Asianet News MalayalamAsianet News Malayalam

നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

Favourate teacher Thajuna Talsam
Author
Thiruvananthapuram, First Published Oct 30, 2017, 4:52 PM IST
  • Facebook
  • Twitter
  • Whatsapp

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്. 

Favourate teacher Thajuna Talsam

ഋതുക്കള്‍ക്കൊപ്പം വെയിലും മഴയും ചോറ്റു പാത്രവുമെല്ലാം ബാഗിലേക്ക് ഉന്തി നിറച്ചു പുളിയച്ചാറും ഉപ്പിലിട്ട മാങ്ങയും നുണഞ്ഞു ഇക്കയും ഇത്തമാരും ഗവണ്മെന്റ് സ്‌കൂളിലേക്ക് നടന്ന് പോകുമ്പോള്‍, ഞാന്‍ മാത്രം ജീപ്പില്‍ ഞെളിഞ്ഞിരുന്നു  ടൈയും തൂക്കി ടിഫിന്‍ ബോക്‌സുമായി നഴ്‌സറി സ്‌കൂളിലേക്ക് പോയിരുന്നത് ഇളയ കുട്ടികള്‍ക്ക്  കിട്ടാറുള്ള പ്രത്യേക പരിഗണനകളിലെ ഏറ്റവും ചെറിയ ഒന്നു മാത്രമായിരുന്നു.

നഴ്‌സറി സ്‌കൂള്‍. പഠന കാലത്തു ഏറ്റവും വെറുത്ത കാലഘട്ടങ്ങളില്‍ ഒന്ന്. തിങ്ങിപ്പിടിച്ചു ജീപ്പിലിരുന്ന് തുടച്ചു മിനുക്കിയ ഷൂസില്‍ ചളി പുരളാതെ ശ്രദ്ധിക്കുമ്പോള്‍ ,മനസ്സ് മുഴുവന്‍ ഹവായി ചെരുപ്പിട്ടും മഴവെള്ളം തെറിപ്പിച്ചും തണുപ്പില്‍ ഐസ് ഈമ്പിയും പോകുന്ന ഇത്തയോട് ഉള്ള അസൂയ മാത്രമായിരിക്കും. എന്നെങ്കിലും ഒരിക്കല്‍ എനിക്കും ഐസ് വാങ്ങാന്‍ പറ്റണേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഐസ് വാങ്ങിയെന്നറിഞ്ഞാല്‍ സ്‌കൂളില്‍ നിന്ന് പൊതിരെ കിട്ടുന്ന തല്ലിനെ ഓര്‍ത്തു പേടിച്ചു പ്രാര്‍ത്ഥന നിര്‍ത്തും.

ഒരു മതിലിന് അപ്പുറവും ഇപ്പുറവുമായി ഉള്ള രണ്ട് സ്‌കൂളുകള്‍. ഒന്ന് ഇത്ത പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍. മറ്റേത് ഞാന്‍ പഠിച്ചോണ്ടിരുന്ന പ്രൈവറ്റ് സ്‌കൂള്‍. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്കും അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന  ഇത്തയ്ക്കും ഇംഗ്ലീഷിന് ഒരേ പാഠപുസ്തകം ആയിരുന്നപ്പോള്‍ പുറത്തു അഭിമാനം കാണിച്ചെങ്കിലും പഠന ഭാരത്തെ കുറിച്ചോര്‍ത്തു അവളോട് ഉള്ളില്‍ അടങ്ങാത്ത അസൂയ ആയിരുന്നു.

