മലിനീകരണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോക്ക് ഡൗണിനെ തുടർന്ന് കുറച്ച് മാസങ്ങൾ ജനങ്ങൾക്ക് ശുദ്ധവായു ശ്വസിക്കാൻ അവസരം ഉണ്ടായെങ്കിലും, ഇനി വരാനിരിക്കുന്നത് മലിനീകരണത്തിന്റെ നാളുകളാണ് എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. വ്യവസായശാലകളിൽനിന്നും, വാഹനങ്ങളിൽ നിന്നുമൊക്കെ പുറംതള്ളുന്ന മാരകവിഷാംശമുള്ള വാതകങ്ങൾ നമ്മുടെ ആരോഗ്യത്തെയാണ് പ്രതികൂലായി ബാധിക്കാൻ പോകുന്നത്. അടുത്തകാലത്തായി നടന്ന ഒരു പഠനമനുസരിച്ച്, മലിനീകരണം രാജ്യത്ത് കാൻസർ കൂടാൻ കാരണമാകുമെന്ന് വ്യക്തമാക്കുന്നു.      

പാരിസ്ഥിതിക മലിനീകരണം രാജ്യത്ത് ക്യാൻസറുണ്ടാക്കുന്ന രീതിയില്‍ വ്യത്യാസം വരുത്തിയതായി ഗുവാഹത്തിയിലെ ഡോ. ബി. ബൊറൂവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിബിസിഐ) ഡോക്ടർമാർ നടത്തിയ പഠനത്തിൽ പറയുന്നു. 1990 മുതൽ ദ്രുതഗതിയിലുള്ള വ്യാവസായികവൽക്കരണം നടന്നിരുന്നുവെന്നും, ഇത് മലിനീകരണത്തിന്റെ കാര്യത്തിൽ പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചുവെന്നും പഠനത്തിൽ പറയുന്നു. കാൽനൂറ്റാണ്ടിലേറെയായി, പരിസ്ഥിതി മലിനീകരണത്തിൽ വർദ്ധനവുണ്ടായികൊണ്ടിരിക്കുന്നു. ഇത് രാജ്യത്ത് വർദ്ധിച്ചു വരുന്ന കാൻസർ കേസുകളെ സ്വാധീനിക്കാൻ ഇടയായിയെന്നും പഠനത്തിൽ പറയുന്നു.   

"രാജ്യത്ത് പുകവലിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, ശ്വാസകോശ അർബുദം ബാധിച്ച ആളുകളുടെ കാര്യത്തിൽ 1990 -ൽ ഏഴാം സ്ഥാനത്തായിരുന്ന നമ്മൾ 2016 -ൽ മൂന്നാം സ്ഥാനത്തായി. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകളിൽ സ്‍തനാർബുദം വരാനുള്ള സാധ്യത കുറവാണ്. മലിനീകരണത്തിന്റെ പങ്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്” ബിബിസിഐ മെഡിക്കൽ ഓഫീസറും പ്രധാന എഴുത്തുകാരനുമായ ഡോ. മണിഗ്രീവ കൃഷ്ണത്രേയ പറഞ്ഞു.  

വർദ്ധിച്ചുവരുന്ന ജനസംഖ്യയും, ആയുർദൈർഘ്യവും രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം കൂടാൻ കാരണമാകുന്നുവെന്നും ബിബിസിഐ ഡയറക്ടർ ഡോ. അമൽ ചന്ദ്ര കറ്റാക്കി പറഞ്ഞു. പാരിസ്ഥിതിക മലിനീകരണം തടയുന്നതിലൂടെ ആരോഗ്യം ഒരു പരിധിവരെ വീണ്ടെടുക്കാൻ സാധിക്കുമെന്നും, കാൻസറിനെ പ്രതിരോധിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വാൻസസ് ഇൻ ഹ്യൂമൻ ബയോളജി എന്ന അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പ്രാഥമികമായി പിത്തസഞ്ചി, ശ്വാസകോശം, സ്തനാർബുദം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് ഇത് നിയന്ത്രിക്കാൻ ആവശ്യമായ ശുപാർശകൾ പഠനത്തിൽ പരാമർശിക്കപ്പട്ടിട്ടുണ്ട്.