Asianet News MalayalamAsianet News Malayalam

'ഒരുമിച്ച് നിന്നാല്‍ നമുക്ക് അതിജീവിക്കാം' - രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികള്‍ പറയുന്നു

ഓരോയിടത്ത് ചെല്ലുമ്പോഴും 'രക്ഷിക്കണേ... രക്ഷിക്കണേ...' എന്ന നൂറുനിലവിളികളാണ് കേള്‍ക്കുന്നത്. എന്നോട് ആദ്യം പോകാന്‍ പറയുന്നത്, അവിടെയുള്ളൊരു സ്വകാര്യ ആശുപത്രിയിലേക്കാണ്. അവിടെ ചെല്ലുമ്പോള്‍, പ്രസവിച്ചിട്ട് വെറും എട്ട് മണിക്കൂര്‍ മാത്രമായ ഒരു സ്ത്രീയും കുഞ്ഞുമുണ്ട്. 

FISHERMAN, REAL HEROES OF KERALA SPEAKS
Author
Thiruvananthapuram, First Published Aug 19, 2018, 9:47 PM IST

പ്രളയം, രക്ഷപ്പെടാനുള്ള നിലവിളി, പരസ്പരം ചേര്‍ന്നുനിര്‍ത്തല്‍... കുറച്ച് ദിവസങ്ങളായി കേരളം കാണുന്നത് ഇതുവരെ കാണാത്ത കാഴ്ചകളായിരുന്നു. എല്ലാ സംവിധാനങ്ങള്‍ക്കുമപ്പുറം, ഓരോ ജീവനെയും വാരിപ്പിടിച്ച് കരയിലേക്കെത്തിച്ചത് മത്സ്യത്തൊഴിലാളികളാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു, 'അവരാണ് നമ്മുടെ സൈന്യം'. അതെ, അവര്‍ തന്നെയായിരുന്നു നമുക്ക് സൈന്യം. അവരെയാരും സ്നേഹം പഠിപ്പിക്കണ്ട, അവരെയാരും രക്ഷാപ്രവര്‍ത്തനവും പഠിപ്പിക്കണ്ട. അവര്‍ അതിജീവിച്ചും, പരസ്പരം ചേര്‍ത്തുനിര്‍ത്തിയും തെളിയിച്ച മനുഷ്യരാണ്... റിനി രവീന്ദ്രന്‍ എഴുതുന്നു. 

ആത്മവിശ്വാസമാണ് നയിച്ചത്

എത്ര കടല്‍ കണ്ടവരാണ്, എന്നിട്ടും അവര്‍ പറയുന്നു, 'ആ നിലവിളി നമ്മളെ ഉലച്ചുകളഞ്ഞു. ആത്മവിശ്വാസവും അവര്‍ നമ്മളിലര്‍പ്പിച്ച പ്രതീക്ഷയുമാണ് നമ്മളെ മുന്നോട്ട് നയിച്ചത്.' ദുരന്തമുഖത്തെ അനുഭവങ്ങള്‍ രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവയ്ക്കുകയാണ്.

വേളിയിലുള്ള ആന്‍റോ ഏലിയാസ് പറയുന്നു, ''വ്യാഴാഴ്ച രാത്രി ഏഴ് മണിയോട് കൂടിയാണ് വലിയ വേളിയില്‍ നിന്ന് ഞങ്ങള്‍ പുറപ്പെടുന്നത്. ദുരന്തത്തെ കുറിച്ച് കേള്‍ക്കുന്നുണ്ട്, മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട് എന്നതിനപ്പുറം ഇതിന്‍റെ ഗൌരവമൊന്നും അത്ര മനസിലായിരുന്നില്ല. തുമ്പ പൊലീസ് കൊണ്ടുവന്ന ഒരു വലിയ വണ്ടിയിലാണ് ഞങ്ങള്‍ പോയത്. വള്ളങ്ങള്‍ ടിപ്പറില്‍ കയറ്റി. ഞങ്ങളും പൊലീസും ചേര്‍ന്നാണ് വള്ളത്തില് ഇന്ധനമൊക്കെ അടിച്ചത്. പന്തളത്തെത്താനാണ് പറഞ്ഞത്. അവിടെ ചെന്നപ്പോഴേക്കും നമ്മള് പോയ വണ്ടിയിലൊക്കെ വള്ളം കയറിത്തുടങ്ങിയിരുന്നു.'' 