ഉച്ചക്കത്തെ കഞ്ഞിയുടെയും പയറിന്റെയും ടേസ്റ്റിനെ കുറിച്ച് ഇത്ത വാചാല ആകുമ്പോള്‍ എനിക്ക് കിട്ടാറുള്ളത് ബിസ്‌കറ്റും ചായയും ആണെന്ന് വെറുപ്പോടെ പറഞ്ഞു തൃപ്തി അണയേണ്ടി വന്നിട്ടുണ്ട്.  പലപ്പോഴും ഇന്റെര്‍വെല്ലിന് പ്ലേ ഗ്രൗണ്ടിലെ പാര്‍ക്കിലേത് പോലെയുള്ള ഊഞ്ഞാലും മറ്റു കളിപ്പാട്ടങ്ങളും മാത്രമായിരുന്നു അവള്‍ക്ക് മുന്‍പില്‍ പതറാതെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ ഉള്ള ഏക ഉപാധി. ഉയര്‍ന്ന മതിലിനിടയിലൂടെ കൊതിയോടെ അവള്‍ ഞങ്ങളെ നോക്കി വെള്ളമിറക്കിയിരുന്നിരിക്കാമെന്ന് ഞാന്‍ വെറുതെ വിശ്വസിച്ചു പോന്നു. ഞങ്ങളുടെ വലിയ ഗേറ്റിലൂടെ തലയിട്ട് ഇതൊക്കെ കണ്ട് കണ്ണ് മിഴിക്കുന്നതിനിടയില്‍ ഒരുപക്ഷെ എന്റെ അനിയത്തി അവിടെയാണ് പഠിക്കുന്നത് എന്നവള്‍ അഭിമാനത്തോടെ സുഹൃത്തുക്കളോട് പറഞ്ഞിരിക്കണം.

എല്ലാ പ്രതീക്ഷകളെയും ആ ചൂരലിന് മുന്‍പില്‍ പകച്ചു നിര്‍ത്തി കൊണ്ട് ഉസ്താദ് രണ്ടാം പീരീഡ് കയറി വന്നു.

എന്റെ സ്‌കൂളില്‍ മദ്രസാ വിദ്യാഭ്യാസവും അക്കാദമിക് പഠനവും ഒരുമിച്ച് തന്നെ ആയിരുന്നു. 

മൂന്നാം ക്ലാസ് കാലഘട്ടം. പതിവ് പോലെ തിങ്കളാഴ്ച രാവിലെ അസംബ്ലിക്ക് നില്‍ക്കുമ്പോഴുള്ള ഏക പ്രാര്‍ത്ഥന, ചൂരല്‍ വിദഗ്ദ്ധനായ ഉമ്മര്‍ ഉസ്താദ് ലീവ് ആകണേ പടച്ചോനെ, എന്നായിരുന്നു. 

രാവിലെ സുബ്ഹി നിസ്‌കരിച്ചോ എന്ന ചോദ്യത്തിന് ഉറങ്ങിപ്പോയി എന്ന ഉത്തരത്തിന് പകരം നിസ്‌കരിച്ചു എന്നൊരു നുണ പറഞ്ഞു ഒപ്പിക്കാം. പക്ഷേ ആയത്തുല്‍ കുര്‍സി (ഖുര്‍ആനിലെ ചെറിയൊരു സൂക്തം) പഠിച്ചോ എന്ന് ചോദിച്ചാല്‍ എന്ത് പറയും എന്നൊരു എത്തും പിടിയുമില്ല. എങ്ങനെയെങ്കിലും നാലാമത്തെ പീരീഡ് ആവുമ്പോള്‍ പഠിച്ചെടുക്കാമെന്ന് മനസ്സിലുറപ്പിച്ചു. എന്നെ പോലെ തന്നെ മറ്റു അലമ്പ് സുഹുത്തുക്കളും ഇതേ ഉദ്ദേശത്തിലാണ് ഇരിക്കുന്നത് എന്നത് കൂടുതല്‍ ആശ്വാസത്തിന് വക വെച്ചു.

പക്ഷെ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളെയും ആ ചൂരലിന് മുന്‍പില്‍ പകച്ചു നിര്‍ത്തി കൊണ്ട് ഉസ്താദ് രണ്ടാം പീരീഡ് കയറി വന്നു. അന്നേറ്റവും ശപിച്ചത് ഒരു മുന്നറിയിപ്പുമില്ലാതെ ലീവ് എടുത്ത ഇംഗ്ലീഷ്  ടീച്ചറെ ആയിരുന്നു.

