Asianet News MalayalamAsianet News Malayalam

നിയമസഭയിലെ ചര്‍ച്ച കണ്ടാലറിയാം പുതിയ കേരളം പോകുന്ന ദിശ!

അധ്വാനിച്ച് ജോലി ചെയ്യുന്നതിന്‍റെ ശമ്പളവും കൂലിയും കൊണ്ട് ജീവിക്കുന്ന ആളുകൾ അവരുടെ ഒരു മാസത്തെ അധ്വാനത്തിന്‍റെ ഫലം മുഖ്യമന്ത്രിയുടെ പുനർനിർമ്മാണ ഫണ്ടിലേക്ക് നൽകുമ്പോൾ അത് അതിനുതന്നെ വിനിയോഗിക്കണം എന്നവർക്ക് നിർബന്ധമുണ്ടാകും. അതുകൊണ്ടാണ് ചില സംശയങ്ങൾ ചിലരെങ്കിലും പറയുന്നത്.

cover story sindhu sooryakumar
Author
Thiruvananthapuram, First Published Sep 3, 2018, 2:50 PM IST

മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് പിണറായി വിജയനാണ്, അതുകൊണ്ട് ശരി മാത്രമേ നടക്കൂ എന്ന് കണ്ണടച്ചു വിശ്വസിക്കാൻ അദ്ദേഹത്തിന്‍റെ ആരാധകർക്ക് എല്ലാ അവകാശവുമുണ്ട്. പക്ഷേ, പിണറായി വിജയന്‍റെ ആരാധകരല്ലാത്ത വലിയൊരു വിഭാഗം ഇവിടെ രാഷ്ട്ര പുനർനിർമ്മാണത്തിന് സംഭാവന നൽകാൻ തയ്യാറാണ്. നാട് നന്നാകണം എന്നാഗ്രഹിക്കുന്നവരുടെ ആശങ്കകളും സംശയങ്ങളും അവർ ഉന്നയിക്കുന്ന 'പക്ഷേ'കളും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുമ്പോൾ പിണറായി വിജയൻ പരിഗണിക്കേണ്ടതാണ്. എങ്കിൽ മാത്രമേ നാടിന്‍റെ പുനർനിർമ്മാണത്തിന് എല്ലാവരും കൂടെയുണ്ടാകൂ.

cover story sindhu sooryakumar

55 ലക്ഷത്തോളം കേരളീയരെ നേരിട്ട് ബാധിച്ച പ്രളയം. ഒരുപാടുപേരെ അത് വീടും, തൊഴിലും ഒന്നുമില്ലാത്തവരാക്കി. അതിൽ നിന്ന് കേരളത്തെ മെച്ചപ്പെട്ട നിലയിൽ പുനർനിർമ്മിക്കും എന്നാണ് കഴിഞ്ഞ ദിവസം നമ്മുടെ നിയമസഭ ഒന്നിച്ചു പാസാക്കിയ പ്രമേയം പറയുന്നത്. എന്താണ് ഈ മെച്ചപ്പെട്ട പുനർ‍നിർമ്മാണം? കഴിഞ്ഞ ദിവസം നിയമസഭയിൽ കണ്ടതാണ് രീതിയെങ്കിൽ ആവേശക്കമ്മിറ്റി ഉടനേ പിരിച്ചുവിടണം. അത്രമാത്രം ഭാവനാദാരിദ്ര്യം ഉള്ളതായിരുന്നു ആ ചർച്ച. നാട്ടുകാരെല്ലാവരും കൂടി നല്ല മനസോടെ സംഭാവന ചെയ്ത ദുരിതാശ്വാസ സാമഗ്രികൾ അതർഹതപ്പെട്ടവർക്ക് കൊടുക്കുന്നതിന് കുട പിടിച്ചു നിൽക്കുന്ന ചില സിപിഎം നേതാക്കളുടെ ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. അതുപോലെ ഒരുപാടു ദൃശ്യങ്ങൾ പാർട്ടിക്കാർക്കെതിരെ പരാതികളായി പുറത്തുവന്നിട്ടുണ്ട്. പാർട്ടി ഇതിനെതിരെ നടപടി എടുത്തു കണ്ടിട്ടില്ല. നിലവിലുള്ള സാഹചര്യം ഇതായിരിക്കെ 'മെച്ചപ്പെട്ട കേരളം' എന്ന് നാം പുനർനിർമ്മിക്കാൻ പോകുന്നത് എന്തിനെയാണ്? അതിന്‍റെ നിർവചനം എന്താണെന്ന് സർക്കാർ എപ്പോൾ പറയും?  

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. പുതിയ കേരള നിർമ്മിതി എന്ന ചർച്ചയിലേക്ക് സർക്കാരും സമൂഹവും കടന്നിരിക്കുന്നു. നിയമസഭാ ചർച്ചക്കിടെ പികെ ബഷീർ എംഎൽഎ പറഞ്ഞത്, "അനധികൃതമായ എല്ലാ കെട്ടിടങ്ങളും റഗുലറൈസ് ചെയ്ത് 2017ൽ നിയമം പാസാക്കിയത് നിങ്ങളാണ്, ഞങ്ങളല്ല, അത് മനസ്സിലാക്കണം. എല്ലാം നിങ്ങളുതന്നെ പറയും. എല്ലാം നിങ്ങളുതന്നെ ചെയ്യുകയും ചെയ്യും. എല്ലാ അനധികൃത കെട്ടിടങ്ങളും എല്ലാ കുന്നിടിച്ചതും എല്ലാ പാടം നികത്തിയതും റെഗുലറൈസ് ചെയ്യാൻ പറഞ്ഞത് നിങ്ങളല്ലേ. ഈ സർക്കാരല്ലേ? നിങ്ങൾ അതിൽനിന്ന് പഠിക്കണം." എന്നാണ്. 

പറഞ്ഞത് പികെ ബഷീറാണെങ്കിലും സംഗതി സത്യം. പിണറായി സർക്കാർ ഈ തെറ്റ് തിരുത്തുമോ? നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിലെ വെള്ളം ചേർക്കൽ ഭേദഗതിയൊക്കെ വേണ്ട എന്നുവയ്ക്കുമോ?

വീണ ജോർജ് എംഎൽഎയുടെ വാക്കുകൾ ഇങ്ങനെയാണ്, "ആറൻമുളയുടെ, ചെങ്ങന്നൂരിന്‍റെ, തിരുവല്ലയുടെ അതിരുകളിലൂടെ ഒഴുകുന്ന വരട്ടാർ ഈ സർക്കാർ വന്നതിനു ശേഷമാണ് വീണ്ടെടുത്തത്. വരട്ടാർ വീണ്ടെടുത്തില്ലായിരുന്നെങ്കിൽ ആ ഭാഗത്തെ പ്രളയ ദുരന്തം ഇതിലും ഭീകരമാകുമായിരുന്നു. നമുടെ ഒരുപാട് കാഴ്ച്ചപ്പാടുകളിൽ മാറ്റം ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ പ്രവർത്തനങ്ങൾ പുനക്രമീകരിക്കേണ്ടതുണ്ട്."

'ഇതേ ആറൻമുളയിൽ വിമാനത്താവളം കൂടി ഉണ്ടാകുമായിരുന്നെങ്കിൽ അവിടെ എന്തെങ്കിലും ബാക്കിയുണ്ടാകുമായിരുന്നോ' എന്ന് ചോദിക്കേണ്ട ഉത്തരവാദിത്തം വീണ ജോർജ് മനപൂർവം മറന്നതാണോ? ഉമ്മൻചാണ്ടിയും പിണറായിയും വിഎസും പിന്തുണച്ച പദ്ധതിയായിരുന്നു ആറന്‍മുള വിമാനത്താവള പദ്ധതിയെന്ന് വീണയ്ക്ക് അറിവില്ലായിരുന്നോ?

ഇനി കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ വാക്കുകൾ. " കുട്ടനാട്ടിൽ ഞാനൊരുപാട് വെള്ളപ്പൊക്കം കണ്ടവനാ. പക്ഷേ എന്‍റെ വീടിനകത്തിപ്പോൾ ഒന്നരയടി ചെളിയുണ്ട്. ഈ ചെളിവെള്ളം എവിടുന്നു വന്നതാ സാർ? ഡാമിൽ നിന്നു വരുന്ന വെള്ളം കണ്ണുനീരുപോലാ ഇരിക്കുന്നേ. ഇത്രയും ചെളി അടിയണമെങ്കിൽ എത്രയായിരം ഉരുളുകൾ നമ്മൾ അറിഞ്ഞതും അറിയാത്തതും പൊട്ടിക്കാണണം? തീർച്ചയായും ഞങ്ങൾക്ക് ഒരു സന്തോഷമുണ്ട്, അടുത്ത പ്രാവശ്യം കൃഷിക്ക് വളമിടേണ്ട. പാടത്ത് ഒന്നരയടി ഘനത്തിൽ മലയിലെ വളക്കൂറുള്ള മണ്ണ് വന്നവിടെ കിടപ്പുണ്ട്."

കായൽ വളഞ്ഞുവച്ചും പാടം നികത്തിയും സ്വന്തം സാമ്രാജ്യം വലുതാക്കിയപ്പോൾ ഇതൊന്നും തോമസ് ചാണ്ടി ഓർത്തിരുന്നില്ല. ജൂലൈയിൽ കുട്ടനാട് പ്രളയത്തിൽ മുങ്ങിയപ്പോഴും, ഓഗസ്റ്റിൽ രണ്ടാമതും മുങ്ങിയപ്പോഴും ആ ഭാഗത്തെങ്ങും ഇല്ലാതിരുന്ന എംഎൽഎ സ്വന്തം സാമ്രാജ്യത്തിൽ ചെളി കയറിയപ്പോഴാകും നാട്ടിലെത്തിയത്. ഏതായാലും രാജു എബ്രഹാമും, സജി ചെറിയാനും വേണ്ട, മേഖലയിൽ നിന്ന് വീണ ജോർജും തോമസ് ചാണ്ടിയും, സുരേഷ് കുറുപ്പും വാഴ്ത്തിപ്പാടട്ടെ എന്ന തീരുമാനമാണ് പിണറായി വിജയന്‍റെ രാഷ്ട്രീയമെന്നും മറക്കരുത്. ആ രാഷ്ട്രീയമാണ് മെച്ചപ്പെട്ട കേരളം പുനർനിർമ്മിക്കാൻ പിന്തുടരുന്നതെങ്കിൽ അവിടെ ഭിന്നസ്വരങ്ങൾക്ക് സ്ഥാനമുണ്ടോ എന്നകാര്യം സംശയമാണ്. ചെയ്യുന്നതെല്ലാം ഗംഭീരം എന്നു വാഴ്ത്തുന്ന ഒരു കൂട്ടത്തെ നയിക്കുന്നയാൾക്ക് കൂടുതൽ നല്ല വഴികളും ശരികളും പറഞ്ഞുകൊടുക്കാൻ ആളുണ്ടാവില്ല. അതീവ ഗൗരവമുള്ള സാഹചര്യമാണത്. അതുകൊണ്ടാണ് സജി ചെറിയാനും, രാജു എബ്രഹാമിനും നിയമസഭയിൽ സംസാരിക്കാൻ അവസരം കിട്ടിയില്ല എന്നത് വളരെ ഗൗരവമായി കാണേണ്ടത്.

പരിസ്ഥിതി, തൊഴിൽ നിയമങ്ങളെല്ലാം ലംഘിച്ച് അമ്യൂസ്മെന്‍റ് പാർക്ക് നടത്തുന്ന പിവി അൻവർ എംഎൽഎക്കും നിയമസഭയിൽ പരിസ്ഥിതി ക്ലാസ് നടത്താൻ പിണറായി വിജയന്‍റെ അനുവാദം കിട്ടി. അത് വളരെ മികച്ച തീരുമാനം ആയിരുന്നു.

"ജനവാസ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലുകൾ മാത്രമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിലെ വനപ്രദേശങ്ങളിൽ ആയിരക്കണക്കിന് ഉരുൾ പൊട്ടലുകളുണ്ട്. അതിന്‍റെ കൃത്യമായ കണക്കെടുക്കാൻ സാറ്റലൈറ്റ് സർവേയിലൂടെ മാത്രമേ സാധ്യമാകൂ. ഈ നാട്ടിൽ നടക്കുന്ന പുരോഗമന പ്രവർ‍ത്തനങ്ങളുടെ ഭാഗമാണ് ഇവിടത്തെ കാലാവസ്ഥാവ്യതിയാനവും, ഈ ഉരുൾപൊട്ടലും, ഈ വെള്ളപ്പൊക്കവുമെന്ന് ചിലരിവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ജെസിബി പോയിട്ട് ഒരു കൈക്കോട്ടുപോലും വയ്ക്കാത്ത വനപ്രദേശത്ത് എന്തുകൊണ്ടാണ് ആയിരക്കണക്കിന് ഉരുൾപൊട്ടിയതും മണ്ണൊലിപ്പുണ്ടായതും?"

