അവരുടെ ഉമ്മ പുറത്ത് നിന്ന് പാത്രങ്ങള്‍ തിടുക്കപ്പെട്ട് വാങ്ങിവെക്കുന്നതിനിടെ ട്രെയിന്‍ നീങ്ങി. ഇരുവര്‍ക്കും ഇറങ്ങാന്‍ കഴിയാതെ വണ്ടി വേഗമെടുത്ത് ഓടിയകലുമ്പോള്‍ നിറകുടങ്ങള്‍ക്കൊപ്പം ആ ഉമ്മയുടെ നിലവിളിയും ബാക്കിയായി. അയാനും ശുഹൈബും ഇന്നും തിരിച്ചെത്തിയില്ലെന്ന് ഒറ്റ വരിയില്‍ പറഞ്ഞ് യോഗിനിയുടെ കുറിപ്പ് അവസാനിക്കുന്നത് പെട്ടെന്നാണ്.

Image Courtesy: Emmanual Yogini/The Hindu

മുംബൈ മാക്‌സിമം സിറ്റിയെ ആഴത്തില്‍ മുക്കിയ ഇത്തവണത്തെ മണ്‍സൂണ്‍ ഷിര്‍ദിയും സതാറ കുന്നുകളും കടന്ന് ഔറംഗാബാദിന്റെ ദാഹത്തിനുമേല്‍ വീണപ്പോള്‍, നന്നായൊന്നു നനയാന്‍ മൂന്നു വയസ്സുകാരന്‍ അയാനും എട്ടുവയസ്സുകാരന്‍ ചേട്ടന്‍ ഷുഹൈബും അവിടെ തിരിച്ചെത്തിക്കാണുമോ? മുകുന്ദ് വാഡിയെന്ന ഔറംഗാബാദ് പ്രാന്തപ്രദേശത്തെ വീട്ടില്‍ ഇരുവരും തിരിച്ചെത്തിയെന്ന നല്ല വാര്‍ത്ത ഫോട്ടോഗ്രാഫര്‍ ഇമ്മാനുവല്‍ യോഗിനിയെങ്കിലും കേട്ടു കാണുമോ?

ഇക്കഴിഞ്ഞ ജൂണ്‍ 30ന് 'ദി ഹിന്ദു'വിന്റെ ഞായറാഴ്ച 'മാഗസിനി'ല്‍ 'വാട്ടര്‍ബോയ്' എന്ന, ഇമ്മാനുവല്‍ യോഗിനിയുടെ ഫോട്ടോഫീച്ചറിലാണ് ഈ കുഞ്ഞുസഹോദരങ്ങളെ ഒറ്റവരിയില്‍ അറിഞ്ഞത്. 

അതെന്താണെന്ന് പറയുംമുമ്പ്, മണ്‍സൂണിനു മുമ്പുവരെ വെയിലു മാത്രം വിളഞ്ഞിരുന്ന മറാത്ത് വാഡ മണ്ണിലെ വാട്ടര്‍ബോയ്‌സിനെ കുറിച്ച് ഒന്നു പറയട്ടെ.
ഒരു തുള്ളി വെള്ളമില്ലാത്ത നാടുകളില്‍ നിന്ന് കൈയില്‍ കൂട്ടിപ്പിടിക്കാവുന്നിടത്തോളം കുടങ്ങളുമായി ട്രെയിന്‍ കയറി അടുത്തുള്ള വലിയ സ്റ്റേഷനില്‍ ഇറങ്ങി, സ്റ്റേഷനിലെ പൈപ്പില്‍നിന്ന് നിറച്ച വെള്ളവുമായി അടുത്ത വണ്ടിക്ക് തിരിച്ച് വീട്ടിലേക്ക് മടങ്ങുന്ന, ബാല്യം വരണ്ടു പോയ ഒരു പാട് കുട്ടികളുണ്ട് മറാത്ത് വാഡ മേഖലയില്‍. ഇവര്‍ക്ക് മഹാനഗരത്തിലെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇട്ട പേരാണ് വാട്ടര്‍ ബോയ്‌സ്.