നിശ്ശബ്ദത തളം കെട്ടിയ ക്ലാസ്സില്‍ മുട്ടിടിക്കുന്ന ശബ്ദം കേട്ട് തുടങ്ങി. ഉസ്താദ ഓരോരുത്തരെയായി ഓതിപ്പിക്കാന്‍  തുടങ്ങി. ആണ്‍കുട്ടികളുടെ ഭാഗത്തെ ഒന്നുരണ്ട് പേര്‍ ഒഴികെ ഓരോരുത്തര്‍ ആയി എണീട്ട് നിന്നു അടി വാങ്ങിക്കുന്നുണ്ട്.

മനസ്സില്‍ ഖുര്‍ആന്‍ ഉരുവിടുമ്പോഴും പേടി കാരണം ചുണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു. മടക്കി പിടിച്ചു കൈയ്ക്ക് പിറകില്‍ ചൂരല്‍ പതിയുമ്പോള്‍ ഉള്ള ശബ്ദവും ,ചൂരല്‍ ആഞ്ഞു വീശുമ്പോള്‍ ഉണ്ടായ കാറ്റ് മുഖത്തു തട്ടുമ്പോഴുള്ള തണുപ്പിലും എന്തോ വല്ലാതെ പൊള്ളും പോലെ തോന്നി.

പെണ്‍കുട്ടികളുടെ ഭാഗത്തും ഇതേ അവസ്ഥ തന്നെ. എന്റെ വിറയ്ക്കുന്ന കൈകളില്‍ ചൂരല്‍ പതിഞ്ഞപ്പോള്‍ വേദനിച്ചതെന്റെ ഇടനെഞ്ചിലായിരുന്നു. തട്ടം കൊണ്ട് കൈയില്‍ അമര്‍ത്തിപ്പിടിച്ചു വേദനയും കരച്ചിലും കടിച്ചമര്‍ത്തി.

അവസാന ചൂരല്‍ ശബ്ദവും നിലച്ചപ്പോള്‍ ഭിത്തി പിളര്‍ക്കുന്ന ശബ്ദത്തില്‍ പുറത്തു പൊയ്‌ക്കോളാന്‍ ഉസ്താദ്  ആക്രോശിച്ചു.

അവസാന ബെഞ്ചിലെ അവസാന ചൂരല്‍ ശബ്ദവും നിലച്ചപ്പോള്‍ ഭിത്തി പിളര്‍ക്കുന്ന ശബ്ദത്തില്‍ പുറത്തു പൊയ്‌ക്കോളാന്‍ ഉസ്താദ്  ആക്രോശിച്ചു. പഠിച്ചില്ലേല്‍ ഒരെണ്ണത്തിനെയും വീട്ടിലേക്കു വിടില്ലാന്ന് അലറി. പേടിച്ചു വിറച്ചു കൊണ്ട് ഓരോരുത്തരായി പുറത്തു നിന്നു.

അന്നത്തെ മൂന്നാം ക്ലാസ്സുകാരിക്ക് അത് വേദനിപ്പിച്ചെങ്കിലും അപമാനമായി തോന്നിയെങ്കിലും, കൂട്ടിനാളുള്ള ബലത്തില്‍ ബെല്ല് അടിക്കുന്നതും കാതോര്‍ത്തു പുറത്തു നിന്നു. ബെല്ലടിച്ചു. ഇന്റര്‍വെല്ലിന് പുറത്തു ഇറങ്ങിയാല്‍ പുറം തല്ലിപ്പൊളിക്കും എന്ന വാണിംഗ് തന്ന് ഉസ്താദ് തിരികെ പോയി. ഇത്താനോട് പറഞ്ഞു ഞെളിയാറുള്ള ചായയും ബിസ്‌ക്കറ്റും ഇന്ന് മിസ് ആയിരിക്കുന്നു. അതൊക്കെ സഹിക്കാം പക്ഷേ, മറ്റു ക്ലാസ്സിലെ കുട്ടികളുടെ നോട്ടവും സഹതാപ ചിരിയും ഒക്കെ എന്നെ പോലെ തന്നെ പുറത്താക്കപ്പെട്ട ഓരോ കുട്ടിക്കും വല്ലാത്ത വേദന തന്നു, മനസ്സിന്. 

