മുടിയിൽ കളർ പൂശാനോ, മുഖം സുന്ദരമാക്കാനോ ക്ഷമയോടെ മണിക്കൂറുകളോളം ബ്യൂട്ടി പാർലറുകളിൽ കാത്തിരിക്കാന്‍ സ്ത്രീകള്‍ പലപ്പോഴും തയ്യാറാവാറുണ്ട്. വേദന സഹിച്ച് ത്രെഡ് ചെയ്യാനോ, ഹൈഹീൽ‌സ് ഇടാനോ അവർക്ക് ബുദ്ധിമുട്ടില്ല. പക്ഷേ, അതെല്ലാം സ്വന്തം ഇഷ്‍ടത്തിന്റെ ഭാഗമായി അവർ ചെയ്യുന്നതാണ്. എന്നാൽ, ഒരുകാലത്ത് ചൈനയിൽ നിലനിന്നിരുന്ന വിചിത്രമായ ഒരു സൗന്ദര്യ സങ്കല്‍പ്പത്തിന് വേണ്ടി ഹോമിക്കപ്പെട്ടത് പതിനായിരക്കണക്കിന് സ്ത്രീകളുടെ ജീവിതമാണ്. അവർ അനുഭവിച്ച യാതനകളും, പീഡനങ്ങളും ആരെയും വേദനിപ്പിക്കുന്നതാണ്. 'ബന്ധിക്കപ്പെട്ട കാലുകളുള്ള സ്ത്രീകൾ' ഒരുകാലത്ത് ചൈനയുടെ പുരുഷസൗന്ദര്യസങ്കപത്തിന്റെ ഭാഗമായിരുന്നു. ഇതിനുവേണ്ടി നെയ്തെടുത്ത പ്രത്യേക ആകൃതിയിലുള്ള 'താമര ഷൂകൾ'ക്കുള്ളിൽ സ്ത്രീകൾ അവരുടെ കാലുകൾ ഒടിച്ചുമടക്കി വയ്ക്കും. വളരെ വേദനാജനകമായ ഇത് ഒടുവിൽ 1912 -ൽ നിരോധിക്കുകയായിരുന്നു. ഈ നിഷ്‍ഠൂരമായ ആചാരത്തിന്റെ ഇരകളായവർ ഇപ്പോഴും തെക്കൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ ലിയൂയികുൻ എന്ന ഗ്രാമത്തിൽ താമസിക്കുന്നു.  

 

കാലിന്റെ വിരലുകൾ അറിയാതെ ഒന്ന് മടങ്ങിയാൽ പോലും നമുക്ക് എത്ര വേദനിക്കും, അപ്പോൾ കാലിലെ വിരലുകൾ മുഴുവൻ ഒടിച്ചുമടക്കി ഒരു ചെറിയ ഷൂസിൽ ഒതുക്കിവെക്കുക എന്നത് എത്രത്തോളം വേദനാജനകമായിരിക്കും എന്നത് ചിന്തിക്കാവുന്നതേ ഉള്ളൂ. അതും  കുട്ടിക്കാലത്തേ അവർ ഇത് ശീലിക്കുന്നു. കുഞ്ഞികാലുകൾ കൊണ്ട് ഓടി നടക്കേണ്ട പ്രായത്തിൽ തന്നെ വേദന സഹിച്ച് മുടന്തി മുടന്തി അവർ നടക്കും. 79 -കാരിയായ വാങ് വേദനയോടെയാണ് തന്റെ കുട്ടിക്കാലം ഓർക്കുന്നത്. അമ്മ കാലുകൾ ബന്ധിക്കാൻ തുടങ്ങിയപ്പോൾ വാങ് ലിഫെന് വെറും ഏഴ് വയസ്സായിരുന്നു. വാങിന്റെ കുഞ്ഞുവിരലുകൾ അമ്മ ഒടിച്ച് ഒരു ബാൻഡേജ് കൊണ്ട് വരിഞ്ഞുകെട്ടി. അമ്മ മരിച്ചതിനുശേഷം, കാൽവിരലുകളും, ഉപ്പൂറ്റിയും തമ്മിലുള്ള അകലം കുറക്കാൻ വാങ് സ്വന്തം കാലിന്റെ മുന്‍വശം തകർത്തു കളയുകയായിരുന്നു. 

