Asianet News MalayalamAsianet News Malayalam

ഇനിയെത്ര മരണങ്ങള്‍ വേണം മാധ്യമങ്ങളേ, നിങ്ങള്‍ക്ക് കണ്ണുതുറക്കാന്‍!

Dr Shimna Azeez column on media coverage on vaccination
Author
Thiruvananthapuram, First Published Apr 28, 2017, 12:18 AM IST

Dr Shimna Azeez column on media coverage on vaccination

സ്വകാര്യത എന്നൊരു സാധനം നമുക്ക് കിട്ടാക്കനിയാകുന്നത് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ?സമൂഹമാധ്യമങ്ങള്‍ അരയും തലയും മുറുക്കി മനുഷ്യരെ സാമൂഹ്യജീവികളാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന കാലമാണ്. എന്ത് കൊണ്ടൊക്കെയോ ആ വിര്‍ച്വല്‍ ലോകത്ത് ആരെന്നും എന്തെന്നും അറിയാത്തവരുമായി പോലും നമ്മള്‍ ചേര്‍ന്നു പോകുന്നു. ഈ 'ശബ്ദമുഖരിതമായ കാഴ്ചകള്‍' നിറഞ്ഞ ലോകത്ത് നമ്മുടെ ചിന്തകള്‍ പോലും മറ്റുള്ളവരാണ് നിശ്ചയിക്കുന്നത്. നമ്മള്‍ ഇന്നെന്തിനെക്കുറിച്ച് സംസാരിക്കണം എന്ന് തീരുമാനിക്കുന്നത് പോലും സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളാണ്.

ഒരു വിഷയം വീണ് കിട്ടുമ്പോള്‍ അതില്‍ ഹരം കൊണ്ട് അതിന്റെ പിറകെ പോകുന്നവരെ നോട്ടമിട്ടാണ് വാര്‍ത്തകള്‍ പലതും വരുന്നത്. വാര്‍ത്തകള്‍ ഉണ്ടാകുകയല്ല, ഉണ്ടാക്കുകയാണ്. അല്ലെങ്കില്‍, ഒരു സംഭവമുണ്ടാകുമ്പോള്‍ അതിലെ കച്ചവടസാധ്യത മുന്‍നിര്‍ത്തി അനുബന്ധ വാര്‍ത്തകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കപ്പെടുന്നു. ബാലപീഡനം ശ്രദ്ധേയ വിഷയമായിരുന്ന കുറച്ച് നാളുകളില്‍ നമുക്ക് ബാലപീഡനത്തിന് വേണ്ടി മാറ്റി വെക്കപ്പെട്ടതോ എന്ന് പോലും സംശയിക്കാവുന്ന തരത്തില്‍ പത്ര  പേജുകള്‍ കാണാമായിരുന്നു. മുല്ലപ്പെരിയാര്‍ 'ഇപ്പോ പൊട്ടും' എന്ന രീതിയിലുള്ള വാര്‍ത്തകള്‍ ഒരു കാലത്ത് സര്‍വ്വസാധാരണമായിരുന്നു. അതേ തോതില്‍ തന്നെ ഇന്നും ബാലപീഡനമുണ്ട്, അതേ മുല്ലപ്പെരിയാര്‍ ഇന്നും അവിടെ നെഞ്ചും വിരിച്ച് നില്‍പ്പുണ്ട്. അതിലുള്ള താല്‍പര്യം കുറഞ്ഞു, വാര്‍ത്ത വിസ്മൃതിയിലായി. മറന്ന മട്ട് തന്നെ. ഇതെല്ലാം മാധ്യമങ്ങളുടെ ദൈനംദിന പരാക്രമങ്ങളാണ്. 'അവര്‍ക്കും ജീവിക്കണ്ടേ' എന്ന രീതിയില്‍ അവഗണിക്കാവുന്നവ.

ഇന്നും ബാലപീഡനമുണ്ട്, അതേ മുല്ലപ്പെരിയാര്‍ ഇന്നും നെഞ്ചും വിരിച്ച് നില്‍പ്പുണ്ട്.