എന്ത് കൊണ്ടോ ഒരു വരി പോലും പഠിക്കാന്‍ പറ്റിയില്ല. ഉരുവിട്ട ഓരോ അക്ഷരവും അപമാന ഭാരം പേറി കാതില്‍ പ്രകമ്പനം കൊണ്ട് ഹൃദയത്തെ മുറിപ്പെടുത്തി തിരികെ പോന്നു. 

മൂന്നാം പീരിഡും  നാലാം പീരിഡും പുറത്തു ഒരേ നില്‍പ്പ് തന്നെ. .അതിനിടയില്‍ ചിലരൊക്കെ വാലും തലയും പഠിച്ചു ഓതി കേള്‍പ്പിച്ചു ക്ലാസില്‍ കേറി. അപ്പോഴും ഒരുതരം വിഭ്രാന്തി ആയിരുന്നു എന്റെ മനസ്സിന്. പേടിയും സങ്കടവും കാരണം ഉസ്താദ് മരിച്ചു പോകണേ എന്നുവരെ ആ കുഞ്ഞു മനസ്സ് പ്രാര്‍ത്ഥിച്ചു പോയി. ലഞ്ച് ബ്രേക്കിന്റെ ബെല്ലിന്റെ ശബ്ദം ഉമ്മ എന്നെ വിളിക്കുമ്പോള്‍ ഉള്ളൊരു തഴുകല്‍ പോലെയാണ് അപ്പൊള്‍ തോന്നിയത്. ഇനിയെങ്കിലും ഒന്ന് ഇരിക്കാന്‍ കഴിഞ്ഞെങ്കില്‍ 

തുടര്‍ച്ചയായി നിന്നതിന്റെ ക്ഷീണവും ദാഹവും വിശപ്പുമെല്ലാം വല്ലാതെ തളര്‍ത്തിയിരുന്നു ഞങ്ങളെ. ആ നിമിഷത്തെ വല്ലാതെ ശപിച്ചു പോയിരുന്നു. കുഞ്ഞു കാലുകള്‍ വേദനിച്ചു തുടങ്ങിയിരുന്നു. 

ദൂരെ നിന്ന് ഉസ്താദ് ചൂരലും കൊണ്ട് നടന്ന് വരുന്നത് കാണുന്നുണ്ട്. നാളത്തേക്ക് എല്ലാരും പഠിച്ചു വരാമെന്ന് വാക്ക് കൊടുക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു. കൂട്ടത്തില്‍ ധൈര്യമുള്ള ആള്‍ അത് ഉസ്താദിനോട്  അവതരിപ്പിക്കാമെന്നും ഏറ്റു. ആറടി പൊക്കമുള്ള ഉസ്താദ് ഉണ്ടക്കണ്ണുരുട്ടി ഉറക്കെ ചോദിച്ചു. 

'പഠിച്ചോ ...?'

നാളേക്ക് പഠിച്ചു വരാന്നു ആരോ മുറിഞ്ഞ വാക്കുകളാല്‍ പറഞ്ഞത് മാത്രം ഓര്‍മയുണ്ട്. പിന്നെ ആളെ നോക്കാതെ പരിസരം മറന്ന് പൊതിരെ തല്ല് ആയിരുന്നു. ഒരുപക്ഷെ ആ കൈയുടെ തരിപ്പ് തീരുന്നത് വരെ തല്ലിയിരിക്കാം. ആര്‍ക്കൊക്കെയോ മുഖത്തും നെഞ്ചിലും ഒക്കെ പൊതിരെ കിട്ടി. വേദന അടക്കി പിടിച്ച് കരച്ചിലിനെ തൊണ്ടയില്‍ മണ്ണിട്ട് മൂടി ഞങ്ങള്‍ നിസ്സഹായരായി നിന്നു. 