കഴിഞ്ഞ രണ്ടു മാസത്തിനിടെ എംഎൽഎയുടെ തീം പാർക്കിൽ എട്ടിടത്താണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായത്. അപകടമുണ്ടാക്കാതെ ജലസംഭരണിയിലെ വെള്ളം ഒഴുക്കിക്കളയണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചത് എംഎൽഎ പുല്ലുവില കൽപ്പിച്ച് തള്ളിക്കളഞ്ഞു. ഇതൊക്കെ നിലനിർത്തിക്കൊണ്ടാണോ മുഖ്യമന്ത്രി പിണറായി വിജയൻ മെച്ചപ്പെട്ട കേരളം നിർമ്മിക്കാൻ ഇറങ്ങുന്നത്?

അധ്വാനിച്ച് ജോലി ചെയ്യുന്നതിന്‍റെ ശമ്പളവും കൂലിയും കൊണ്ട് ജീവിക്കുന്ന ആളുകൾ അവരുടെ ഒരു മാസത്തെ അധ്വാനത്തിന്‍റെ ഫലം മുഖ്യമന്ത്രിയുടെ പുനർനിർമ്മാണ ഫണ്ടിലേക്ക് നൽകുമ്പോൾ അത് അതിനുതന്നെ വിനിയോഗിക്കണം എന്നവർക്ക് നിർബന്ധമുണ്ടാകും. അതുകൊണ്ടാണ് ചില സംശയങ്ങൾ ചിലരെങ്കിലും പറയുന്നത്. 'ഞങ്ങൾ ഇന്ന കാര്യത്തിനാണ് പണം നൽകുന്നത്. അത് അതിനു മാത്രമേ ഉപയോഗിക്കാവൂ' എന്നു പറയാൻ പണം കൊടുക്കുന്ന ആളുകൾക്ക് അവകാശമുണ്ട്. മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് പിണറായി വിജയനാണ്, അതുകൊണ്ട് ശരി മാത്രമേ നടക്കൂ എന്ന് കണ്ണടച്ചു വിശ്വസിക്കാൻ അദ്ദേഹത്തിന്‍റെ ആരാധകർക്ക് എല്ലാ അവകാശവുമുണ്ട്. പക്ഷേ, പിണറായി വിജയന്‍റെ ആരാധകരല്ലാത്ത വലിയൊരു വിഭാഗം ഇവിടെ രാഷ്ട്ര പുനർനിർമ്മാണത്തിന് സംഭാവന നൽകാൻ തയ്യാറാണ്. നാട് നന്നാകണം എന്നാഗ്രഹിക്കുന്നവരുടെ ആശങ്കകളും സംശയങ്ങളും അവർ ഉന്നയിക്കുന്ന 'പക്ഷേ'കളും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുമ്പോൾ പിണറായി വിജയൻ പരിഗണിക്കേണ്ടതാണ്. എങ്കിൽ മാത്രമേ നാടിന്‍റെ പുനർനിർമ്മാണത്തിന് എല്ലാവരും കൂടെയുണ്ടാകൂ.

ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ: "നമ്മുടെ ശക്തി നാം തിരിച്ചറിയണം. നമ്മുടെ ശക്തി എന്നത് സംസ്ഥാനത്തെ ഖജനാവിന്‍റെ ശക്തിയല്ല. നമ്മുടെ നാടിനൊരു കരുത്തുണ്ട്. നമ്മുടെ നാട് ലോകമാകെ വ്യാപിച്ചു കിടക്കുകയാണ്. ഇതിലെ ഓരോരുത്തരും ജോലിയെടുക്കുന്നവരാണ്. അങ്ങനെയുള്ളവരെല്ലാം ഒരു മാസത്തെ ശമ്പളം ഈ കാര്യത്തിന് നൽകുന്നു എന്നു നമ്മൾ സങ്കൽപ്പിക്കുക. ഇപ്പോൾ ഞാനൊരു സങ്കൽപ്പമാണ് പറയുന്നത്. പക്ഷേ യാഥാർത്ഥ്യമാകാൻ പോകുന്ന ഒരു കാര്യമാണ് ഞാൻ പറയുന്നത്. ഒരു മാസത്തെ ശമ്പളം ഒന്നിച്ചു കൊടുക്കാൻ പ്രയാസമായിരിക്കും. എന്നാൽ ഒരുമാസം മൂന്നു ദിവസത്തെ ശമ്പളം കൊടുക്കാമല്ലോ? അങ്ങനെ പത്തുമാസം കൊണ്ട് മുപ്പത് ദിവസത്തെ ശമ്പളം കൊടുത്താൽ നമുക്കു കിട്ടുന്ന കോടികൾ എത്രയായിരിക്കും? ഇവിടെയുള്ളവർ മാത്രമല്ല, രാജ്യത്തും ലോകത്തുമെല്ലാം ഉള്ള മലയാളികൾ ഈ ഘട്ടത്തിൽ 'എന്‍റെ നാട് പുതുക്കിപ്പണിയണം' എന്നുകണ്ട് സഹകരിക്കാൻ തയ്യാറായാൽ നമുക്ക് പണത്തിന് ഒരു ക്ഷാമവും ഉണ്ടാകില്ല"

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് ചികിത്സാ സഹായം, ചില നേതാക്കൾ മരിക്കുമ്പോൾ കുടുംബത്തിനുള്ള സഹായം, രാഷ്ട്രീയ കൊലകളിൽ ജീവൻ പോയവരുടെ കുടുംബത്തിന് സഹായം അങ്ങനെ പല ഉപയോഗങ്ങളുണ്ട്. അതൊക്കെ സർക്കാരിന്‍റെ ബാധ്യത, ഉത്തരവാദിത്തം. പ്രളയത്തിൽ നശിച്ച നാടിനെ വീണ്ടെടുക്കാനാണ് ഇപ്പോൾ സാധാരണ മനുഷ്യർ അവരെക്കൊണ്ടാകുന്ന പോലെല്ലാം നൽകുന്നത്. ആ പണം അതിനുമാത്രം ഉപയോഗിക്കുന്നു എന്നുറപ്പു വരുത്താൻ മുഖ്യമന്ത്രിയുടെ വാക്കിന്‍റെ മാത്രം ഉറപ്പ് പോരാ. ഒരുഭാഗത്ത് മുഖ്യമന്ത്രി ഉറപ്പുപറയുമ്പോൾ മറുഭാഗത്ത് പിണറായി വിജയന്‍റ ആരാധകർ സംശയം പറയുന്നവരേയും ഉറപ്പു ചോദിക്കുന്നവരേയും ആക്ഷേപിക്കുന്നുണ്ട്. ആരാധകർക്ക് എന്തുമാകാം. പക്ഷേ മുഖ്യമന്ത്രി എല്ലാവരുടേയും ആശങ്കൾ പരിഗണിക്കേണ്ട ആളാണ്. സുതാര്യമായ നടപടികൾ തന്നെ വേണം. പ്രതിപക്ഷം വിമർശിക്കും. അത് കാര്യമാക്കേണ്ട എന്ന രീതി തീരെ ശരിയല്ല. മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശനിയമപ്രകാരം നൽകേണ്ടതില്ല എന്ന് തീരുമാനിച്ച സർക്കാരാണ് പിണറായി വിജയന്‍റെ സർക്കാർ. ലോക കേരള സഭ എന്ന ഉടായിപ്പ് സഭയുടെ ഓഡിറ്റ് കണക്കുകൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. സെക്രട്ടേറിയറ്റിന് പത്ത് കിലോമീറ്റർ പരിസരത്തുള്ള ഓഖി ബാധിത പ്രദേശത്ത് ഒന്നു പോകാൻ അഞ്ച് ദിവസം എടുത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

ജൂലൈയിൽ കുട്ടനാട് ആദ്യഘട്ടം പ്രളയത്തിൽ മുങ്ങിക്കിടന്നപ്പോൾ ജി.സുധാകരനും തോമസ് ഐസക്കും പി.തിലോത്തമനും ഒന്നും ഇപ്പോഴത്തേത് പോലെ അവിടെ ഇറങ്ങിയിട്ടില്ല. മുഖ്യമന്ത്രിയാകട്ടെ അവിടമൊന്ന് കാണാൻ പോലും പോയിട്ടില്ല. മഹാപ്രളയത്തിൽ മുങ്ങിയപ്പോൾ ആദ്യമുണ്ടായത് വലിയ പാളിച്ചകളാണെന്ന് അനുഭവസ്ഥർക്ക് മറക്കാനാകില്ല. പിന്നീടത് തിരുത്താൻ നോക്കിയതും ദുരിതാശ്വാസം ഊർജ്ജിതമാക്കിയതും പുതിയ കേരള ചർച്ചകൾ തുടങ്ങിയതുമെല്ലാം നല്ലത്. അതിനെല്ലാം സ‍ർക്കാരിന് പിന്തുണയുമായി പൊതുസമൂഹം ഉണ്ട്, പ്രതിപക്ഷമുണ്ട്, മാധ്യമങ്ങളുണ്ട്, ജനങ്ങളാകെയുണ്ട്. ഇന്നിങ്ങനെ ആയതുകൊണ്ട് മാത്രം ഇന്നലെകൾ ഇല്ലാതാകില്ല. ഇന്നലെകളും ഇന്നും പരിഗണിച്ചുകൊണ്ട് മാത്രമേ നാളെയെക്കുറിച്ച് ആലോചിക്കാനാകൂ.