ഇത് കൈവിട്ട കളി
പക്ഷേ, ചില മാധ്യമ നിലപാടുകള്‍ കൈ വിട്ട കളിയാണെന്ന് പറയാതെ വയ്യ. മലയാളത്തിലെ പാരമ്പര്യമുള്ള ആനുകാലികത്തില്‍, ഇക്കഴിഞ്ഞ ലക്കത്തില്‍വന്ന കവര്‍ സ്‌റ്റോറി ഉദാഹരണം. അസത്യങ്ങളുടെയും അര്‍ദ്ധ സത്യങ്ങളുടെയും വിരക്കേടുകളുടെയും മിശ്രിതം കൊണ്ട് പൊതുസമൂഹത്തില്‍ വാക്‌സിനുകള്‍ക്കെതിരെ അവിശ്വാസം വളര്‍ത്തുന്നതായിരുന്നു, ഒരു ഇംഗ്ലീഷ് ആനുകാലികത്തില്‍നിന്ന് വികല മലയാളത്തില്‍ കടം കൊണ്ട ആ കവര്‍ സ്‌റ്റോറി. 

ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളില്‍ ചിലത് ഈയിടെയായി കാണിക്കുന്ന അപമാനകരമായ നടപടിയാണ് മനുഷ്യന്റെ ആയുസ്സിനേയും ആരോഗ്യത്തിനേയും ബാധിക്കുന്ന രീതീയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുക എന്നത്. ചില മാധ്യമങ്ങളെങ്കിലും ഇങ്ങനെ സൃഷ്ടിച്ച പരിക്ക് ആരോഗ്യരംഗത്ത് ചെലുത്തിയ ദു:സ്വാധീനത്തിന്റെ കൂടി ഫലമായിരുന്നു കഴിഞ്ഞ വര്‍ഷം മലപ്പുറത്തുണ്ടായ ഡിഫ്തീരിയ മരണങ്ങള്‍. ഇന്നും (28-04-2017) മലപ്പുറം ജില്ലയില്‍ നിന്നുമുള്ള രണ്ടു ഡിഫ്തീരിയ രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണത്തോട് മല്ലടിക്കുന്നുണ്ട്. 
കുത്തിവെപ്പ് എടുക്കണോ വേണ്ടയോ എന്ന രീതിയില്‍, ചിലപ്പോള്‍ കുത്തിവെപ്പ് എടുത്താല്‍ മരണം വരെ സംഭവിക്കാമെന്ന് പോലും എഴുതിയിടാന്‍ മടിക്കാതിരുന്ന പല മാധ്യമങ്ങളും അതിനെ സംബന്ധിച്ച് വ്യക്തമായ പഠനം നടത്തിയിട്ടില്ല എന്നത് സുവ്യക്തമാണ്. വാദമോ അപവാദമോ ആവട്ടെ, ഇരുഭാഗത്ത് ഉള്ളതും പരിഗണിക്കാതെ ഒരു സര്‍ക്കാര്‍ ആരോഗ്യപദ്ധതിക്ക് എതിരെ ആഞ്ഞടിച്ചതിന്റെ മാരകമായ ഫലം കഴിഞ്ഞ വര്‍ഷം മലപ്പുറത്തും സമീപജില്ലകളിലും ഉണ്ടായി. കഴിഞ്ഞ ആഴ്ചയും നമുക്ക് ഡിഫ്തീരിയ കാരണം മരണമുണ്ടായി. പത്ത് ഡോക്ടര്‍മാര്‍ ചേര്‍ന്ന് പറയുന്നതിലും ശക്തിയുണ്ടായേനെ ഒരു മാധ്യമം ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍. അവര്‍ക്കിത് അത്ര മികച്ചൊരു വിഷയമായി തോന്നുന്നില്ലായിരിക്കാം, അല്ലെങ്കില്‍ ഇതിലും കൂടുതല്‍ വായനക്കാരോട് ചേര്‍ന്ന് പോകുന്ന വിഷയങ്ങള്‍ ഉണ്ടായിരിക്കാം.

