Asianet News MalayalamAsianet News Malayalam

'കേരളത്തിന്‍റെ സൈന്യ'ത്തെക്കുറിച്ച് കുറച്ചുകാര്യങ്ങള്‍ കൂടി നിങ്ങളറിയണം

ഇന്ന് കേരളവും, ഈ രാജ്യവും  മത്സ്യതൊഴിലാളികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി ചൊരിയുകയാണ്. എന്നാല്‍, തേഞ്ഞുതീരുന്ന അഭിനന്ദന പ്രവാഹത്തേക്കാള്‍ ഈ ജനതയ്ക്കു വേണ്ടത് തോളോട് തോള്‍ ചേര്‍ന്ന് നിന്ന് മനുഷ്യരെയും തീരഭൂമിയേയും സംരക്ഷിക്കാന്‍ മനക്കരുത്തും പ്രതിബദ്ധതയുമുള്ള ഒരു പൊതുസമൂഹത്തെയും സര്‍ക്കാരിനെയും ആണ്. 

flood experiences
Author
Thiruvananthapuram, First Published Sep 2, 2018, 1:27 PM IST

പ്രളയകാലത്തെ അനുഭവങ്ങള്‍ക്ക് ഒരിടം. കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഒരു ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ പ്രളയക്കുറിപ്പുകള്‍ എന്നെഴുതാന്‍ മറക്കരുത്.

flood experiences

കഴിഞ്ഞ മാസമാണ് ആലപ്പുഴ നീര്‍ക്കുന്നം ഭാഗത്ത് അടിഞ്ഞ വിദേശ ഡോക്ക് കാണാന്‍ പോയത്. കുറച്ച് ആളുകള്‍ ഉണ്ടായിരുന്നു, ഡോക്ക് കാണാന്‍. അവിടെ നില്‍ക്കുമ്പോള്‍ കുറച്ച് വടക്കുമാറി കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ഒരു വീട് കാണാമായിരുന്നു. 

അരികില്‍ നിന്ന ഒരു സ്ത്രീ ആ വീട് നോക്കി എന്തോ പറയുന്നുണ്ടായിരുന്നു. ശ്രദ്ധിച്ചപ്പോള്‍ ശബ്ദം ഉറക്കെയായി. 

'ദേ നോക്ക് കടപ്പുറത്ത്കാര് അല്ലേലും ഇങ്ങനെ തന്നെ. കടലിന്റെ കീഴില്‍ ചെന്ന് വീടുവെയ്ക്കും. പിന്നെ കടലു കേറിയാല്‍ വീട് പൊളിയുന്നൂന്നും പറഞ്ഞ് നഷ്ടപരിഹാരത്തിനായ് സര്‍ക്കാരിലേക്ക് ഓടും'. 

കൃത്യമായ മറുപടി കൊടുത്ത് നടന്നു നീങ്ങുമ്പോള്‍ അവരെ ഒന്നുകൂടി നോക്കി.

കടല്‍ ഡ്രഡ്ജ് ചെയ്ത് ആരും വീട് വെയ്ക്കാറില്ലന്നും, കിലോമീറ്ററോളം പടിഞ്ഞാറോട്ട് കര ഉണ്ടായിരുന്നെന്നും തീരത്തെ അറിയാത്ത ഇവരോട് പറഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ല. എങ്കിലും പറയാതിരിക്കാന്‍ കഴിഞ്ഞില്ല. കൃത്യമായ മറുപടി കൊടുത്ത് നടന്നു നീങ്ങുമ്പോള്‍ അവരെ ഒന്നുകൂടി നോക്കി. ആ മുഖം ഉള്ളില്‍ പതിഞ്ഞു. 

അതു കഴിഞ്ഞാണ് പ്രളയമെത്തിയത്. ആലപ്പുഴ വട്ടയാല്‍ സെന്റ് മേരീസിലെ ദുരിതാശ്വാസ ക്യാമ്പില്‍ സഹായ ആവശ്യങ്ങള്‍ക്കായി ചെന്നപ്പോള്‍ മുന്നില്‍ ആ സ്ത്രീയെ കണ്ടു. അന്ന് കടപ്പുറത്തെ വീടുകളെക്കുറിച്ചും കടപ്പുറത്തെ മനുഷ്യരെക്കുറിച്ചും വലിയവായില്‍ പറഞ്ഞ അതേ സ്ത്രീ. അവര്‍ ക്യാമ്പിലായിരുന്നു.  പ്രളയത്തില്‍ കുടുങ്ങിയ അവരെ മല്‍സ്യത്തൊഴിലാളികളുടെ ബോട്ടുകളിലൊന്നാണ് രക്ഷപ്പെടുത്തി ക്യാമ്പില്‍ എത്തിച്ചത്. അവരോട് ചിരിച്ചപ്പോള്‍ എന്നെ തിരിച്ചറിയാഞ്ഞിട്ടും അവര്‍ തിരിച്ചു ചിരിച്ചു. 

മടങ്ങുമ്പോള്‍ ഓര്‍ത്തു, ആരും ആരേക്കാള്‍ വലുതല്ല. ആരും ആരേക്കാള്‍ ചെറുതുമല്ല. പ്രകൃതി പ്രവൃത്തി കൊണ്ട് അത് നേരില്‍ കാട്ടിത്തന്നു. അല്ലയോ പ്രകൃതീ, നിന്നെപ്പോലെ വിഗദ്ധനായ ഒരദ്ധ്യാപകന്‍ ആരാണുള്ളത്? പ്രപഞ്ചം എന്ന ഒറ്റമുറിക്കുള്ളില്‍ ഇരുത്തി നീ എടുക്കുന്ന പാഠഭാഗങ്ങള്‍ക്ക് എന്ത് പാഠഭേദം?

പ്രളയകാലത്തിന്‍റെ നേരുകള്‍
മാനവികതയുടെ മഹാമന്ത്രം ഉയര്‍ന്നു കേട്ട പകലിരവുകളായിരുന്നു പ്രളയകാലം. ആഗസ്റ്റ് 18-ന് കരുനാഗപ്പള്ളിയുടെ കടല്‍ത്തീരദേശത്ത് കണ്ടൊരു കാഴ്ചയുണ്ട്. കുടിവെള്ളത്തിനായ് കാത്തു നില്‍ക്കുന്ന അനേകം മനുഷ്യര്‍. അവര്‍ക്ക് മുന്നിലൂടെ അതുവരെ ശേഖരിച്ച വെള്ളവുമായി ദുരന്തഭൂമിയിലേക്ക് പോകുന്ന ടാങ്കറുകള്‍. അത് കടപ്പുറത്ത് ജീവിക്കുന്ന മനുഷ്യരായിരുന്നു. നിരക്ഷരരെന്നും അറിവില്ലാത്തവരെന്നും പൊതു സമൂഹം എഴുതിത്തള്ളുന്ന ഒരു ജനതയാണ് സ്വന്തം ആവശ്യങ്ങള്‍ പോലും സഹോദര സ്ഥാനീയര്‍ക്കായി മാറ്റി വെയ്ക്കുന്നത്. എന്‍റേത് എന്‍റേത് എന്ന് അടുക്കിപ്പിടിച്ച് ജീവിച്ച് ശീലിച്ച ഓരോരുത്തരം അറിയണം തെളിഞ്ഞ കടല്‍ പോലെ തിളങ്ങുന്ന ഈ മനസ്സുകളെ.

ചേറിലും മണ്ണിലും കുഴഞ്ഞ് വിറങ്ങലിച്ച ശവശരീരങ്ങള്‍ പെറുക്കിക്കൂട്ടിയ ഭീകര നിമിഷങ്ങള്‍

ഇന്ന് കേരളവും, ഈ രാജ്യവും  മത്സ്യതൊഴിലാളികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി ചൊരിയുകയാണ്. എന്നാല്‍, തേഞ്ഞുതീരുന്ന അഭിനന്ദന പ്രവാഹത്തേക്കാള്‍ ഈ ജനതയ്ക്കു വേണ്ടത് തോളോട് തോള്‍ ചേര്‍ന്ന് നിന്ന് മനുഷ്യരെയും തീരഭൂമിയേയും സംരക്ഷിക്കാന്‍ മനക്കരുത്തും പ്രതിബദ്ധതയുമുള്ള ഒരു പൊതുസമൂഹത്തെയും സര്‍ക്കാരിനെയും ആണ്. അതുണ്ടാവുമ്പോള്‍ മാത്രമേ ഈ മനുഷ്യരുടെ വിയര്‍പ്പ് സഫലമാവൂ. 

തീരദേശങ്ങളോട് പൊതുസമൂഹം ചെയ്തത്
2004ല്‍ ലോകതീരങ്ങളെ മുഴുവന്‍ നാമാവശേഷമാക്കിയ സുനാമി എന്ന രാക്ഷസ തിരയ്ക്കു മുന്നില്‍ പകച്ചുപോയ തീരദേശമാണ് എന്‍റേത്. തീരവാസികള്‍ ഒന്നാകെ ഇടനെഞ്ച് പൊട്ടി കരഞ്ഞു പോയ പകല്‍. പ്രിയപ്പെട്ടവര്‍ വിരല്‍തുമ്പില്‍ നിന്നും ഊര്‍ന്നു പോയത് നിസ്സഹായരായി കണ്ടുനില്‍ക്കേണ്ടിവന്ന പ്രാണവേദന. ചേറിലും മണ്ണിലും കുഴഞ്ഞ് വിറങ്ങലിച്ച ശവശരീരങ്ങള്‍ പെറുക്കിക്കൂട്ടിയ ഭീകര നിമിഷങ്ങള്‍. കരയാന്‍ ഒരു തുള്ളി കണ്ണീരു പോലും ബാക്കിയില്ലാതെ മരവിച്ച് തളര്‍ന്നു പോയ നേരങ്ങള്‍. 

രാജ്യത്തിന് അകത്തും പുറത്തും നിന്ന് അന്ന് സുനാമിയേക്കാള്‍ വേഗത്തില്‍ സഹായങ്ങളെത്തി. പക്ഷെ, ഒരു കണക്കുകളും പുറത്ത് വന്നില്ല. ഫണ്ടുകളെല്ലാം ഗതി മാറി ഒഴുകി. അര്‍ഹതപ്പെട്ടവര്‍ വര്‍ഷങ്ങളോളം തകര ഷെഡുകളില്‍ ഏറ്റവും താണ അവസ്ഥയില്‍ ജീവിച്ചു. സന്നദ്ധ സംഘടനകള്‍ നല്‍കിയ വീടുകളാണ് ഇന്നും പലര്‍ക്കും ഉള്ളത്. അവര്‍ നല്‍കിയ സാധനങ്ങളാണ് പിന്നീട് പല വീടുകളിലും ഉപയോഗിച്ചത്. എന്തിനധികം, സുനാമിയില്‍ തകര്‍ന്ന എന്‍റെ നാട്ടിലെ റോഡ് ഒന്ന് നന്നാക്കി കിട്ടിയതുപോലും 12 വര്‍ഷത്തിനു ശേഷമാണ്. 

പൊതു സമൂഹം ആ കുടുംബങ്ങളുടെ വേദനയും അവര്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങളും വെറും തമാശയായി മാത്രം കണ്ടു

സര്‍ക്കാരിന്‍റെ പിച്ചക്കാശിന് കാത്തുനില്‍ക്കാതെ ആത്മധൈര്യം കൊണ്ട് ഓരോ മത്സ്യതൊഴിലാളിയും സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. ഇഴയടുപ്പമുള്ള സ്വപ്‌നങ്ങള്‍. ലവലേശം കലര്‍പ്പില്ലാത്ത പൊന്‍ കിനാവുകള്‍. അതുപോലെ ഒരവഗണന ഈ പ്രളയബാധിതര്‍ക്ക് ഉണ്ടാകാന്‍ പാടില്ല. അര്‍ഹതപ്പെട്ടവന്‍റെ കൈകളിലേക്ക് ആനുകൂല്യങ്ങള്‍ എത്തുക തന്നെ വേണം.