നിലവിലുള്ളത് രണ്ടുതരം മനുഷ്യരാണ്. വിജയൻ വാഴ്ത്തുപാട്ടുകാരും വിജയൻ വീഴ്ത്തുപാട്ടുകാരും. ഇതിലൊന്നിലും ചേരേണ്ട ആവശ്യമില്ല. സുനാമി ഫണ്ട് പാലായിലെ റോഡിലെത്തിയ കഥ നാം കണ്ടതാണ്. ദുരിതവും, ദുരിതത്തിന്‍റെ ആഘാതവും പെട്ടെന്ന് ജനങ്ങൾ മറക്കും. പൊതുഫണ്ട് വഴിമാറുന്നത് നമ്മളൊരുപാട് കണ്ടിട്ടുള്ളതുമാണ്. മുമ്പിലുള്ള വസ്തുതകൾ ഇതായിരിക്കെ ഒരു ഭരണാധികാരി എന്ന നിലക്ക് പിണറായി വിജയൻ എന്തുചെയ്യുന്നു എന്നത് വിമർശനബുദ്ധിയോടെ തന്നെയാണ് നോക്കിക്കാണുന്നത്. പൊതുസമൂഹത്തിന്‍റെ മനോവിചാരത്തിന് വലിയ വിലയൊന്നും കൽപ്പിച്ചിട്ടുള്ളയാളല്ല ഇതുവരെ പിണറായി വിജയൻ. ഇപ്പോളീ പ്രളയകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖം വേറെയാണ്, അദ്ദേഹമുണ്ടാക്കുന്ന പ്രതിച്ഛായ വേറെയാണ്. അതിനുമുമ്പുള്ളത് മറ്റൊന്നും. അതുകൊണ്ട് പിണറായി വിജയൻ നവകേരളത്തിന്‍റെ നിർമ്മാണത്തിനായി ഇറങ്ങുമ്പോൾ അതിന്‍റെ കൺസൾട്ടൻസി ആരാണ്, ആരാണ് ഇതെല്ലാം ഏറ്റെടുക്കുന്നത്, ഏതുതരത്തിലാണ് വരുന്നത് ഇതെല്ലാം പൊതുസമൂഹം നോക്കിക്കൊണ്ടേയിരിക്കും. ചർച്ച ചെയ്യും, അഭിപ്രായം പറയും. അതെല്ലാം അങ്ങനെതന്നെ ജനാധിപത്യത്തിൽ ഉണ്ടാവുകയും വേണം.

വ്യക്തിപൂജ: മോദിയും പിണറായിയും കാണേണ്ട ചിലതുണ്ട്

കേന്ദ്രത്തിലായാലും, കേരളത്തിലായാലും ഇപ്പോൾ രാഷ്ട്രീയത്തിൽ നടക്കുന്നത് വ്യക്തിപൂജയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ശ്രമിച്ചു, ഫാസിസ്റ്റ് വിരുദ്ധ ഗൂഢാലോചന നടത്തി എന്നൊക്കെയാണ് ഇപ്പോൾ അറസ്റ്റിലായ 'അർബൻ നക്സലുകൾ' എന്ന് ആരോപിക്കപ്പെടുന്നവരുടെ മേൽ ചുമത്തിയിട്ടുള്ള കുറ്റം. പുറത്തു പറയുന്നതും കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളും രണ്ടുതരം കാര്യങ്ങളാണ് വിശദീകരിക്കുന്നത്. മൊത്തത്തിൽ വായിച്ചാലും വിശകലനം ചെയ്താലും ആർക്കും മനസ്സിലാകും ഇതൊരുതരം വ്യക്തി കേന്ദ്രീകൃത നിലപാടുകളാണ് എന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് ചെറിയ വ്യക്തികളെ ഭയപ്പെടുന്നത് എന്നറിയില്ല. ഇനി അദ്ദേഹത്തിനാണോ അദ്ദേഹത്തിന് ചുറ്റും നിൽക്കുന്നവർക്കാണോ ഈ വക താൽപ്പര്യങ്ങൾ എന്നറിയില്ല.