വാക്‌സിന്‍ വിരുദ്ധത ഒരു നിഴല്‍ പോലെ ചില മാധ്യമങ്ങളോട് ചേര്‍ന്ന് പോകുന്നത് നാം കാണുന്നുണ്ട്.

കളിയല്ല, ആരോഗ്യവാര്‍ത്തകള്‍
വാക്‌സിന്‍ വിരുദ്ധത ഒരു നിഴല്‍ പോലെ ചില മാധ്യമങ്ങളോട് ചേര്‍ന്ന് പോകുന്നത് നാം കാണുന്നുണ്ട്. വാക്‌സിനുകള്‍ കുഞ്ഞിന്റെ അവകാശവും അത് കുഞ്ഞിനു നല്‍കേണ്ടത് മാതാപിതാക്കളുടെ കടമയുമാണ്. വാക്‌സിന്റെ നാമമാത്രമായ പാര്‍ശ്വഫലങ്ങളെ പെരുപ്പിക്കുന്ന പല മാധ്യമങ്ങളും, വാക്‌സിന്‍ എടുത്തില്ലെങ്കില്‍ കുഞ്ഞിനു രോഗം വന്നു മരണം പോലും സംഭവിക്കാം എന്ന ഗുരുതരമായ സാദ്ധ്യത എന്തേ പൂഴ്ത്തി വെച്ചു? വാക്‌സിനുകളെ കുറിച്ചുള്ള അപവാദപ്രചാരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്? കേട്ടുകേള്‍വിയുടെ ബലത്തിലാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിഷയം പഠിക്കാനോ വിഷയത്തില്‍ അറിവുള്ളവരുമായി ഒന്ന് ചര്‍ച്ച ചെയ്യാനോ ഉള്ള മനസ്സാന്നിധ്യം മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്നില്ല എന്നതാണ് വിഷമകരം. അതിന്റെ ഫലമായുണ്ടാകുന്ന ദുരവസ്ഥയാണ് അതിലും കഷ്ടം.

ഒരു പത്രത്തില്‍ ഏതെങ്കിലും ഒരു ചികില്‍സാ വ്യവസ്ഥയുടെ ഗുണം എഴുതപ്പെട്ടാല്‍ അത് വായിക്കുന്നതിന്റെ പതിന്മടങ്ങ് ആളുകള്‍ കോര്‍ത്തുകെട്ടിയ കഥകള്‍ വായിച്ചെടുക്കാനും വിശ്വസിക്കാനും ഉണ്ടാകും. അച്ചടിയെന്നോ ഓണ്‍ലൈന്‍ എന്നോ വ്യത്യാസമില്ലാതെ ആ തെറ്റായ വാര്‍ത്ത കാട്ടുതീ പോലെ പെരുകും. ശാസ്ത്രീയ അടിത്തറ പേരിനു പോലും അവകാശപ്പെടാന്‍ ഇല്ലെങ്കിലും സാധാരണക്കാരന്റെ വേദവാക്യം ഈ ചവറു പേജുകള്‍ തന്നെ ആയിരിക്കാം. ഇവിടെയാണ് മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ യഥാര്‍ത്ഥ സാമൂഹ്യ പ്രതിബദ്ധത കാണിക്കേണ്ടത്. ആരോഗ്യരംഗത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മനുഷ്യന്റെ ജീവനോളം തന്നെ വിലയുണ്ടെന്ന് മനസ്സിലാക്കുക.

നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാക്കുന്ന ലേഖനങ്ങള്‍ വായനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുണ്ടാകും. അത് കൊണ്ട് തന്നെയാണല്ലോ നെയ്‌തെടുത്ത കഥകള്‍ അനുദിനം പിറക്കുന്നത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനവും കുറിക്കു കൊള്ളുന്ന പത്രഭാഷയും ചേരുമ്പോള്‍ കഥ പൂര്‍ത്തിയാകുകയും ചെയ്യുന്നു. ആരോഗ്യരംഗത്തിന് മാധ്യമങ്ങള്‍ തരുന്ന ചാട്ടവാര്‍ അടികളാണ് ഇത്തരം ഓരോ ലേഖനവും. അടി കൊള്ളുന്നത് ചിലപ്പോള്‍ എഴുതിയ ആളുടെ കുടുംബത്തിനു അടക്കമായിരിക്കും എന്ന് മാത്രം.

എഴുതുന്ന ഓരോ വരിയുടെ മേലെയും എഴുത്തുകാരന് ഉള്ള ഉത്തരവാദിത്തം ഒരു തമാശയല്ല.

വാര്‍ത്തയാവും മുമ്പ് 

  1. ഏത് വിഷയം എഴുതും മുന്‍പും വിഷയവുമായി ബന്ധപ്പെട്ടു കൃത്യമായ വായനയും പഠനവും നടന്നിരിക്കണം. ആരോഗ്യരംഗത്തെ സംബന്ധിച്ചുള്ളത് ആണെങ്കില്‍ ഏത് പുസ്തകം റഫറന്‍സ് ആയി എടുക്കണം എന്നത് പോലും വിഷയത്തില്‍ വിദഗ്ധരായവരോട് ചോദിക്കണം. ജീവന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് മെഡിക്കല്‍ സയന്‍സ് എന്ന ശാസ്ത്രം.
  2. എഴുതുന്ന ഓരോ വരിയുടെ മേലെയും എഴുത്തുകാരന് ഉള്ള ഉത്തരവാദിത്തം ഒരു തമാശയല്ല. പേരും നിലപാടും ഉള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുത്ത് അച്ചടിച്ച് വരുമ്പോള്‍ പ്രത്യേകിച്ചും. അതൊരു ഔദ്യോഗിക റഫറന്‍സ് പോലെയാണ് സാധാരണ ജനം കാണുക. എഴുത്തിന്റെ ശക്തി മനസ്സിലാക്കി അര്‍ത്ഥശങ്കക്ക് ഇടയാക്കുന്നതും അര്‍ദ്ധവിരാമം ഇട്ടു വെച്ചിരിക്കുന്നവയുമായ വാചകങ്ങള്‍ ഒഴിവാക്കുക. പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വ്യക്തമായി പറയുക. കുറച്ച് എരിവും പുളിയും കലര്‍ത്തിയാല്‍ കൂടുതല്‍ ചെലവാകും എന്ന തിയറി ആരോഗ്യവിഷയത്തില്‍ എടുക്കുമ്പോള്‍ അത് തിരിച്ചടിക്കുമെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി കാണിക്കുക.
  3. സംശയകരമായ ഒരു വാര്‍ത്ത വരുമ്പോള്‍ ആരോഗ്യരംഗത്തെ വിദഗ്ധരുമായി സംശയനിവാരണം നടത്തിയ ശേഷം എഴുതുന്നതില്‍ യാതൊരു നാണക്കേടുമില്ല. നിങ്ങള്‍ എഴുതേണ്ടത് കെട്ടുകഥയല്ല, യാഥാര്‍ഥ്യമാണ്. നിങ്ങള്‍ നില കൊള്ളേണ്ടതും ശാസ്ത്രത്തിനും അതിന്റെ ഗുണഭോക്താക്കള്‍ ആയ സാധാരണക്കാര്‍ക്കും വേണ്ടിയാണ്.

ചികിത്സയിലും ചികിത്സകനിലും ഉള്ള വിശ്വാസം നഷ്ടപ്പെടുന്നത് കൊണ്ട് ആത്യന്തിക നഷ്ടം രോഗിക്ക് തന്നെയാണ്.

ലാഭം മാധ്യമത്തിന്; നഷ്ടം രോഗിക്കു മാത്രം
നെഗറ്റീവ് ഇംപാക്റ്റിനേക്കാള്‍ പോസിറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കാനുള്ള സകല കഴിവും പ്രാപ്തിയും ഉള്ള മേഖലയാണ് പത്രപ്രവര്‍ത്തനം. ഡിഫ്തീരിയ മരണം ഉണ്ടായ സമയത്ത് കുത്തിവെപ്പുകളെ കുറിച്ച് വളരെ നല്ല രീതിയില്‍ പ്രചാരണം നടത്തിയിരുന്ന പത്രങ്ങള്‍ ആ വിഷയത്തിന്റെ ചൂടാറി കഴിഞ്ഞപ്പോള്‍ ആ ഫയല്‍ എടുത്തു മച്ചില്‍ തട്ടുകയായിരുന്നു. അതിനു പകരം സര്‍ക്കാര്‍ നടത്തുന്ന ഇത്തരം ആരോഗ്യപരിപാടികളെ കൂടുതല്‍ പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ള സ്റ്റോറികള്‍ ചെയ്യാനാവില്ലേ? എന്ത് കൊണ്ട് വാക്‌സിന്‍ വിരുദ്ധത സംഭവിക്കുന്നു എന്നത് പഠനയോഗ്യമല്ലേ? അവയവങ്ങള്‍ കിട്ടാതെ ആയിരത്തി എഴുന്നൂറ് പേരോളം നരകിച്ചു ജീവിക്കുന്ന നാട്ടില്‍ എന്ത് കൊണ്ട് അവയവദാനം ഇത്ര കുറയുന്നു എന്ന് പഠിച്ചു കൂടെ? കപട ചികിത്സകര്‍ ചികിത്സിച്ചു നശിപ്പിക്കുന്നത് എന്തേ വാര്‍ത്തയാകുന്നില്ല? മുറിവൈദ്യന്മാര്‍ ചികിത്സിച്ചു കൊല്ലുന്നത് എന്തേ വാര്‍ത്തയില്‍ സ്ഥാനം പിടിക്കുന്നില്ല? ആധുനികവൈദ്യശാസ്ത്രം പഠിച്ചവര്‍ മാത്രമാണോ വാര്‍ത്താവിചാരണക്ക് വിധേയമാകേണ്ടത്?

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആരോഗ്യപദ്ധതികളെ കുറിച്ച് പഠിക്കാന്‍ അത്രയേറെ സമയം ഒന്നും വേണ്ടി വരില്ല. വേണ്ടത് ഇത്തിരി
വായന മാത്രമാണ്. മാധ്യമങ്ങള്‍ക്ക് ചെയ്യാവുന്നത് അല്പമെങ്കിലും ശാസ്ത്രീയമായ വിദ്യാഭ്യാസത്തിന്റെ അടിത്തറ ഉള്ള വ്യക്തിയെ എഴുതാന്‍ ഏല്‍പ്പിക്കുക എന്നതാണ്. അവര്‍ക്ക് പോലും സംശയങ്ങള്‍ ചോദിക്കാനും ചോദിച്ചറിയാനും ഉള്ളൊരു തുറന്ന മനസ്ഥിതി ഉണ്ടാകണം. ശാസ്ത്രം ഒരു വ്യക്തി എങ്ങനെ അത് മനസിലാക്കുന്നു എന്നത് പകര്‍ത്തി വെക്കുന്നതല്ല. എഴുതി വെക്കുന്ന ആളുടെ ചിന്താഗതിക്ക് അനുസരിച്ച് അത് മാറ്റാനും സാധിക്കില്ല. പഠിച്ചേ എഴുതാവൂ. അച്ചടിച്ച അക്ഷരങ്ങള്‍ക്ക് മായാജാലങ്ങള്‍ സൃഷ്ടിക്കാനാവും. അവയുടെ ശക്തി വലുതാണ് എന്ന് മനസ്സിലാക്കി തന്നെയാവട്ടെ അവ പ്രസിദ്ധീകരിക്കപ്പെടുന്നത്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം വളരെ നല്ലത് തന്നെ. ഓരോ രംഗവുമെന്ന പോലെ വൈദ്യശാസ്ത്രവും അത് പിന്തുടരുന്നവരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല. കള്ളനാണയങ്ങള്‍ എവിടെയുണ്ടെങ്കിലും പുറത്ത് കൊണ്ട് വരിക തന്നെ വേണം. എന്നാല്‍, ഇത്തരം വാര്‍ത്തകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന മോഡേണ്‍ മെഡിസിനില്‍ ഉള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന വാചകങ്ങള്‍ ഉള്ളത് പലപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. വ്യക്തി ചെയ്യുന്ന അപരാധത്തിന് ശാസ്ത്രത്തെ പഴി ചാരുന്ന രീതിയിലേക്ക് കാര്യങ്ങള്‍ അധ:പതിക്കരുത്. ഏതൊരു ചികിത്സാശാസ്ത്രം പോലെയും ചികിത്സയിലും ചികിത്സകനിലും ഉള്ള വിശ്വാസം നഷ്ടപ്പെടുന്നത് കൊണ്ട് ആത്യന്തികമായി നഷ്ടം രോഗിക്ക് തന്നെയാണ്. അതിനു കാരണമാകുക പലപ്പോഴും ഇത്തരം മാധ്യമങ്ങളുമാണ്.

ഇത്രയൊക്കെ ചെയ്യാന്‍ മുഖ്യധാരാമാധ്യമങ്ങള്‍ തയ്യാറായാല്‍ പോലും ചുറ്റുമുള്ള കാക്കതൊള്ളായിരം മഞ്ഞപ്പത്രങ്ങളും ഓണ്‍ലൈന്‍ മഞ്ഞപ്പേജുകളും ചേര്‍ന്ന് ദുരന്തത്തിന് പൂര്‍ണത വരുത്തി തരുന്നത് അതിലും വലിയ കഷ്ടപ്പാട്.

തെറ്റിദ്ധാരണയല്ല, അറിവാണ് മാധ്യമങ്ങള്‍ വളര്‍ത്തേണ്ടത്

തെറ്റിദ്ധാരണയല്ല വളര്‍ത്തേണ്ടത്, അവബോധമാണ്!
'എങ്ങനെയും വായിക്കപ്പെടണം' അതിനു വേണ്ടി എന്തും ചെയ്യും എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ നിയന്ത്രിക്കാനോ നിയമം ഏര്‍പ്പെടുത്താനോ ഉള്ള സംവിധാനം നമുക്കുണ്ടോ എന്ന് പോലും അറിയില്ല. സാധാരണക്കാര്‍ക്ക് പലപ്പോഴും ഏതാണ് വിശ്വാസയോഗ്യം എന്ന് വേര്‍തിരിച്ച് അറിയാന്‍ സാധിക്കുന്നില്ല എന്ന് തോന്നുന്നു. നെഗറ്റീവ് ആയതും അത് പോലെ തന്നെ സാമാന്യയുക്തിക്ക് നിരക്കാത്തതുമായ എന്നാല്‍ എളുപ്പം തെറ്റിദ്ധരിക്കപ്പെടാവുന്നതുമായ വിഷയങ്ങള്‍ വൈറല്‍ ആകുന്നതു അപൂര്‍വ്വമൊന്നുമല്ല. 

ഉപ്പിട്ട വെള്ളം കുടിക്കരുത് എന്നും, പാരസെറ്റമോളില്‍ വൈറസ് ഉണ്ടെന്നും പറയുമ്പോള്‍ ഉണ്ടാകുന്ന ഉള്‍ഭയം കൊണ്ട് നശിക്കുന്നത്  യഥാക്രമം ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വസ്യതയുമാണ്. ഇത് അവിശ്വസിക്കുന്നതിന്റെ ഇരട്ടിയാണ് ഇത് വിശ്വസിക്കുന്നവര്‍. ആര്‍ക്കും തോന്നുന്ന എന്തും എഴുതി വിടാനുള്ള മാര്‍ഗങ്ങള്‍ ഇന്നുണ്ട്. തുലാസിലാവുന്നത് സാധാരണക്കാരന്റെ ആരോഗ്യവും ആയുസ്സും ആണെന്ന് മാത്രം.

