കൊറോണ വൈറസിനെ നേരിടാൻ, പല രാജ്യങ്ങളും കർശനമായ ലോക്ക്ഡൗണുകൾ നടപ്പിലാക്കുകയാണ്. എല്ലാം അടച്ചിടുമോ എന്ന ചിന്തയിൽ പൊതുജനങ്ങൾ വല്ലാതെ പരിഭ്രാന്തരായി മാറുകയാണ്. ഭാവിയിൽ ക്ഷാമം നേരിടുമോ, താനും തന്റെ കുടുംബവും പട്ടിണിയാകുമോ എന്ന ഭയം മൂലം ആളുകൾ ആവശ്യമില്ലെങ്കിൽ കൂടി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ഒരു പ്രവണതയാണ് കുറച്ചു ദിവസങ്ങളായി നമുക്ക് കാണാൻ  കഴിയുന്നത്. ആളുകൾ ഇതുപോലെ ഉപ്പ് മുതൽ കർപ്പൂരം വരെ മുൻ‌കൂട്ടി സംഭരിക്കുന്നതിനാൽ വിപണികളിൽ പല സാധനങ്ങളും ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. ആളുകളുടെ ഈ അകാരണമായ ഭയം വിതരണ ശൃംഖലയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ഇതുമൂലം ആവശ്യമുള്ളവർക്കുപോലും പലതും കിട്ടാത്ത അവസ്ഥയാണ്.    

ഇത്തരം പരിഭ്രാന്തിയോടെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ആളുകളെ വിളിക്കാൻ ഒരു പുതിയ പേര് ഇംഗ്ലീഷിൽ കണ്ടുപിടിച്ചിരിക്കയാണ് അർബൻ ഡിക്ഷണറി. കൊവിഡിയറ്റ് (Covidiot) എന്നതാണ് ആ പദം. ഈ മഹാമാരിയുടെ കാലഘട്ടത്തിൽ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുകയും ഒരു കുടുംബത്തിന് വേണ്ടതിലും കൂടുതൽ ആഹാരസാധനങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്ന ആളുകളെയാണ് കോവിഡിയറ്റ് എന്ന് വിളിക്കുന്നത്.   

ഒരു കൊവിഡിയറ്റിന് മറ്റുള്ളവരുടെ ക്ഷേമത്തെക്കുറിച്ച് യാതൊരു ചിന്തയുമുണ്ടാകില്ല. മാത്രമല്ല അവൾക്ക് / അവന് ആവശ്യമുള്ളതിലും കൂടുതൽ വാങ്ങി കൂട്ടുകയും ചെയ്യുന്നു. അർബൻ നിഘണ്ടുവിലെ നിർവചനം അനുസരിച്ച്, “ഈ ആളുകൾ സ്വാർത്ഥരും, അശ്രദ്ധമായി പൊതുജനത്തെ അപകടത്തിലാക്കുകയും ചെയ്യുന്നവരാണ്".  ഇത് മാത്രവുമല്ല, ഈ വൈറസിന്റെ വ്യാപനം അവസാനിപ്പിക്കാൻ സാമൂഹിക അകലം പാലിക്കണമെന്ന് പറയുമ്പോഴും, അത് അനുസരിക്കാതെ കറങ്ങി നടക്കുന്നവരെയും ഒരു കൊവിഡിയറ്റ് ആയി കണക്കാക്കാം. 

ട്വിറ്ററിൽ ഈ പുതിയ പദം എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു കൊവിഡിയറ്റായി മാറരുതെന്ന് ആളുകൾ ട്വിറ്ററിൽ അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ.