Asianet News MalayalamAsianet News Malayalam

നെഞ്ചുപൊട്ടി ഒരു അമ്മ പറയുന്നു, 'എന്‍റെ മകന്‍ മരിച്ചിരുന്നുവെങ്കില്‍ എന്നുപോലും ഞാന്‍ ആഗ്രഹിച്ചിരുന്നു'

2018 ജനുവരിക്കും ജൂണിനുമിടയില്‍ അറുപത് പേരാണ് മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട് മാത്രം പഞ്ചാബില്‍ മരിക്കുന്നത്. അതിലൊരാളാണ് റിക്കിയും. പൊലീസ് പറയുന്നത്, 2018 പകുതി മുതലുള്ള കണക്കുകള്‍ പുറത്തുവിട്ടാല്‍ മരണസംഖ്യ വീണ്ടും കൂടുകയേ ഉള്ളൂവെന്ന്. 
 

drug use and after effects in punjab
Author
Punjab, First Published Nov 24, 2018, 12:34 PM IST

പഞ്ചാബില്‍ മയക്കുമരുന്ന് ഉപയോഗത്താല്‍ മരണപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. അതിലൊരു ഇരയായിരുന്നു റിക്കിയെന്ന ഇരുപത്തിയഞ്ചുകാരനും.

''അവന്‍ എന്‍റെ ഒരേയൊരു മകനായിരുന്നു. പക്ഷെ, അവനൊന്നു മരിച്ചിരുന്നുവെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു തുടങ്ങിയിരുന്നു. ഇപ്പോള്‍, എല്ലാ രാത്രിയും അവന്‍റെ ഫോട്ടോ ചേര്‍ത്തു പിടിച്ചു കരയുകയാണ് ഞാന്‍.'' അമ്പത്തിയഞ്ചുകാരിയായ ലക്ഷ്മി ദേവി പറയുന്നു. അവരുടെ മകന്‍ റിക്കി ലഹോറിയ എന്ന ഇരുപത്തിയഞ്ചുകാരന്‍ മയക്കുമരുന്ന് ഉപയോഗം കൂടിയതിന്‍റെ പേരില്‍ മരണമേറ്റു വാങ്ങിയത് ഈയിടെയാണ്. 

ലക്ഷ്മി ദേവി പറയുന്നത്, സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ റിക്കി മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയിരുന്നു എന്നാണ്. പിന്നീട്, അവന്‍ പഠനമുപേക്ഷിച്ചു. ആദ്യമാദ്യം അവന്‍ കഫ് സിറപ്പിനും ഇഞ്ചക്ഷനും അടിമയായിരുന്നു. പയ്യെപയ്യെ, അത് ഹെറോയിനായി മാറി. 

ലക്ഷ്മി കാര്യമായി അവനോട് സംസാരിച്ച ശേഷം അവന് മയക്കുമരുന്നുപയോഗത്തില്‍‌ നിന്നും പിന്തിരിയണമെന്നുണ്ടായിരുന്നു. അതിനായി സഹായിക്കണമെന്നും പറഞ്ഞിരുന്നു. പക്ഷെ, സാധാരണക്കാരിയായ ലക്ഷ്മിക്ക് പുനരധിവാസകേന്ദ്രങ്ങളെ കുറിച്ചൊന്നും യാതൊരു അറിവുമില്ലായിരുന്നു. ''ഞാനവനെ ഒരു സാധാരണ ആശുപത്രിയിലെത്തിച്ചു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അവന്‍ മരിച്ചു.'' ലക്ഷ്മി വേദനയോടെ പറയുന്നു. 

''കയ്യില്‍ കിട്ടുന്നതെന്തും റിക്കി മരുന്ന് വാങ്ങാനായി വില്‍ക്കുമായിരുന്നു. അവനൊരു സാധാരണ ജീവിതം നയിക്കുന്നത് കാണാന്‍ എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. അവനൊരു കുടുംബമുണ്ടാകുന്നതും അവര്‍ക്കായി അവന്‍ അധ്വാനിക്കുന്നതും ഒക്കെ എനിക്ക് കാണണമെന്നുണ്ടായിരുന്നു. ഞാന്‍ നിസ്സഹായ ആയിരുന്നു. അവന്‍ മയക്കുമരുന്ന് കഴിച്ച് ബോധമില്ലാതെ കിടക്കുന്നത് കണ്ട് ഞാന്‍ തകര്‍ന്നു പോയിട്ടുണ്ട്. അപ്പോഴവന്‍ അവന്‍‌ ആരാണ് എന്നും എന്താണ് ചെയ്യുന്നത് എന്നും മറന്നുപോയിട്ടുണ്ടാകും.'' ലക്ഷ്മി ദേവി പറയുന്നു. 