ഒരു പരിധിവരെ ഇവയെ ചെറുക്കേണ്ടതും ഉത്തരവാദിത്വം ഉള്ള ജനപ്രിയ മാധ്യമങ്ങളുടെ കടമയാണ്. കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെയും തെറ്റായ വാര്‍ത്തയുടെ നിജസ്ഥിതി തന്നെയും പ്രസിദ്ധീകരിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്നത് വഴി വളരെ നല്ലൊരു മാതൃകയാവും മാധ്യമങ്ങള്‍ കാണിക്കുക.

ഒന്നേ പറയാനുള്ളൂ, ഒരു ഡോക്ടര്‍ പറയുന്നതിന്റെ പത്തിരട്ടി ശക്തിയാണ് ഒരു മാധ്യമം എഴുതുമ്പോള്‍ അതിനുള്ളത്. അത് നല്ല രീതിയിലും അല്ലാതെയും ഉപയോഗിക്കാം. പത്രങ്ങളും മാസികകളും എഴുതിയതിനെ തുടര്‍ന്നുണ്ടായ സ്വാധീനം ഒന്ന് കൊണ്ട് മാത്രം മാറി ഏതൊരു വിഷയത്തിലും മാറി ചിന്തിക്കാനും ശരിയുടെ മാര്‍ഗത്തിലേക്ക് വരാനും പ്രബുദ്ധകേരളം തയ്യാറായ ചരിത്രങ്ങള്‍ ഉണ്ട്. ഒരു അത്യാഹിതം സംഭവിച്ച ശേഷം 'അതെങ്ങനെ തടയാമായിരുന്നു' എന്ന പതിവ് ശൈലി വിട്ട് 'വരാനിരിക്കുന്ന അത്യാഹിതം എങ്ങനെ തടയാം' എന്ന രീതിയിലേക്ക് മാറുക നിങ്ങള്‍ക്ക് അത്ര ബുദ്ധിമുട്ട് ഉള്ളതാകണം എന്നില്ല. അത്ഭുതകരമായ മാറ്റങ്ങള്‍ പലതും മാധ്യമപ്രവര്‍ത്തനത്തിലൂടെ സൃഷ്ടിച്ചവരാണ് നിങ്ങള്‍. നിങ്ങള്‍ക്ക് സാധിക്കും, കൊല്ലാനും, വളര്‍ത്താനും.
തെറ്റിദ്ധാരണയല്ല, അറിവാണ് മാധ്യമങ്ങള്‍ വളര്‍ത്തേണ്ടത്. അതിനു നിങ്ങള്‍ ശ്രമിക്കണം. ശ്രമിച്ചേ മതിയാകൂ.
 

ഡോ. ഷിംന എഴുതിയ മറ്റ് കുറിപ്പുകള്‍:

കഥയേക്കാള്‍ ആഴമുള്ള ജീവിതങ്ങള്‍!

വരുന്നു, മുറിവൈദ്യന്‍മാരുടെ കാലം!

​മഴയും നിലാവുമറിയട്ടെ, ഈ കുഞ്ഞുങ്ങള്‍!

കൂട്ടിരിപ്പുകാരുടെ ആശുപത്രി ജീവിതം!

മറയിട്ട വാക്‌സിന്‍ ക്ലാസ്; ഡോക്ടര്‍ ചെയ്തതാണ് ശരി!

പിറവിയുടെ പുസ്തകത്തിലെ ആ അധ്യായം

മരുന്ന് കുറിപ്പടി മലയാളത്തില്‍  വേണോ?

മെഡിക്കല്‍ കെട്ടുകഥകള്‍ പാകം ചെയ്യുന്ന വിധം

ആര്‍ത്തവം അപമാനമല്ല; ആര്‍ത്തവകാരിയും!

ഞാന്‍ പെണ്ണ്

മനസ്സറിഞ്ഞ് വേണം ചികില്‍സ!

ജലം: നമ്മുടെ അഹങ്കാരം ഇനിയെത്ര നാള്‍?

കിടപ്പിലായവര്‍ക്ക് കൂട്ടായവര്‍
 

Follow Us:
Download App:
  • android
  • ios