''പിന്നെ, നേരെ ആറന്മുള പഞ്ചായത്തിലേക്ക്. എം.എല്‍.എ വീണ ജോര്‍ജ്ജ്, പഞ്ചായത്ത് പ്രസിഡന്‍റ് ഒക്കെ ഉണ്ടായിരുന്നു. അവിടെ നിന്ന് ആളുകളുടെ ഇടയിലേക്ക്. ഓരോയിടത്ത് ചെല്ലുമ്പോഴും 'രക്ഷിക്കണേ... രക്ഷിക്കണേ...' എന്ന നൂറുനിലവിളികളാണ് കേള്‍ക്കുന്നത്. എന്നോട് ആദ്യം പോകാന്‍ പറയുന്നത്, അവിടെയുള്ളൊരു സ്വകാര്യ ആശുപത്രിയിലേക്കാണ്. അവിടെ ചെല്ലുമ്പോള്‍, പ്രസവിച്ചിട്ട് വെറും എട്ട് മണിക്കൂര്‍ മാത്രമായ ഒരു സ്ത്രീയും കുഞ്ഞുമുണ്ട്. ആദ്യം തന്നെ അവരെ കരയിലെത്തിച്ചു.  പിന്നെ, രണ്ട് ദിവസം ആളുകളെ വീട്ടില്‍ ചെന്ന് കൊണ്ടുവരുന്നു, കരയിലെത്തിക്കുന്നു, ക്യാമ്പുകളിലെത്തിക്കുന്നു. വൈദ്യസഹായം എത്തിക്കുന്നു. കുറച്ചുപേര്‍ വരാന്‍ തയ്യാറായില്ല. അവര്‍ക്ക്, പഞ്ചായത്ത് തന്ന മരുന്നും, ഭക്ഷണവുമെല്ലാം അവരുടെ വീടുകളിലെത്തിച്ചു...''

''രണ്ടാം നിലയിലുള്ള ആളുകളെ ഞങ്ങളുടെ രീതി ഉപയോഗിച്ച് കയറൊക്കെ ഉപയോഗിച്ച് പുറത്തെത്തിച്ചു. ചില വീടുകളുടെയൊക്കെ ഓട് പൊളിക്കേണ്ടി വന്നു. ഞങ്ങളാകെ അധികൃതരോട് ആവശ്യപ്പെട്ടത്, അവിടുത്തെ റോഡൊക്കെ അറിയാവുന്ന ഒരാളെ ഞങ്ങളുടെ കൂടെ വിടണമെന്ന് മാത്രമാണ്. അത് തന്നു. അവര്‍ക്ക് ഓരോ വീട് എവിടെയാണെന്നും, അവിടൊക്കെ എത്ര ആളുണ്ടെന്നും ഒക്കെ അറിയാം. അവരതൊക്കെ പറഞ്ഞു തന്നു. പിന്നെ, ഓസ്ട്രേലിയ, അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന കുറേപ്പേരുടെ അമ്മ, അച്ഛന്‍, ഭാര്യ ഒക്കെ ഒറ്റപ്പെട്ടിട്ടുണ്ടായിരുന്നു. അവരവിടെ നിന്നും ലൊക്കേഷനയച്ചുതന്നു. ഞങ്ങള്‍, ഞങ്ങളുടെ ജി.പി.എസ് ഉപയോഗിച്ച് അവിടെ ചെന്ന് അവരെ കൂട്ടി കൊണ്ടുവന്നു. ഒരു വീട്ടില് ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്നത് അറുപതോളം ആളുകളാണ്. അവരെയൊക്കെ കൂടെക്കൂട്ടി. ''

''രണ്ടാമത്തെ നിലയിലെ ബാല്‍ക്കണിയിലൊക്കെ വെള്ളം കയറിയാല്‍ മാത്രമേ അവിടെയുള്ളവരെ രക്ഷിക്കാനാകൂ. അങ്ങനെ ചെല്ലുമ്പോ, കൈവരിയിലൊക്കെ തട്ടി വള്ളത്തിന് കേടുപാടു പറ്റീട്ടുണ്ട്. ചിലപ്പോ വള്ളം എവിടെയെങ്കിലും തടഞ്ഞ് പുറത്തെത്തിക്കാന്‍ പറ്റാതെയൊക്കെ വരും. എന്നാലും പിന്മാറാന്‍ തോന്നീല്ല. പൊലീസും എം.എല്‍.എയും, പഞ്ചായത്തും, നാട്ടുകാരും, എല്ലാം ഒറ്റക്കെട്ടായി നിന്നു. അവര് തന്ന കപ്പയും, മുളക് ചമ്മന്തിയും കാപ്പിയും കഴിച്ച് അവരുടെ കൂടെ... ഒന്നുമറിയുന്നുണ്ടായിരുന്നില്ല, വിശപ്പും തളര്‍ച്ചയുമൊന്നും. ''

കുഞ്ഞുങ്ങളെയെന്ന പോലെയാണ് ഓരോരുത്തരെയും അവര്‍ കരയിലെത്തിച്ചത്, ''നാല്‍പത്തിയഞ്ചും അമ്പതും വയസായവര്‍ക്ക് അനങ്ങാന്‍ പോലുമാവാതെ നിന്നിട്ടുണ്ട്. അവരെയൊക്കെ കുഞ്ഞുവാവകളെപ്പോലെയാണ് നമ്മള്‍ കൊണ്ടുവന്നത്. അപ്പോഴും, 'പേടിക്കണ്ട' എന്നാണ് പറയാന്‍ തോന്നിയത്. കരയിലെത്തുമ്പോള്‍ അവരുടെയൊരു ദീര്‍ഘനിശ്വാസമുണ്ട്. അത് പ്രാണന്‍ തിരിച്ചുകിട്ടുന്നതിന്‍റെയാണ്. ''

''ഒരു പ്രൊഫസറിനേം, ഒരു ഹെഡ് മാസ്റ്ററേം വീടിന്‍റെ രണ്ടാമത്തെ നിലയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ഒരു ഷീറ്റുകൊണ്ട് മൂടി ഇരിക്കുകയായിരുന്നു അവര്‍. നമ്മളെ വിളിക്കാനുള്ള ശബ്ദം പോലുമില്ലായിരുന്നു അവര്‍ക്ക്. കരയ്ക്ക് കൊണ്ടുവന്നു. അവരെ ചികിത്സിക്കാനെത്തിച്ചു. അതൊക്കെ കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ അവര്‍ നമ്മുടെ മുന്നില്‍ വന്ന് കരഞ്ഞു. 'നന്ദിയുണ്ട്, കടപ്പാടുണ്ട്, എന്തിനും വിളിക്കണം' എന്ന് പറഞ്ഞ്... ''

അനുഭവമാണ് വലിയ അറിവ്. ശാസ്ത്രീയമായ പഠനമാണ് പ്രതിവിധി. ആഗോളതാപനവും, അശാസ്ത്രീയ നിര്‍മ്മിതികളുമെല്ലാം നമ്മളോട് ചെയ്യുന്നതെന്താണെന്ന് ഇവര്‍ക്ക് കൃത്യമായറിയാം, ''നമ്മളിതെന്നോ പറയുന്നതാണ് ആഗോളതാപനം മത്സ്യത്തൊഴിലാളികളേയും കര്‍ഷകരേയും ബാധിക്കുമെന്ന്. അതിന്‍റെ ഇരകളാകുന്നത് കടലില്‍ പോവുന്ന നമ്മള്‍ മത്സ്യത്തൊഴിലാളികളാണ്. ഇപ്പോഴത് കരയിലുമെത്തി. ദുരന്തം കണ്ട ആളെന്ന നിലയില്‍ പറയുന്നതാണ്, ഇതിനെ കുറിച്ചൊക്കെ ശാസ്ത്രീയമായി പഠിക്കണം.''