പിന്നെ ആളെ നോക്കാതെ പരിസരം മറന്ന് പൊതിരെ തല്ല് ആയിരുന്നു.

എന്നിട്ടും ദേഷ്യമടങ്ങാതെ ഉസ്താദ് ക്ലാസ്സിന് തൊട്ടടുത്തുള്ള പൊട്ടിയ ബെഞ്ചുകളും മറ്റും സൂക്ഷിക്കുന്ന, ജിന്ന് ഉണ്ട് എന്ന് ഞങ്ങള്‍ പറയാറുള്ള, എല്ലാരും കേറാന്‍ ഭയക്കുന്ന, ഇരുണ്ട മുറിയില്‍ ഞങ്ങളെ കയറ്റി വാതിലടച്ചു പോയി.

മുറിക്കുള്ളിലെ മാറാലയും ഇരുട്ടും ജിന്ന് പിടിക്കുമോ എന്ന പേടിയും കാരണം എല്ലാരും വിറയ്ക്കുകയായിരുന്നു. ശബ്ദം പുറത്തു വന്നാല്‍ ഉറങ്ങി കിടക്കുന്ന ജിന്ന് ശരീരത്തില്‍ കേറുമോ, ഞങ്ങള്‍ മരിച്ചു പോകുമോ എന്നിങ്ങനെ ഭയത്താല്‍ കരച്ചിലടക്കി പിടിച്ചു അടുത്ത് നിന്ന ഓരോരുത്തരും കൈ കോര്‍ത്തു പിടിച്ചു പരസ്പരം ആശ്വസിപ്പിച്ചു. ഞങ്ങളെ രക്ഷിക്കാന്‍ ടിവിയില്‍നിന്നും ഒരു 'ശക്തിമാനും' വന്നില്ല. 

പുറത്തു നിന്ന് ലഞ്ച് ബ്രേക്ക് കഴിഞ്ഞുള്ള ലോങ് ബെല്ലിന്റെ ശബ്ദ മാത്രം അപ്പോഴും കേള്‍ക്കാമായിരുന്നു. കളങ്കമില്ലാത്ത മനസ്സുകളില്‍ സാന്ത്വനം മൊട്ടിട്ടതും , പരസ്പരം കരുണയുള്ളവര്‍ ആകാനും ഉള്ള തിരിച്ചറിവ് ഞങ്ങള്‍ക്ക് ഉണ്ടായതും ഒരു പക്ഷേ ആ നിമിഷത്തിലാവാം ....

അടുത്ത നിമിഷം ഒരു വലിയ ശബ്ദത്തോടെ വാതില്‍ തുറന്നതും 'പടച്ചോനെ, ജിന്ന്' എന്ന് പറഞ്ഞു ഞങ്ങള്‍ അലറി കരഞ്ഞതും ഒരുമിച്ചായിരുന്നു. കലങ്ങിയ കണ്ണുകളിലും കരച്ചിലടക്കിയ തൊണ്ടയിലും  പ്രകാശം പരത്തി കൊണ്ട് ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ ആയിരുന്നു അത്. പരിസരം മറന്ന് ഞങ്ങള്‍ ടീച്ചറെ കെട്ടിപ്പിടിച്ചു കരഞ്ഞു. ടീച്ചറുടെ റെക്കമെന്റേഷനില്‍ അന്ന് തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടു. 

പിറ്റേ ദിവസം രാവിലെ സ്‌കൂള്‍ മുറ്റത്തു കാറുകളും ബൈക്കുകളും നിരന്നു നിന്നു. ഞങ്ങളുടെ രക്ഷിതാക്കള്‍ ഉസ്താദിനെതിരെ പരാതി ഉന്നയിച്ചു. തര്‍ക്കിച്ചു. 

