ബിസിനസ്സുകാരനായ മാക്സ് മിലിയന്റെ ജീവിതം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. നോട്ടിംഗ്ഹാംഷെയറിൽ ജനിച്ച മാക്സിമിലിയൻ വൈറ്റിന് സ്വന്തമായി ഉല്ലാസബോട്ടുകളുണ്ട്, അപൂർവങ്ങളായ സൂപ്പർകാറുകളുണ്ട്, പോർച്ചുഗലിലെ ഒരു ബീച്ച് സൂപ്പർ ക്ലബ്ബും സ്വന്തമായിട്ടുണ്ട്. വെറും 37 -കാരനായ മാക്സ് എങ്ങനെ ഇത്തരമൊരു ആഡംബര ജീവിതം നയിക്കുന്നു എന്ന് നമ്മൾ ചിന്തിച്ചേക്കാം. പതിനേഴാം വയസ്സിൽ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പബ്ബ് ഉടമയായി മാറിയ മാക്സ് ധാരാളം നിക്ഷേപം നടത്തി. എന്നാൽ, ഇതൊന്നുമല്ല മാക്സിനെ ശതകോടിശ്വരനാക്കിയത്, മറിച്ച് കഞ്ചാവാണ്. മാക്സ് ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് വിൽക്കുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Max (@thatboyyouhate)

പോർച്ചുഗലിലെ 40 ഹെക്ടർ ഭൂമിയിലാണ് മാക്സ് തന്റെ കഞ്ചാവ് കൃഷി നടത്തുന്നത്. അതിൽനിന്ന് ഉണ്ടാക്കുന്നത് കോടികളും. നാലുവർഷത്തെ കഷ്ടപ്പാടിനൊടുവിൽ നൂറുകണക്കിന് തൊഴിലാളികളുള്ള ഒരു വലിയ ഫാമായി അത് വളർന്നു. ലോകമെമ്പാടും കഞ്ചാവുൽപ്പനങ്ങൾ കയറ്റി അയക്കാൻ തുടങ്ങി. പതുക്കെ മാക്സ് തന്റെ പണം ഇരട്ടിക്കാനുള്ള വഴികൾ തേടി. മല്ലോർക്ക, ഐബിസ, അയിയ നാപ്പ എന്നിവിടങ്ങളിൽ നൈറ്റ്ക്ലബ്ബുകളും നടത്തുന്നു. ഇപ്പോൾ 29 കോടി വിലമതിക്കുന്ന വൈൻ ശേഖരവും, ദുബായിയിലെ 50 വീടുകളും, തായ്‌ലൻഡ്, സ്‌പെയിൻ, യുകെ എന്നിവിടങ്ങളിലെ സ്വത്തുക്കളുമുണ്ട് മാക്സിന്. ഇതുകൂടാതെ ഇരുപതോളം ആഡംബര വാഹനങ്ങളും ഉണ്ട്. ആഡംബര ജീവിതം നയിക്കുന്ന മാക്സ് സാമൂഹ്യമാധ്യമങ്ങളിൽ ഒരു താരം കൂടിയാണ്. ഇൻസ്റ്റാഗ്രാമ്മിൽ മാക്സിനെ പിന്തുടരുന്നത് 4 മില്ല്യൺ ആളുകളാണ്.   

എന്നാൽ ഇതെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഉണ്ടായതല്ല എന്ന് മാക്സ് പറയുന്നു. കഠിനാധ്വാനം ചെയ്യുന്ന ഒരു കുടുംബത്തിൽ നിന്നാണ് താൻ വന്നത്. 'നിങ്ങൾ ശ്വാസം കിട്ടാൻ പിടയുന്ന കണക്കിന് ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിച്ചാൽ, നിങ്ങൾ വിജയിച്ചിരിക്കും' എന്നതാണ് മാക്സിന്റെ തത്വം. അദ്ദേഹത്തിന്റെ കുടുംബത്തിന് ഹോസ്പിറ്റാലിറ്റി ബിസിനസ്സായിരുന്നു. അച്ഛൻ ഹോട്ടലുകളും റെസ്റ്റോറന്റുകളും സ്വന്തമാക്കി. അവർ പണമുണ്ടാക്കി. വൈറ്റും സഹോദരനും സ്വകാര്യ സ്കൂളിൽ ചേർന്നു. എന്നിരുന്നാലും, കാർലിസിലെ ന്യൂബി ഗ്രേഞ്ച് ഹോട്ടലിൽ നിക്ഷേപിച്ച പണം അച്ഛന് നഷ്ടപ്പെട്ടു. അതോടെ ഹീറോയിൽ നിന്ന് താൻ സീറോവായി എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തെയും സഹോദരനെയും സർക്കാർ സ്കൂളിലേക്ക് മാറ്റി.   

  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Max (@thatboyyouhate)

പിന്നീട് കഷ്ടപ്പാടിന്റെ ദിനങ്ങളായിരുന്നു. അച്ഛന് രക്താർബുദം കൂടിയായപ്പോൾ കൗമാരക്കാരനായ മാക്സ് പബ് ഏറ്റെടുത്തു. സ്വന്തമായി മദ്യം വാങ്ങാൻ പ്രായമാകാത്ത അദ്ദേഹം യുകെയുടെ ഏറ്റവും പ്രായം കുറഞ്ഞ പബ്ബ് ഉടമയായി. പിന്നീട് പല സംരംഭങ്ങളും നടത്തി ഇവിടെവരെ എത്തി. താൻ ലോകത്തിന് മുന്നിൽ കാഴ്ച വയ്ക്കുന്ന സൂപ്പർ-പ്രിവിലേജ്ഡ് ജീവിതശൈലിയെക്കുറിച്ച് സംസാരിക്കുമ്പോൾ മാക്സ് പറയുന്നു: “ഇത് മറ്റ് ആളുകൾക്ക് ഒരു പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് വെല്ലുവിളിയാണ്. കൂടുതൽ പണം കൂടുതൽ സന്തോഷം നൽകുമെന്ന് അർത്ഥമില്ല. ചിലപ്പോൾ കൂടുതൽ പണം, കൂടുതൽ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക“.

ഒരു വർക്ക്ഹോളിക്കായ വ്യക്തി എന്ന നിലയിൽ താൻ ഒരിക്കലും രാത്രിയിൽ നാലഞ്ചു മണിക്കൂറിൽ കൂടുതൽ ഉറങ്ങാറില്ലെന്ന് മാക്സ് പറഞ്ഞു. നാല് മക്കളുടെ പിതാവ് കൂടിയായ മാക്സ് പറയുന്നത് താൻ ഈ അധ്വാനിക്കുന്നത് തന്റെ മക്കൾക്ക് നല്ലൊരു ജീവിതമുണ്ടാക്കി കൊടുക്കാനാണ് എന്നാണ്. പണം ചെലവാക്കാൻ മടിക്കാത്ത മാക്സ് ഒരിക്കൽ 9 കോടി 85 ലക്ഷത്തിന് ഒരു വാച്ച് വാങ്ങുകയുണ്ടായി. അതേസമയം പണം കൊണ്ട് സന്തോഷം വാങ്ങാൻ സാധിക്കില്ലെന്നും മാക്സ് പറയുന്നു.