എന്നിട്ടും മനസ്സിലാക്കിയില്ല ഈ മനുഷ്യരെ 
സുനാമിയുടെ ഞെട്ടല്‍ അല്‍പമെങ്കിലുംമാറുന്നതിനു മുമ്പേ, തൊട്ടടുത്ത വര്‍ഷം നാടിനെ നടുക്കിക്കൊണ്ട് അടുത്ത ദുരന്തമെത്തി. വിദേശ കപ്പലിടിച്ച് മത്സ്യ ബന്ധന ബോട്ട് തകര്‍ന്ന് പ്രിയപ്പെട്ട അഞ്ചു പേര്‍ നഷ്ടപ്പെട്ടു. മല്‍സ്യത്തൊഴിലാളികളുടെ വിലപ്പെട്ട ജീവനെ നിറയൊഴിച്ച് ഇല്ലാതെയാക്കി, രാജ്യത്തിന്‍റെ നിയമപഴുതിലൂടെ വിദേശിയര്‍ റ്റാ റ്റാ പറഞ്ഞ് പറന്ന് പോയതും ഈ പൊതു സമൂഹത്തിനു മുന്നിലൂടെ തന്നെ. മീന്‍ പിടുത്തക്കാരനെ നോക്കി പുച്ഛിക്കാന്‍ മാത്രമാണ് അപ്പോഴും പലരും ശ്രമിച്ചത്. പലര്‍ക്കും അതൊരു വാര്‍ത്തയേ അല്ലാതെയായി. കാശ് വാങ്ങിയിട്ട് അവരെ പറഞ്ഞു വിട്ടു എന്നു പരിഹസിച്ച പൊതു സമൂഹം ആ കുടുംബങ്ങളുടെ വേദനയും അവര്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങളും വെറും തമാശയായി മാത്രം കണ്ടു.

ഓഖി കടപുഴക്കിയ കണ്ണീര്‍ക്കടലു കണ്ടിട്ടും സമാധാനത്തിന്‍റെ ഒരു നല്ല വാക്കു പോലും പറയാതിരുന്ന പല യോഗ്യരും ഉണ്ടിവിടെ. 'ചത്തു തുലയട്ടെ കുറെയെണ്ണം ആര്‍ക്ക് ചേതം' എന്ന് തേച്ച് മിനുക്കി വടിവൊത്ത ഡയലോഗ് കാച്ചിയവര്‍. നദിയൊന്ന് നിവര്‍ന്നു നിന്നപ്പോള്‍ അതേ ആളുകള്‍ പേടിച്ച് അലറിക്കരഞ്ഞു.  മത്സ്യതൊഴിലാളി സമൂഹത്തെ തിരിച്ചും മറിച്ചും വറുത്തു കോരിയവര്‍, തീന്‍മേശ വിഭവസമൃദ്ധമാക്കാന്‍ മത്സ്യങ്ങള്‍ പിടിച്ച് എത്തിക്കുന്ന വെറും ഏഴാം കൂലികള്‍ മാത്രമാണ് തീരവാസികള്‍ എന്ന് പഠിച്ചു വെച്ചവര്‍ അവരുടെ മനസ്സു മാറ്റേണ്ടിവന്നു. 

പുച്ഛ ഭാവങ്ങളും അവഗണനകളും ഏറെ കണ്ടിട്ടുണ്ട്

കടപ്പുറത്തെ താറടിക്കുന്ന കുറെ ലൊഡുക്ക് സിനിമകളും ഷോകളും കണ്ട് തിയേറ്ററിലിരുന്ന് പോപ്പ്‌കോണ്‍ ചവച്ച് ചിറി കോട്ടി കടപ്പുറത്തിന് മാര്‍ക്കിടുന്നവര്‍ക്ക് അറിയില്ല, ഈ സമൂഹം എത്രമാത്രം മാറിയിരിക്കുന്നുവെന്ന്. ഡിഗ്രിയും പിജിയും പിഎച്ച്ഡി യും സാങ്കേതിക പരിജ്ഞാനവും ഉള്‍ക്കരുത്തും ആത്മധൈര്യവുമുള്ള അവസ്ഥയിലേക്കുള്ള ആ വളര്‍ച്ച അറിയണം ഈ ജനതയെ. ഫിഷിങ് ബോട്ടുകളില്‍ പോകുന്ന പലരും പിഎസ്‌സി പഠന സഹായികളും പഠനോപകരണങ്ങളുമാണ് കൂടെ കരുതുന്നതെന്ന് കൂടി നിങ്ങള്‍ അറിയണം. 

