾ എന്നാണ് ആർഎസ്എസിന്‍റെ ചോദ്യം. ആർഎസ്എസിന്‍റെ നിലപാടിനെ എതിർക്കാൻ ശ്രീധരൻ പിള്ള വളർന്നിട്ടില്ല. എൻഎസ്എസിനേയും എസ്എൻഡിപിയേയും ഒക്കെ സുഖിപ്പിക്കുകയും വേണം. അതുകൊണ്ട് നിലനിൽപ്പിനായുള്ള വഴുക്കൻ നിലപാടായി മാത്രം ശ്രീധരൻപിള്ളയുടെ വാക്കുകളെ കണ്ടാൽ മതി.

സുപ്രീം കോടതിയിൽ സുപ്രധാന വിധികളെല്ലാം പറഞ്ഞത് ഭരണഘടനാ ബഞ്ചുകളാണ്. പലപ്പോഴും അതിൽ ഭിന്നസ്വരം വന്നു. ഒരു നിയമം, ഒരു ഭരണവ്യവസ്ഥ. അത് വ്യാഖ്യാനിക്കുന്നതിൽ അഞ്ച് ന്യായാധിപർക്ക് യോജിപ്പിൽ എത്താനാകാത്ത സ്ഥിതി, അതാണ് അതിനർത്ഥം. അഞ്ച് ന്യായാധിപർക്ക് യോജിക്കാനാകാത്ത വിധി ഇന്ത്യാമഹാരാജ്യത്തെ നൂറ്റിമുപ്പത്തിരണ്ടര കോടി ജനങ്ങൾ അംഗീകരിച്ച് നടപ്പാക്കുന്നതാണ് നമ്മുടെ ജനാധിപത്യ സംവിധാനം, നമ്മുടെ നീതിന്യായ സംവിധാനം. അപ്പോൾ ശബരിമല വിധിക്കാര്യത്തിൽ കേരളത്തിലെ മൂന്നേമുക്കാൽ കോടി ജനങ്ങൾക്ക് വ്യത്യസ്ഥ അഭിപ്രായം ഉണ്ടാകുന്നതിൽ എന്തിനാണിത്ര അത്ഭുതം? ആർ‍എസ്എസ് അനുകൂലിക്കുന്ന സംഗതിയെ എതിർക്കാൻ ഭയമുള്ളതുകൊണ്ടാണ് ശ്രീധരൻ പിള്ളയും ശോഭാസുരേന്ദ്രനും അടങ്ങുന്ന ബിജെപി സംഘം വിധി സിപിഎമ്മിന്‍റെ ചുമരിലേക്ക് ചാരുന്നത്.

ഇനി ഇതിന് സിപിഎമ്മിന്‍റെ മറുവാദമുണ്ട്. ഏക ഹിന്ദു, ഏക സിവിൽ കോഡ് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള നോട്ടമാണ് ആർഎസ്എസിന്‍റേത് എന്ന്. ഏകാത്മകതയും യൂണിഫോം സിവിൽ കോ‍ഡുമൊന്നും ആർഎസ്എസിന്‍റെ രഹസ്യ അജണ്ടയല്ല. എത്രയോ കാലമായി എല്ലാവർ‍ക്കും അറിയാവുന്ന കാര്യമാണത്. സ്ത്രീകളുടെ ലിംഗനീതി ചിലപ്പോഴെങ്കിലും നടപ്പിലാക്കിക്കി കിട്ടുന്നത് കോടതി വിധികളിലൂടെയാണ്. അപ്പോഴല്ല അതിനെ യൂണിഫോം സിവിൽകോഡ് കാട്ടി പേടിപ്പിക്കേണ്ടത്.