ഇന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവരുടെ ഉള്ള് നിറയെ സന്തോഷമാണ്. കുറേയേറെ ജീവനുകളെ ചേര്‍ത്തുപിടിച്ചതിന്‍റെ. ''വീണ ജോര്‍ജ്ജ് എം.എല്‍എ അറേഞ്ച് ചെയ്ത ട്രാവലറില് ഞങ്ങളിന്ന് തിരിച്ചു വന്നു. ഒരു സാക്ഷ്യപത്രം വാങ്ങി തിരികെ വരുമ്പോള്‍... വേറൊന്നും വേണമെന്നുപോലും തോന്നീല്ല. നമ്മളൊക്കെ ഒരുമിച്ചു നിക്കേണ്ടവരാണ്... ഇതുപോലെ ഇനിയും... അങ്ങനെ വരുമ്പോ നമ്മളാരും തോറ്റുപോകില്ല...''

ഇപ്പോഴുമുണ്ട് കാതില്‍, കരച്ചിലുകള്‍

നാല് ദിവസത്തോളം ആന്‍റണി ആ നിലവിളിക്കുന്ന മനുഷ്യര്‍ക്കൊപ്പമായിരുന്നു. ഫോണ്‍ പോലും വിളിക്കാനായില്ല. വീട്ടില്‍ അമ്മയും അച്ഛനുമൊക്കെ അദ്ദേഹത്തിന്‍റെ വിവരമറിയാതെ വേവലാതിപ്പെട്ടു. പക്ഷെ, പ്രളയക്കെടുതിയില്‍ പെട്ടവര്‍ സുരക്ഷിതരാകുന്നുവെന്നും, ഇനിയെന്തെങ്കിലുമുണ്ടായാല്‍ രക്ഷിക്കാനാളുണ്ടെന്നും ഉറപ്പു വരുത്തിയാണ് ആന്‍റണിയും കൂട്ടരുമിന്നു മടങ്ങിയത്. ആന്‍റണി കുരിശിങ്കല്‍ പറയുന്നു.

''ആലപ്പുഴ, അര്‍‍ത്തുങ്കരയില്‍ നിന്നുള്ള മൂന്നുവള്ളങ്ങളാണ് പോയത്. മട്ടാഞ്ചേരിയില്‍ നിന്ന് വ്യാഴാഴ്ച പറവൂര്‍ക്ക് വന്നു. ഗോതുരുത്ത് പള്ളീല് വെള്ളം കയറിയിരുന്നു. അവിടെനിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ആള്‍ക്കാരെ എടുത്തു. ചെല്ലുമ്പോള്‍ അരയൊപ്പം വെള്ളമുണ്ട്. പിന്നെ, ഗോതുരുത്ത്, വടക്കുംപുറം, ചേന്ദമംഗലം എന്നിവിടങ്ങളില്‍ നിന്നാണ് ആളുകളെ കൂട്ടിക്കൊണ്ടുപോയത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ഒമ്പത് വരെ വന്നും പോയും നമ്മള്‍ ആളുകളെ എടുത്തിരുന്നു.''
 
''കുത്തിയതോട് ഏരിയയില്‍ ഒരു ഡോക്ടറുടെ വീട്ടില്‍ ചെന്നു, രാത്രി ഒമ്പത് മണിക്കാണ് അത്. വലിയ റിസ്കായിരുന്നു. ഇപ്പോഴും ഓര്‍ക്കുമ്പോ ഒരു ഞെട്ടലുണ്ട്. വെട്ടമില്ലായിരുന്നു എവിടേം. ടോര്‍ച്ചും കൊണ്ടാണ് പോകുന്നത്. അന്ന് വൈകുന്നേരം, അഞ്ചര അയപ്പോള്‍ വടക്കുംപുറത്തൊക്കെ ആള്‍ക്കാരെ എത്തിച്ചു. ഞങ്ങളുടെ വള്ളത്തിനും പുറത്ത് കുറേ വള്ളങ്ങളും വന്നിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്. അപ്പോ കുറച്ച് നേരം വിശ്രമിക്കാമെന്ന് കരുതിയതായിരുന്നു. അപ്പോഴാണ് ഈ ഡോക്ടറ് വന്ന് കരയുന്നത്. കുടുംബത്തെ കുറിച്ച് ഒരു വിവരവുമില്ലാ, അച്ഛനും അമ്മയും വൈഫുമുണ്ട് എന്ന്. ആ കരച്ചില് കണ്ട് നില്‍ക്കാനാകുമായിരുന്നില്ല. അങ്ങനെ അവിടെ ചെന്നു.  ''

