അഞ്ച് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന വിധിന്യായത്തിന് രാജ്യത്തിന്‍റെ നിയമം മാറ്റാനാകും. പക്ഷേ രാജ്യത്തിന്‍റെ അബോധ മനസ്സില്‍ നൂറ്റാണ്ടുകളായി അടിഞ്ഞു കൂടിയ ബോധ്യങ്ങളും ധാരണകളും അത്രവേഗം പൊളിച്ചുപണിയാന്‍ ഒരു വിധിന്യായം കൊണ്ടാകുമോ? 

ചോദ്യങ്ങളും, സംശയങ്ങളും ഏറെയാണെങ്കിലും ലൈംഗിക സ്വത്വം വെളിപ്പെടുത്തിയാല്‍ ജോലിയും കുടുംബവും നഷ്ടമാകുമെന്ന ഭീതിയില്‍ കഴിയുന്ന ചെറുതല്ലാത്ത ഒരു സമൂഹത്തിന് വിധി പ്രത്യാശ്യയുടെ പുതുവെളിച്ചം പകര്‍ന്ന് നല്‍കുന്നു. ഇനി കൂട്ടിന് ഒരു വിധിന്യായമുണ്ട്. നാടിന്‍റെ നിയമം തങ്ങള്‍ക്കൊപ്പമാണ് എന്ന വിശ്വാസം അവര്‍ക്ക് കരുത്താകും. അടുപ്പത്തുവച്ച വച്ച പ്രഷര്‍ക്കുക്കറുകളായി ജീവിക്കുന്ന ചിലര്‍ക്കെങ്കിലും വിധി മോചനപ്രതീക്ഷ നല്‍കും. സദാചാര വാദികളുടെ മുഖത്ത് നോക്കി വെല്ലുവിളിക്കാന്‍ വിധി ഊര്‍ജ്ജമാകുക തന്നെ ചെയ്യും. 

'I am what I am , so take me as I am '
Johann Wolfgang von Goethe

ഒടുവില്‍ ചരിത്രവിധി വന്നിരിക്കുന്നു, 157 വര്‍ഷം ഒരു ജനതയെ ഇരുട്ടില്‍ നിര്‍ത്തിയ കരിനിയമം അസാധുവാകുകയാണ്. പരസ്പര സമ്മതത്തോടെയുളള സ്വവര്‍ഗരതി ഇന്ത്യയില്‍ ഇനിമേല്‍ കുറ്റകരമല്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 377 ന്‍റെ അരികും മൂലയും വെട്ടി വെടിപ്പാക്കിയിരിക്കുകയാണ് പരമോന്നത നീതിപീഠം.

വിധി പ്രസ്താവിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞത് നിലനിന്ന നിയമം ഭരണഘടനാവിരുദ്ധവും, ഏകപക്ഷീയവും, നിയമവിരുദ്ധവുമാണെന്നാണ്. സ്വവര്‍ഗാനുരാഗം പ്രകൃതി വിരുദ്ധമല്ല, പ്രകൃതി തന്നെയാണെന്ന് ബെഞ്ചിലെ ഏക വനിത ഇന്ദു മല്‍ഹോത്ര. അവര്‍ സുപ്രധാനമായ മറ്റൊരു നിരീക്ഷണം കൂടി നടത്തി, 'ഇക്കാലമത്രയും സാമൂഹ്യ ഭ്രഷ്ട് കല്‍പിച്ചതിന് സ്വവര്‍ഗാനുരാഗികളുടെ സമൂഹത്തോട് ചരിത്രം മാപ്പ് പറയണം'.

സ്വന്തം ലൈംഗിക സ്വത്വം വെളിപ്പെടുത്തുന്നത് മൗലികാവകാശം തന്നെയാണെന്ന് ഉറപ്പിക്കുന്നതാണ് ഭരണഘടനാ ബഞ്ചിന്‍റെ ചരിത്ര വിധി. പക്ഷേ, ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാണ്, സംശയങ്ങളും.

അഞ്ച് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന വിധിന്യായത്തിന് രാജ്യത്തിന്‍റെ നിയമം മാറ്റാനാകും. പക്ഷേ രാജ്യത്തിന്‍റെ അബോധ മനസ്സില്‍ നൂറ്റാണ്ടുകളായി അടിഞ്ഞു കൂടിയ ബോധ്യങ്ങളും ധാരണകളും അത്രവേഗം പൊളിച്ചുപണിയാന്‍ ഒരു വിധിന്യായം കൊണ്ടാകുമോ?