ഇതുപോലൊരു വാട്ടര്‍ബോയ് ആയ റെയ്ഹാന്‍ ഖുറൈശിയെന്ന പതിനൊന്നുകാരന്റെ ഒരു ദിവസമായിരുന്നു ഫോട്ടോഫീച്ചറിന് യോഗിനി വിഷയമാക്കിയത്. 

Image Courtesy: Emmanual Yogini/The Hindu

രണ്ട് വെള്ളക്കുടങ്ങളുമായി മുകുന്ദ് വാഡി സ്റ്റേഷനിലേക്ക് ഓടുകയാണ് റെയ്ഹാന്‍ ഖുറൈശി. ഏഴു കിലോമീറ്റര്‍ അകലെയുള്ള ഔറംഗാബാദിലേക്ക് വൈകീട്ട് മൂന്നേകാലിനുള്ള വണ്ടി പിടിക്കണം. ആ വേനലില്‍ ഒരിക്കലും അവന്‍ ആ വണ്ടി മിസ് ആക്കിയിട്ടില്ല. ഏപ്രില്‍ മുതലേ മുകുന്ദ് വാഡിയിലെ കിണറുകളും കുളങ്ങളും വറ്റിയിരുന്നു. വീട്ടുവേലക്കാരിയായ മാതാവും ദിവസക്കൂലിക്കാരനായ പിതാവും അതിരാവിലെ തന്നെ ഇറങ്ങുന്നതിനാല്‍ വീട്ടിലേക്ക് വെള്ളമെത്തിക്കേണ്ടത് റെയ്ഹാനാണ്. അതുകൊണ്ടുതന്നെ അവന്റെ പഠനം പതിനൊന്നുവയസ്സില്‍ അവസാനിച്ചിരുന്നു. 

വരള്‍ച്ച ഭീകരമായി ബാധിച്ച മുകുന്ദ് വാഡിയില്‍ അഞ്ചു ദിവസത്തിലൊരിക്കല്‍ കുടിവെള്ള ലോറി വരും. പക്ഷെ ഡ്രം ഒന്നിന് നൂറു രൂപ. അതുതന്നെ കുടിക്കാന്‍ കൊള്ളാത്തതും. റെയ്ഹാന്‍ ദിവസവും വെള്ളത്തിനായി ട്രെയിന്‍ കയറും. ചില ദിവസങ്ങളില്‍ അവന്റെ ഇളയ സഹോദരനും ചില കൂട്ടുകാരും ഒപ്പം കാണും. ഔറംഗാബാദില്‍ വണ്ടി 40 മിനിറ്റ് നിര്‍ത്തിയിടും. ആ സമയം കൊണ്ട്, ട്രെയിനില്‍ വെള്ളം നിറക്കുന്ന പൈപ്പുകളില്‍ നിന്ന് റെയ്ഹാനും കൂട്ടുകാരും കുടങ്ങള്‍ നിറക്കും. ഇതുമായി മുകുന്ദ് വാഡിയില്‍ തിരിച്ചിറങ്ങുന്നതാണ് ദൗത്യത്തിലെ ഏറ്റവും കഠിനമായ ഭാഗം. 

ഹൈദരാബാദിലേക്ക് തിരിച്ച് പോകുന്ന വണ്ടിക്ക് ഒരു മിനിറ്റ് മാത്രമാണ് മുകുന്ദ് വാഡിയില്‍ സ്റ്റോപ്. നിറകുടങ്ങളെല്ലാം ഈയൊരു മിനിറ്റിനുള്ളില്‍ താഴെ എത്തിക്കണം. ''പലപ്പോഴും പൊലീസുകാര്‍ ഞങ്ങളോട് ഒച്ചയെടുക്കും. ചിലപ്പോള്‍ കുടങ്ങളിലെ വെള്ളം ഒഴുക്കിക്കളയും. പക്ഷെ വീണ്ടും പോകാതെ വഴിയില്ല'' - റെയ്ഹാന്‍ പറയുന്നു. അവന്റെ കൂട്ടുകാരന്‍ പ്രകാശ് നാഗ്രെയുടെ വാക്കുകള്‍ ഇങ്ങനെ: ''പലപ്പോഴും വീണ് പരിക്കേല്‍ക്കാറുണ്ട്. ചിലപ്പോളൊക്കെ അയല്‍വീടുകളില്‍നിന്ന് കുടങ്ങള്‍ വാങ്ങി അവര്‍ക്കും വെള്ളമെത്തിക്കാറുണ്ട് ഞങ്ങള്‍'' 

