'ഇന്ത്യാസ് ഗോട്ട് ടാലന്‍റ് ഷോ'യിലേക്ക് പ്രവേശനം ലഭിച്ചിരിക്കുകയാണ് ദേവ് മിശ്ര എന്ന ഇരുപത്തിരണ്ടുകാരന്. ജുഹു സ്വദേശിയായ ദേവിന് ഇരുകാലുകളും ഇല്ല. ബീഹാറിലെ ബെഗുസരായി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ദേവ് ജനിച്ചത്. അമ്മ വന്ദന ദേവി, അച്ഛന്‍ രാജ് കുമാര്‍ മിശ്ര. രണ്ട് സഹോദരങ്ങള്‍. ദേവിന് ആറ് മാസം മാത്രം പ്രായമുള്ളപ്പോള്‍ അവന്‍റെ അച്ഛന്‍ മരിച്ചു. അതുവരെ അവര്‍ക്കുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ രാജ് കുമാറിന്‍റെ ചികിത്സക്ക് അമ്മ ചെലവഴിച്ചിരുന്നു. 

കുറച്ച് കാലങ്ങള്‍ക്കുള്ളില്‍ രാജ് കുമാര്‍ മരിച്ചു. മൂന്നു കുട്ടികളേയും നോക്കേണ്ട ചുമതല അമ്മയിലായി. പലരുടെയും ഭൂമിയില്‍ പണിയെടുത്തു, പലയിടത്തും വീട്ടുജോലിക്കാരിയായി. വന്ദനാ ദേവിക്ക് വിശന്നാലും കുഞ്ഞുങ്ങള്‍ പട്ടിണിയിലാകാന്‍ അവര്‍ സമ്മതിച്ചില്ല. അഞ്ചാമത്തെ വയസില്‍ ദേവും പണിയെടുത്ത് തുടങ്ങി. വീട്ടിലെ ജോലിയില്‍ അവന്‍ അമ്മയെ സഹായിച്ചു. വീട്ടിലെ കന്നുകാലിയെ മേയ്ക്കുന്നതും എല്ലാം അവന്‍ തന്നെ ആയിരുന്നു. എട്ടാം ക്ലാസ് വരെയേ അവന് പഠിക്കാന്‍ സാധിച്ചുള്ളൂ. സാമ്പത്തിക പ്രതിസന്ധി കാരണം എട്ടാം ക്ലാസില്‍ അവന് പഠിത്തം നിര്‍ത്തേണ്ടി വന്നു. പിന്നീട് കുഞ്ഞുകുഞ്ഞു ജോലികള്‍ ചെയ്തു തുടങ്ങി. 

2015 ജൂണ്‍ 1... ദേവ് ഹൈദ്രബാദിലേക്ക് പണിക്ക് പോവുകയാണ്. ഒരു കോണ്‍ട്രാക്ടറിന് വേണ്ടി വെല്‍ഡിങ്ങ് ജോലി ചെയ്യുകയായിരുന്നു ദേവ്. ആ യാത്ര ദേവിന്‍റെ ജീവിതം തന്നെ മറ്റൊന്നാക്കി മാറ്റി. ഒരു സ്റ്റേഷനില്‍ വണ്ടിയെത്തിയപ്പോള്‍ പിറകെ നിന്നിരുന്ന ആളുകളുടെ തള്ളലില്‍ ദേവ് ട്രാക്കിലേക്ക് വീണു. അവന്‍ യാത്ര ചെയ്തിരുന്ന അതേ ട്രെയിന്‍ അവന്‍റെ കാലുകള്‍ക്ക് മുകളിലൂടെ പാഞ്ഞു. പത്തൊമ്പതാമത്തെ വയസില്‍ അങ്ങനെ അവന് കാലുകള്‍ നഷ്ടമായി. 

''ഞാന്‍ വേദന കൊണ്ട് പുളഞ്ഞു. ഒരാളും എന്നെ സഹായിക്കാനെത്തിയില്ല. എങ്കിലും ജീവന്‍ കിട്ടിയല്ലോ എന്ന് ആശ്വസിക്കുമ്പോഴേക്കും സ്പീഡില്‍ മറ്റൊരു ട്രെയിന്‍ എന്‍റെ മുകളിലൂടെ കയറിയിറങ്ങി. ട്രെയിന്‍ പോയ ശേഷം കുറച്ചുപേര്‍ എന്നെ എടുത്ത് പ്ലാറ്റ്ഫോമില്‍ ഒരു മൂലയ്ക്കിരുത്തി. അടുത്ത മൂന്ന് മണിക്കൂര്‍ സഹായത്തിനുവേണ്ടി കരഞ്ഞുകൊണ്ട് ഞാനവിടെ ഇരുന്നു. പലരും വന്നു നോക്കി. ആരും എന്നെ സഹായിച്ചില്ല. എന്‍റെ ഒരു സുഹൃത്ത് എത്തിയതിന് ശേഷം മാത്രമാണ് എന്നെ ആശുപത്രിയില്‍ കൊണ്ടുപോയത്.'' ദേവ് പറയുന്നു.

അപകടം നടന്ന് ആറ് മണിക്കൂറിന് ശേഷം ദേവ് ആശുപത്രിയിലെത്തിക്കപ്പെട്ടു. അപ്പോഴേക്കും ഒരുപാട് രക്തം ശരീരത്തില്‍ നിന്നും പോയിരുന്നു. ''എന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷെ, ഞാന്‍ രക്ഷപ്പെട്ടു.'' ദേവ് പറയുന്നു. ഒരു മാസം ആശുപത്രിയില്‍ കഴിഞ്ഞു. ചികിത്സക്കായി അപ്പോഴേക്കും 1.5 ലക്ഷം കടമായിരുന്നു. 

വീട്ടില്‍ തിരികെ എത്തിയപ്പോള്‍ അമ്മ അവനെ പരിചരിച്ചു. അടുത്ത മൂന്നുമാസവും അമ്മ അവനരികില്‍ തന്നെ ഇരുന്നു. വേദനയോ, കാല്‍ നഷ്ടമായതോ ഒന്നുമല്ല തന്നെ ആ സമയത്ത് വേദനിപ്പിച്ചതെന്ന് ദേവ് പറയുന്നു. അന്നുവരെ താന്‍ പണിയെടുത്ത് പോറ്റിയ അനിയന്‍ തന്‍റെ മുഖത്ത് നോക്കി പറഞ്ഞത്, 'ഞാന്‍ യാതൊരു ഉപകാരവും ഇനിയില്ലാത്ത വസ്തുവാണെന്നും ഇനി ഈ ജീവിതത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും എന്തിനും ഞാനിനി അവനെ ആശ്രയിക്കേണ്ടി വരു'മെന്നുമാണ്. ഞാന്‍ തകര്‍ന്നുപോയി. അവനൊക്കെ വേണ്ടിയാണ് ഞാന്‍ അത്രനാളും കഷ്ടപ്പെട്ടിരുന്നത്. 

ഇങ്ങനെ പോയാല്‍ ശരിയാകില്ല. എന്തെങ്കിലും ചെയ്യണം ജീവിതത്തിലെന്ന് ദേവ് അന്ന് തീരുമാനിച്ചു. കൃത്രിമക്കാലുകള്‍ വെക്കുന്നതിനായി ജയ്പൂരിലെത്തി ഡോക്ടറെ കണ്ടു. പക്ഷെ, അവശേഷിക്കുന്ന കാലിന്‍റെ ഭാഗം വളരെ ചെറുതാണെന്നും അതിനാല്‍ കൃത്രിമക്കാലുകള്‍ വയ്ക്കാനാകില്ലെന്നും ഡോക്ടര്‍ പറഞ്ഞു. അതോടെ സ്വന്തം കാലില്‍ നടക്കാനാകുമെന്ന പ്രതീക്ഷയും തകര്‍ന്നുപോയി. അന്ന് അയാള്‍ മുംബൈയിലേക്ക് വണ്ടി കയറി. ആ നഗരം തനിക്കായി എന്തെങ്കിലും കാത്തുവെച്ചിട്ടുണ്ടാകും എന്ന് തന്നെ അവന്‍ കരുതിയിരുന്നു. അവിടെ എത്തിയ ആര്‍ക്കും വെറും കയ്യോടെ മടങ്ങേണ്ടി വന്നിട്ടില്ലെന്ന് ദേവ് കേട്ടിട്ടുണ്ടായിരുന്നു. ''എന്‍റെ യാത്ര കുര്‍ല സ്റ്റേഷനില്‍ നിന്നും തുടങ്ങി. ഞാന്‍ ഭിക്ഷ യാചിച്ചു. ഫൂട്ട്പാത്തുകളില്‍ കിടന്നുറങ്ങി. ചിലപ്പോള്‍ ഒന്നും കഴിക്കാന്‍ കിട്ടിയിരുന്നില്ല. പലപ്പോഴും വിശപ്പോടെ തന്നെ കിടന്നുറങ്ങി. ജോലിക്കായി പവരോടും അപേക്ഷിച്ചു. പക്ഷെ, ആരും ഒരു ജോലി തന്നില്ല. ''

ബാന്ദ്രയിലേക്കും ജുഹുവിലേക്കും മാറിമാറി യാത്ര ചെയ്തു. പല അഭിനേതാക്കളുടെയും ബംഗ്ലാവിന് മുന്നില്‍ ചെന്നുനിന്ന് എന്തെങ്കിലും ജോലി തരണമെന്ന് അപേക്ഷിച്ചു. നടനായ ജാക്കി ഷ്രോഫ് അവന് ഒരിക്കല്‍ 5,000 രൂപ നല്‍കി.

അവിടെ നിന്നും കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ ദേവ്, ജ്വല്ലറി ഡിസൈനറായ ഫറാ അലി ഖാനെ കണ്ടുമുട്ടി. അവരെനിക്ക് ദൈവത്തേ പോലെ ആയിരുന്നു. ഞാനെവിടെ എത്തിയാലും അതിന്‍റെ പിന്നില്‍ അവരുണ്ട്. അവരെ ആദ്യമായി കണ്ടപ്പോള്‍ ദേവ് പറഞ്ഞു, 'എനിക്ക് രണ്ട് കാലുകളുമില്ല, നടക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ, എനിക്കീ നഗരത്തില്‍ ജീവിച്ചുപോകാന്‍ എന്തെങ്കിലും ഒരു ജോലി വേണം. അവര്‍ അപ്പോള്‍ തന്നെ അവരുടെ ജോലിക്കാരെ വിളിച്ചു. എനിക്കായി ഒരു ട്രൈസൈക്കിള്‍ വാങ്ങി. അതേ ദിവസം തന്നെ 10,000 രൂപയും തന്നു. ഭക്ഷണവും വസ്ത്രവും വാങ്ങാന്‍.' അവര്‍ തന്നെ അവന് താമസിക്കാന്‍ ഒരിടവും തയ്യാറാക്കി. ഞാന്‍ ജീവനോടെ ഉള്ള കാലമത്രയും നിന്നെയും നോക്കുമെന്ന് വാക്കും നല്‍കി. 

ഫറാ അവനെ കാക്കുന്ന മാലാഖയായി. അവര്‍ അഞ്ച് ലക്ഷം രൂപ ചെലവിട്ട് അവന് കൃത്രിമക്കാലുകള്‍ നല്‍കി. അങ്ങനെ അവന്‍ ഫിറ്റ്നസ് ശ്രദ്ധിക്കാന്‍ തുടങ്ങി. വ്യായാമങ്ങള്‍ ചെയ്തു. പത്ത് മാസങ്ങള്‍ക്ക് മുമ്പ് അത്തരമൊരു പ്രാക്ടീസ് സമയത്താണ് ഒരു ഡാന്‍സ് ഇന്‍സ്ട്രക്ടര്‍ ദേവിനെ കണ്ടുമുട്ടുന്നത്. അന്നു മുതല്‍ അവന്‍റെ നൃത്തലോകത്തേക്കുള്ള യാത്രയും ആരംഭിച്ചു. 

വിശാല്‍ പസ്വാന്‍ എന്നായിരുന്നു ആ പരിശീലകന്‍റെ പേര്. തന്നെ പരിചയപ്പെടുത്തിയപ്പോള്‍ ദേവ് വിശാലിനോട് കുറച്ച് സ്റ്റെപ്പുകള്‍ പറഞ്ഞുതരാമോ എന്ന് ചോദിച്ചു. വിശാലിനെ പോലും ഞെട്ടിച്ചുകൊണ്ട് ദേവ് വളരെ വേഗത്തില്‍ അവ പഠിച്ചെടുത്തു. 

വിശാല്‍ എന്നോട് പറഞ്ഞു, എന്‍റെ കഴിവുകളുപയോഗിക്കണം, സ്വപ്നങ്ങളെ പിന്തുടരണം, മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം എന്ന്. ഞാന്‍ ഓരോ പെര്‍ഫോമന്‍സ് ചെയ്ത് കഴിയുമ്പോഴും ആളുകള്‍ അഭിനന്ദിക്കും. അതിന് പിന്നില്‍ വിശാലാണ്. ഒരുപാട് സ്റ്റേജ് ഷോ ചെയ്തു. അതിന് ശേഷമാണ് ഇന്ത്യാസ് ഗോട്ട് ടാലന്‍റ് ഓഡിഷന് പോകുന്നത്. പരിശീലനത്തോടൊപ്പം പ്രൈവറ്റായി പന്ത്രണ്ടാം ക്ലാസും പഠിക്കുന്നു. 

റിയാലിറ്റി ഷോയ്ക്ക് ശേഷം എന്ത് എന്ന ചോദ്യത്തിന് പുഞ്ചിരിയോടെ ദേവിന്‍റെ മറുപടി, ''ഒരു ജോലി വേണം. അതെന്നെ നിലനില്‍ക്കാന്‍ സഹായിക്കും. ഞാന്‍ പഠിക്കും, ഡാന്‍സ് ചെയ്യും, പാചകം ചെയ്യും. എനിക്ക് വിദ്യാഭ്യാസ യോഗ്യത കുറവാണ് എന്നെനിക്കറിയാം. എന്‍റെ കഴിവുകള്‍ കാണിക്കാവുന്ന സര്‍ട്ടിഫിക്കറ്റുകളൊന്നും എന്‍റെ കയ്യിലില്ല. പക്ഷെ, ഞാന്‍ നന്നായി അധ്വാനിക്കും. ഒരു ചാന്‍സ് തന്നാല്‍ ഞാന്‍ അത് പെട്ടെന്ന് പഠിച്ചെടുക്കും. എന്‍റെ ഈ രണ്ടാമത്തെ ജീവിതം എന്‍റെ അമ്മയ്ക്ക് വേണ്ടിയാണ്. അവര്‍ ആ ഗ്രാമത്തില്‍ തനിച്ചു ജീവിക്കുന്നു. ജോലി കിട്ടിയാല്‍ ഞാന്‍ അവരെ സന്തോഷവും സുരക്ഷിതവുമായി ജിവിക്കാന്‍ സഹായിക്കും. ''

'ജീവിതം പല തടസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കും. പക്ഷെ, തോറ്റ് പിന്മാറരുത്. അതിനോട് പോരാടണം' എന്നാണ് തന്‍റെ ജീവിതത്തിന്‍റെ വെളിച്ചത്തില്‍ നിന്നും ദേവിന് മറ്റുള്ളവരോട് പറയാനുള്ളത്. 

 
 
 
 
 
 
 
 
 
 
 
 
 

#hello#friends #💪💪💪#🔥🔥🔥🔥#👊👊👊 @jasoncrdzz @_workout_niks007

A post shared by i am dancer 💃 (@dev.mishra.ak47) on Jul 20, 2018 at 12:24pm PDT