 

അക്കാലത്ത്, ഇത്തരത്തില്‍ ബന്ധിക്കപ്പെട്ടിരുന്ന കാലുകള്‍ ഒരു സ്റ്റാറ്റസ് ചിഹ്നമായിരുന്നു. നല്ല പുരുഷനെ, ധനികനായ പുരുഷനെയൊക്കെ ഭര്‍ത്താവായി കിട്ടണമെങ്കില്‍ ഇങ്ങനെ കാലുകള്‍ ബന്ധിച്ച് നടക്കണമായിരുന്നു. വാങിന്റെ കാര്യത്തിൽ, ഭർത്താവിന്റെ മാതാപിതാക്കൾ അവരുടെ മകന് ചെറിയ കാലുകളുള്ള ഭാര്യയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിവാഹത്തിനുശേഷം, ഒടുവിൽ ഭർത്താവിനെ ആദ്യമായി കണ്ടപ്പോൾ, അയാൾ കഞ്ചാവിന് അടിമയാണെന്ന് അവർ കണ്ടെത്തി. വർഷങ്ങളോളം കാലുകൾ കെട്ടിവച്ച് വേദന മുഴുവൻ സഹിച്ചത് ഇങ്ങനെയൊരു ലഹരിക്കടിമയായ ഭര്‍ത്താവിനെ കിട്ടാനായിരുന്നോ എന്നുപോലും അവരപ്പോള്‍ ചിന്തിച്ചു പോയി.  

അതിലോലമായ സിൽക്ക് ഷൂവിലുള്ള ചെറിയ താമരപ്പൂ പോലെയുള്ള കാലുകൾ വധുവിന്റെ ഏറ്റവും ആകർഷകമായ ഗുണങ്ങളിലൊന്നായിട്ടാണ് കണ്ടിരുന്നത്. കാൽ ചെറുതാകുന്തോറും പെൺകുട്ടി കൂടുതൽ സെക്സിയായി കണക്കാക്കപ്പെട്ടു. എന്നാൽ, കേവലം വിവാഹത്തിനുവേണ്ടി മാത്രമല്ല, പെൺകുട്ടികളെ വീട്ടിൽ‌ നിർത്താനും, കരകൗശല ജോലികൾ ചെയ്യിച്ച് കുടുംബത്തിലെ ആണുങ്ങൾക്ക് പണം ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗം കൂടിയായിരുന്നു ഇത്.  

 

ഒരു പെൺകുട്ടിയുടെ ആദ്യത്തേത് ഒഴികെയുള്ള മറ്റ് നാലു കാൽവിരലുകളും പാദത്തിന്റെ അടിയിലേക്ക് ഒടിച്ചുവയ്ക്കുകയും, തുണികൊണ്ടുള്ള സ്ട്രിപ്പുകൾ കൊണ്ട് ബന്ധിക്കുകയും ചെയ്യുന്നു. എന്നിട്ട് വേദനകൊണ്ട് പുളയുമ്പോഴും, രക്തചംക്രമണം പുനഃസ്ഥാപിക്കാനായി പെൺകുട്ടിയെ നടക്കാൻ നിർബന്ധിതരാക്കുന്നു. പെൺകുഞ്ഞുങ്ങൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ തന്നെ ഇത് ആരംഭിക്കുന്നു. ഈ പ്രക്രിയയിൽ അവളുടെ കാൽവിരലുകൾ പതിവായി ഒടിയുകയും, വീണ്ടും കൂടിച്ചേരുകയും ചെയ്യുന്നു. ഇത് വർഷങ്ങളോളം തുടരുന്നു. കരഞ്ഞ് മുറവിളികൂട്ടുന്ന കുഞ്ഞുങ്ങളോട് അമ്മമാർ ഭീഷണിയായി പറയും, "നിന്റെ കാൽ കെട്ടിയില്ലെങ്കിൽ നിന്നെ കെട്ടാൻ ആരും വരില്ല." ഒന്നും മനസിലാക്കാതെ അവർ അമ്മയെത്തന്നെ മിഴിച്ചുനോക്കും. നൃത്തം വയ്ക്കാനാകാതെ, കളിക്കാനാകാതെ, ഒന്ന് നടക്കാൻ പോലും കഴിയാതെ അവർ വീടിനുള്ളിൽ തന്നെ അടച്ചിരിക്കും. കാലുകൾ കെട്ടുന്നതിനായി ഉപയോഗിക്കുന്ന തുണി ഏകദേശം 10 അടി നീളമുള്ളതാണ്. അതിനാൽ അവർക്ക് കാലുകൾ കഴുകുന്നത് ബുദ്ധിമുട്ടായിരുന്നു. അവർ രണ്ടാഴ്ചയിലൊരിക്കൽ മാത്രമേ കാലുകൾ കഴുകാറുള്ളു. അതിനാൽ കാലുകളിൽ നിന്ന് ദുർഗന്ധം വമിക്കുമായിരുന്നു. ശാരീരിക സമ്പൂർണ്ണതയുടെ ഈ സങ്കല്പം സാധിച്ചെടുക്കാനായി രണ്ട് ബില്ല്യൺ ചൈനീസ് സ്ത്രീകളാണ് ഇങ്ങനെ കാലുകൾ ഒടിച്ച് ബന്ധിച്ചിരുന്നതെന്ന് കണക്കാക്കുന്നു. 