വര്‍ധിക്കുന്ന മയക്കുമരുന്ന് ഉപയോഗം

2018 ജനുവരിക്കും ജൂണിനുമിടയില്‍ അറുപത് പേരാണ് മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട് മാത്രം പഞ്ചാബില്‍ മരിക്കുന്നത്. അതിലൊരാളാണ് റിക്കിയും. പൊലീസ് പറയുന്നത്, 2018 പകുതി മുതലുള്ള കണക്കുകള്‍ പുറത്തുവിട്ടാല്‍ മരണസംഖ്യ വീണ്ടും കൂടുകയേ ഉള്ളൂവെന്ന്. 

പഞ്ചാബിലെ ആരോഗ്യമന്ത്രി ബ്രഹാം മൊഹീന്ദ്ര ബിബിസിയോട് പറഞ്ഞത് ഡ്രഗ്സ് വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട് എന്നാണ്. എന്നാല്‍, 2018 ല്‍ മരണസംഖ്യ കൂടിയതെന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. എന്തുകൊണ്ടാണ് മയക്കുമരുന്നുപയോഗം ഇങ്ങനെ കൂടുന്നത് എന്നറിയില്ല. പക്ഷെ, ഒരുപാട് മരണങ്ങള്‍ ഇത്തരത്തില്‍ നടക്കുന്നുണ്ട്. അത് ഗുരുതരമായ പ്രശ്നം തന്നെയാണ് എന്നും മന്ത്രി പറയുന്നു.

ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡെല്‍ഹി, ആദ്യമായി ഇതിനെക്കുറിച്ച് വിശദമായി പഠനം നടത്തിയത് 2015 -ലാണ്. ആ കണക്കനുസരിച്ച് 200,000 പേര്‍  മയക്കുമരുന്നിന് അടിമയാണെന്ന് വ്യക്തമാവുന്നു. 

ഔദ്യോഗിക കണക്കുകളനുസരിച്ച് ഓരോ വര്‍ഷവും മയക്കുമരുന്ന് കേസുകളും മരണങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. പൊലീസ് റെക്കോര്‍ഡ് അനുസരിച്ച്, 2017 ല്‍ 191 കിലോഗ്രാം ഹെറോയിനാണ് പൊലീസ് പിടിച്ചെടുത്തതെങ്കില്‍ 2018- ഒക്ടോബര്‍ വരെ 303 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. 

raw opium, poppy husk and heroin ഇത് മൂന്നുമാണ് മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് പ്രിയപ്പെട്ടത്. ഹെറോയിനാണ് കൂടുതലും ഉപയോഗിക്കുന്നത്. ഒരു ഗ്രാം ഹെറോയിനു തന്നെ 4000 മുതല്‍ 6000 രൂപ വരെയാണ് വില. മയക്കുമരുന്നിന് അടിമയായ ഒരാള്‍ ഒരു ദിവസം മാത്രം അര ഗ്രാം മുതല്‍ രണ്ട് ഗ്രാം വരെ ഹോറോയിന്‍ ഉപയോഗിക്കും. വീട്ടുപകരണങ്ങളും വീട്ടിലുള്ളവരുടെ സ്വര്‍ണങ്ങള്‍ വിറ്റും വരെ മയക്കുമരുന്നിനായി പണം കണ്ടെത്തുന്നവരുണ്ട്. ഇന്ത്യാ-പാക് അതിര്‍ത്തിയിലും വലിയ തോതിലാണ് മയക്കുമരുന്ന് കടത്തും മറ്റും നടക്കുന്നത്.

എന്താണ് പരിഹാരം?

വര്‍ധിച്ചു വരുന്ന ഈ അപകടത്തിന് തടയിടാനായി പുതിയ പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് സര്‍ക്കാര്‍. ആരോഗ്യ വകുപ്പ് പറയുന്നത്, കൂടുതല്‍ കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കുമെന്നാണ്. നിലവില്‍ 90 പ്രൈവറ്റ് റീഹാബിലിറ്റേഷന്‍ സെന്‍ററുകളുണ്ട്. ഗവണ്‍മെന്‍റിന്‍റെ കീഴില്‍ വെറും 50 സെന്‍ററുകള്‍ മാത്രമാണുള്ളത്. 

കോളേജുകളിലും സ്കൂളുകളിലും ബോധവല്‍ക്കരണം നടത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. പക്ഷെ, ഉള്‍ഗ്രാമങ്ങളിലുള്ള പല കുടുംബങ്ങള്‍ക്കും പുനരധിവാസകേന്ദ്രങ്ങളെ കുറിച്ച് അറിവുകളില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് പരിഹരിക്കണം. എന്തുകൊണ്ടാണ് പഞ്ചാബില്‍ ചെറുപ്പക്കാര്‍ മയക്കു മരുന്നിന് അടിമകളായിത്തീരുന്നതെന്ന് ആഴത്തില്‍ പഠിക്കുകയും ചെയ്യേണ്ടതുണ്ട്.

(കടപ്പാട്: ബിബിസി) 


 

Follow Us:
Download App:
  • android
  • ios