Image Courtesy: Emmanual Yogini/The Hindu

കുട്ടികളെ ഇങ്ങനെ വിടുന്നതില്‍ ഭയമുണ്ടെങ്കിലും ഇതല്ലാതെ ഞങ്ങള്‍ക്ക് വേറെ മാര്‍ഗമില്ല എന്നാണ് റെയ്ഹാന്റെ മാതാവ് പര്‍വീണ്‍ ഖുറൈശി പറയുന്നത്. ദൗര്‍ഭാഗ്യത്തിന് ഈ വാട്ടര്‍ബോയ്‌സിന്റെ അമ്മമാര്‍ ഭയപ്പെട്ടത് തന്നെ ഒരിക്കല്‍ സംഭവിച്ചു. റെയ്ഹാന്റെ അടുത്ത ബന്ധുക്കളായ അയാനും ശുഹൈബും ചേര്‍ന്ന് ഏതാനും നാള്‍ മുമ്പ് വണ്ടിയില്‍ നിന്ന് വെള്ളപ്പാത്രങ്ങള്‍ ഇറക്കുകയായിരുന്നു. അവരുടെ ഉമ്മ പുറത്ത് നിന്ന് പാത്രങ്ങള്‍ തിടുക്കപ്പെട്ട് വാങ്ങിവെക്കുന്നതിനിടെ ട്രെയിന്‍ നീങ്ങി. ഇരുവര്‍ക്കും ഇറങ്ങാന്‍ കഴിയാതെ വണ്ടി വേഗമെടുത്ത് ഓടിയകലുമ്പോള്‍ നിറകുടങ്ങള്‍ക്കൊപ്പം ആ ഉമ്മയുടെ നിലവിളിയും ബാക്കിയായി. 
അയാനും ശുഹൈബും ഇന്നും തിരിച്ചെത്തിയില്ലെന്ന് ഒറ്റ വരിയില്‍ പറഞ്ഞ് യോഗിനിയുടെ കുറിപ്പ് അവസാനിക്കുന്നത് പെട്ടെന്നാണ്.

ഇന്ന് ഉത്തരേന്ത്യയില്‍ പ്രളയം തീര്‍ത്ത് മഴ പെയ്യുമ്പോള്‍, ഇതേ ജലം തേടിയിറങ്ങി ഉമ്മയുടെ കണ്ണീരിന് മുന്നില്‍ മറഞ്ഞ അയാനും അവന്റെ ജ്യേഷ്ഠനും എവിടെയായിരിക്കും? 

എട്ടുവയസ്സുള്ള ഷുഹൈബ് അവന്റെ അറിവ് വെച്ച് ആരോടെങ്കിലും ചോദിച്ച് അയാനോടൊപ്പം തിരിച്ചെത്തിക്കാണില്ലേ? 

അതോ പ്രളയം പെയ്യുന്ന ഏതോ നനഞ്ഞ മണ്ണില്‍ കുഞ്ഞനുജനെയും അണച്ചുപിടിച്ച് വീടു തേടുകയായിരിക്കുമോ? മുകുന്ദ് വാഡിയിലെ വീട്ടുപടിയിലിരുന്ന് ഇളം കൈകളില്‍ ഇറവെള്ളം ഏറ്റുവാങ്ങി അവര്‍ ചിരിക്കുന്ന ഒരു ഫ്രെയിം കൂടി 
താങ്കള്‍ കംപോസ് ചെയ്യില്ലേ, ഇമ്മാനുവല്‍ യോഗിനി?