''ഒഴുക്ക് ശക്തമായിരുന്നു. അതിന്‍റെ ഒരു ഭയമുണ്ടായിരുന്നു. മറ്റ് പേടിയൊന്നൂല്ലായിരുന്നു. നേവിക്കാരൊക്കെ നിസ്സഹായരായി നിന്നു പലപ്പോഴും. എന്‍.ഡി.ആര്‍.എഫ് ഒക്കെ നാല് പേരെയൊക്കെയേ കൂടെ കൂട്ടുന്നുണ്ടായിരുന്നുള്ളൂ. അവര്‍ക്കത്രേ പറ്റുമായിരുന്നുള്ളൂ. ആ സമയത്ത് നാല്‍പതും അമ്പതും പേരെ നമ്മള് കേറ്റി. അതില് സ്ത്രീകള്, കുട്ടികള്, ഗര്‍ഭിണികള് ഒക്കെ ഉണ്ടായിരുന്നു. ഗര്‍ഭിണികളൊക്കെ ഭയന്നിരിക്കുകയായിരുന്നു. ഭയന്ന്, വയറ് വേദന വന്ന് കരഞ്ഞവരൊക്കെ ഉണ്ട്. നമ്മളവര്‍ക്ക് ധൈര്യം കൊടുത്തു. 'ഒന്നുമുണ്ടാകില്ല, ഞങ്ങളുണ്ട് കൂടെ' എന്നും പറഞ്ഞു. ചിലപ്പോഴൊക്കെ നമ്മളും ഭയന്നുപോകും. ഇത്രയും മനുഷ്യരുടെ ജീവിതം നമ്മുടെ കയ്യിലാണ്. ഞങ്ങള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളുമില്ല. രണ്ട് ജാക്കറ്റൊക്കെയാണ് ആകെയുള്ളത്. എന്നാലും ആത്മവിശ്വാസമുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തില് ഓരോ വള്ളത്തിലും കോസ്റ്റല്‍  പൊലീസിന്‍റെ രണ്ട് പേരുണ്ടായിരുന്നു. ആറ് മണി കഴിയുമ്പോഴേക്കും അവര്‍ക്ക് ഭയമാകും. അവര്‍ക്കിത് പരിചയമില്ലാത്തോണ്ടാകും. നമ്മള് രാത്രിയും പണിയെടുത്ത് ശീലമുള്ളോണ്ടാവും ഞങ്ങള് രക്ഷാപ്രവര്‍ത്തനം തുടരാമെന്ന് പറയും'' 

'' വേറൊരിടത്ത്, ഓപ്പറേഷന്‍ കഴിഞ്ഞ ഒരപ്പച്ഛനുണ്ടായിരുന്നു. അപ്പച്ഛനും അമ്മയും വേലക്കാരിയും മാത്രമേ ആ വീട്ടിലുണ്ടായിരുന്നുള്ളൂ. ഞങ്ങള് മതിലിന്‍റെ മുകളില്‍ കൂടി വള്ളം കയറ്റിയാണ് അവരെ കൊണ്ടുവന്നത്. അപ്പച്ഛന് ട്യൂബിട്ടിരിക്കുകയായിരുന്നു. കസേരയിലിരുത്തി മൂന്നാള് കൂടി ചുമന്നാണ് കൊണ്ടുവന്നത്, അദ്ദേഹം നനയാതിരിക്കാന്‍. ''

''പിന്നെ, നാട്ടുകാരുടെ സഹകരണം പറയാണ്ടിരിക്കാനാകില്ല. അവര്‍ ഡീസലടക്കമെത്തിക്കുന്നതിന് മുന്നില്‍ നിന്നു. ചെറുപ്പക്കാര് പ്രത്യേകിച്ച്.  ക്യാമ്പിലെത്തിച്ച ശേഷം, 'എന്ത് ചെയ്താലാണ് മതിയാവുക എന്നറീല്ല, ഒരിക്കലും മറക്കില്ല' എന്നൊക്കെ ഓരോരുത്തര് പറയുന്നുണ്ടായിരുന്നു. പക്ഷെ, അവരോട് ഒന്നു സംസാരിക്കാന്‍ പോലും നമുക്ക് നേരമുണ്ടായില്ല. അടുത്ത ആളെ രക്ഷിക്കണം. ഒരു സ്ഥലത്ത് നിന്ന് ആളുകളെ കൊണ്ടുപോകുമ്പോ അടുത്ത ടെറസില്‍ നിന്ന് ആളുകള് വിളിക്കുവാണ് 'നമ്മളെ കൂടി കൊണ്ടുപോ' എന്ന്... ഇപ്പോ വരാന്ന് പറഞ്ഞ്, അവരെ കൊണ്ടുവിട്ട് അടുത്തിടത്തേക്ക് പോകുവാണ്.''