ഇനി കേരളത്തിലാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടികളെ വിമർശിക്കുകയാണെങ്കിൽ ഇതുപോലെയാണ് ഭക്തജനസംഘം ചാടിവീഴുന്നത്. ഇപ്പോൾ ഈ പ്രളയ രക്ഷാപ്രവർത്തന പുനർനിർമ്മാണ കാലത്ത് പിണറായി വിജയൻ മാധ്യമങ്ങളോട് സംസാരിക്കുന്നത് ഒരു പ്രത്യേക തരത്തിലാണ്. ഇതായിരുന്നില്ല ഇതുവരെ അദ്ദേഹത്തിന്‍റെ രീതി. ഈ പ്രളയകാലം കഴിഞ്ഞാൽ ഇതായിരിക്കുമോ അദ്ദേഹത്തിന്‍റെ രീതി എന്നും അറിയില്ല. 

പ്രതിച്ഛായാ നിർമ്മിതിക്ക് മാധ്യമങ്ങളെ ഉപയോഗിക്കാൻ മുമ്പും പിണറായി വിജയന് കഴിഞ്ഞിട്ടുണ്ട്, ഇപ്പോഴും അദ്ദേഹം അതുചെയ്യുന്നുണ്ട്. മാധ്യമങ്ങളുമായുള്ള നല്ല ബന്ധം എന്നത് പിണറായി വിജയന്‍റെ അജണ്ടയല്ല. മാധ്യമങ്ങളുടെ പരിലാളന അദ്ദേഹത്തിന് വേണ്ട എന്ന് ആരാധകർ പറയുമ്പോഴും, അവനവന്‍റെ ആവശ്യത്തിന്, സർക്കാരിന്‍റെ പ്രതിച്ഛായ നന്നാക്കുന്നതിന്, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്നതിന് മാധ്യമങ്ങളെ പിണറായി വിജയൻ ഉപയോഗിച്ചിട്ടേ ഉള്ളൂ.

വി.എസ് പറഞ്ഞതും കേള്‍ക്കണം

വിഎസ് അച്യുതാനന്ദന്‍റെ നിയമസഭയിലെ വാക്കുകൾ പകർത്തട്ടെ, "ദുരന്തത്തിന്‍റെ ആക്കം കൂട്ടിയത് കുന്നിടിച്ചിലും, ഉരുൾപൊട്ടലും ആണെന്നത് തർക്കമില്ലാത്ത സംഗതിയാണ്. ആ കുന്നിടിച്ചിലുകൾക്ക് ആക്കം കൂട്ടിയത് നാം പ്രകൃതിയിൽ നടത്തിയ ഇടപെടലുകളാണ്. സ്വയം വിമർശനപരമായി പറഞ്ഞാൽ നമ്മുടെ നയരൂപീകരണത്തിലാണ് പിഴവ് സംഭവിച്ചത്. സർ, ഇതെന്‍റെ ഒരു പുതിയ വെളിപ്പെടുത്തലല്ല. എത്രയോ കാലമായി ശാസ്ത്രീയമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നാം കേട്ടുവരുന്നതാണ്."

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പായിരുന്നു എങ്കിൽ പ്രളയം വരില്ലായിരുന്നോ? കാടിന് നടുക്കല്ലേ മണ്ണൊലിച്ചത് എന്നൊക്കെ ചോദിക്കുന്നവരാണ് ഒരുപാട് പേർ. നാടിന്‍റെ പരിസ്ഥിതി സംരക്ഷിക്കാൻ ഉതകുന്ന റിപ്പോർട്ടിനെ രാഷ്ട്രീയമായാണ്, ശാസ്ത്രീയമായല്ല കാണേണ്ടതെന്ന് സിപിഎം മാറിച്ചിന്തിച്ചേ പറ്റൂ. ഉരുൾപൊട്ടലും മണ്ണൊലിപ്പും വെള്ളപ്പൊക്കവുമുണ്ടാകുന്ന ദേശത്ത് ഇതിന്‍റെ ആഘാതം പരമാവധി കുറച്ച് ജനങ്ങൾക്ക് സുരക്ഷിതജീവിതം ഉണ്ടാക്കാനാകണം സ‍ർക്കാർ ശ്രമിക്കേണ്ടത്. അല്ലാതെ വോട്ടുബാങ്കിനും കയ്യടിക്കും വേണ്ടിയുള്ള താൽക്കാലിക പരിഹാരമാർഗ്ഗങ്ങളല്ല.