സുപ്രീം കോടതി വിധി വന്നു എന്ന് കരുതി ഒരേ ലിംഗസ്വത്വമുള്ള രണ്ടുപേര്‍ കല്ല്യാണം കഴിച്ചാല്‍ നമ്മളതങ്ങ് അംഗീകരിക്കുമോ? 'അയ്യേ...' എന്ന് മൂക്കത്ത് വിരല്‍ വയ്ക്കുമോ? സ്വവര്‍ഗ പ്രണയം എന്താണെന്നുതന്നെ വലിയൊരു വിഭാഗത്തിന് മനസിലാക്കാനാകുമോ?

രണ്ടു പുരുഷന്‍മാര്‍ പരസ്പരം പ്രണയിക്കുന്നുവെന്ന് വച്ചാല്‍ അതിനര്‍ത്ഥം ഒരാള്‍ സ്‌ത്രൈണ സ്വഭാവവും, ആകാരവും ഉള്ളവനായിരിക്കും എന്ന് തന്നെയാണ് പൊതുബോധം ധരിച്ച് വച്ചിരിക്കുന്നത്. ഭൂരിപക്ഷം അംഗീകരിച്ച പുരുഷത്വ ലക്ഷണത്തിന്‍റെ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന രണ്ടുപേര്‍ക്ക് അനുരാഗമുണ്ടാകാമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും നമുക്ക് കഴിഞ്ഞേക്കില്ല.

സ്വവര്‍ഗാനുരാഗികളെന്നാല്‍ മുടി നീട്ടി വളര്‍ത്തിയ പുരുഷന്‍മാരും, മുടി പറ്റെ വെട്ടിയ സ്ത്രീകളുമല്ല. അത്തരം വാര്‍പ്പുബോധങ്ങളെ നമ്മളാദ്യം ഉടച്ചുതുടങ്ങുക. LESBIAN, GAY, BI SEXUAL, TRANS, QUEER.... എന്നിങ്ങനെ മഴവില്‍ വര്‍ണ്ണങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന സമൂഹ വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ പോയിട്ട്, ഉള്‍ക്കൊള്ളാന്‍ പോലും നമ്മുടെ പൊതുബോധം ഇനിയും വളര്‍ന്നിട്ടില്ല.

ആധാറിലും, ഇലക്ഷന്‍ ഐഡിയിലും, പാന്‍ കാര്‍ഡിലും പങ്കാളിയുടെ പേരുവയ്ക്കാന്‍ പോലും എത്ര നൂലാമാലകള്‍. ബാങ്ക് അക്കൗണ്ടിനും ഭൂസ്വത്തിനും പങ്കാളിയെ അവകാശിയാക്കാന്‍. പോട്ടെ, പങ്കാളിയെ വിവാഹം കഴിച്ചേക്കാമെന്ന് തീരുമാനിച്ചാല്‍ അതിനുപോലും ഇനിയും ഏറെ പോരാട്ടങ്ങള്‍ വേണ്ടിവരും. നഗരങ്ങളിലെ നവയുഗ ബുദ്ധിജീവികളും ഫാഷനൊത്ത് പുരോഗമനം നടിക്കുന്നവരും പുറമേയ്ക്ക് അംഗീകരിക്കുമായിരിക്കും. അവര്‍ പ്രൊഫൈല്‍ പിക്ചറുകള്‍ മാറ്റും, പോസ്റ്ററുകളും പോസ്റ്റുകളും പ്രവഹിക്കും. പക്ഷേ, ഇതിനപ്പുറമുള്ള ഒരു വലിയ ജനത ഈ വിധിയെ എങ്ങനെ കാണും?

മതങ്ങള്‍ എങ്ങനെ ഇത് ഉള്‍ക്കൊള്ളുമെന്നതും ചോദ്യമാണ്. 'ശിവ.. ശിവ ! കലികാലം' എന്ന് നെടുവീര്‍പ്പിടും ഒരു തലമുറ. ചികിത്സിക്കേണ്ട മാനസിക രോഗമല്ല അനുരാഗമെന്ന് അംഗീകരിക്കാന്‍ എത്ര പേര്‍ക്കാകും? 'അവന്‍ ഒമ്പത് ആണെ'ന്ന് ഇനിയുമിവിടെ അടക്കം പറച്ചിലുകളുണ്ടാകും.

ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടവരാണ് വലിയൊരു വിഭാഗം ലൈംഗിക ന്യൂനപക്ഷങ്ങളും. ക്രിസ്ത്യന്‍ സഭകള്‍ എന്ത് പറയുമെന്ന് കണ്ടറിയണം. മാര്‍പാപ്പ പുരോഗമന നിലപാട് എടുത്തെന്നുതന്നെ കരുതുക. വിശ്വാസ സമൂഹം പിന്തുണക്കുമോ? ആരാധനാലയങ്ങളില്‍ വച്ച് രണ്ട് സ്വവര്‍ഗാനുകൂലികള്‍ വിവാഹിതരാകുന്നതിനെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും ഇനിയുമെത്ര കാലം വേണം! സ്വവര്‍ഗാനുരാഗം തെറ്റുതന്നെ എന്ന് ഖണ്ഡിതമായി അനുശാസിക്കുന്ന ഇസ്ലാം മതബോധം സുപ്രീം കോടതി വിധികൊണ്ട് മാറുമോ?

ഇന്ത്യയ്ക്ക് അംഗീകരിക്കാനാകില്ലെങ്കില്‍ പിന്നെ ഏത് രാജ്യത്തിനാകും എന്ന് പുരാണങ്ങളിലേക്ക് ചൂണ്ടി ചോദിക്കുന്നവരുണ്ട്. പക്ഷേ ഇളയുടെയും ഭംഗ്വാസനന്‍റെയും കഥയൊന്നും നമ്മള്‍ തലമുറകള്‍ക്ക് പറഞ്ഞുകൊടുത്തിട്ടില്ല. ഇരവാന്‍റെ ബലിയല്ല, അഭിമന്യുവിന്‍റെ വീരചരമമാണ് കഥ.

'ക്രിമിനല്‍ കുറ്റമല്ല, അതംഗീകരിക്കുന്നു, പക്ഷേ, സംഗതി പ്രകൃതി വിരുദ്ധം.. തെറ്റ് തെറ്റ് തന്നെ...' ആര്‍എസ്എസ് പ്രതികരിച്ചു കഴിഞ്ഞു.

ചോദ്യങ്ങളും, സംശയങ്ങളും ഏറെയാണെങ്കിലും ലൈംഗിക സ്വത്വം വെളിപ്പെടുത്തിയാല്‍ ജോലിയും കുടുംബവും നഷ്ടമാകുമെന്ന ഭീതിയില്‍ കഴിയുന്ന ചെറുതല്ലാത്ത ഒരു സമൂഹത്തിന് വിധി പ്രത്യാശ്യയുടെ പുതുവെളിച്ചം പകര്‍ന്ന് നല്‍കുന്നു. ഇനി കൂട്ടിന് ഒരു വിധിന്യായമുണ്ട്. നാടിന്‍റെ നിയമം തങ്ങള്‍ക്കൊപ്പമാണ് എന്ന വിശ്വാസം അവര്‍ക്ക് കരുത്താകും. അടുപ്പത്തുവച്ച വച്ച പ്രഷര്‍ക്കുക്കറുകളായി ജീവിക്കുന്ന ചിലര്‍ക്കെങ്കിലും വിധി മോചനപ്രതീക്ഷ നല്‍കും. സദാചാര വാദികളുടെ മുഖത്ത് നോക്കി വെല്ലുവിളിക്കാന്‍ വിധി ഊര്‍ജ്ജമാകുക തന്നെ ചെയ്യും.

നീതിന്യായ വ്യവസ്ഥ അതിന്‍റെ കടമ നിര്‍വഹിച്ചിരിക്കുന്നു. ഇനി ചെയ്യേണ്ടത് നമ്മളാണ്. അവര്‍ അവരല്ല, നമ്മള്‍ തന്നെയാണെന്ന് കുരുന്നുകളെ പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു, പ്രായമായവരെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു... മാപ്പ് പറയേണ്ടത് ചരിത്രമല്ല വര്‍ത്തമാനമാണ്, നമ്മളാണ്.
വാക്കുകള്‍ കൊണ്ടല്ല പ്രവൃത്തി കൊണ്ടെഴുതാം നമുക്ക്, പുതിയ ചരിത്രം.

'To love is to battle, if two kiss, the world changes': Octavio Paz