കൂടുതല്‍ വള്ളങ്ങളെത്തി, ഇനിയാരും അപകടത്തില്‍ പെടില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ആന്‍റണിയും കൂട്ടരും മടങ്ങിയത്. 'ജീവിതത്തിലാദ്യമായാണ് ഇത്തരമൊരവസ്ഥ കാണുന്നത്. പക്ഷെ, ഇപ്പോ ചാരിതാര്‍ത്ഥ്യമുണ്ട്. എന്തൊക്കെയോ ഞങ്ങള് ചെയ്തുവെന്ന്...' ആന്‍റണി പറഞ്ഞു നിര്‍ത്തുന്നു. 

ഞങ്ങളുണ്ട്

 സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജന: സെക്രട്ടറി ജാക്സണ്‍ പൊള്ളയില്‍ പറയുന്നു, ''കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്തായിരുന്നു നമ്മുടെ തൊഴിലാളികള്‍... അവര്‍, കാറ്റിനേയും കടലിനേയും വകവയ്ക്കാത്തവരാണ്. അവര്‍ക്ക് ആവശ്യമുള്ള ജാക്കറ്റോ, കൃത്യസമയത്ത് ഭക്ഷണമോ ഒന്നുമില്ലായിരുന്നു. പക്ഷെ, അവര്‍ ഒരുമിച്ചുനിന്നു. ഞങ്ങളാണ് ദുരന്തമുഖത്തേക്കിറങ്ങാന്‍ പല തൊഴിലാളികളേയും വിളിച്ചത്. വിളിക്കുമ്പോ ആരും വരില്ലെന്ന് പറഞ്ഞില്ല. ഞങ്ങളുണ്ട് എന്നാണ് പറഞ്ഞത്. ജീവിത മാര്‍ഗമാണ് ആ വള്ളങ്ങള്‍. അതുമായി ഞങ്ങളിറങ്ങി. ഓഖി സമയത്തെ പൂര്‍ണമായും ഞങ്ങള്‍ അതിജീവിച്ചില്ല. അതൊന്നുമോര്‍ത്തില്ല. രക്ഷാപ്രവര്‍ത്തനത്തിന് പോയവരുടെ വീട്ടുകാര്‍ ചോദിക്കുമ്പോള്‍ അവര് സുരക്ഷിതരാണ് എന്ന് പറയും. അപ്പോള്‍ പോലും അവരെവിടെയാണെന്ന് നമുക്കും ഉറപ്പൊന്നുമില്ലായിരുന്നു. അവര്‍, അതിജീവിച്ചവരാണ്. അതിജീവിക്കാനറിയുന്നവരാണ്. ആ പ്രതീക്ഷയുണ്ടായിരുന്നു. രക്ഷപ്പെടുത്തിയ ഓരോ മനുഷ്യരുടേയും പുഞ്ചിരി തന്നെ നമുക്ക് ഏറ്റവും വലിയ സന്തോഷമായിരുന്നു.''

ഓഖിയുടെ ദുരന്തത്തില്‍ നിന്ന് ഇനിയും നമ്മുടെ മത്സ്യത്തൊഴിലാളികള്‍ കരകയറിയിട്ടില്ല. പൂര്‍ണമായും ആശ്വാസം ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാവരും പകച്ചുനിന്നപ്പോള്‍ ഓടിയെത്തിയത് അവരാണ്. വാഴ്ത്തുപാട്ടുകളല്ല ഇനി അവര്‍ക്കാവശ്യം, അവരെ അവഗണിക്കാതിരിക്കലാണ്. അവര്‍ക്കവകാശമുള്ളത് നല്‍കലാണ്. 
 

Follow Us:
Download App:
  • android
  • ios