ബ്രിട്ടീഷ് ഭരണകാലം മുതൽ ഇന്ത്യയിൽ ബാലവിവാഹങ്ങൾ നിയമവിരുദ്ധമാണ്. എന്നിട്ടും ലോകത്തിലെ 40% ബാലവിവാഹങ്ങളും നടക്കുന്നത് നമ്മുടെ രാജ്യത്താണ്. വിവാഹത്തിന് നിർബന്ധിതരാകുന്ന പെൺകുട്ടികൾക്ക് ഗാർഹിക പീഡനം, പ്രസവസമയത്തെ മരണം, മറ്റ് ആരോഗ്യ, സാമൂഹിക പ്രശ്നങ്ങൾ എന്നിവ അനുഭവിക്കേണ്ടി വരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും വിലങ്ങുതടിയായ ബാലവിവാഹം നിർത്തലാക്കാൻ പ്രവർത്തിക്കുന്ന ഒരു രാജസ്ഥാൻകാരിയാണ് ഡോ. കൃതി ഭാരതി. 

കൃതി ഭാരതിക്കും അവളുടെ എൻ‌ജി‌ഒ സാർത്തി ട്രസ്റ്റിനും ഈ ക്രിസ്മസ് വളരെ പ്രത്യേകയുള്ളതായിരുന്നു. 18 വർഷത്തെ നീണ്ട വിവാഹ ബന്ധത്തിൽ നിന്ന് ജോധ്പൂരിലെ നിംബു എന്ന പേരുള്ള ഒരു ബാലികവധുവിനെ അവർ ഔദ്യോഗികമായി മോചിപ്പിച്ചു. 2002 -ൽ വെറും രണ്ട് വയസ്സുള്ളപ്പോഴാണ് നിംബുവിന്റെ വിവാഹം നടന്നത്. ജോധ്പൂരിലെ ബാപ് തഹസിൽ നിന്നുള്ള ഒരു ആൺകുട്ടിയുമായിരുന്നു വരൻ. പിന്നീട് നിംബു വളർന്നപ്പോൾ, ആ ബന്ധത്തിൽ നിന്ന് പുറത്തുവരാൻ അവൾ ആഗ്രഹിച്ചു. എന്നാൽ, ഗ്രാമത്തിലെ അധികാരികൾ അവളെയും കുടുംബത്തെയും സമുദായത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ അവൾ സഹായത്തിനായി ഭാരതിയെ ബന്ധപ്പെട്ടു. ഒടുവിൽ ജോധ്പൂരിലെ ഒരു കുടുംബ കോടതി അവളുടെ ബാലവിവാഹം റദ്ദാക്കി.  

“ഈ വിവാഹം എന്നെ നശിപ്പിച്ചു… കൃതി ചേച്ചി എനിക്ക് ഒരു പുതിയ ജീവിതം തന്നു. ഞാൻ പഠിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥയാകും” നിംബു പറയുന്നു.  കൃതിക്കും കുട്ടിക്കാലത്ത് ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കൃതി ജനിക്കുന്നതിനു മുമ്പുതന്നെ അമ്മയെ ഒരു ഡോക്ടറായിരുന്ന അവളുടെ അച്ഛൻ ഉപേക്ഷിച്ചു. അവളുടെ ജനനത്തിനുശേഷം, കൃതിയുടെ അമ്മയ്‌ക്കെതിരേ ബന്ധുക്കൾ തിരിഞ്ഞു. രണ്ടാമതും വിവാഹം കഴിക്കാൻ അവർ അമ്മയെ നിർബന്ധിച്ചു. ഒരിക്കൽ കൃതിക്ക് വിഷം കൊടുത്തു കൊന്നുകളയാൻ പോലും ബന്ധുക്കൾ ശ്രമിച്ചു. രക്ഷപ്പെട്ടെങ്കിലും, കിടപ്പിലായിപ്പോയി അവൾ. അവളുടെ അവസ്ഥ തീരെ മോശമായി. അനങ്ങാൻ പോലും കഴിയാതെ അവൾ കിടക്കയിൽ തന്നെ കിടന്നു. അക്കാലത്താണ് കൃതി ഭിൽവാരയിലെ ഒരു ഗുരുവിനെ പരിചയപ്പെടുന്നത്. ഗുരു പഠിപ്പിച്ച റാക്കി തെറാപ്പി അവളെ വളരെയധികം സുഖപ്പെടുത്തി. പൂർണമായും സുഖപ്പെടാൻ ഏകദേശം രണ്ട് വർഷമെടുത്തു. സുഖം പ്രാപിച്ച ശേഷം കൃതി പഠനം പൂർത്തിയാക്കി. ഇന്ന് കുട്ടികളുടെ വിഷയത്തിൽ പിഎച്ച്ഡി ചെയ്യുന്നു അവൾ.  

<

p> 

 

സ്ത്രീകൾക്ക് കൂടുതൽ സാമൂഹ്യനീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2011 -ലാണ് അവർ സാർത്തി ട്രസ്റ്റ് ആരംഭിച്ചത്. "പലപ്പോഴും വിവാഹത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ സമൂഹം പുറത്താക്കുന്നു. അവളെ പുനരധിവസിപ്പിക്കേണ്ടതും സമൂഹത്തിന്റെ ഭാഗമാകാൻ സഹായിക്കേണ്ടതും അത്യാവശ്യമാണ്” കൃതി പറയുന്നു. കുട്ടികൾക്കും കുടുംബങ്ങൾക്കും പഞ്ചായത്തുകൾക്കും സാർത്തി ട്രസ്റ്റും കൗൺസിലിംഗ് നൽകുന്നു. ഈ കുട്ടികളുടെ പുനരധിവാസത്തിന്റെ ചുമതല കൃതിയുടെ ടീം ഏറ്റെടുക്കുന്നു.

എന്നാൽ, ഇത് എല്ലായ്പ്പോഴും എളുപ്പമായിരുന്നില്ല. കൃതിയും സംഘവും പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. പല കേസുകളിലും അവർ നിയമ സഹായം തേടിയിട്ടുമുണ്ട്. ഇതൊന്നും കാര്യമാക്കാതെ അവൾ തന്റെ ജീവൻ പണയപ്പെടുത്തുകയും ബാലവിവാഹത്തിന് നിർബന്ധിതരായ പെൺകുട്ടികളെ രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നു. നൂറിലധികം മരണ ഭീഷണികൾ ലഭിച്ച കൃതി പുഞ്ചിരിയോടെ പറയുന്നു, “പെൺകുട്ടികൾ രക്ഷപ്പെടുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.” സാർത്തി ട്രസ്റ്റ് ഇന്നുവരെ 29 ബാലവിവാഹങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 850 -ലധികം പെൺകുട്ടികളെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിച്ചു. 6,000 -ത്തിലധികം കുട്ടികളെയും 5,500 സ്ത്രീകളെയും പുനരധിവസിപ്പിച്ചു. കൃതിയുടെ പ്രവർത്തനങ്ങൾക്ക് അവളുടെ പേര് ലിംക ബുക്ക് ഓഫ് റെക്കോർഡിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അവളുടെ പ്രചോദനാത്മകമായ കഥ സിബിഎസ്ഇ പാഠ്യപദ്ധതിയുടെ ഭാഗമാണ്. നിരവധി അവാർഡുകളും കൃതിയെ തേടി വന്നിട്ടുണ്ട്.