 

സ്ത്രീകളുടെ ചലനങ്ങൾ നിയന്ത്രിക്കുന്നതിലൂടെയും, അവരുടെ പവിത്രത ഉറപ്പാക്കുകയും, പുരുഷന്മാരെ കൂടുതൽ ആശ്രയിക്കുന്നവരാക്കി മാറ്റുകയും ചെയ്യാൻ ഇത് വഴി പുരുഷന്മാർക്ക് സാധിച്ചിരുന്നു. കാരണം ബന്ധിത കാലുകളുള്ള സ്ത്രീകൾക്ക് അവരുടെ വീടുകളിൽ നിന്ന് വളരെ ദൂരം പോകാൻ കഴിയില്ലല്ലോ! തീർച്ചയായും ഈ മൂന്ന് ഇഞ്ച് 'സ്വർണ്ണ താമര കാലുകൾ' അവരുടെ ദാരുണമായ ജീവിതത്തിന്റെ അടയാളങ്ങളായി മാറി. ഒരുപക്ഷേ, ഈ ക്രൂരതയ്ക്ക് സമ്മതിക്കാത്തവരെ, വംശീയ ന്യൂനപക്ഷത്തിൽ നിന്നുള്ള ഒരു ഗോത്രക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കുമായിരുന്നു. എന്നാൽ, 1950 -കളിൽ കാലുകൾ കെട്ടിവയ്ക്കുന്നതിന് പുറമെ ഇവരെ കൂടുതൽ കഠിനമായ ശാരീരിക അദ്ധ്വാനമുള്ള ജോലികൾ ചെയ്യിക്കാൻ ആരംഭിച്ചു. അതുപോലെതന്നെ ചെറിയ കാലുകൾ ഉള്ള സ്ത്രീകൾക്ക് പച്ചക്കറികളും പഴങ്ങളും എടുക്കാൻ മലകളിലേക്ക് പോകാൻ കഴിയാതെ അവരുടെ കുടുംബങ്ങൾ പട്ടിണിയായി. അവരുടെ ചെറിയ പാദങ്ങൾ അവരുടെ ഭാവിയെ ഇരുളടഞ്ഞതാക്കി. 

 

ഒരു സൗന്ദര്യസങ്കല്പം എന്നതിനുമപ്പുറം, അത് അവരുടെ ജീവിതത്തിന്റെ സന്തോഷവും, പ്രകാശവും തല്ലിക്കെടുത്തി. അംഗവൈകല്യമുള്ള, ഒന്ന് നടക്കാൻ പോലും സ്വാതന്ത്രമില്ലാത്ത, വേദനകൾ മാത്രം നിറഞ്ഞ ഒരു ജീവിതം അതവർക്ക് സമ്മാനിച്ചു. സൗന്ദര്യം ചിലർക്ക് അലങ്കാരമാവുമ്പോൾ, മറ്റ് ചിലർക്ക് അത് തീരാവേദനയാണ് നൽകിയത്. ഏതായാലും വര്‍ഷങ്ങള്‍ക്കിപ്പുറം ആ ആചാരം അവസാനിച്ചപ്പോള്‍ എത്രയോ പേര്‍ക്കാണ് അത് സമാധാനം നല്‍കിയത്.