പ്രാണന്‍ പോകുന്നതിനേക്കാള്‍ വേദനയാണ് പ്രിയപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോള്‍. ആ പിടച്ചില്‍ തൊട്ടറിയുന്ന, നിത്യവും അനിശ്ചിതത്വങ്ങളുടെ കടലുകളിലേക്ക് തുഴഞ്ഞുപോവുന്ന തീരവാസികള്‍ക്കാവില്ല നിലവിളികള്‍ക്ക് മുന്നില്‍ കാത് പൊത്തി കണ്ണും പൂട്ടി നില്‍ക്കാന്‍ .പ്രത്യുപകാരവും പ്രതിഫലവും മോഹിച്ചല്ല ഒരാള്‍ പോലും അവിടേയ്ക്ക് എത്തിയത്. അതിനു നല്‍കേണ്ടി വന്ന വില ജീവിതോപാധികളുടെ കേടുപാടുകളാണ്. അത് സര്‍ക്കാര്‍ സര്‍ക്കാര്‍ നന്നാക്കി നല്‍കുക തന്നെ വേണം. കാരണം, കടം വാങ്ങിയും ലോണ്‍ എടുത്തും ഓരോരുത്തരും നെയ്‌തെടുത്ത ജീവിതമാണത്.

അറിയണം, ഈ യാഥാര്‍ത്ഥ്യങ്ങള്‍
ദുരന്തഭൂമിയിലേയ്ക്ക് പ്രിയപ്പെട്ടവര്‍ പലരും എത്തിയിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍. സ്വജീവന്‍ പോലും തൃണവത്ഗണിച്ച് , പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ മാറ്റിവെച്ച് ആയിരക്കണക്കിന് പേരുടെ ജീവനും സ്വപ്നങ്ങളും നെഞ്ചോട് അടുക്കിപ്പിടിച്ച്, സ്വന്തം ശരീരം പോലും മറ്റുള്ളവര്‍ക്ക് ചവിട്ടുപടിയാക്കി ഈ മനുഷ്യര്‍ കര്‍മനിരതരാവുമെന്ന് ഉള്ളുകൊണ്ടറിയാമായിരുന്നു. ആയിരം വട്ടം പുച്ഛിച്ചു തള്ളിയവരെ പോലും ജീവിതത്തിന്‍റെ മറുകര എത്തിക്കാര്‍ അവര്‍ ജീവന്‍ ബലിനല്‍കാന്‍ പോലും മടിക്കില്ലെന്നും. ആ പ്രാര്‍തഥനകള്‍ ആണ് സഹഫലമായത്. 

പുച്ഛ ഭാവങ്ങളും അവഗണനകളും ഏറെ കണ്ടിട്ടുണ്ട്. പ്രീഡിഗ്രി പഠന കാലത്ത് റൂമില്‍ ഉണ്ടായിരുന്ന ഒരു കുട്ടി സംസാരിക്കാന്‍ കൂട്ടാക്കാതെ പലപ്പോഴും ഒഴിഞ്ഞുമാറി. കാരണം ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇങ്ങനെ, 'ഞങ്ങള്‍ നിങ്ങളെ പോലെ മീന്‍പിടുത്തക്കാര്‍ അല്ല' എന്ന്. അന്നൊക്കെ സ്‌റ്റൈപ്പന്‍റ് വാങ്ങാന്‍ കോളേജ് ഓഫീസില്‍ ചെന്ന് ഒപ്പിട്ട് കൊടുക്കണമായിരുന്നു. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പലപ്പോഴും പരിഹാസം കുത്തിനിറച്ച ഒരു ചോദ്യം കേള്‍ക്കേണ്ടിവന്നു. 'ഓ, നിങ്ങള്‍ എല്ലാരും ശമ്പളമെടുക്കാന്‍ വന്നതായിരിക്കും അല്ലേ?' എന്ന്. അന്ന് അങ്ങനെയൊക്കെ പറഞ്ഞവര്‍ ഇന്നത് പറയാന്‍ പറ്റാതായിട്ടുണ്ടാവും ഇന്നെനിക്ക് അറിയാം. അവരെപ്പോലും രക്ഷപ്പെടുത്താന്‍ ഒരു മല്‍സ്യ തൊഴിലാളിയും മടികാണിച്ചിട്ടുണ്ടാവില്ലെന്നും. 

എങ്കിലും ഒരു കാര്യം കൂടി പറയാനുണ്ട്. അവഗണനയുടെ ഏറ്റവും ഭീകരമായ മുനമ്പില്‍നിന്നാണ് ഈ മനുഷ്യര്‍ ബോട്ടുകളുമായി ദുരന്തഭൂമിയിലേക്ക് ചെന്നതെന്ന് കൂടി പൊതുസമൂഹം അറിയണം. കടലാകെ മാറി. മല്‍സ്യങ്ങള്‍ കുറഞ്ഞു. അതിനാലാണ്, സാധാരണ പോവാത്ത ആഴക്കടലുകളിലേക്ക് മല്‍സ്യത്തിനായി പോവേണ്ടി വരുന്നത്. എന്നിട്ടും മല്‍സ്യങ്ങള്‍ കിട്ടാതെ ചിലപ്പോള്‍ മടങ്ങേണ്ടി വരുന്നത്. വിദേശ കപ്പലുകള്‍ അടക്കമുള്ളവരുമായി സംഘര്‍ഷമുണ്ടാവുന്നത്. പ്രകൃതിയുടെ മാറ്റങ്ങളില്‍ ക്ഷുഭിതരായ കടല്‍ തീരങ്ങളെ എടുത്തുപോവുന്നത്. വീടുകള്‍ പലപ്പോഴും ഇടിഞ്ഞു വീഴുന്നത്. വറുതിയുടെ നാളുകള്‍ തീരത്ത് കൂടി വരുന്നത്.  

കടപ്പുറത്തെ ജീവിതതീക്ഷ്ണതകളും അനിശ്ചിതത്വങ്ങളും കൂടി പൊതുസമൂഹവും സര്‍ക്കാറും കണ്ടറിയണം

മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരമേഖലയിലെ മണല്‍ഖനനം ഈ മനുഷ്യരെയെല്ലാം ദുരന്തങ്ങളിലേക്ക് തള്ളിവിടുകയാണ്. കരിമണല്‍ ഖനനവും സീ വാഷും മൂലം കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന ഒരു ഗ്രാമം തന്നെ ഇല്ലാതെയാകുകയാണ്. ഈ ആലപ്പാട്ടാണ് സുനാമി ദുരന്തം പടര്‍ത്തിയത്. ഇന്നും പിറന്ന മണ്ണില്‍ ജീവിക്കാന്‍ സമരം നയിക്കുകയാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍. എന്നിട്ടും, ഈ മണ്ണില്‍ നിന്നാണ് അനേകം ആളുകളെ പ്രളയജലത്തില്‍നിന്നും രക്ഷിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുമായി ചെന്നത്. അതിനാല്‍, അവരെ വാഴ്ത്തുന്നതോടൊപ്പം, ആ ജീവിതങ്ങളെ ഈ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ കൂടി ഉണ്ടാവണം. കടപ്പുറത്തെ ജീവിതതീക്ഷ്ണതകളും അനിശ്ചിതത്വങ്ങളും കൂടി പൊതുസമൂഹവും സര്‍ക്കാറും കണ്ടറിയണം. ഇപ്പോള്‍ മനസ്സിലായില്ലെങ്കില്‍, പിന്നെ എപ്പോഴാണ് ഈ മനുഷ്യരെ കേരളം മനസ്സിലാക്കുക? 

Follow Us:
Download App:
  • android
  • ios