ഏതെങ്കിലും ചട്ടം വച്ച് സ്ത്രീകളെ മാത്രം തടയുന്ന ഏർപ്പാട് ഇനി വേണ്ട എന്നർത്ഥം

ഇന്ത്യൻ പൗരൻ എന്ന നിലക്ക് ഇന്നാട്ടിലെ സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരേതരം അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വേണം. ക്ഷേത്രത്തിൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യവും ഉണ്ടാകട്ടെ. പോകണം എന്നുള്ളവർ പോകട്ടെ, വേണ്ട എന്നുള്ളവർ പോകാതിരിക്കട്ടെ. ആ തീരുമാനം സ്ത്രീകൾ സ്വന്തമായി എടുക്കണം, എടുക്കാനാകും. അതിനുള്ള അവകാശമാണ് സുപ്രീം കോടതി കൊടുത്തത്. ഏതെങ്കിലും ചട്ടം വച്ച് സ്ത്രീകളെ മാത്രം തടയുന്ന ഏർപ്പാട് ഇനി വേണ്ട എന്നർത്ഥം. ഓരോരുത്തരുടേയും വിശ്വാസവും വിശ്വാസമില്ലായ്മയും അവരവരുടെ മാത്രം പ്രശ്നമാണ്. മറ്റുള്ളവരെ ആശ്രയിച്ചല്ല അതിന്‍റെ നിലനിൽപ്പ്. ആറ്റുകാൽ പൊങ്കാലക്ക് അവസരം വേണമെന്നുള്ള പുരുഷൻമാർ എത്രയും പെട്ടെന്ന് അതിനായി നീങ്ങട്ടെ. മാറ്റം വന്നിരിക്കുന്നു. അത് അംഗീകരിക്കാതെ ഇനി ആർക്കും മുന്നോട്ടുപോകാൻ ആകില്ല.

ബ്രിട്ടീഷ് മാതൃകയിൽ വിക്ടോറിയൻ സദാചാരസങ്കൽപ്പം അനുസരിച്ച് ഉണ്ടാക്കിവച്ച നിയമസംഹിതയാണ് നമുക്ക് ഇപ്പോഴുമുള്ളത്. മനുഷ്യൻ ജീവിതത്തിൽ മാറുന്നതനുസരിച്ച് കാലാകാലങ്ങളിൽ നിയമങ്ങളെല്ലാം പരിഷ്കരിക്കണം. ഒരുപാട് നിയമങ്ങൾ പരിഷ്കരിക്കപ്പെടാതെ കിടക്കുകയാണ്. രാഷ്ട്രീയമായി ഇടപെടാൻ താൽപ്പര്യമില്ലാത്ത, നിലപാടെടുക്കാൻ പറ്റാത്ത വിഷയങ്ങളെല്ലാം കോടതിയുടെ ചുമലിലേക്ക് തട്ടിക്കൊടുക്കുന്ന ഏർപ്പാട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുണ്ട്. അതുകൊണ്ടാണ് പല നിയമങ്ങളും പരിഷ്കരിക്കേണ്ട ബാധ്യത കോടതിക്ക് മാത്രമായി മാറുന്നത്. കിട്ടിയ അവസരം കോടതി നന്നായി ഉപയോഗിക്കുകയും ചെയ്യും. സ്വന്തം പ്രവർത്തനത്തിൽ കൃത്യമായ സുതാര്യത ഉറപ്പുവരുത്താത്ത, സ്വന്തം പ്രവർത്തനത്തിലെ ആരോപണങ്ങൾ ഒഴിവാക്കാൻ ഇതുവരെ കഴിയാത്ത സുപ്രീം കോടതി അടക്കമുള്ള കോടതികൾ കിട്ടിയ അവസരം നന്നായി ഉപയോഗിച്ച് നിയമപരിഷ്കരണം നടത്തുകയും എല്ലാത്തിന്‍റേയും നല്ല ശമരിയാക്കാരായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത്. അതിന്‍റെ ഫലമായുണ്ടാകുന്നതോ? പാർലമെന്‍ററി സംവിധാനം ദുർബലമാകുന്നു.

Follow Us:
Download App:
  • android
  • ios