ഇതൊന്നുമറിയാതെ ഞങ്ങള്‍ അപ്പോഴും ജിന്നുകളുടെ കഥ പറയുകയായിരിക്കണം. അന്ന് ഒരു ദയയുമില്ലാതെ ഞങ്ങളെ ശിക്ഷിച്ച ഉസ്താദിനെതിരെ എന്തേലും ആക്ഷന്‍ എടുത്തു കാണണം. ഓര്‍മ്മയില്ല. ഒരുപക്ഷേ മങ്ങിയ ഓര്‍മകളില്‍ തെളിയാതെ പോയ ചിലതാകുമത്. 

ഇതൊന്നുമറിയാതെ ഞങ്ങള്‍ അപ്പോഴും ജിന്നുകളുടെ കഥ പറയുകയായിരിക്കണം.

കുറേ കാലങ്ങള്‍ക്കിപ്പുറം ഉസ്താദിന്റെ മരണ വാര്‍ത്ത അറിഞ്ഞു. കാന്‍സര്‍ ആയിരുന്നത്രേ. അവസാന കാലം കുറേ കഷ്ടപ്പെട്ടത്രെ. 

അന്ന് എനിക്കൊപ്പം പുറത്തു നിന്ന സുഹൃത്തുക്കള്‍ പറഞ്ഞു, നമ്മളെ ഒക്കെ ശാപം ആകും അത് എന്ന്. അന്ന് കൈയില്‍ കൊണ്ട അടിയേക്കാള്‍ വേദനിപ്പിച്ചത് ആ വാക്ക് ആയിരുന്നു. 'ശാപം'. അന്ന് അറിവില്ലായ്മ കൊണ്ട് കാട്ടിക്കൂട്ടിയത് ആണെങ്കിലും ഒരു മൂന്നാം ക്ലാസുകാരിക്ക് അറിയില്ലായിരുന്നു ഉസ്താദ് മരിച്ചുപോവണമെന്ന് ശപിക്കാന്‍ പാടില്ലെന്ന്. 

ശപിച്ചിട്ടില്ല ഒരിക്കലും. അന്ന് പേടി കൊണ്ട് പഠിച്ച ആ വചനങ്ങള്‍ ആണ് ഇന്ന് പക്വമായ മനസ്സ് പേടിയാലും വേദനയാലും തളര്‍ന്നിരിക്കുമ്പോള്‍ ഉരുവിടാറുള്ളത്. 
ആ വചനങ്ങള്‍ ആണ് മനസ്സിന് എന്നും ആശ്വാസമേകാറുള്ളത്. ഇന്ന് വരെ ആ സൂക്ത ധ്വനികള്‍ മറന്നിട്ടുമില്ല.

നല്ലൊരദ്ധ്യാപകന്‍ കുട്ടികളെ തലോടി അവരുടെ കണ്ണുകളില്‍ ഒരു രക്ഷിതാവിന്റെ സുരക്ഷിതത്വം നല്‍കുന്ന ആള്‍ ആണ് എന്ന പക്ഷക്കാരി തന്നെ ആണ് ഞാനും. എങ്കിലും  എന്ത് കൊണ്ടോ എന്നെ ശിക്ഷിച്ചു ഭയത്താല്‍ കീഴ്‌പ്പെടുത്തി, വെറുപ്പ് സമ്പാദിച്ചു ഒടുക്കം സ്വയം ശിക്ഷ ഏറ്റു വാങ്ങി വിട പറഞ്ഞ ആ ആറടി പൊക്കക്കാരനും എന്റെ ഉള്ളിലൊരു നല്ല അദ്ധ്യാപകന്‍ തന്നെ. ഇരുട്ടിനും വെളിച്ചത്തിനും, ഭയത്തിനും നിര്‍ഭയത്വത്തിനും ഇടയിലെ ജീവിതത്തെ തുറന്ന് കാട്ടിയ ആദ്യത്തെയും അവസാനത്തെയും അദ്ധ്യാപകന്‍. 

Follow Us:
Download App:
  • android
  • ios