ഇനി എസ്.രാജേന്ദ്രൻ എംഎൽഎ നിയമസഭയിൽ പറഞ്ഞ വാക്കുകള്‍:  "സർ, ഇവിടെ ഗാഡ്ഗിലും കസ്തൂരിയും അതുപോലെ കാലാവസ്ഥാനിരീക്ഷകരും പരിസ്ഥിതിവാദികളുമെല്ലാം പ്രഖ്യാപിച്ച പ്രവചനത്തിനെല്ലാം അപ്പുറത്തേക്ക് പ്രകൃതി ഒരു സന്ദേശവും ഒരു വിധിയും നൽകി. ഇതൊന്നും അതിന്‍റെ മുമ്പിലില്ല. ഇതിനെയൊന്നും ഉൾക്കൊള്ളേണ്ട കാര്യമില്ല. പക്ഷേ, പ്രത്യേകമായ ഈ സാഹചര്യത്തെ മനസ്സിലാക്കിക്കൊണ്ട് പരസ്പര സഹകരണത്തിൽ പോകണം എന്നുള്ള അഭിപ്രായത്തോടുകൂടി തന്നെയാണ്. ഡാമുകൾ വന്നതുകൊണ്ടോ കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ അല്ലെങ്കിൽ പ്ലം ജൂഡി പോലെയുള്ള ഹോട്ടലുകൾക്ക് നോട്ടീസ് കൊടുക്കുന്നതുകൊണ്ടോ ഒന്നും പ്രകൃതിയുടെ വിധിയെ നമുക്കൊന്നും മറികടക്കാനാകില്ല, അതിജീവിക്കാനാകില്ല."

നിയമലംഘനത്തെ ഞെളിഞ്ഞുനിന്ന് ന്യായീകരിക്കുന്ന ഇമ്മാതിരി ആളുകളെ ഒഴിവാക്കിയാൽത്തന്നെ കേരളം പകുതി മെച്ചപ്പെടും. മെച്ചപ്പെട്ട കേരളനിർമ്മിതിക്കുള്ള ചർച്ചയിൽ ഇത് വലിയൊരു ഘടകവുമാണ്. ഇത്തരം ന്യായങ്ങൾക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞ മറുപടി കൂടി പകർത്താം. "അവർക്ക് ശാസ്ത്രീയമായ ധാരണകൾ കുറവുകൊണ്ടാണ് അങ്ങനെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് എന്നുമാത്രം കണ്ടാൽ മതി. പണ്ട് സീതിഹാജി ഇങ്ങനൊരു ചോദ്യം ചോദിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ സമുദ്രത്തിൽ എങ്ങനെയാണ് മഴ പെയ്യുന്നതെന്ന്. അവരുടെ ശാസ്ത്രബോധം എത്രത്തോളമുണ്ടെന്ന് ജനങ്ങൾ കണക്കാക്കും എന്നല്ലാതെ ഞാനതേപ്പറ്റി അഭിപ്രായം പറയേണ്ട കാര്യമില്ല."

കേരളത്തിൽ നന്നായി നടത്താവുന്ന വ്യവസായമാണ് ടൂറിസം. അതുപോലെ മറ്റെന്തുണ്ട്? നിർമ്മാണങ്ങൾ എങ്ങനെ പരിസ്ഥിതി അനുകൂലവും സുരക്ഷിതവുമാക്കാം? പ്രകൃതിയെ ഉപദ്രവിക്കാതെ എങ്ങനെ കൂടുതൽ സൗകര്യങ്ങൾ ജനങ്ങൾക്ക് നൽകാം? സുതാര്യത എങ്ങനെയൊക്കെ ഉറപ്പുവരുത്താം. പിണറായി സർക്കാർ മെച്ചപ്പെട്ട കേരളനിർമ്മിതിയുടെ രേഖ തയ്യാറാക്കുമ്പോൾ ഇതിനെല്ലാം ഉത്തരം ഉണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios